ട്രംപ് കണ്ണുവച്ച ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്; ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത് നീലത്തിമിംഗലങ്ങൾ!

Mail This Article
രാജ്യത്തിന്റെ 80 ശതമാനവും വ്യാപിച്ചു കിടക്കുന്ന പടുകൂറ്റന്‍ മഞ്ഞുപാളികൾ... സ്ഥിരമായി മനുഷ്യ സാന്നിധ്യമില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ ദേശീയ പാര്‍ക്ക്... കിലോമീറ്ററുകള്‍ കനത്തിലുള്ള മഞ്ഞുപാളികളിലെ ഭൂമിയിലെ ഏറ്റവും ശുദ്ധമായ ജലം... മഞ്ഞുപാളിക്കടിയിലെ ഭൂമിയിലെ അത്യപൂര്‍വ ധാതുക്കളുടെ സാന്നിധ്യം... ഭൂമിശാസ്ത്രപരമായ തന്ത്രപ്രധാന സ്ഥാനം... ട്രംപ് കണ്ണുവയ്ക്കുന്ന ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡിന്റെ സവിശേഷതകള്‍ ഏറെയാണ്.

രണ്ടാം ട്രംപ് സര്‍ക്കാര്‍ ഭരണം തുടങ്ങും മുന്‍പു തന്നെ ഡോണള്‍ഡ് ട്രംപ് ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയുടെ ഉടമസ്ഥതയിലാക്കാനുള്ള മോഹം ആവര്‍ത്തിച്ചിരുന്നു. ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാനവും ശുദ്ധജലം അടക്കമുള്ള പ്രകൃതിവിഭങ്ങളാല്‍ സമ്പന്നവുമാണ് ഗ്രീന്‍ലാന്‍ഡ്. അമേരിക്കയ്ക്ക് പ്രധാനപ്പെട്ട 50 ധാതുക്കളില്‍ 37ന്റേയും നിക്ഷേപത്തിന് ഗ്രീന്‍ലാന്‍ഡില്‍ സാധ്യതയുണ്ടെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 2023ലെ ഭൂമിശാസ്ത്ര സര്‍വേ അടിസ്ഥാനമാക്കിയായിരുന്നു റിപ്പോര്‍ട്ട്.

വൈദ്യുത വാഹന നിര്‍മാണത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ ഇതുമായി ബന്ധപ്പെട്ട പ്രധാന ധാതുക്കളുടെ ഖനനം സംബന്ധിച്ച വിവരങ്ങള്‍ വിദേശത്തേക്കു നല്‍കുന്നതിനുപോലും ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്ക ചൈനയ്ക്കുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു ബദലായി നിര്‍ണായക ധാതുക്കള്‍ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യേണ്ടെന്നും ചൈന കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. ഗാലിയം, ജര്‍മേനിയം, ആന്റിമണി തുടങ്ങിയ അപൂര്‍വ ലോഹങ്ങള്‍ ഇനി മുതല്‍ ചൈനയില്‍ നിന്നും അമേരിക്കയ്ക്ക് ലഭിക്കില്ല. സെമികണ്ടക്ടറുകള്‍ മുതല്‍ കൃത്രിമോപഗ്രഹങ്ങളുടെ വരെ നിര്‍മാണത്തില്‍ ഇത്തരം ലോഹങ്ങളുടെ ലഭ്യത നിര്‍ണായകമാണ്.
അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്രമേല്‍ പ്രാധാന്യമുള്ള നീക്കമാണ് ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കുന്നതെന്നാണ് ട്രംപ് ആവര്‍ത്തിച്ചത്. 2019ലെ തിരഞ്ഞെടുപ്പ് പ്രചാരണം മുതല്‍ ഗ്രീന്‍ലാന്‍ഡിനെ വാങ്ങാനുള്ള മോഹം ട്രംപ് പങ്കുവയ്ക്കുന്നുണ്ട്. അടുത്തിടെ ട്രംപിന്റെ മകനായ ഡോണള്‍ഡ് ട്രംപ് ഗ്രീന്‍ലാന്‍ഡിലേക്ക് നടത്തിയപ്പോള്‍ നടത്തിയ പ്രസ്താവനയും ഇതിനോടു ചേര്‍ത്തു വായിക്കണം.

