2025 ലെ യാത്രകൾ; ഈ വീസ മാറ്റങ്ങൾ സഞ്ചാരികൾ അറിഞ്ഞിരിക്കണം

Mail This Article
പുതുവർഷം പിറന്നതോടെ യാത്രകളുമായി മിക്കവരും സജീവമായിരിക്കുകയാണ്. ആഭ്യന്തരയാത്രകൾ പോലെ തന്നെ സാധാരണമായിരിക്കുകയാണ് വിദേശയാത്രകളും. ആഭ്യന്തരയാത്രകളിൽ ടിക്കറ്റിന്റെ കാര്യം മാത്രം നോക്കിയാൽ മതിയെങ്കിൽ വിദേശയാത്രകളിൽ വീസ സംബന്ധമായ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ വിദേശയാത്രയും തടസമില്ലാതെ നടക്കുന്നതിന് ഒട്ടനവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പുതുവർഷത്തോട് അനുബന്ധിച്ച് ഓരോ രാജ്യവും അവരുടെ വീസ നടപടി ക്രമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

∙ ഇ-വീസ ദീർഘിപ്പിച്ച് തായ്ലൻഡ്
പുതുവർഷത്തിൽ തായ്ലൻഡ് ഇ-വീസയിൽ മാറ്റങ്ങളുമായാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇത് അനുസരിച്ച് കൂടുതൽ രാജ്യങ്ങൾക്ക് ഓൺലൈൻ വീസ സംവിധാനം ഉപയോഗിക്കാൻ പ്രാപ്തമാക്കുകയാണ് ചെയ്യുക. വ്യക്തികളുടെ എംബസികളിലേക്കുള്ള യാത്രകൾ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്കാണ് ഇത് കൂടുതൽ ഉപകാരപ്പെടുക. തായിലൻഡിന്റെ ടൂറിസം വിപണിയുടെ വലിയൊരു ഭാഗം തന്നെ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളാണ്. വേഗത്തിൽ അംഗീകാരം ലഭിക്കുക എന്നതാണ് ഇ-വീസയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. വീട്ടിലിരുന്ന് അപേക്ഷിക്കാമെന്നതും പ്രധാനപ്പെട്ട കാര്യമാണ്.

∙ യുഎസ് വീസ പ്രോസസ് അപ്ഡേറ്റ്
നോൺ-ഇമ്മിഗ്രന്റ് യുഎസ് വീസകൾക്ക് അപേക്ഷിക്കുമ്പോൾ ഇന്ത്യൻ യാത്രക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. രാജ്യാന്തര സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്താനുള്ള തുടർച്ചയായ ശ്രമത്തിന്റെ ഭാഗമായി യുഎസിൽ എത്തിക്കഴിഞ്ഞാൽ അപേക്ഷകർക്ക് അവരുടെ അപ്പോയിൻമെന്റുകൾ സൗജന്യമായി പുനക്രമീകരിക്കാൻ കഴിയും.
പ്രൊഫഷണൽസ്, വിനോദസഞ്ചാരികൾ, വിദ്യാർഥികൾ എന്നിവർക്ക് വളരെ എളുപ്പത്തിൽ യുഎസിലേക്കുള്ള യാത്ര ക്രമീകരിക്കാൻ ഇതിനാൽ സാധിക്കും. ഇങ്ങനെയൊക്കെ ആണെങ്കിലും വീസ ഇന്റർവ്യൂ പ്രോസസ് അൽപം വെല്ലുവിളി നിറഞ്ഞതാണ്.

∙ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനുമായി ഇസ്രയേൽ
2025ൽ പുതിയ കമ്പ്യൂട്ടറൈസ്ഡ് ട്രാവൽ ഓതറൈസേഷൻ സിസ്റ്റം നടപ്പാക്കാൻ ഒരുങ്ങുകയാണ് ഇസ്രയേൽ, യുകെ പോലെയുള്ള രാജ്യങ്ങൾ. ഇതിന്റെ ഭാഗമായി 2025 ജനുവരി ഒന്നുമുതൽ ഇസ്രയേൽ അതിന്റെ ETA-IL സംവിധാനം ആരംഭിച്ചു. ഇത് അനുസരിച്ച് വീസ ആവശ്യമില്ലാത്ത 99 രാജ്യങ്ങളിലെ പൗരൻമാർ ഇസ്രയേലിലേക്ക് യാത്ര തിരിക്കുന്നതിനു മുൻപ് ഓൺലൈനിൽ വീസയ്ക്ക് അപേക്ഷിച്ചാൽ മതിയാകും. പ്രവേശനപ്രക്രിയ വേഗത്തിലാക്കുകയും അതിർത്തിസുരക്ഷ ശക്തമാക്കുകയും ആണ് ഇത് കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

