യാത്രകൾ ഇനി 'നേരെ വാ, നേരെ പോ' അല്ല, ട്രെൻഡായി 'ഡിടൂർ'

Mail This Article
പണ്ടൊക്കെ യാത്ര ചെയ്യുക എന്നു പറയുന്നത് വലിയ ഒരു സംഭവം ആയിരുന്നെങ്കിൽ ഇന്നു യാത്ര ചെയ്യുന്നത് അത്രമേൽ സാധാരണമായി മാറി കൊണ്ടിരിക്കുകയാണ്. കൂട്ടുകാർക്കൊപ്പം ചേർന്ന് പല തവണ യാത്ര പോയിട്ടുള്ളവരായിരിക്കും നമ്മൾ. അത്തരം യാത്രകളിൽ പലപ്പോഴും നമ്മൾ ഡിടൂർ അടിച്ചിട്ടുണ്ടാകും. പലപ്പോഴും ഡിടൂർ എന്താണെന്ന് അറിയാതെ ആയിരിക്കും നമ്മൾ അതിൽ ഭാഗമായിട്ടുണ്ടാകുക. മഞ്ഞുമ്മലിലെ കുറച്ച് പിള്ളേർ കൊടൈക്കനാൽ യാത്രയ്ക്കിടയിൽ ഒരു ഡിടൂർ അടിച്ചതായിരുന്നു ഗുണ കേവിലേക്ക്. സുഭാഷ് കുഴിയിൽ വീഴുന്നതിനും കുട്ടേട്ടനും കൂട്ടരും ചേർന്ന് അവരെ രക്ഷപ്പെടുത്തുന്നതിനും വർഷങ്ങൾക്ക് ശേഷം ആ സംഭവം സിനിമയാകുന്നതും വരെയെത്തിയ ഒരു ഡിടൂർ.
ഡിടൂർ എന്നതിനെക്കുറിച്ച് ഇപ്പോൾ ഏകദേശം ഒരു ഐഡിയ കിട്ടി കാണുമല്ലോ. നമ്മൾ ഒരു നാട്ടിലേക്ക് പോകുമ്പോൾ നമ്മുടെ ലിസ്റ്റിൽ കാണാൻ പോകേണ്ട ഒരുപാട് സ്ഥലങ്ങൾ ഉണ്ടായിരിക്കും. എന്നാൽ, ആ നാട്ടിൽ എത്തിക്കഴിയുമ്പോൾ അതുവരെ കേട്ടിട്ടില്ലാത്ത ഒരു പുതിയ സ്ഥലത്തെക്കുറിച്ച് കേൾക്കുക. ഉടനെ വണ്ടിയുടെ സ്റ്റിയറിങ് അവിടേക്ക് തിരിയും. ചുരുക്കി പറഞ്ഞാൽ യാത്രാ പദ്ധതിയിൽ ഇല്ലാത്ത ഒരു സ്ഥലത്തേക്ക് പെട്ടെന്ന് പോകാൻ തീരുമാനിക്കുകയും പോകുകയും ചെയ്യുന്നതിനു ലളിതമായി നമുക്ക് ഡിടൂർ എന്ന് വിളിക്കാം. എന്തൊക്കെയാണ് ഡിടൂർ യാത്രയുടെ പ്രത്യേകതകളെന്ന് നോക്കാം.

∙തിരക്കിൽ നിന്ന് മാറിയൊരു യാത്ര
പതിവുപോലെ നേരത്തെ നിശ്ചയിച്ച ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയിൽ ആയിരിക്കും അവിടുത്തെ അമിതമായ തിരക്ക് കാണുക. ആ തിരക്ക് ഒഴിവാക്കി ഏതെങ്കിലും ശാന്തമായ ഒരിടത്തേക്ക് പോകാൻ മനസ്സ് അപ്പോൾ കൊതിക്കും. അങ്ങനെ സഞ്ചാരികൾ അത്ര അറിയപ്പെടാത്ത, എന്നാൽ ശാന്തമായ ഇടത്തേക്ക് യാത്രയുടെ ഗിയർ മാറ്റും. അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾക്കു പകരം ചെറിയ പട്ടണങ്ങളും ഗ്രാമങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെ കണ്ടു കൊണ്ടുള്ള ശാന്തമായ ഒരു യാത്ര.

