വീസ നിരസിക്കപ്പെടുന്നു, യാത്ര മുടങ്ങുന്നു! ദുബായ് യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കാം

Mail This Article
അവധി ആഘോഷിക്കാന്‍ ദുബായിലേക്ക് പറക്കുന്നവര്‍ കരുതിയിരിക്കുക... നല്ലതുപോലെ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ വീസ അപേക്ഷ നിരസിക്കപ്പെടാന്‍ ഇടയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റ് വീസയ്ക്കായി സമര്‍പ്പിക്കുന്ന രേഖകളില്‍ അടക്കം ദുബായ് കൂടുതല്‍ കര്‍ശന നിലപാടെടുത്തതോടെ ടൂറിസ്റ്റ് വീസ നിരസിക്കപ്പെടുന്നത് വര്‍ധിക്കുന്നുവെന്നാണ് ട്രാവല്‍ ഏജന്റുമാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ടൂറിസ്റ്റ് വീസ നിരസിക്കപ്പെട്ടാല്‍ വീസക്കു വേണ്ടി നല്‍കുന്ന തുക മാത്രമല്ല വിമാന ടിക്കറ്റിന്റേയും ഹോട്ടല്‍ ബുക്കിങിന്റേയും പണം കൂടി നഷ്ടമാവുകയും ചെയ്യും.
'നേരത്തെ 99% ദുബായ് വീസ അപേക്ഷകള്‍ക്കും അനുമതി ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നല്ല രീതിയില്‍ ഒരുങ്ങിയെത്തുന്ന യാത്രികരുടെ അപേക്ഷകള്‍ പോലും നിരസിക്കപ്പെടുന്നുണ്ട്.' എന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്. എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടും നാലു പേര്‍ അടങ്ങുന്ന ഒരു കുടുംബത്തിന്റെ വീസ അപേക്ഷ നിരസിക്കപ്പെട്ട സംഭവമുണ്ടായെന്നും ഏജൻസികൾ റിപ്പോട്ട് ചെയ്യുന്നു.

കണ്‍ഫേമായ ഹോട്ടല്‍ ബുക്കിങ്, റിട്ടേണ്‍ ഫ്‌ളൈറ്റ് ടിക്കറ്റ് എന്നിവയുടെ രേഖകള്‍ ഇപ്പോള്‍ ദുബായ് വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ആവശ്യമാണ്. ഇനി ബന്ധുക്കള്‍ക്കൊപ്പമാണ് താമസിക്കുന്നതെങ്കില്‍ താമസരേഖ അടക്കമുള്ളവ ആവശ്യമാണ്. ഒരൊറ്റ ആഴ്ചയില്‍ 8 വീസ അപേക്ഷകള്‍ വരെ റദ്ദായിട്ടുണ്ട്. പൂനെ സ്വദേശികളായ സഹോദരങ്ങള്‍ക്ക് ദുബായ് വീസ നിരസിക്കപ്പെട്ടതുകൊണ്ടു മാത്രം 50,000 രൂപയുടെ സാമ്പത്തിക നഷ്ടമാണുണ്ടായത്.

ശ്രദ്ധയോടെ നല്‍കിയ അപേക്ഷകള്‍ പോലും റദ്ദാക്കപ്പെടുന്നുണ്ട്. വീസ അപേക്ഷകള്‍ തള്ളിക്കളയുന്നത് പ്രതിദിനം 1-2% ആയിരുന്നത് ഇപ്പോള്‍ 5-6 ശതമാനമായി കുതിച്ചുയര്‍ന്നിരിക്കുകയാണ്. ബന്ധുക്കള്‍ക്കൊപ്പം താമസിച്ചുകൊണ്ട് ദുബായ് സന്ദര്‍ശനം നടത്താന്‍ ശ്രമിച്ച ചില യാത്രികരുടെ വീസ അപേക്ഷകളും നിരസിക്കപ്പെട്ടു. എല്ലാ രേഖകളും സമര്‍പ്പിച്ച ശേഷമായിരുന്നു ഇത്. വീസയ്ക്കായി ഇവര്‍ നല്‍കിയ 14,000 രൂപയും ടിക്കറ്റ് ക്യാന്‍സലേഷന്റെ ഭാഗമായി 20,000 രൂപയും ഇവര്‍ക്ക് നഷ്ടമായി.
ഒരിക്കല്‍ ദുബായ് വീസ നിരസിക്കപ്പെട്ടാല്‍ അത് ഭാവിയിലെ ദുബായിലേക്കുള്ള യാത്രകളേയും ബാധിക്കുമെന്നതും പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. പരമാവധി ശ്രദ്ധയോടെ, ആവശ്യപ്പെടുന്ന രേഖകള്‍ സഹിതം അപേക്ഷിക്കുക മാത്രമാണ് വീസ അപേക്ഷകള്‍ റദ്ദാവുന്നത് കുറക്കാനുള്ള മാര്‍ഗമെന്ന് ഏജന്റുമാര്‍ ഓര്‍മിപ്പക്കുന്നു.