സാന്റയും മഞ്ഞുമനുഷ്യനും കാത്തിരിക്കുന്നു! അമേരിക്കയിലെ മികച്ച ക്രിസ്മസ് ഡെസ്റ്റിനേഷനുകൾ ഇതാ
Mail This Article
അമേരിക്ക ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലായി തുടങ്ങി. അലങ്കരിച്ച പടുകൂറ്റന്‍ ക്രിസ്മസ് ട്രീകളും സമ്മാനങ്ങളുമായെത്തുന്ന സാന്റ ക്ലോസും മഞ്ഞും ഷോപ്പിങ് അവസരങ്ങളും അവധിക്കാലവുമെല്ലാം ചേര്‍ന്ന് ക്രിസ്മസ് ആഘോഷം പൊടിപൊടിക്കും. താരതമ്യപ്പെടുത്താനാവാത്തതാണ് അമേരിക്കയിലെ ക്രിസ്മസ് ആഘോഷം. ന്യൂയോര്‍ക്കിലെ റോക്കെഫെല്ലര്‍ സെന്ററിലെ പടുകൂറ്റന്‍ ക്രിസ്മസ് ട്രീ അവധി ആഘോഷിക്കുന്നവര്‍ക്ക് ഒഴിവാക്കാനാവില്ല. ബ്രയാന്റ് പാര്‍ക്കിലും യൂണിയന് സ്ക്വയറിലും ഗ്രാന്റ് സെന്ട്രലിലുമെല്ലാം ക്രിസ്മസ് ഷോപ്പിങിന് അവസരമുണ്ടാവും. എട്ടു രാത്രി നീളുന്ന ഹാനുഖ ആഘോഷങ്ങള്‍ ഫിഫ്ത്ത് അവന്യുവില്‍ ഡിസംബര്‍ 25 മുതല്‍ ആരംഭിക്കും.
നാഷണല്‍ ക്രിസ്മസ് ട്രീയും യുഎസ് കാപിറ്റോള്‍ ട്രീയും നാഷണല്‍ സൂവിലെ സൂ ലൈറ്റ്സുമെല്ലാം വാഷിങ്ടണിലെ ആകര്‍ഷണങ്ങളാണ്. വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ലൈറ്റ് ഡിസ്പ്ലേയാണ് ബുഷ് ഗാര്‍ഡന്‍സ് ക്രിസ്മസ് ടൗണിലുണ്ടാവുക. പഴയകാല അമേരിക്കയുടെ ചരിത്രത്തെ ഓര്‍മപ്പെടുത്തുന്ന സ്ട്രീറ്റ് തിയേറ്ററുകളും കണ്‍സര്‍ട്ടുകളും ക്രാഫ്റ്റ് വര്ക്ക്ഷോപ്പുകളുമെല്ലാം വിര്‍ജിനിയയിലെ കൊളോണിയല്‍ വില്യംസ്ബര്‍ഗില്‍ അരങ്ങേറും. വെര്‍മോണ്ടില്‍ സ്കീയിങിനുും സ്ലൈ റൈഡിങിനും സ്നോ ഷൂയിങിനും സ്നൊമൊബീലിങിനുമെല്ലാമുള്ള അവസരം ബര്ലിങ്ടണിലുണ്ട്. പെന്സില്വാനിയയിലുമുണ്ടൊരു ബെത്ലഹേം. ക്രിസ്മസ് സിറ്റി എന്നാണ് ഈ നഗരം അറിയപ്പെടുന്നതു തന്നെ.
ഇന്ത്യാനയിലെ സാന്റാ ക്ലോസ് നഗരത്തിലെ സാന്റാ ക്ലോസ് ക്രിസ്മസ് സ്റ്റോറില്‍ നിങ്ങള്‍ക്ക് ഷോപ്പിങ് നടത്താം. ഇന്ത്യാനപോളിസിലെ തെരുവുകള്‍ ക്രിസ്മസ് അലങ്കാര വെളിച്ചത്തില്‍ മുങ്ങും. സ്റ്റോബെന്വില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക് കൈകൊണ്ടു നിര്‍മിച്ച വലിയ 215 നട്ട്ക്രാക്കറുകള് കാണാനാവും. എ ക്രിസ്മസ് സ്റ്റോറി എന്ന സിനിമ ചിത്രീകരിച്ച വീട് ക്ലീവ്ലാന്ഡിലുണ്ട്.
ഇല്ലിനോയ്സിലെ ചിക്കാഗോയിലെത്തിയാല്‍ മാഗ്നിഫിഷ്യന്റ് മൈലില്‍ ഷോപ്പിങ് നടത്തുകയോ ക്രിസ്റ്റ്കൈന്ഡില്മാര്ക്കറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം. മിനിയപോളിസിലെ മിനിസോട്ടയില്‍ ഡിസംബര്‍ 18 മുതല്‍ 22 വരെ ഹോളിഡാസില് ഫെസ്റ്റിവലാണ്. അമേരിക്കയിലെ ഏറ്റവും വലിയ ഷോപ്പിങ് മാളായ മാള്‍ ഓഫ് അമേരിക്ക ഇവിടെയുണ്ട്.
