ട്രെയിന്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍ എത്ര തുക തിരിച്ചു കിട്ടും?; കൊള്ളയടിക്കുന്നതാണ് ഇതിലും നല്ലത്!

Mail This Article
ഓണ്‍ലൈനില്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതു താരതമ്യേന എളുപ്പമാണ്. എന്നാല്‍ ടിക്കറ്റ് കണ്‍ഫേം അല്ലെങ്കില്‍ കാര്യങ്ങളാകെ തകിടം മറിയും. ഫൈനല്‍ ചാര്‍ട്ട് തയ്യാറാവുന്നതു വരെ ട്രെയിന്‍ യാത്ര നടക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഉറപ്പുണ്ടാവില്ല. പ്രത്യേകിച്ച് വെയിറ്റിങ് ലിസ്റ്റിലുള്ള ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റുകള്‍ റെയില്‍വേ കൂട്ടത്തോടെ റദ്ദാക്കുമെന്നതിനാല്‍. ഇനി കണ്‍ഫേം ആകുമെന്ന് ഉറപ്പില്ലെങ്കിലോ മറ്റെന്തെങ്കിലും കാരണങ്ങളാലോ ട്രെയിന്‍ ടിക്കറ്റുകള്‍ കാന്‍സര്‍ ചെയ്താലോ... തിരിച്ചു പണം കിട്ടുന്നത് അല്‍പം കുഴഞ്ഞു മറിഞ്ഞ കാര്യവുമാണ്.
റിസര്‍വു ചെയ്ത ട്രെയിന്‍ ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്താല്‍ തിരികെ പണം ലഭിക്കുക പ്രധാനമായും രണ്ട് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. ആദ്യത്തേത് യാത്ര തുടങ്ങുന്നതിന് എത്ര സമയം മുന്‍പാണ് ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നത് എന്നതാണ്. രണ്ടാമത്തേത് ഏത് ക്ലാസിലാണ് ടിക്കറ്റ് എടുത്തിരിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്.
എല്ലാത്തരം കാന്‍സലേഷനും ടിക്കറ്റ് ചാര്‍ട്ട് തയാറാക്കുന്നതു വരെയേ നടക്കൂ. ഉച്ചക്ക് 12 മണി വരെയുള്ള സമയത്തിനുള്ളില്‍ പുറപ്പെടുന്ന ട്രെയിനുകള്‍ക്ക് തലേന്ന് രാത്രിയാണ് റെയില്‍വേ ചാര്‍ട്ട് തയാറാക്കുക. ഇനി നിങ്ങളുടെ കൈവശം കണ്‍ഫേം ടിക്കറ്റാണെങ്കില്‍ പോലും യാത്ര തുടങ്ങുന്നതിനു 4 മണിക്കൂര്‍ മുമ്പെങ്കിലും കാന്‍സല്‍ ചെയ്തില്ലെങ്കില്‍ ഒരു രൂപ പോലും തിരിച്ചു കിട്ടില്ല.
നിങ്ങള്‍ ബുക്ക് ചെയ്ത ട്രെയിന്‍ യാത്ര ആരംഭിക്കുന്ന സമയത്തേക്കാളും 48 മണിക്കൂര്‍ മുന്‍പാണെങ്കില്‍ കാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കിയ ശേഷമുള്ള തുക നിങ്ങള്‍ക്ക് ലഭിക്കും. എസി ഫസ്റ്റ് ക്ലാസിന് 240 രൂപയും എസി സെക്കന്റ് ക്ലാസിന് 200 രൂപയും എസി മൂന്നാം ക്ലാസിനും 3 ഇക്കോണമിക്കും എസി ചെയര്‍ കാറിനും 180 രൂപയും സ്ലീപ്പര്‍ ടിക്കറ്റിന് 120 രൂപയും സെക്കൻഡ് ക്ലാസിന് 60 രൂപയുമാണ് കാന്‍സലേഷന്‍ ഫീസായി ഈടാക്കുക. ടിക്കറ്റ് ഒന്നിച്ചു ബുക്കു ചെയ്യാമെങ്കിലും ഓരോ ടിക്കറ്റിനും ഈ കാന്‍സലേഷന്‍ ഫീസ് ഈടാക്കുമെന്നകാര്യവും മറക്കരുത്.
ഇനി ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂറിനും 12 മണിക്കൂറിനും ഇടയിലാണ് ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതെങ്കില്‍ കാന്‍സലേഷന്‍ ചാര്‍ജിനൊപ്പം ടിക്കറ്റ് നിരക്കിന്റെ 25 ശതമാനവും കൂടി റെയില്‍വേ ഈടാക്കും. 12 മണിക്കൂറിനും നാലു മണിക്കൂറിനും മുമ്പാണെങ്കില്‍ പകുതി ടിക്കറ്റ് നിരക്ക് റെയില്‍വേ പിടിക്കും. ഒപ്പം യാത്ര ചെയ്യുന്ന ക്ലാസിന് അനുസരിച്ചുള്ള കാന്‍സലേഷന്‍ ചാര്‍ജും ഈടാക്കും.

ദക്ഷിണ റെയില്‍വേയുടെ ഫെയ്സ്ബുക് പേജില്‍ പോസ്റ്റു ചെയ്ത റീ ഫണ്ട് റൂൾസ് വിവരങ്ങൾ അടങ്ങിയ ചിത്രത്തിനു താഴെ നിരവധി കമന്റുകളുമുണ്ട്. കൊള്ളയടിക്കുന്നതാണ് ഇതിലും നല്ലതെന്നാണ് ഒരു ഫെയ്സ്ബുക് ഉപഭോക്താവ് കമന്റു ചെയ്തിരിക്കുന്നത്. മറ്റൊരാള്‍ യാത്രക്കാരില്‍ നിന്നും കാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കുന്നതു പോലെ റെയില്‍വേ ട്രെയിന്‍ കാന്‍സല്‍ ചെയ്താല്‍ അധികമായി കാന്‍സലേഷന്‍ ചാര്‍ജ് യാത്രികര്‍ക്കു നല്‍കുമോ എന്നും ചോദിച്ചിട്ടുണ്ട്. നിലവില്‍ റെയില്‍വേ പല കാരണങ്ങളാല്‍ ട്രെയിന്‍ കാന്‍സല്‍ ചെയ്താല്‍, ബുക്ക് ചെയ്ത ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും. 3 മണിക്കൂറിലധികം ട്രെയിൻ താമസിക്കുക, യാത്രക്കാരൻ അതിൽ സഞ്ചരിക്കാതിരിക്കുകയും ചെയ്താൽ യാത്രക്കാർക്ക് ടിഡിആർ (ടിക്കറ്റ് ഡിപ്പോസിറ്റ് റെസിപ്റ്റ്) അപേക്ഷ നല്‍കണം, ടിക്കറ്റിന്റെ മുഴുവൻ തുകയും തിരിച്ചു ലഭിക്കും. ഇ – ടിക്കറ്റുകളാണെങ്കില്‍ ഇന്റര്‍നെറ്റ് വഴി അപേക്ഷിക്കാം. ഇനി കൗണ്ടറില്‍ നിന്നെടുത്ത ടിക്കറ്റുകളാണെങ്കില്‍ ടിക്കറ്റ് കൗണ്ടറുകള്‍ വഴിയും പണം തിരികെ ലഭിക്കും.