∙വേഗത കുറച്ചൊരു യാത്ര
ഏതെങ്കിലും കുറേ സ്ഥലങ്ങൾ കുറഞ്ഞ സമയം കൊണ്ടും ഓടിയോടി കണ്ടു തീർക്കുന്നതിനു പകരം സമയമെടുത്തു പതിയെയുള്ള യാത്ര. ഇവിടെ കാണുന്ന സ്ഥലങ്ങളുടെ എണ്ണത്തിനേക്കാൾ യാത്രയുടെ ഗുണനിലവാരത്തിൽ ആയിരിക്കും ശ്രദ്ധ. ഒരു സ്ഥലത്തു തന്നെ കൂടുതൽ സമയം ചെലവഴിക്കുക, പ്രാദേശിക സംസ്കാരവുമായ ആഴത്തിൽ ഇടപെടുക, കൂടുതൽ സുസ്ഥിരമായി യാത്ര ചെയ്യുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. മനോഹരമായ ട്രെയിൻ റൂട്ടുകൾ, സൈക്ലിങ് എന്നിവയൊക്കെ ഇതിന് ഉദാഹരണമാണ്.
∙സാംസ്കാരിക യാത്രകൾ
ഇത്തരം യാത്രാപ്രേമികൾ പ്രാദേശിക സംസ്കാരവും ഉത്സവങ്ങളും ഒക്കെ ആസ്വദിച്ച് യാത്ര ചെയ്യാൻ കൊതിക്കുന്നവർ ആയിരിക്കും. ഒരു പ്രദേശത്തെ ഭക്ഷണരീതികൾ ആസ്വദിച്ച് ആ നാടിനെ അടുത്തറിഞ്ഞുള്ള യാത്ര. ഇത്തരം യാത്രകൾ ഇഷ്ടപ്പെടുന്നവർ ഹോംസ്റ്റേകളായിരിക്കും പ്രധാനമായും തിരഞ്ഞെടുക്കുക. പ്രദേശത്തെക്കുറിച്ച് കൂടുതൽ അറിവ് നേടുന്നതിന് തദ്ദേശീയരായ ടുർ ഗൈഡുകളെയും തിരഞ്ഞെടുക്കാം.

∙പരിസ്ഥിതി സൗഹൃദ യാത്രകൾ
ഡിടൂർ യാത്രകൾ പലപ്പോഴും സുസ്ഥിര യാത്രാ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നു. സൈക്ലിങ് പോലുള്ള പ്രകൃതി സൗഹൃദ യാത്രാമാർഗങ്ങൾ ആയിരിക്കും ഇവർ പ്രധാനമായും തിരഞ്ഞെടുക്കുക. കൂടാതെ പ്രകൃതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആയിരിക്കും മറ്റൊരു പ്രധാന തിരഞ്ഞെടുപ്പ്. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ എന്നിവയ്ക്കായിരിക്കും കൂടുതൽ ജനപ്രീതി.

∙ വർക്കേഷൻസും ഹൈബ്രിഡ് യാത്രകളും
പലരും റിമോട്ട് വർക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാലമാണിത്. ജോലിയും യാത്രയും ഒരുമിച്ച് കൊണ്ടു പോകാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ കൂടുതൽ നേരം താമസിക്കാനും ഒഴിവുസമയങ്ങളിൽ പ്രദേശം ചുറ്റിക്കാണാനും പറ്റുന്ന വിധത്തിലുള്ള സ്ഥലങ്ങളിലേക്കു യാത്ര പോകുന്നു. ഇത് കൂടുതൽ ഉല്പാദനക്ഷമതയ്ക്കും ശാന്തതയ്ക്കും കാരണമാകുകയും ചെയ്യുന്നു. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സാഹസിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനു പകരം അത്ര തിരക്കില്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഹൈക്കിങ്, കയാക്കിങ്, പാരാഗ്ലൈഡിങ് പോലുള്ള വിനോദങ്ങളിൽ ഏർപ്പെടുന്നവരുമുണ്ട്.

കോവിഡ് മഹാമാരിക്കു ശേഷമാണ് ഇത്തരമൊരു ട്രെൻഡ് ലോകമാകെ ശ്രദ്ധ നേടിയത്. വീടുകളിൽ അടച്ചിട്ട ആ കാലത്തിനു ശേഷം ആളുകൾ കുറച്ച് കൂടി ലോകം കാണാനും അതുല്യമായ യാത്രാനുഭവങ്ങൾ സ്വന്തമാക്കാനും ആഗ്രഹിക്കുന്നു. കൂടാതെ സമൂഹ മാധ്യമങ്ങളിൽ യാത്രകളെക്കുറിച്ചുള്ള വിഡിയോകൾ സജീവമാകുന്നതും ആളുകളെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നു.