അവിവാഹിതർക്ക് 'ഓയോ' പ്രവേശനം വിലക്കിയോ? സത്യം ഇതാണ്

Mail This Article
കഴിഞ്ഞ ദിവസങ്ങളിലെ ചൂടുള്ള വാർത്ത അവിവാഹിതരായ പങ്കാളികൾക്ക് ഇനി മുതൽ ഓയോയിൽ മുറിയില്ലെന്ന് ആയിരുന്നു. ഓയോയിൽ മുറി എടുക്കുന്നവർ അവരുടെ ബന്ധം വെളിവാക്കുന്ന രേഖകൾ ചെക്ക് -ഇൻ സമയത്ത് ഹാജരാക്കണമെന്നാണ് നിർദ്ദേശം. പങ്കാളികളായി എത്തുന്ന അവിവാഹിതർക്ക് മുറി നിഷേധിക്കാനുള്ള വിവേചനാധികാരം പാർട്ണർ ഹോട്ടലുകൾക്കു നൽകിയിട്ടുണ്ടെന്നും ഓയോ വ്യക്തമാക്കിയിട്ടുണ്ട്.
ഏതായാലും ഇത്തരത്തിൽ ഒരു വാർത്ത വന്നതോടെ ഓയോ കൈക്കൊണ്ട സമീപനത്തിലെ ശരി - തെറ്റുകളെ കുറിച്ചുള്ള ചർച്ചയാണ് നാടൊട്ടുക്കും നടക്കുന്നത്. സുഹൃത്തുക്കളുമായും പങ്കാളികളുമായും യാത്ര ചെയ്യുന്ന ചെറുപ്പക്കാർ പലപ്പോഴും ഓയോ റൂമുകളെ ആണ് ആശ്രയിക്കാറ്. ബജറ്റിൽ ഒതുങ്ങുന്ന താമസസ്ഥലം ലഭിക്കുമെന്നതാണ് ഓയോ റൂമുകളെ ആശ്രയിക്കുന്നതിനുള്ള പ്രധാനകാരണം. എന്നാൽ, ഓയോയുടെ പുതിയ നയം അനുസരിച്ച് അവിവാഹിതരായ പങ്കാളികൾക്ക് ഓയോ റൂമുകളിൽ ഇനി ചെക്ക് - ഇൻ ചെയ്യാൻ കഴിയില്ല. മറ്റ് നഗരങ്ങളിൽ ഈ നയം നടപ്പാക്കുന്നതിന് മുമ്പ് മീററ്റിൽ ആയിരിക്കും ഇത് നടപ്പാക്കുക.
∙ ശരിക്കും ഓയോയുടെ പുതിയ പോളിസി എന്താണ് ?
നേരത്തെ പങ്കാളികൾ ആയി എത്തുന്ന ആരോടും അവർ വിവാഹിതരോ അവിവാഹിതരോ ആകട്ടെ, ഓയോ 'നോ' എന്നൊരു വാക്ക് പറയില്ലായിരുന്നു. എന്നാൽ, പുതിയ നയം അനുസരിച്ച് ഓയോയുടെ പാർട്ണർ ഹോട്ടലുകൾക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പങ്കാളികളായി എത്തുന്നവർ, അവിവാഹിതർ ആണെങ്കിൽ, അവർക്ക് പ്രവേശനം നിഷേധിക്കാനുള്ള അനുവാദമുണ്ട്. അത് ആ പ്രദേശത്തെ പ്രാദേശികവും സാമൂഹികവുമായ അവസ്ഥയെ മാനിച്ചായിരിക്കും. വിവാഹിതർക്ക് മാത്രം പ്രവേശനം നൽകുന്ന ഹോട്ടലുകളിൽ ദമ്പതികൾ എത്തുമ്പോൾ അവർ ബന്ധം തെളിയിക്കുന്ന രേഖ കാണിക്കേണ്ടതുണ്ട്. ഓൺലൈൻ ബുക്കിങ്ങിന്റ സമയത്തും ഇത്തരം രേഖകൾ സമർപ്പിക്കേണ്ടത് ആവശ്യമാണ്. മീററ്റിലെ തങ്ങളുടെ പാർട്ണർ ഹോട്ടലുകാരോട് പുതിയ ചെക്ക് - ഇൻ പോളിസി നടപ്പിൽ വരുത്താൻ ഓയോ നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇതിന്റെ പ്രതികരണം നോക്കിയിട്ട് ആയിരിക്കും മറ്റ് നഗരങ്ങളിലേക്ക് ഈ നയം എങ്ങനെ വ്യാപിപ്പിക്കണമെന്ന് ഓയോ തീരുമാനിക്കുക.
∙ എന്തുകൊണ്ട് പുതിയ നയം ?
മീററ്റിലെ ചില സാമൂഹ്യ കൂട്ടായ്മകളും താമസക്കാരും അവിവാഹിതരായ പങ്കാളികൾക്ക് മുറി നൽകുന്നത് നിർത്തണമെന്ന് ഓയോയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ചെക്ക് - ഇൻ പോളിസിയിൽ മാറ്റം വരുത്താൻ ചില ഹോട്ടലുകൾ തീരുമാനിച്ചത്. വ്യക്തി സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും മാനിക്കുന്നതിന് ഒപ്പം തന്നെ സാമൂഹ്യ കൂട്ടായ്മകളെ കേൾക്കേണ്ടതും ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഈ നയത്തെക്കുറിച്ചുള്ള വിമർശനങ്ങളും പരിശോധിക്കുമെന്നും അതിന് അനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടാകുമെന്നും ഓയോ ഉത്തരേന്ത്യ തലവൻ പവാസ് ശർമ പറഞ്ഞു.