കത്രയിൽ സിഗരറ്റിനും പുകയില ഉൽപന്നങ്ങൾക്കും നിരോധനം; വിലക്കുമായി ജമ്മു കശ്മീർ ഭരണകൂടം
Mail This Article
സിഗരറ്റും പുകയില ഉൽപന്നങ്ങളും വിൽപന നടത്തുന്നതിനും കൈവശം വയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി ജമ്മു കശ്മീർ ഭരണകൂടം. വിശുദ്ധമായ വൈഷ്ണോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന കത്രയിലാണ് ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ മാസവും ആയിരക്കണക്കിനു തീർഥാടകരാണ് വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് എത്തുന്നത്. അതുകൊണ്ടു തന്നെ മതപരമായ ഈ കേന്ദ്രത്തിന്റെ വൃത്തിയും പവിത്രതയും കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുകയില ഉൽപന്നങ്ങൾക്കു നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
144-ാം വകുപ്പ് പ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് അനുസരിച്ച് എല്ലാ തരത്തിലുമുള്ള പുകയില ഉൽപന്നങ്ങൾ സൂക്ഷിക്കുന്നതും വിൽക്കുന്നതും ഉപയോഗിക്കുന്നതും ശിക്ഷാർഹമാണ്. നുമൈ, പന്തൽ ചെക്ക് പോസ്റ്റ് മുതൽ ഭവാൻ വഴി താരാ കോടതി പരിസരം വരെയാണ് സിഗരറ്റ്, ഗുട്ക എന്നിവയുൾപ്പെടെ എല്ലാ പുകയില ഉൽപന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ കത്രയിലും പരിസര പ്രദേശങ്ങളിലും മദ്യവും ഇറച്ചിയും ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുകയില ഉൽപന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. തീർഥാടന മേഖലയായ കത്രയിലെ മുഴുവൻ പ്രദേശങ്ങളും പുകയില വിമുക്തമാക്കാനാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരന്തരം പ്രദേശത്തു കർശനമായ പരിശോധനകൾ നടത്തും. നിയമലംഘകർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശിക കടയുടമകളെയും കച്ചവടക്കാരെയും നിരോധനത്തെക്കുറിച്ചു ഭരണകൂടം അറിയിച്ചു കഴിഞ്ഞു. അതിനാൽ തന്നെ നിരോധനം ഉടനടി പ്രാബല്യത്തിൽ വരുമെന്നാണു കരുതുന്നത്.
ദിവസേന കത്രയിലേക്കു 30,000 മുതൽ 40,000 തീർഥാടകർ വരെയാണ് എത്തുന്നത്. നവരാത്രി കാലത്തു ലക്ഷക്കണക്കിനു ഭക്തരാണ് ഇവിടേക്ക് എത്തുന്നത്. അതുകൊണ്ടു തന്നെ പുകയില ഉൽപന്നങ്ങൾ നിരോധിക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനം തീർഥാടകരുടെ ആരോഗ്യത്തിലും അവരുടെ വൈകാരികതയുടെ മേലുമുള്ള ഒരു കരുതലാണ്. മതപരമായ വികാരത്തെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പ്രദേശത്തു നേരത്തെ മദ്യവും ഇറച്ചിയും നിരോധിച്ചത്.
ജമ്മു കശ്മീരിലെ റെസായി ജില്ലയിലെ ഒരു ചെറുപട്ടണമാണ് കത്ര. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കു സന്ദർശനത്തിന് എത്തുന്ന തീർഥാടകരുടെ ഒരു ബേസ് ക്യാംപ് ആയാണ് ഇത് അറിയപ്പെടുന്നത്. ത്രികൂട പർവ്വത നിരകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന കത്രയിൽ നിന്നാണു വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള കാൽനടയാത്ര ആരംഭിക്കുന്നത്. ലക്ഷക്കണക്കിനു തീർഥാടകരാണ് ഓരോ വർഷവും ഇവിടേക്ക് എത്തിച്ചേരുന്നത്. തീർഥാടകരെ ഉൾക്കൊള്ളാൻ തക്കവിധം നിരവധി സൗകര്യങ്ങളാണ് കത്രയിൽ ഒരുക്കിയിരിക്കുന്നത്. ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, ഭക്ഷണകേന്ദ്രങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. മതപരമായ കാര്യങ്ങളെ മാറ്റി നിർത്തിയാൽ മനോഹരമായ പ്രകൃതിയാലും സമ്പന്നമാണ് കത്ര.
വർഷത്തിൽ എല്ലായ്പോഴും വൈഷ്ണോ ദേവി ക്ഷേത്രം തുറന്നു പ്രവർത്തിക്കാറുണ്ടെങ്കിലും മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള മാസമാണ് ഇവിടെ സന്ദർശിക്കാൻ മികച്ച സമയം. മഴക്കാലവും തണുപ്പു കൂടിയ സമയവും ഒഴിവാക്കുന്നത് നല്ലത് ആയിരിക്കും. വൈഷ്ണോ ദേവി തീർഥാടനത്തിനായി എത്തുന്നവർ നേരത്തെ തന്നെ റജിസ്റ്റർ ചെയ്യേണ്ടതാണ്. ശ്രീ മാതാ വൈഷ്ണോ ദേവി ഷ്രൈൻ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ കത്രയിലെ റജിസ്ട്രേഷൻ കൗണ്ടറുകളിലോ ആണ് രജിസ്റ്റർ ചെയ്യേണ്ടത്.