ലോകത്ത് ആദ്യമായി മാംസാഹാരം നിരോധിച്ച നഗരം ഗുജറാത്തിൽ
Mail This Article
മാംസാഹാരങ്ങളുടെ ഉപയോഗവും വിൽപ്പനയും നിരോധിച്ച് ഒരു നഗരം. ഗുജറാത്തിലെ ഭാന് നഗർ ജില്ലയിലെ പാലിതാന നഗരമാണ് ഇത്തരമൊരു പ്രഖ്യാപനത്തിലൂടെ ചരിത്രത്തിലിടം നേടിയത്. ഈ പ്രദേശത്ത് മാംസാഹാരം നിയമവിരുദ്ധമാണ്. ജൈന മതത്തിന് വളരെ സ്വാധീനമുള്ള പ്രദേശമാണ് ഇവിടം. ജൈനമത തത്വങ്ങളുടെ സ്വാധീനമാണ് പ്രദേശത്തെ സാംസ്കാരികവും മതപരവുമായ മാറ്റത്തിന് കാരണമായത്. ഏതായാലും പുതിയ നിയമത്തിലൂടെ പ്രദേശത്ത് മാംസാഹാരം വിൽപന നടത്തുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുകയാണ്. മാംസത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനും വിലക്കുണ്ട്. ഇത്തരം പ്രവൃത്തികൾ നിയമവിരുദ്ധമാകുന്നതിന് ഒപ്പം തന്നെ ശിക്ഷാർഹവുമാണ്.
നഗരത്തിൽ ഏകദേശം 250 ഇറച്ചിക്കടകൾ ഉണ്ടായിരുന്നു. ഇവ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഇരുന്നൂറോളം വരുന്ന ജൈന സന്യാസിമാർ നിരന്തരമായി പ്രതിഷേധം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് പുതിയ നീക്കം. ജൈന വിശ്വാസത്തിന്റെ അടിസ്ഥാനം അഹിംസയാണ്. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങൾ ഉയർത്തിക്കാട്ടി ആയിരുന്നു സന്യാസിമാരുടെ പ്രതിഷേധം.
ജയിൻ ടെമ്പിൾ ടൗൺ എന്ന് പേരുകേട്ട പാലിതാന
ഗുജറാത്തിലെ പാലിതാന നഗരം ജയിൻ ടെമ്പിൾ ടൗൺ എന്ന പേരിൽ പ്രസിദ്ധമാണ്. ജൈനമത വിശ്വാസികളുടെ ഏറ്റവും വിശുദ്ധമായ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണിത്. ശത്രുഞ്ജയ മലനിരകൾക്ക് ചുറ്റും സ്ഥിതി ചെയ്യുന്ന ഈ നഗരത്തിൽ 800 ലധികം ജൈന ക്ഷേത്രങ്ങളുണ്ട്. ഇതിൽ തന്നെ ആദിനാഥ ക്ഷേത്രമാണ് ഏറ്റവും പ്രശസ്തമായത്. ഓരോ വർഷവും ആയിരക്കണക്കിന് ആളുകളാണ് ഭക്തരായും തീർഥാടകരായും ഇവിടേക്ക് എത്തുന്നത്. അതുകൊണ്ടു തന്നെ നഗരത്തിന്റെ ആത്മീയ പ്രാധാന്യത്തിന് ഇവിടെ കൂടുതൽ ഊന്നൽ നൽകുന്നു.
പാലിതാനയുടെ പാത പിന്തുടർന്ന് വേറെയും നഗരങ്ങൾ
പാലിതാനയിൽ മാംസാഹാരം നിരോധിച്ചത് പോലെ ഗുജറാത്തിലെ മറ്റ് നഗരങ്ങളും മാംസാഹാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ രാജ്കോട്ട്, വഡോധര, ജുനാഗഡ്, അഹ്മദാബാദ് എന്നിവ ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് മാംസാഹാരത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്കോടിൽ മാംസാഹാരം പാചകം ചെയ്യുന്നതിനും അത് പൊതു ജനങ്ങൾക്ക് കാണുന്ന രീതിയിൽ പ്രദർശിപ്പിക്കുന്നതിനും അധികൃതർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങളുടെ വികാരത്തെ മാനിക്കുന്നതിനും പൊതുവിടങ്ങളിൽ മാംസാഹാരം കണ്ടാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ ഒഴിവാക്കാനുമാണ് ഇത്തരം നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
നിരോധനത്തെ പിന്തുണയ്ക്കുന്നവരുടെ വാദം
പൊതുവിടങ്ങളിൽ മാംസവും മാംസാഹാരവും പ്രദർശിപ്പിക്കുന്നത് ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് നിരോധനത്തെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു. അത് സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നു. അഹിംസയാണ് ജൈന മതത്തിന്റെ തത്വം. അക്രമരാഹിത്യമാണ് ജൈന തത്വങ്ങളിൽ പ്രധാനം. ജീവനുള്ള വസ്തുക്കളോടെല്ലാം അനുകമ്പയോടെ വർത്തിക്കണമെന്നതും ജൈനമത തത്വങ്ങളിൽ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള നിയന്ത്രണം ജൈനമത തത്വങ്ങളുമായി യോജിക്കുന്നു.
പിന്തുണച്ച് ഗുജറാത്ത് മുഖ്യമന്ത്രിയും
മാംസാഹരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും പിന്തുണച്ചു. തിരക്കേറിയ സ്ഥലങ്ങളിൽ ഇറച്ചിക്കടകൾ ഒരുപാട് ഉണ്ടാകുന്നത് പലപ്പോഴും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ഇത്തരം നിയന്ത്രണങ്ങളിലൂടെ ഗതാഗതകുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിടുന്നതായും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. ഏതായാലും പാലിതാനയിൽ മാംസാഹാരം നിരോധിക്കാനുള്ള നീക്കം ചരിത്രപരമാണ്. ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഇത് അടയാളപ്പെടുത്തുകയും ചെയ്യും. അതേസമയം, പാലിതാനയിലെ പുതിയ നീക്കം എങ്ങനെ മുന്നോട്ടു പോകുമെന്നും സമീപപ്രദേശങ്ങളെ അത് എങ്ങനെ ബാധിക്കുമെന്നും ഉറ്റു നോക്കുകയാണ് ലോകം.