ADVERTISEMENT

കഴിഞ്ഞകാലം ഇനി പഴങ്കഥകളാണ്, ഒപ്പം പാഠങ്ങളും. തിരിച്ചടികളുടെയും പരാജയങ്ങളുടെയും കാരണം തിരിച്ചറിഞ്ഞു മുന്നേറുന്നവരാണ് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചിട്ടുള്ളത്. യാത്രയിലും അത് അങ്ങനെ തന്നെയാണ്. കഴിഞ്ഞയിടെ ഉത്തരാഖണ്ഡിലെ സഹസ്ത്ര താൽ ട്രെക്കിങ്ങിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളി വനിതകൾ ഉൾപ്പെടെ ഒൻപതുപേർക്ക് ജീവൻ നഷ്ടമായി. ഹിമാലയൻ മലനിരകളിൽ ട്രെക്കിങ് നടത്താൻ കാത്തിരിക്കുന്നവർക്ക് ഈ അപകടം ഒരു മുന്നറിയിപ്പാണ്. കൃത്യമായ സുരക്ഷാ മുന്നൊരുക്കങ്ങളുമായി വേണം ഹിമാലയൻ മലനിരകളിലേക്കു ട്രെക്കിങ് നടത്താൻ. ശക്തമായ മഞ്ഞുവീഴ്ചയും മൂടൽമഞ്ഞും ആയിരുന്നു സഹസ്ത്ര താൽ ട്രെക്കിങ് നടത്തിയവർക്കു വില്ലൻമാരായത്.

ട്രെക്കിങ് നടത്തുന്നവർ എപ്പോഴും പൂർണ ആരോഗ്യവാനായിരിക്കണം എന്നതു നിർബന്ധമാണ്. പ്രായം എത്രയായാലും ഫിറ്റ്നസ് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകൾ മിക്ക ട്രെക്കിങ് കമ്പനികളും ആവശ്യപ്പെടാറുണ്ട്. ട്രെക്കിങ് നടത്തുമ്പോൾ കാലാവസ്ഥയും വളരെ പ്രധാനപ്പെട്ടതാണ്. ലാഭം മുന്നിൽക്കണ്ടു പ്രവർത്തിക്കുന്ന പല കമ്പനികളും പലപ്പോഴും കാലാവസ്ഥ മുന്നറിയിപ്പുകൾ പരിഗണിക്കാറില്ല. എന്നാൽ ഇത്തരം പ്രവർത്തനങ്ങളാണ് പലപ്പോഴും അപകടത്തിലേക്കു നയിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾ ട്രെക്കിങ്ങിനു തയാറെടുക്കുമ്പോൾ സുരക്ഷയും ഉറപ്പു വരുത്തണം. ഉത്തരാഖണ്ഡിൽ നടത്താൻ പറ്റിയ ചില ട്രെക്കിങ്ങുകൾ ഇതാ.

ദയാര ബുഗ്യാൽ ട്രെക്കിങ്

സമുദ്രനിരപ്പിൽ നിന്ന് 11,000 അടി ഉയരത്തിലാണ് ദയാര ബുഗ്യാൽ ട്രെക്ക് സ്ഥിതി ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ പർവതങ്ങളിലെ മനോഹരമായ ഒരു പുൽത്തകിടിയാണ് ദയാര ബുഗ്യാൽ ട്രെക്കിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. മഞ്ഞുപുതച്ച നിരവധി മനോഹരമായ കാഴ്ചകളാണ് ഈ യാത്രയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. ആദ്യമായി ട്രെക്കിങ്ങിന് എത്തുന്നവർക്കും സാധ്യമാകുന്ന ട്രെക്കിങ്ങാണിത്. 

ഗോമുഖ് തപോവൻ ട്രെക്കിങ്

ഇത് ഒരു തീർത്ഥാടന യാത്രയാണ്. പുണ്യനദിയായ ഗംഗയുടെ ഉദ്ഭവസ്ഥാനമാണ് ഗോമുഖ് എന്ന് അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന നിരപ്പിലുള്ള തപോവൻ പുൽമേടുകൾ ഏതൊരു സഞ്ചാരിയെയും ആകർഷിക്കും. ആത്മീയ അന്വേഷകർക്കു ശാന്തമായ ഒരു ഇടം കൂടിയാണ് തപോവൻ. ഋഷിമാരും സന്യാസിമാരും ധ്യാനത്തിനായി ഉപയോഗിക്കുന്ന സ്ഥലം എന്നാണ് തപോവൻ എന്ന വാക്കിന്റെ അർത്ഥം. ശിവലിംഗം, തലൈ സാഗർ, ഭാഗിരഥി ഇരട്ട കൊടുമുടികൾ, മേരു പർവ്വതം എന്നിവ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ്. ഓർക്കിഡുകളും ആൽപൈൻ പൂക്കളും നിറഞ്ഞ മലനിരകൾ നയനാനന്ദകരമായ കാഴ്ചയാണ്.