ലൂസിയാനയിലെ ന്യു ഓര്‍ലീന്‍സില്‍ ക്രിസ്മസ് ഫെസ്റ്റ് ഡിസംബര്‍ 20 – 30 വരെയാണ്. സിറ്റി പാര്‍ക്കില്‍ 25 ഏക്കറിലാണ് ദീപാലങ്കാരങ്ങളുണ്ടാവുക. ഫ്ളോറിഡയില്‍ സെന്റ് അഗസ്റ്റിസ് നൈറ്റ് ഓഫ് ലൈറ്റ്സും പെന്സകോളയുടെ വിന്റര്ഫെസ്റ്റും കാണാം. ഫോര്‍ട്ട് ലോഡര്ഡേലയില് ഡിസംബര്‍ 14നാണ ്ബോട്ട് പരേഡ്. സമുദ്രത്തില്‍ സര്‍ഫ് ചെയ്തെത്തുന്ന സാന്റകളെ കാണാന്‍ കൊകൊവ ബീച്ചിലേക്ക് ഡിസംബര്‍ 24ന് രാവിലെ 7.30ന് എത്തിയാല്‍ മതി. ഡിസ്നിവേള്‍ഡില്‍ മിക്കിയുടെ വെരി മെറി ക്രിസ്മസ് പാര്‍ട്ടിയുണ്ട്. ഒര്‍ലാന്‍ഡോയിലെ ചെറു പട്ടണമായ ക്രിസ്മസില്‍ സാന്റയുടെ ഒരു പ്രതിമയും റെയിന്‍ഡീറിന്റെ പേരിലുള്ള തെരുവുമുണ്ട്. ഇവിടുത്തെ പോസ്റ്റ് ഓഫീസില്‍ കത്തുകളിലെ പോസ്റ്റ് മാര്‍ക്ക് 'ക്രിസ്മസ്' എന്നാണ്.
നവംബര്‍ 22 മുതല്‍ 40 രാത്രികള്‍ നീളുന്നതാണ് കൊളറാഡോയിലെ ഡെന്‍വര്‍ നഗരത്തിലെ മൈല്‍ ഹൈ ഡ്രോണ്‍ ഷോ. കുട്ടികള്‍ക്ക് പോളാര്‍ എക്സ്പ്രസ് ട്രെയിനിലെ യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കും. പ്രാദേശിക പാരമ്പര്യങ്ങള്‍ എടുത്തു കാണിക്കുന്നതാണ് ന്യൂമെക്സിക്കോയിലെ അല്‍ബുക്കര്‍ക്കിലെ ലൂമിനാരിയ ടൂര്‍. സാന്റഫേയിലെ വിന്റര്‍ സ്പാനിഷ് മാര്‍ക്കറ്റില്‍ നിന്നും ഷോപ്പിങ് നടത്താം. ഡിസംബര്‍ 18-22 നടക്കുന്ന ക്രിസ്മസ് ബോട്ട് പരേഡ് കാണാന്‍ കാലിഫോര്‍ണിയയിലെ ന്യൂപോര്‍ട്ട് ബീച്ചിലെത്തണം. ഒറിഗോണിലെ പോര്‍ട്ലാന്‍ഡിലെ ഹോളിഡെ ബ്രൂ ഫെസ്റ്റാണ് ബീര്‍ പ്രേമികളെ ആകര്‍ഷിക്കുക. ലാസ് വെഗാസിലെ മോട്ടോര്‍ സ്പീഡ് വേയില്‍ ലൈറ്റ് ഷോ നടക്കും. തീരങ്ങളും കടലും ഇഷ്ടപ്പെടുന്നവര്‍ക്ക് ഹവായ് സ്വര്‍ഗമായിരിക്കും. അമേരിക്കയിലെ തന്നെ ഏറ്റവും നീണ്ട ക്രിസ്മസ് ആഘോഷങ്ങളുള്ളത് പ്യൂട്ടോ റികോയിലാണ്. പള്ളികളില്‍ പ്രത്യേക കുര്‍ബാനകള്‍ ഡിസംബര്‍ 16-24 വരെ നടക്കും. ജനുവരി ആറിനുള്ള ത്രീ കിങ്സ് ഡേ വരെ ആഘോഷങ്ങളുണ്ടാവും. ജനുവരി 16 മുതല്‍ 20 വരെ നീളുന്ന സാന്‍ സെബാസ്റ്റിയന് ഫെസ്റ്റിവലോടു കൂടി മാത്രമേ പ്യൂട്ടോ റികോയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ അവസാനിക്കൂ.