∙ കർശനമായ പ്രവേശന നടപടികളുമായി ടുണിഷ്യ
ഈ വർഷം ജനുവരി ഒന്നുമുതൽ കർശനമായ പ്രവേശന നടപടിക്രമങ്ങളാണ് ടുണിഷ്യ നടപ്പിലാക്കിയിരിക്കുന്നത്. യുറോപ്പിൽ നിന്നുള്ള സന്ദർശകരുടെ കൈവശം മൂന്നുമാസം എങ്കിലും കാലാവധിയുള്ള പാസ്പോർട്ട് ഉണ്ടായിരിക്കണം. എല്ലാ വിനോദസഞ്ചാരികൾക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമം കൂടുതൽ ഏകീകൃതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. നേരത്തെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പൗരൻമാർക്ക് ഒരു ദേശീയ തിരിച്ചറിയൽ കാർഡ് മാത്രം ഉപയോഗിച്ച് സംഘടിതമായിട്ടുള്ള ടൂറിസ്റ്റ് യാത്രകളിൽ പങ്കെടുക്കാമായിരുന്നു. പുതിയ നിയമത്തോടെ ഈ വ്യവസ്ഥക്ക് മാറ്റം വന്നിരിക്കുകയാണ്.

∙ ഇ-വീസ ഫീസ് കുറച്ച് കംബോഡിയ
2025 ജനുവരി ഒന്നുമുതൽ കംബോഡിയ ഇ - വീസ ഫീസ് കുറച്ചു. ടൂറിസ്റ്റ്, ബിസിനസ് ഇ-വീസകൾക്ക് ഇനിമുതൽ യഥാക്രമം 36 ഡോളറിനു പകരം 30 ഡോളറും 42 ഡോളറിന് പകരം 35 ഡോളറുമായിരിക്കും ഈടാക്കുക. കംബോഡിയയിലെ വിനോദസഞ്ചാര വ്യവസായം കൂടുതൽ ഉത്തേജിപ്പിക്കുകയും കൂടുതൽ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് വീസാ ഫീസിൽ കുറവ് വരുത്തിയിരിക്കുന്നത്.

∙ ഇടിഎ സംവിധാനവുമായി യുകെയും
2025 ൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ പൂർണമായും പ്രവർത്തനക്ഷമമാക്കി യുകെ. വീസയിൽ ഒഴിവ് ലഭിച്ച യൂറോപ്യൻ പൗരൻമാർ അല്ലാത്തവർ ജനുവരി എട്ടുമുതൽ യുകെയിൽ പ്രവേശിക്കുന്നതിനു മുൻപ് ഇടിഎ ലഭിച്ചെന്ന് ഉറപ്പാക്കേണ്ടതുണ്ട്. 2025 ഏപ്രിൽ രണ്ടു മുതൽ യൂറോപ്യൻ പൗരൻമാർക്കും ഇടിഎ നിർബന്ധമാണ്. യാത്രക്കാരുടെ പാസ്പോർട്ടുമായി ഓൺലൈൻ അപേക്ഷകൾ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ പ്രവേശന നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാകും.

∙ 31 രാജ്യങ്ങൾക്ക് വീസ ഏർപ്പെടുത്തി നമിബിയ
2025 ഏപ്രിൽ ഒന്നുമുതൽ യുഎസ്, കാനഡ, ബെൽജിയം, ഫ്രാൻസ് എന്ന് തുടങ്ങി 31 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് വീസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നമിബിയ. നേരത്തെ ഈ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കു നമിബിയ സന്ദർശിക്കണമെങ്കിൽ വീസ ആവശ്യമുണ്ടായിരുന്നില്ല. പ്രവേശന മാനദണ്ഡങ്ങളും നമിബിയ മാറ്റി. ഇതിന്റെ ഭാഗമായി അപേക്ഷകർ യാത്ര ചെയ്യുന്നതിനു മുമ്പായി ഒരു ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് നൽകേണ്ടതുണ്ട്.