'അമേരിക്കയേയും ട്രംപിനേയും ഗ്രീന്‍ലാന്‍ഡ് സ്‌നേഹിക്കുന്നു. ഗംഭീര സ്വീകരണമാണ് ഇവിടത്തുകാര്‍ നല്‍കിയത്. അവരുടെ വിഭവങ്ങള്‍ ഉപയോഗിക്കാനും അവരുടെ രാജ്യം അഭിവൃദ്ധിപ്പെടുത്താനും കുട്ടികള്‍ക്ക് നല്ല ഭാവിയുണ്ടാവാനും മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്' എന്നായിരുന്നു ട്രംപ് ജൂനിയര്‍ സ്വന്തം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റു ചെയ്തത്. MAGA(മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) തൊപ്പി ധരിച്ചു നില്‍ക്കുന്ന ഗ്രീന്‍ലാന്‍ഡുകാര്‍ക്കിടയില്‍ നില്‍ക്കുന്ന ചിത്രവും ട്രംപ് ജൂനിയര്‍ പോസ്റ്റു ചെയ്തിരുന്നു.
∙ ഇതു വല്ലതും നടക്കുമോ?
ട്രംപിന്റെ പ്രസ്താവനയെ വിടുവായത്തമായി ആദ്യം തോന്നുമെങ്കിലും ഗ്രീന്‍ലാന്‍ഡിന്റെ ചരിത്രം പരിശോധിച്ചാല്‍ സംഗതിയുടെ ഗൗരവം വര്‍ധിക്കും. ഗ്രീന്‍ലാന്‍ഡില്‍ ഡെന്മാര്‍ക്ക് കഴിഞ്ഞാല്‍ നിര്‍ണായക സ്വാധീനമുള്ള രാജ്യം അമേരിക്കയാണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അമേരിക്കയുടെ പിറ്റുഴിക് സ്‌പേസ് ബേസ് ഗ്രീന്‍ലാന്‍ഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കയുടെ വടക്കേ അറ്റത്തെ സൈനിക താവളമാണിത്. മാത്രമല്ല അമേരിക്കയുടെ ബാലിസ്റ്റിക് മിസൈല്‍ മുന്നറിയിപ്പ് സംവിധാനത്തിന്റെ പ്രധാന ഭാഗവും ഇവിടെയാണ്. ജോ ബൈഡന്‍ ഈ സൈനിക താവളത്തിനായി 12 വര്‍ഷത്തേക്ക് 3.95 ബില്യണ്‍ ഡോളര്‍(ഏകദേശം 33,934 കോടി രൂപ) അനുവദിച്ചിരുന്നുവെന്നതും അമേരിക്ക ഗ്രീന്‍ലാന്‍ഡിന് നല്‍കുന്ന പ്രാധാന്യം വെളിവാക്കുന്നു.

∙ ഗ്രീന്‍ലാന്‍ഡിനെ മോഹിച്ച യുഎസ് പ്രസിഡന്റുമാര്‍
ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കാന്‍ ആഗ്രഹിച്ച ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റല്ല ഡോണള്‍ഡ് ട്രംപ്. 1867ല്‍ അന്നത്തെ പ്രസിഡന്റ് ആന്‍ഡ്രൂ ജോണ്‍സണ്‍ അലാസ്‌ക അമേരിക്കയോടു ചേര്‍ത്തപ്പോള്‍ ഗ്രീന്‍ലാന്‍ഡിനേയും കൂടെ വാങ്ങാന്‍ ആഗ്രഹിച്ചിരുന്നു. പിന്നീട് രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ഘട്ടത്തില്‍ ട്രൂമാന്‍ ഡെന്മാര്‍ക്കിന് ഗ്രീന്‍ലാന്‍ഡിനായി 100 ദശലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇക്കാര്യം ഡാനിഷ് മാധ്യമങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതൊന്നും നടപ്പിലായില്ലെങ്കിലും 1951ല്‍ പ്രതിരോധ കരാറിലൂടെ അമേരിക്ക വടക്കു പടിഞ്ഞാറന്‍ ഗ്രീന്‍ലാന്‍ഡില്‍ പിറ്റുഫിക് സ്‌പേസ് ബേസ് സ്ഥാപിക്കുക വഴി സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തു.