 Sattal is one of the most stunning of nature's gems in Uttarakhand. Photo by Suleef Haneefa.
Sattal is one of the most stunning of nature's gems in Uttarakhand. Photo by Suleef Haneefa.

കേദാർകന്ത ട്രെക്കിങ്

ട്രെക്കിങ് മേഖലയിലെ തുടക്കക്കാർക്ക് മനോഹരമായ അനുഭവം സമ്മാനിക്കുന്ന ഒന്നാണ് കേദാർകന്ത ട്രക്ക്. കേദാർനാഥ ക്ഷേത്രവുമായി ഈ ട്രെക്കിങ്ങിനു ബന്ധമൊന്നുമില്ല. മനോഹരമായ വിന്റർ ട്രെക്കിങ് സമ്മാനിക്കുന്ന ഒന്നാണ് കേദാർകന്ത ട്രക്ക്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് ഈ ട്രെക്കിങ്. ഇന്ത്യയിലെ തന്നെ ഏറ്റവും ജനപ്രിയമായ ട്രെക്കിങ്ങുകളിൽ ഒന്നാണിത്. ഇവിടുത്തെ ട്രെക്കിങ് അത്ര എളുപ്പമല്ല.  ഏതാണ്ട് മുഴുവൻ ദൂരവും കയറ്റം തന്നെയാണ്. പക്ഷേ, ട്രെക്കിങ് പൂർത്തിയാക്കി എത്തുമ്പോൾ ഓരോ സഞ്ചാരിയെയും കാത്തിരിക്കുന്നത് മനോഹരമായ അനുഭവമാണ്.

നാഗ് തിബ്ബ ട്രെക്കിങ്

മറ്റ് ട്രെക്കിങ്ങുകളുമായി താരതമ്യം ചെയ്യുമ്പോൾ എളുപ്പമുള്ള ട്രെക്കിങ്ങായാണ് നാഗ് തിബ്ബ ട്രെക്ക് പരിഗണിക്കപ്പെടുന്നത്. മനോഹരമായ താഴ്​വരകളും ഇടതൂർന്ന വനവും എല്ലാം മനോഹരമായ ഒരു വാരാന്ത്യ ട്രെക്ക് ആണ് യാത്രാപ്രേമികൾക്കു സമ്മാനിക്കുന്നത്. 9915 അടി ഉയരത്തിലേക്കാണ് ട്രെക്കിങ്. ഇവിടെ നിന്നാൽ സ്വർഗ് രോഹിണി, ബന്ദർപൂഞ്ച്, കാലാ നാഗ്, ശ്രീകാന്ത്, ഗംഗോത്രി തുടങ്ങിയ ഹിമാലയൻ പർവ്വതനിരകളുടെ ദൃശ്യം കാണാം. കേദാർനാഥ് കൊടുമുടിയും കാണാൻ കഴിയും. മസൂറിക്ക് സമീപമുള്ള ഈ ട്രെക്കിങ് മേഖല വാരാന്ത്യങ്ങളിൽ ആസ്വദിക്കാവുന്ന ഒന്നാണ്. താരതമ്യേന ചെറിയ ട്രെക്കിങ് ആയതിനാൽ തുടക്കക്കാർക്കും ഇത് ആസ്വദിക്കാൻ സാധിക്കും.

ഹർ കി ദൺ ട്രെക്കിങ്

പ്രകൃതി ഭംഗി മാത്രമല്ല സമ്പന്നമായ സാംസ്കാരിക വൈവിധ്യം കൊണ്ടു കൂടി സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ് ഹർ കി ദൺ ട്രെക്കിങ്. പുരാതനമായ ചെറുഗ്രാമങ്ങളിലൂടെയും പുൽമേടുകളിലൂടെയും വനത്തിലൂടെയുമെല്ലാമാണ് ഈ യാത്ര പൂർത്തിയാകുന്നത്. ശരീരം നല്ല ഫിറ്റ് ആയിരിക്കണം. കാരണം, ശാരീരികമായ ബുദ്ധിമുട്ടുകൾ അലട്ടുന്നെങ്കിൽ ഒരിക്കലും ട്രെക്കിങ് ആസ്വദിക്കാൻ കഴിയില്ല. ട്രെക്കിങ്ങിനു ചാടി പുറപ്പെടുന്നതിനു മുൻപ് ആരോഗ്യം നല്ല രീതിയിലാണെന്ന് ഉറപ്പു വരുത്തണം. ഫിറ്റ്നസിൽ ശ്രദ്ധിക്കണം. ആരോഗ്യം അടിപൊളിയായി കാത്തു സൂക്ഷിക്കാൻ ഇടയ്ക്ക് ട്രെക്കിങ് നടത്തുന്നതു നല്ലതാണ്.

English Summary:

Top 5 Must-Visit Treks in Uttarakhand for Every Adventure Seeker.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com