‘പേരാലില്‍ മണികെട്ടിയാല്‍ ഏതാഗ്രഹവും സാധിക്കും’; കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ സുരേഷ് ഗോപി
Mail This Article
ആഹ്ളാദത്തിനപ്പുറം മാനസ്സികമായ ഉണർവും സമ്മാനിക്കുന്നവയാണ് യാത്രകൾ. ദൈവീകവും പരിശുദ്ധവുമായ ഇടങ്ങളിലേക്കാകുമ്പോൾ ആ യാത്രകൾക്കു കുളിർമഴയുടെ സുഖമായിരിക്കും. അത്തരമൊരു യാത്രയിലാണ് കേന്ദ്ര സഹമന്ത്രിയും സിനിമാതാരവുമായ സുരേഷ് ഗോപിയും ഭാര്യ രാധികയും. ചവറയിലെ ഏറെ പ്രശസ്തമായ കാട്ടിൽ മേക്കതിൽ ദേവിയെ കണ്ടു തൊഴാനാണ് സുരേഷ് ഗോപിയും പത്നിയുമെത്തിയത്. പേരാലിൽ മണി കെട്ടിയാൽ ഏതാഗ്രഹവും സാധിച്ചു തരുന്ന കാട്ടിൽ മേക്കതിൽ ദേവിയെ തൊഴുതു വണങ്ങി ഒരു സായാഹ്നം എന്ന കുറിപ്പോടെയാണ് ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന ചിത്രം താരം പങ്കുവച്ചിരിക്കുന്നത്.
കായലിനും കടലിനും നടുവിൽ സ്ഥിതി ചെയ്യുന്ന അപൂർവതയുള്ള ക്ഷേത്രമാണ് കാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രം. കൊല്ലം ജില്ലയിലെ ചവറയ്ക്ക് സമീപം പൊന്മനയിലാണ് ഈ പുണ്യഭൂമി സ്ഥിതി ചെയ്യുന്നത്. കടലിനും കായലിനും മധ്യേയുള്ള ദേവിയുടെ ചെറുതുരുത്തിലേക്കു ജങ്കാർ സർവീസുണ്ട്. അതിൽ കയറിയാൽ ക്ഷേത്രത്തിലെത്താം. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഭദ്രകാളിയുടെ രൂപത്തിലാണ് ഭക്തര്‍ക്ക് ദേവി ദര്‍ശനം നല്‍കുന്നത്. അമ്മയോട് മനസ്സിലെ ആഗ്രഹം പറഞ്ഞു ക്ഷേത്രമുറ്റത്തെ ആല്‍മരത്തില്‍ ഭക്തജനങ്ങള്‍ മണി കെട്ടും. ആ മണികിലുക്കം ദേവിയുടെ അടുക്കല്‍ ചെന്നെത്തുമെന്നാണ് വിശ്വാസം. കാട്ടിലമ്മയുടെ അടുക്കലെത്തി ക്ഷേത്രത്തില്‍ നിന്നും പൂജിച്ചു വാങ്ങുന്ന മണികെട്ടിയാല്‍ ഏതാഗ്രഹവും നടക്കുമെന്നാണ് വിശ്വാസം. ഓരോ ദിവസവും ക്ഷേത്രമുറ്റത്തെ ആല്‍മരത്തില്‍ നിന്നുയരുന്ന മണികിലുക്കങ്ങള്‍ ഇത് ശരി വയ്ക്കും.
ദേവിയുടെ അനുഗ്രഹത്താൽ സുനാമിയെ അതിജീവിച്ച ഒരു ചരിത്രവും ഈ ക്ഷേത്രത്തിനു പറയാനുണ്ട്. ആഞ്ഞടിച്ച തിരകൾ അന്ന് ആ ഭാഗങ്ങൾ മുഴുവൻ വിഴുങ്ങിയപ്പോൾ ക്ഷേത്രത്തിനു കേടുപാടുകൾ ഒന്നും തന്നെയും സംഭവിച്ചില്ല. ദേവിയുടെ അനുഗ്രഹമാണതെന്നു സാക്ഷ്യപ്പെടുത്തുന്നുണ്ട് ഭക്തർ. ക്ഷേത്രത്തിന്റെ ഒരുവശത്ത് അറബികടലും മറുവശത്ത് ടിഎസ് കനാലുമാണ്. ശങ്കരമംഗലത്തു നിന്നും കോവിൽത്തോട്ടം റോഡു വഴി മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ കൊട്ടാരത്തിൻ കടവിൽ എത്തിച്ചേരാം. അവിടെ നിന്ന് പിന്നെയുള്ള യാത്ര ജങ്കാറിലാണ്. ഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്.
ദാരികനെ വധിച്ച ഉഗ്രമൂർത്തിയുടെ ഭാവമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക്. ഗണപതി, ദുര്‍ഗ്ഗാ ദേവി, മാടൻ തമ്പുരാൻ, യക്ഷിമ്മ, നാഗ ദൈവങ്ങൾ, യോഗീശ്വരൻ, തുടങ്ങിയ ഉപദൈവങ്ങളും ഇവിടെയുണ്ട്. വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് ഇവിടെ വിശേഷദിവസങ്ങള്‍. രാവിലെ ക്ഷേത്രം 5 മുതല്‍ മുതൽ 12 വരെയും വരെയും വൈകിട്ട് 5 മുതല്‍ മുതൽ 8 വരെയും ക്ഷേത്രത്തില്‍ ദര്‍ശനം നടത്താം.