ഗ്രീന്‍ലാന്‍ഡില്‍ ശീതയുദ്ധകാലത്ത് അമേരിക്കയ്ക്ക് രഹസ്യ മിസൈല്‍ ബേസും ഉണ്ടായിരുന്നു. ക്യാംപ് സെഞ്ചുറി എന്നു പേരുള്ള ഈ അമേരിക്കന്‍ മിസൈല്‍ ബേസ് 1960കളിലാണ് നിര്‍മിച്ചത്. സോവിയറ്റ് യൂണിയനെതിരെ ആണവായുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു ഈ രഹസ്യ കേന്ദ്രത്തിന്റെ നിര്‍മാണം. പിന്നീട് 1967ല്‍ മേഖലയിലെ കാലാവസ്ഥയുടെ വെല്ലുവിളിയും ഉയര്‍ന്ന പരിപാലന ചെലവും മൂലം ഈ മിസൈല്‍ ബേസ് അമേരിക്ക ഉപേക്ഷിക്കുകയായിരുന്നു.

∙ഗ്രീന്‍ലാന്‍ഡില്‍ ഗ്രീനുണ്ടായിരുന്നു!
ഭൂഖണ്ഡമല്ലാത്ത ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീന്‍ലാന്‍ഡ്. ഏകദേശം 80 ശതമാനം പ്രദേശവും മഞ്ഞു മൂടി കിടക്കുന്നു. പലഭാഗങ്ങളിലും കിലോമീറ്ററുകള്‍ കനത്തിലാണ് മഞ്ഞുള്ളത്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൊന്നാണ് ഗ്രീന്‍ലാന്‍ഡ്. 2017ലെ കണക്കുകള്‍ പ്രകാരം ആകെ 56,480 പേരാണ് ഇവിടെയുള്ളത്.

എവിടെ തിരിഞ്ഞു നോക്കിയാലും മഞ്ഞു മൂടികിടക്കുന്ന ഗ്രീന്‍ലാന്‍ഡിന് വൈറ്റ്‌ലാന്‍ഡ് എന്നോ സ്‌നോലാന്‍ഡ് എന്നൊ അല്ലേ പേരു വരേണ്ടത്? പിന്നെങ്ങനെ ഗ്രീന്‍ലാന്‍ഡ് എന്ന പേരു വന്നുവെന്ന് ആരും ചിന്തിച്ചുപോവും. ഐസ്‌ലാന്‍ഡുകാരനായ എറിക് എന്നയാളാണ് ഈ പേരിനു പിന്നില്‍. കൊലപാതകത്തെ തുടര്‍ന്ന് നാടുകടത്തപ്പെട്ട ഇയാള്‍ രക്ഷ തേടിയാണ് ഗ്രീന്‍ലാന്‍ഡിലേക്കെത്തിയത്. സുരക്ഷിതദേശം എന്ന അര്‍ഥത്തില്‍ കൂടുതല്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കാനാണ് എറിക്ക് ഈ നാടിനെ ഗ്രീന്‍ലാന്‍ഡ് എന്നു വിളിച്ചതെന്നും പറയപ്പെടുന്നു.
പേരില്‍ മാത്രമല്ല ഗ്രീന്‍ലാന്‍ഡിലും നിറയെ പച്ചപ്പുണ്ടായിരുന്നു. എന്നാല്‍ ഏകദേശം 25 ലക്ഷം വര്‍ഷങ്ങള്‍ക്കു മുൻപാണെന്നു മാത്രം. ഇന്ന് കിലോമീറ്ററിലേറെ കനമുളള മഞ്ഞുപാളിക്കടിയില്‍ പഴയകാല പച്ചപ്പിന്റെ അവശിഷ്ടങ്ങള്‍ ഇന്നും ഗ്രീന്‍ലാന്‍ഡിലുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇത് അപൂര്‍വ ധാതു സമ്പത്തായി മാറാനുള്ള സാധ്യതയും അമേരിക്ക അടക്കം പല രാജ്യങ്ങളേയും ഗ്രീന്‍ലാന്‍ഡിലേക്കാകര്‍ഷിക്കുന്നുണ്ട്.

