ADVERTISEMENT

മനുഷ്യ നിർമിതമായ ഒരു ദ്വീപിൽ ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച്, ഏറ്റവും വലിയ വിമാനത്താവളം നിർമിക്കുകയാണ് ചൈന. രാജ്യത്തിന്‍റെ വടക്കുകിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഡാലിയൻ ജിൻഷോ ബേ രാജ്യാന്തര വിമാനത്താവളം(Dalian Jinzhou Bay International Airport) ഇരുപതു ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ദ്വീപിൽ വ്യാപിച്ചുകിടക്കുന്നു. നാല് റൺവേകളും 9,00,000 ചതുരശ്ര മീറ്റർ പാസഞ്ചർ ടെർമിനലുമടക്കം, വന്‍ സൗകര്യങ്ങളാണ് ഇതിനുള്ളില്‍ ഒരുക്കുന്നത്.

വിമാനത്താവളത്തിനായുള്ള ആസൂത്രണം 2003 ൽ ആരംഭിച്ചെങ്കിലും കാര്യമായ നിർമാണ പ്രവർത്തനങ്ങൾ അടുത്തിടെ മാത്രമാണ് ആരംഭിച്ചത്. 2035 ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ വിമാനത്താവളം, 5,40,000 വിമാനങ്ങളിലായി പ്രതിവർഷം 80 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. പദ്ധതിക്ക് ആകെ  4.3 ബില്ല്യണ്‍ ഡോളര്‍ ആണ് ചെലവ് വകയിരുത്തുന്നത്.

സങ്കീർണ്ണമായ ഭൂമിശാസ്ത്ര സാഹചര്യങ്ങളും നിർമാണ സമയക്രമവും ഉൾപ്പെടെ, കാര്യമായ ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതാണ് ഈ അഭിലാഷ പദ്ധതി. എങ്കിലും, ജോലികള്‍ പൂര്‍ത്തീകരിച്ച ശേഷം, പ്രവർത്തനക്ഷമമാകുന്നതോടെ, ഡാലിയൻ ജിൻഷോ ബേ രാജ്യാന്തര വിമാനത്താവളം ഹോങ്കോങ് രാജ്യാന്തര വിമാനത്താവളത്തെയും(HKG) ജപ്പാനിലെ കൻസായി വിമാനത്താവളത്തെയും(KIX) മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ ദ്വീപ് വിമാനത്താവളമായി മാറും.

അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് വിമാനത്താവളത്തിന്‍റെ നിർമാണം. ദശലക്ഷക്കണക്കിന് ക്യുബിക് മീറ്റർ മണലും പാറയും ഉപയോഗിച്ച്, ചതുപ്പുനിലങ്ങളെ സ്ഥിരതയുള്ള അടിത്തറയാക്കി മാറ്റുന്നു. 2024 ആഗസ്റ്റ് ആയപ്പോഴേക്കും 77,000 ചതുരശ്ര മീറ്ററില്‍ ആഴത്തിലുള്ള അടിത്തറയുടെ പണി പൂർത്തിയായി. ഭൂകമ്പങ്ങൾ, കൊടുങ്കാറ്റുകൾ, കപ്പലുകള്‍ തമ്മിലുള്ള കൂട്ടിയിടികൾ എന്നിവയ്‌ക്കെതിരായ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തി നിർമിക്കുന്ന ദ്വീപ്, ഒടുവിൽ പാലങ്ങൾ വഴി പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കും.

ചൈനയിലെ ലിയോണിങ് പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന, 7.5 ദശലക്ഷം ജനസംഖ്യയുള്ള ഡാലിയൻ, ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലുള്ള സാമീപ്യം കാരണം ഒരു പ്രധാന ഗതാഗത കേന്ദ്രമായി മാറിയിരിക്കുന്നു. ലോജിസ്റ്റിക്സ്, ഷിപ്പിങ്, എണ്ണ ശുദ്ധീകരണം, ടൂറിസം തുടങ്ങിയ മേഖലകളിലായി ഒട്ടേറെ വ്യവസായങ്ങളും ആറ് ദശലക്ഷം താമസക്കാരുമുള്ള ഡാലിയൻ വിമാനത്താവളത്തിൽ നിന്നു ഗണ്യമായ നേട്ടമുണ്ടാകും.

ഒരു നൂറ്റാണ്ടു കാലമായി പ്രവര്‍ത്തിക്കുന്ന നഗരത്തിലെ നിലവിലെ രാജ്യാന്തര വിമാനത്താവളമായ ഡാലിയൻ ഷൗഷുയിസി(Dalian Zhoushuizi), നിരവധി തവണ വിപുലീകരണങ്ങൾക്ക് ശേഷവും പരമാവധി ശേഷിയില്‍ എത്തിയതാണ് പുതിയ വിമാനത്താവളം നിർമിക്കാന്‍ കാരണം.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്, പരമാവധി വേഗതയില്‍ വളര്‍ന്നു പന്തലിക്കുകയാണ് ചൈനയുടെ വ്യോമയാന മേഖല. കഴിഞ്ഞ വര്‍ഷം 700 ദശലക്ഷം യാത്രക്കാരുമായി പുതിയ ഉയരങ്ങളിലെത്തി, ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യാന്തര ഹബ്ബുകളും ആഭ്യന്തര റൂട്ടുകളും തമ്മിലുള്ള മികച്ച കണക്റ്റിവിറ്റി കാരണം, വ്യോമയാന സേവന വിപണി വര്‍ഷത്തില്‍ 24 ശതമാനം വളര്‍ന്നതായി കണക്കുകള്‍ പറയുന്നു. വിപണി മൂല്യം 2023 ലെ 18.6 ബില്യൺ ഡോളറിൽ നിന്ന് 2024 ല്‍ 23 ബില്യൺ ഡോളറായി ഉയർന്നു. 2024 ൽ ഇത് 23 ബില്യൺ ഡോളറിൽ നിന്ന് 61 ബില്യൺ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 

2043 ആകുന്നതോടെ വടക്കേ അമേരിക്കയെയും യൂറോപ്പിനെയും മറികടന്ന്, ഏറ്റവും വലിയ വ്യോമയാന സേവന വിപണിയായി മാറാനുള്ള ഒരുക്കത്തിലാണ് ചൈന. 2043 ആകുമ്പോഴേക്കും 11,160 വിമാനങ്ങൾ സർവീസ് നടത്തും, അതിൽ 9,520 എണ്ണം പുതിയ സര്‍വീസുകളായിരിക്കും. പഴയ വിമാനങ്ങള്‍ മാറ്റി സ്ഥാപിക്കും. ഇത് ചൈനയുടെ വ്യോമയാന സേവനങ്ങളിൽ 5.1 ശതമാനം വാർഷിക വളർച്ചയ്ക്കു കാരണമാകുമെന്നു പ്രതീക്ഷിക്കുന്നു.

English Summary:

Dalian Jinzhou Bay International Airport, China's largest artificial island airport, is under construction. Scheduled for completion in 2035, it will handle 80 million passengers annually and become a global aviation hub.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com