മറ്റൊരു ക്ഷേത്രത്തിലും അധികം പരിചിതമല്ലാത്ത, മണി നേർച്ചയാണ് ഇവിടുത്തെ പ്രധാന വഴിപാട് എന്ന് സൂചിപ്പിച്ചുവല്ലോ. അഭീഷ്ട സിദ്ധിക്കായി ക്ഷേത്രത്തിലെ പേരാലിൽ പ്രാർഥിച്ചു മണികെട്ടുന്നതിന്റെ പിന്നിൽ ഒരൈതീഹ്യമുണ്ട്. ഒരിക്കൽ വൃശ്ചിക മഹോത്സവത്തിന് കൊടിയേറിയ സമയത്ത് അതിൽ നിന്ന് ഒരു മണി താഴെ വീണു. ഇത് കണ്ട ക്ഷേത്ര പൂജാരി ആ മണിയെടുത്തു തൊട്ടടുത്തുള്ള പേരാലിൽ കെട്ടി. അതിനു ശേഷം അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത അഭിവൃദ്ധിയുണ്ടായി. കൂടാതെ ദേവപ്രശ്നത്തിൽ പേരാലിൽ മണി കെട്ടുന്നത് ദേവീപ്രീതിക്ക് ഉത്തമമാണെന്ന് തെളിയുകയും ചെയ്തു.
ഭഗവതിയുടെ ഏറ്റവും വിശിഷ്ടമായിട്ടുള്ള ഒരു നിവേദ്യമാണ് ചതുർശതം. വർഷത്തിൽ ഒരു പ്രാവശ്യം മാത്രം തന്ത്രിമുഖേന നടത്തുന്ന അമൃതേത്താണിത്. ഈ പ്രസാദം സ്വീകരിക്കുന്നത് ഏറെ പുണ്യമായി കരുതി പോരുന്നു. വൃശ്ചിക മാസത്തിലെ ഒന്നുമുതൽ പന്ത്രണ്ടുദിവസങ്ങള്‍ ആണ് ക്ഷേത്രത്തിലെ ഉത്സവം. ആയിരത്തിയൊന്നുകുടിലുകള്‍ ആ നാളുകളില്‍ ക്ഷേത്രമുറ്റത്ത് ഉയരും. കുടുംബസമേതം കുടിൽകെട്ടി ഭജനമിരിക്കുന്ന ഭക്തർ മൂന്നു നേരം ദേവിയെ തൊഴുതു ക്ഷേത്രത്തിൽ നിന്ന് തന്നെ ഭക്ഷണവും കഴിക്കണമെന്നാണ് ചിട്ട. വൃശ്ചികം പന്ത്രണ്ടിന് നടക്കുന്ന തിരുമുടി എഴുന്നെള്ളത്തു കണ്ടു തൊഴുതശേഷമേ ഭജനമിരിക്കുന്നവർ ക്ഷേത്രപരിസരം വിട്ടു പോകാവുള്ളു. ഈ പന്ത്രണ്ടു ദിനവും ഓരോ കുടിലിലും സന്ധ്യക്ക് വിളക്ക് തെളിക്കാറുണ്ട്.
കടലിനോടു ചേര്‍ന്ന് കിടന്നിട്ടും ശുദ്ധജലം ലഭിക്കുന്ന ഇവിടുത്തെ കിണര്‍ ഒരദ്ഭുതമാണ്. ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് പണ്ട് ക്ഷേത്ര പരിസരത്തായി മൂന്ന് പനകളും രണ്ട് കുളങ്ങളും ഉണ്ടായിരുന്നു. ശുദ്ധമായ ജലം ലഭിച്ചിരുന്ന ഈ കുളങ്ങളിലൊന്ന് ക്ഷേത്രത്തോട് ചേർന്ന് ക്ഷേത്രാവശ്യങ്ങൾക്കുപയോഗിച്ചിരുന്നതും മറ്റൊന്ന് ക്ഷേത്ര പരിസരത്ത് തന്നെ പൊതുജനങ്ങൾ ഉപയോഗിച്ചിരുന്നതുമാണ്. അതിന്റെ പിൻതുടർച്ചയെന്നോണം ഇപ്പോഴും അഞ്ചുകിണറുകളും ഒരു പനയും ക്ഷേത്ര പരിസരത്ത് കാണാം. ക്ഷേത്രത്തില്‍ ദിവസവും അന്നദാനമുണ്ട്. അമ്മയുടെ അനുഗ്രഹം തേടിയെത്തുന്ന ഭക്തലക്ഷങ്ങള്‍ അമ്മയുടെ അന്നം കഴിച്ചാണ് മടങ്ങുക. ഇതുമൊരു അനുഗ്രഹമായാണ് ഭക്തര്‍ കരുതുന്നത്.