∙സ്വയംഭരണമുണ്ട് രാജ്യമല്ല!
ഗ്രീന്‍ലാന്‍ഡ് ഒരു രാജ്യമാണോ? എന്ന സംശയവും പലര്‍ക്കുമുണ്ടാവും. രാജ്യങ്ങളുടെ പട്ടികയെടുത്തു നോക്കിയാല്‍ ഗ്രീന്‍ലാന്‍ഡിനെ അവിടെ കാണാനാവില്ല. ഡെന്മാര്‍ക്കിന് കീഴില്‍ സ്വയംഭരണാധികാരമുള്ള പ്രദേശമായാണ് ഇപ്പോള്‍ ഗ്രീന്‍ലാന്‍ഡിനെ കണക്കാക്കപ്പെടുന്നത്. ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കയുടെ പരിധിയില്‍ വരുമെങ്കിലും രാഷ്ട്രീമായും സാംസ്‌ക്കാരികമായും യൂറോപ്പിനോടാണ് നൂറ്റാണ്ടുകളായി ഗ്രീന്‍ലാന്‍ഡിനു ചായ്‌വ്. 1721 മുതല്‍ 21.6 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുള്ള ഗ്രീന്‍ലാന്‍ഡില്‍ ഡെന്മാര്‍ക്കിന് കോളനികളുണ്ട്. എന്നാല്‍ 1953 ല്‍ മാത്രമാണ് ഗ്രീന്‍ലാന്‍ഡ് പൂര്‍ണമായും ഡെന്മാര്‍ക്കിന്റെ നിയന്ത്രണത്തിലാവുന്നത്. 2009 മുതല്‍ ഗ്രീന്‍ലാന്‍ഡ് ഡെന്മാര്‍ക്കിനു കീഴിലുള്ള സ്വയംഭരണ പ്രദേശമായി മാറി.
∙നൂക്കും മത്സ്യബന്ധനവും!
ഗ്രീന്‍ലാന്‍ഡിലെ ആകെ ജനസംഖ്യയുടെ നാലിലൊന്നും താമസിക്കുന്നത് തലസ്ഥാനമായ നൂക്കിലാണ്. നിരവധി മ്യൂസിയങ്ങളും കഫേകളുമുള്ള നൂക്ക് തന്നെയാണ് ഏതൊരു സഞ്ചാരിയും ഗ്രീന്‍ലാന്‍ഡിന്റെ ചരിത്രം നേരിട്ട് കണ്ടറിയാന്‍ തിരഞ്ഞെടുക്കേണ്ടത്. നൂക്കിലെ നാഷണല്‍ മ്യൂസിയം ഓഫ് ഗ്രീന്‍ലാന്‍ഡും കാറ്റ്വാക് കള്‍ച്ചറല്‍ ഹൗസും നൂക്ക് ആര്‍ട്ട് മ്യൂസിയവുമെല്ലാം ഇതിനു പറ്റിയ ഇടങ്ങളാണ്.
ഗ്രീന്‍ലാന്‍ഡിലെ ഏറ്റവും പ്രധാന വ്യവസായവും തൊഴിലുമാണ് മത്സ്യബന്ധനം. മത്സ്യവും വേട്ടയാടുന്ന മഞ്ഞിലെ മൃഗങ്ങളും അവയില്‍ നിന്നുള്ള വിഭവങ്ങളുമല്ലാതെ ഏതാണ്ടെല്ലാം ഇറക്കുമതി ചെയ്യുന്ന ചെയ്യുന്ന നാടാണിത്. സീലുകളേയും തിമിംഗലങ്ങളേയും വരെ ഗ്രീന്‍ലാന്‍ഡുകാര്‍ വേട്ടയാടാറുണ്ട്. അമിത മത്സ്യബന്ധനം ഒഴിവാക്കാന്‍ നിയന്ത്രണങ്ങളുണ്ടെന്നു മാത്രം. സംരക്ഷിത പട്ടികയിലുള്ള നീലത്തിമിംഗലങ്ങളെ പോലുള്ള മത്സ്യങ്ങളെ വേട്ടയാടുന്നതില്‍ നിയന്ത്രണങ്ങളുമുണ്ട്. ഇവര്‍ വേട്ടയാടുന്ന തിമിംഗലങ്ങളുടേയും സീലുകളുടേയുമെല്ലാം മാംസം കയറ്റുമതിക്ക് അനുമതിയില്ല, ഇത് പ്രാദേശിക ആവശ്യത്തിനുള്ളതാണ്. ഗ്രീന്‍ലാന്‍ഡിലെത്തുന്ന സഞ്ചാരികളില്‍ വലിയ ശതമാനവും തിമിംഗലങ്ങളെ കാണാനുള്ള ടൂറുകള്‍ ആസ്വദിക്കാറുമുണ്ട്.

