ADVERTISEMENT

ലഗേജിൽ ബോംബുണ്ടെന്നു യാത്രക്കാരൻ തമാശ പറഞ്ഞത് നെടുമ്പാശേരിയിൽ വിമാനം രണ്ടു മണിക്കൂർ വൈകാനിടയാക്കി. ഇതോടെ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. ആഫ്രിക്കയിൽ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്തിന്റെ തമാശയാണ് വിമാനയാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ചുറ്റിച്ചത്. തായ് എയർലൈൻസിൽ പോകാനെത്തിയതായിരുന്നു പ്രശാന്ത്.

അപകടനിരക്ക് ഏറ്റവും കുറവുള്ള സഞ്ചാരമാർഗമാണ് വിമാനയാത്ര. അതുകൊണ്ടു തന്നെ കനത്ത സുരക്ഷാ രീതികളും ഇവിടെ പാലിക്കപ്പെടുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കടമ എന്നതിലുപരി സുരക്ഷ സ്വന്തം ഉത്തരവാദിത്തമായി യാത്രക്കാർ കാണേണ്ടിയിരിക്കുന്നു. യാത്രക്കാരുടെ ചില പ്രവർത്തികൾ വിമാനത്താവളത്തിന്റെ സംവിധാനത്തെ തന്നെ താളം തെറ്റിക്കാം. ഏവിയേഷൻ സുരക്ഷാ വാരം ആഘോഷിക്കുന്ന ആഴ്ചയിൽ ഇത്തരമൊരു സംഭവം ഉണ്ടായത് യാത്രക്കാർ സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത കാണിക്കേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാണിക്കുന്നതെന്നു സിയാൽ അസിസ്റ്റന്റ് ജനറൽ മാനേജർ പി.എസ്. ജയൻ മനോരമ ഓൺലൈനോടു പറഞ്ഞു.

ചെക്ക് ഇന്നിലൂടെ പോകുന്ന യാത്രക്കാരുടെ ‘ബാഗിൽ എന്താണ്’ എന്നു ചോദിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് സത്യസന്ധമായി ‘ബോംബ് ഇല്ല’ എന്നു പറഞ്ഞാൽപോലും ചിലപ്പോൾ അതു പ്രശ്നമാകും. ബോംബ്, ഡെയ്ഞ്ചർ, എക്സ്പ്ലോസിവ്...എന്നീ വാക്കുകൾ കേൾക്കുന്ന ഉദ്യോഗസ്ഥർ അത് റിപ്പോർട്ട് ചെയ്യണമെന്നാണ് ചട്ടം. അത് അവരുടെ ഡ്യൂട്ടിയാണ്. ഇതിൽ പലതിനും ലോജിക് ഇല്ല എന്നു കരുതിയാലും സിസ്റ്റം അങ്ങനെയാണ്. നാടൻ പലഹാരങ്ങളുടെ പേരുകൾ പോലും പലപ്പോഴും അപകടകരമാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് അതു മനസ്സിലാകണമെന്നില്ല. ഇങ്ങനെയുള്ള കാര്യങ്ങൾ റിപ്പോർട്ട് ചെയ്താൽ തുടർനടപടി രണ്ടു തരത്തിലാണ്. നോൺ സ്പെസിഫിക്, സ്പെസിഫിക് എന്നിങ്ങനെ.

∙ നോൺ സ്പെസിഫിക്, തടവ് 5 വർഷം വരെ

ബോംബുണ്ടെന്നും മറ്റുമുള്ള യാത്രക്കാരുടെ അപകടകരമായ ‘തമാശ’ റിപ്പോർട്ട് ചെയ്യപ്പെടുകയും അതേത്തുടർന്ന് എയർപോർട്ട് മാനേജർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബോംബ് ത്രെഡ് അസസ്മെന്റ് കമ്മിറ്റി അടിയന്തര യോഗം ചേരുകയും പരിശോധനകൾക്കു ശേഷം യാത്രക്കാരനെ ക്രിമിനൽ നടപടികൾക്കായി പൊലീസിനു കൈമാറുകയും ചെയ്യും. ചിലപ്പോൾ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാം. ഇതിലൂടെ ബ്ലാക്ക് ലിസ്റ്റഡ് പാസഞ്ചേഴ്സിന്റെ പട്ടികയിലേക്ക് ഇയാളുടെ പേരു മാറ്റുകയും ചെയ്യും. പിന്നീടുള്ള യാത്രകളിലും ഇതിന്റെ ഭവിഷത്തുകൾ നേരിടേണ്ടതായി വരാം. കൊച്ചിയിലെ ഇന്നലത്തെ സംഭവത്തിൽ യാത്രക്കാരനും കുടുംബത്തിനും ഇവരുടെ കൂടെയുള്ള മറ്റ് രണ്ടു പേർക്കും യാത്ര ചെയ്യാൻ അനുവാദം ലഭിച്ചില്ല. കൂടെയുള്ളവരുടെ സുരക്ഷാ പരിശോധന കഴിഞ്ഞിരുന്നെങ്കിലും അവരുടെ ലഗേജ് തിരിച്ചിറക്കി വീണ്ടും പരിശോധിച്ചു. രണ്ടു മണിക്കൂർ താമസിച്ചാണ് ഈ വിമാനം പുറപ്പെട്ടത്. ഒരാളുടെ പ്രവർത്തിമൂലം നിരവധി യാത്രക്കാരാണ് വലഞ്ഞത്. കണക്‌ഷൻ ഫ്ലൈറ്റ് കിട്ടാതെ വരെ ബുദ്ധിമുട്ടിയേക്കാം.

∙ സ്പെസിഫിക്, ആജീവനാന്ത വിലക്ക് വരും

ലഗേജിൽ ബോംബുണ്ടെന്നു പറയുന്നതും എക്സ്പ്ലോസിവ്, ഡെയ്ഞ്ചർ തുടങ്ങിയ വാക്കുകളുമാണ് നോൺ സ്പെസിഫിക് വിഭാഗത്തിൽ വരുന്നതെങ്കിൽ ഒരു നിശ്ചിത വിമാനത്തിലെ ഇന്ന സീറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്നു പറയുന്നത് സ്പെസിഫിക് കാറ്റഗറിയിൽ ഉൾപ്പെടും. ഇത് ഗുരുതരമായ കുറ്റമായാണു കണക്കാക്കുന്നത്. ഇത്തരത്തിലുള്ള പ്രവർത്തിക്കു ചിലപ്പോൾ ആജീവനാന്തകാലം ഫ്ലൈറ്റ് യാത്രാവിലക്കു നേരിടേണ്ടതായി വരാം. ഇത്തരത്തിലൊരു കേസ് അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് നാലു വർഷം മുൻപാണ്. ലണ്ടനിൽ നിന്നും ഡൽഹിയിൽ എത്തി അവിടെ നിന്നും കൊച്ചിയിലെത്തിയ ഒരു കുടുംബത്തിന് ഫ്ലൈറ്റിലെ ഭക്ഷണം ഇഷ്ടപ്പെടാതെ വരുകയും അതേത്തുടർന്ന് ‘ഈ ഫ്ലൈറ്റിൽ ബോംബ് വച്ചു’ എന്നു വിളിച്ചു പറയുകയുമായിരുന്നു. ഇത് വലിയ പ്രശ്നത്തിലേക്കാണ് നയിച്ചത്. ആ ഫ്ലൈറ്റ് മുഴുവൻ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കി, സ്പെസിഫിക് കേസുകളിൽ അതികഠിന നടപടികൾ നേരിടേണ്ടതായി വരും.

∙ വേണം, ജാഗ്രത

വിമാനയാത്ര സ്വന്തം ഉത്തരവാദിത്തമായി ഓരോ യാത്രക്കാരും കരുതണം. അതിനാൽ തന്നെ ആവശ്യമില്ലാത്ത വാക്കുകൾ വിമാനത്താവള പരിസരത്തു വേണ്ടേ വേണ്ട!  

English Summary:

Why Joking About Bombs at Airports Can Lead to Dire Consequences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com