ADVERTISEMENT

യാത്രികര്‍ക്കായി സെല്‍ഫ് ബാഗ് ഡ്രോപ് സംവിധാനം ഒരുക്കി കൊച്ചി വിമാനത്താവളം. ഇനിമുതല്‍ നെടുമ്പാശേരിയിലെത്തുന്ന യാത്രികര്‍ക്ക് ബാഗേജുകള്‍ സ്വയം ചെക്ക് ഇന്‍ ചെയ്യാനാവും. രാജ്യത്തെ ആദ്യത്തെ ബയോമെട്രിക് സെല്‍ഫ് ബാഗ് ഡ്രോപ് സംവിധാനം ബെംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ ആരംഭിച്ച് ദിവസങ്ങള്‍ക്കകമാണ് കൊച്ചി വിമാനത്താവളത്തില്‍ സെല്‍ഫ് ബാഗ് ഡ്രോപ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രികരുടെ കാര്യക്ഷമതയും സൗകര്യവും വര്‍ധിക്കുന്നതിനും തിരക്കു കുറയ്ക്കുന്നതിനും സഹായിക്കുന്നതാണ് ഈ സൗകര്യങ്ങള്‍. 

KOCHI 2017 MARCH 11  : The sunset and Solar panels over the car shelters near to the  T3 terminal  at  Kochi International airport  Nedumbassery . CIAL is the first fully solar powered airport in the world  @ Josekutty Panackal
KOCHI 2017 MARCH 11 : The sunset and Solar panels over the car shelters near to the T3 terminal at Kochi International airport Nedumbassery . CIAL is the first fully solar powered airport in the world @ Josekutty Panackal

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന ആഭ്യന്തര മേഖലയിലെ 95 ശതമാനം യാത്രികര്‍ക്കും സെല്‍ഫ് ബാഗ് ഡ്രോപ് സൗകര്യം പ്രയോജനപ്പെടുത്താനാവും. പത്തു കോമണ്‍ യൂസ് സെല്‍ഫ് സര്‍വീസ് കിയോസ്‌കുകളില്‍ നിന്ന് യാത്രികര്‍ക്ക് ബോര്‍ഡിങ് പാസിന്റേയും ബാഗ് ടാഗുകളുടേയും പ്രിന്റെടുക്കാനാവും. ഈ ടാഗ് സ്റ്റിക്കര്‍ ബാഗില്‍ ഒട്ടിച്ച് യാത്രികര്‍ക്കു തന്നെ ബാഗുകള്‍ ബാഗ് ഡ്രോപ് സംവിധാനത്തിലേക്കിടാനാവും. ദക്ഷിണ കൊറിയയിലെ സിയോള്‍ വിമാനത്താവളത്തിലെ അതേ സംവിധാനമാണ് നാല് സെല്‍ഫ് ബാഗ് ഡ്രോപുകളില്‍ കൊച്ചിയിലും സിയാല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

കൂടുതല്‍ ആധുനികമായ രീതിയില്‍ ബയോമെട്രിക് സെല്‍ഫ് ബാഗ് ഡ്രോപ് സംവിധാനമാണ് ബെംഗളൂരു വിമാനത്താവളത്തില്‍ ബെംഗളുരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(BIAL) ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ എയര്‍ലൈനുകളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, വിസ്താര തുടങ്ങിയവയില്‍ സഞ്ചരിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ഈ സംവിധാനം ഉപയോഗിക്കാനാവും. ഡിജിയാത്ര ഉപയോഗിക്കുന്ന ആഭ്യന്തര യാത്രികര്‍ക്ക് ടെര്‍മിനല്‍ 2ല്‍ എത്തുമ്പോള്‍ ബയോമെട്രിക്ക് രേഖകള്‍ സ്‌കാന്‍ ചെയ്യാനാവും. 

തങ്ങളുടെ ബാഗില്‍ നിരോധിക്കപ്പെട്ട വസ്തുക്കളൊന്നുമില്ലെന്ന് യാത്രികര്‍ സ്വയം സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ഇതിനു ശേഷം ബാഗുകള്‍ കോണ്‍വേയര്‍ ബെല്‍റ്റിലേക്കിടാം. ബാഗിലേക്ക് പ്രത്യേകം ബാഗേജ് ടാഗ് ഒട്ടിക്കുന്നത് അടക്കം യന്ത്രം ചെയ്‌തോളും. ബാഗിന്റെ ഭാരം നോക്കുന്നതും സ്‌കാന്‍ ചെയ്യുന്നതുമെല്ലാം ഓട്ടമേറ്റിക്കായി നടക്കുകയും ബാഗേജ് റെസീപ്റ്റ് യാത്രികര്‍ക്ക് ലഭിക്കുകയും ചെയ്യും. ഇനി ബാഗുകള്‍ക്ക് ഭാരം കൂടുതലുണ്ടെങ്കില്‍ യാത്രികര്‍ നിര്‍ദിഷ്ട കൗണ്ടറിലെത്തി പണം അടക്കേണ്ടി വരും. 

ബയോമെട്രിക് സെല്‍ഫ് ബാഗ് ഡ്രോപ് സംവിധാനത്തിന്റെ വരവോടെ നിരവധി ഗുണങ്ങള്‍ യാത്രികര്‍ക്ക് ലഭിച്ചിട്ടുണ്ട്. പരമ്പരാഗത രീതിയെ അപേക്ഷിച്ച് വേഗത്തില്‍ നടപടിക്രമങ്ങള്‍ കഴിയുമെന്നതു തന്നെ ഇതില്‍ പ്രധാനം. മുഖം സ്‌കാന്‍ ചെയ്ത് ബാഗുകള്‍ ഡ്രോപു ചെയ്ത ശേഷം സുരക്ഷാ പരിശോധനക്കായി വേഗം പോകാനാവും. അനാവശ്യ വരിനില്‍ക്കലും സമയം വൈകലും ഒഴിവാക്കാനാവും. ബാഗുകള്‍ ഇടകലര്‍ന്നുപോവുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ കൃത്യതയുള്ള ഇത്തരം സംവിധാനങ്ങളുടെ വരവോടെ കുറക്കാനാവും. കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ചു തന്നെ കാര്യക്ഷമമായി ബാഗ് ഡ്രോപ് സംവിധാനം നടത്താനാവുമെന്നതും യാത്രികര്‍ക്ക് കൂടുതല്‍ മികച്ച അനുഭവം നല്‍കുമെന്നതും ഇതിന്റെ ഗുണങ്ങളാണ്.

English Summary:

Bengaluru Airport Introduces India's First Biometric Self-Bag Drop System

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com