∙തണുപ്പല്ല, കൊടും തണുപ്പ്
വിസ്തൃതികൊണ്ട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമുണ്ടാക്കിയവരാണ് ബ്രിട്ടീഷുകാരെങ്കില്‍ എല്ലാ വര്‍ഷവും മാസങ്ങളോളം സൂര്യനസ്തമിക്കാത്ത നാടായി മാറാറുണ്ട് ഗ്രീന്‍ലാന്‍ഡ്. എല്ലാ വര്‍ഷവും മേയ് 25 മുതല്‍ ജൂലൈ 25 വരെ രാപ്പകല്‍ വ്യത്യാസമില്ലാതെ സൂര്യവെളിച്ചം ഇവിടെ കിട്ടും. ഇതില്‍ ജൂണ്‍ 21നാണ് ഏറ്റവും ദൈര്‍ഘ്യമുള്ള പകല്‍ ലഭിക്കുക. ഈ ദിവസം ഗ്രീന്‍ലാന്‍ഡുകാര്‍ക്ക് ദേശീയ അവധിയാണ്.
ഗ്രീന്‍ലാന്‍ഡിന്റെ മൂന്നില്‍ രണ്ടു ഭാഗവും ആര്‍ട്ടിക് ധ്രുവത്തിലാണെന്നത് ഇവിടുത്തെ കാലാവസ്ഥയെ സവിശേഷമാക്കുന്നു. വേനലില്‍ 24 മണിക്കൂറും സൂര്യവെളിച്ചം കിട്ടുമെന്നു പറയുമ്പോഴും പരമാവധി ഉയര്‍ന്ന താപനില 4 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണെന്നു കൂടി ഓര്‍ക്കണം. മഞ്ഞുകാലത്താണെങ്കില്‍ താപനില മൈനസ് 34 ഡിഗ്രി വരെ താഴുകയും ചെയ്യും. വേനലില്‍ സൂര്യനസ്തമിക്കാത്ത നാടാണെങ്കില്‍ മഞ്ഞുകാലത്ത് രാവും പകലും ഇരുള്‍ മൂടുന്ന പ്രദേശമായും ഗ്രീന്‍ലാന്‍ഡ് മാറും. ഗ്രീന്‍ലാന്‍ഡ് ദ്വീപിന്റെ 80 ശതമാനം പ്രദേശവും വ്യാപിച്ചു കിടക്കുന്നത് പടുകൂറ്റന്‍ ഗ്രീന്‍ലാന്‍ഡ് മഞ്ഞുപാളിയാണ്. തെക്കു വടക്ക് 2,400 കിലോമീറ്റര്‍ നീളമുള്ള ഈ മഞ്ഞുപാളിക്ക് പലയിടത്തും ഒന്നര കിലോമീറ്റര്‍ കനവുമുണ്ട്.
∙ മനുഷ്യ സാന്നിധ്യമില്ലാത്ത ദേശീയ പാര്‍ക്ക്
ലോകത്തിലെ ഏറ്റവും വലിയ ദേശീയ പാര്‍ക്കില്‍ ഇന്നു വരെ മനുഷ്യ സ്പര്‍ശമേല്‍ക്കാത്ത സ്ഥലങ്ങള്‍ സമൃദ്ധിയായുണ്ട്. നോര്‍ത്ത് ഈസ്റ്റ് ഗ്രീന്‍ലാന്‍ഡ് നാഷണല്‍ പാര്‍ക്കാണ് ഈ സവിശേഷ മേഖല. തികച്ചും വ്യത്യസ്തമായ അനുഭവം സഞ്ചാരികള്‍ക്കു സമ്മാനിക്കും 9.72 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുള്ള ഈ ദേശീയ പാര്‍ക്ക്. സ്‌പെയിനും ഫ്രാന്‍സും കൂടി ചേര്‍ന്നാലുള്ള വലിപ്പമുണ്ട് ഈ സംരക്ഷിത പ്രദേശത്തിന്. വര്‍ഷം മുഴുവന്‍ സ്ഥിരമായി മനുഷ്യ സാന്നിധ്യമില്ലാത്ത ഭൂമിയിലെ പ്രദേശം കൂടിയാണിത്.

