ADVERTISEMENT

രാജ്യാന്തര യാത്രികര്‍ക്കു ഡല്‍ഹി മെട്രോയുടെ രണ്ട് സ്‌റ്റേഷനുകളില്‍ ചെക് ഇന്‍, ബാഗേജ് ഡ്രോപ് സേവനവുമായി എയര്‍ ഇന്ത്യ. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായും (DMRC) ഡല്‍ഹി രാജ്യാന്തര വിമാനത്താവളവുമായും(DIAL) സഹകരിച്ചാണ് യാത്രികര്‍ക്കായി ന്യൂഡല്‍ഹി, ശിവാജി സ്റ്റേഡിയം മെട്രോ സ്‌റ്റേഷനുകളില്‍ ഈ സൗകര്യം ആരംഭിച്ചിരിക്കുന്നത്. ഇതോടെ വിദേശികളായ യാത്രികര്‍ക്കു ബാഗുകളുടെ അമിത ഭാരമില്ലാതെ ഡല്‍ഹിയില്‍ ചുറ്റിയടിക്കാന്‍ എളുപ്പം സാധിക്കും. അവരുടെ ബാഗുകള്‍ ഡിഎംആര്‍സിയും ഡിഐഎഎല്ലും ചേര്‍ന്നു നിര്‍മിച്ച ആധുനിക സംവിധാനം വഴി വിമാനത്തിലേക്ക് എത്തുകയും ചെയ്യും.

travel-delhi-02

ആഭ്യന്തര യാത്രകളില്‍ യാത്രികര്‍ക്കു നിലവില്‍ ഈ സേവനം ലഭ്യമായിരുന്നു. അത് വിദേശ യാത്രികര്‍ക്കു കൂടി ലഭ്യമാക്കിയിരിക്കുകയാണ് എയര്‍ ഇന്ത്യ. രാവിലെ ഏഴു മണി മുതല്‍ രാത്രി ഒമ്പതു മണിവരെ ന്യൂ ഡല്‍ഹി, ശിവാജി സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനുകളില്‍ ഈ സേവനം ലഭ്യമാണ്. ആഭ്യന്തര യാത്രികര്‍ക്കു വിമാന യാത്രയുടെ രണ്ടു മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ മുമ്പും രാജ്യാന്തര യാത്രകള്‍ക്കു നാലു മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂര്‍ വരെ മുന്നോടിയായും ചെക്ക് ഇന്‍ ചെയ്യാനാവും. ഓരോ പത്തു മിനിറ്റ് കൂടുമ്പോഴും മെട്രോ ട്രെയിനുള്ള ഡല്‍ഹി മെട്രോയില്‍ 19 മിനിറ്റു കൊണ്ട് ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 യില്‍ എത്താനും സാധിക്കും. 

'യാത്രികര്‍ക്കു മികച്ച യാത്രാനുഭവം സമ്മാനിക്കാന്‍ സഹായിക്കുന്നതാണ് ഡിഎംആര്‍സിയും ഡിഐഎഎല്ലുമായുള്ള ഞങ്ങളുടെ സഹകരണം. യാത്രികരുടെ ചെലവു കുറയ്ക്കാനും വിമാനത്താവളത്തിലെ തിരക്കു കുറയ്ക്കാനും ഇത്തരം സൗകര്യങ്ങള്‍ വഴി സാധിക്കും. ഡിജി യാത്രയും എയര്‍പോര്‍ട്ട് ടെര്‍മിനലുകളിലെ സെല്‍ഫ് ബാഗേജ് ഡ്രോപ് മെഷീനുകളും പോലെ യാത്രികര്‍ക്കു സഹായകരമായിരിക്കും പുതിയ സേവനം' എയര്‍ ഇന്ത്യ ചീഫ് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് ഓഫീസര്‍ രാജേഷ് ഡോഗ്ര പറഞ്ഞു. 

ജെആര്‍ഡി ടാറ്റയാണ് എയര്‍ ഇന്ത്യ സ്ഥാപിക്കുന്നത്. 1932 ഒക്ടോബര്‍ 15ന് ആദ്യ വിമാനം പറന്നുയര്‍ന്നതു മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രയുടെ ഭാഗമാണ് എയര്‍ ഇന്ത്യ. അമേരിക്ക, കാനഡ, യുകെ, യൂറോപ്പ്, പശ്ചിമേഷ്യ, തെക്കു കിഴക്കന്‍ ഏഷ്യ, ഓസ്‌ട്രേലിയ എന്നിങ്ങനെ ലോകത്തിന്റ പല ഭാഗങ്ങളിലേക്ക് എയര്‍ ഇന്ത്യക്ക് വിമാന സര്‍വീസുണ്ട്. സര്‍ക്കാര്‍ ഏറ്റെടുത്ത് 69 വര്‍ഷങ്ങള്‍ക്കു ശേഷം എയര്‍ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും 2022 ജനുവരിയില്‍ ടാറ്റ ഗ്രൂപ്പിലേക്കു തിരികെ ലഭിച്ചിരുന്നു. 

പ്രധാനമായും അഞ്ചു ഘട്ടങ്ങളായാണ് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് വീണ്ടും ഏറ്റെടുക്കുന്നത്. ഇന്ത്യന്‍ ഹൃദയമുള്ള ലോക നിലവാരത്തിലുള്ള എയര്‍ലൈനാക്കി എയര്‍ ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്നു ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ അടിസ്ഥാന വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദീര്‍ഘകാലമായി നിലച്ചുപോയ സര്‍വീസുകള്‍ പുനരാരംഭിക്കുക, സാങ്കേതികവിദ്യയില്‍ മാറ്റങ്ങള്‍ വരുത്തുക, യാത്രികര്‍ക്കു കൂടുതല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുക എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

English Summary:

Effortless Exploring: Air India and Delhi Metro's New Baggage Drop Services for International Travelers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com