ഇവിടേക്ക് എത്തിപ്പെടുകയെന്നതു തന്നെ വലിയ വെല്ലുവിളിയാണ്. റോഡുകളോ തുറമുഖങ്ങളോ പാതു വിമാനത്താവളങ്ങളോ ഹോട്ടലുകളോ ഗസ്റ്റ് ഹൗസുകളോ ഈ ദേശീയ പാര്‍ക്കിലില്ല. ഏറ്റവും അടുത്തുള്ള കോണ്‍സ്റ്റബിള്‍ പോയിന്റ് വിമാനത്താവളം 80 കിലോമീറ്റര്‍ അകലെയാണ്. കരമാര്‍ഗം ഈ ദേശീയപാര്‍ക്കിലേക്കെത്താന്‍ ശ്രമിക്കുന്നതിനേക്കാള്‍ വേനലില്‍ ഈ പ്രദേശങ്ങളിലെത്തുന്ന ക്രൂസ് കപ്പലുകളെ ഉപയോഗിക്കുന്നതാണ് കൂടുതല്‍ എളുപ്പം. ഐസ്‌ലാന്‍ഡില്‍ നിന്നും വിത്തു നിലവറയുടെ പേരില്‍ പ്രസിദ്ധമായ സ്വാല്‍ബാര്‍ദില്‍ നിന്നും ഇവിടേക്ക് ക്രൂസ് കപ്പലുകളുണ്ട്.

ഗ്രീന്‍ലാന്‍ഡ് ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രമേ ഇവിടേക്ക് സന്ദര്‍ശനം നടത്താനാവൂ. സന്ദര്‍ശനത്തിനുള്ള തയ്യാറെടുപ്പുകള്‍ മാസങ്ങള്‍ക്കു മുൻപേ വേണ്ടി വരുമെന്നു ചുരുക്കം. ട്രാവല്‍ ഏജന്‍സികള്‍ വഴിയാണ് ഭൂരിഭാഗം പേരും ഈ ദേശീയ പാര്‍ക്ക് സന്ദര്‍ശിക്കുന്നത്. വളരെ കുറച്ചു പേര്‍ ബോട്ടുകളില്‍ സ്വതന്ത്ര യാത്രികരായും എത്താറുണ്ട്. മഞ്ഞിന്റെ സാന്നിധ്യം പൊതുവില്‍ കുറവുള്ള ജൂലൈ മുതല്‍ ഓഗസ്റ്റ് വരെയാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം.