ദക്ഷിണേന്ത്യയിലെ തിരക്ക് കുറഞ്ഞ 6 ഹണിമൂൺ ഡെസ്റ്റിനേഷനുകൾ

Mail This Article
മധുവിധുക്കാലം യാത്രകൾക്കും കൂടിയുള്ളതാണ്. സുന്ദരമായ കാഴ്ചകളും ഏറ്റവും പ്രിയപ്പെട്ട ഒരാളും ഒപ്പമുണ്ടാകുമ്പോൾ ചെന്നെത്തുന്നയിടം സ്വർഗതുല്യമായിരിക്കും. ഹണിമൂൺ ആഘോഷിക്കാൻ തിരക്കേറെയുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതിലും നല്ലത് അധികം തിരക്കില്ലാത്ത, സുഖകരമായ കാലാവസ്ഥയും മനോഹര കാഴ്ചകളുമുള്ളയിടങ്ങളായിരിക്കും. ദക്ഷിണേന്ത്യയിലെ പ്രശസ്തമായ, എന്നാൽ ജനത്തിരക്ക് ഏറെയില്ലാത്ത ചില സ്ഥലങ്ങൾ പരിചയപ്പെട്ടാലോ? കണ്ണുകളിലും മനസ്സിലും സന്തോഷം നിറയ്ക്കുന്ന, പ്രകൃതിയെ അറിഞ്ഞുള്ള ആ യാത്ര വത്സരങ്ങൾ ഏറെ കഴിഞ്ഞാലും അതിമധുരം നിറഞ്ഞതു തന്നെയായിരിക്കും.

∙ വാൽപാറ
തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വാൽപ്പാറയ്ക്ക് സൗന്ദര്യമേകുന്നത് തേയിലച്ചെടികളുടെ ഹരിതവർണമാണ്. നാല്പതോളം മുടിപ്പിന്നൽ വളവുകൾ കയറിയെത്തുമ്പോഴാണ് ആ മോഹിനിയുടെ കാഴ്ചകൾ കണ്ണുകൾക്കു മുന്നിലേക്കെത്തുക. പിന്നോട്ടോടി പോകുന്ന വഴികളും പച്ചപ്പിന്റെ കാന്തിയും ഏതൊരു സഞ്ചാരിയേയും ആകർഷിക്കും. മൂടൽമഞ്ഞിന്റെ ചെറുമേലാപ്പ് പുതച്ചു നിൽക്കുന്ന കുന്നുകൾ, കൊലുസ് മണികൾ കൊഞ്ചുന്നതു പോലെ കുസൃതി നിറച്ചോടുന്ന വെള്ളച്ചാട്ടങ്ങൾ, ശാന്തമായ പ്രകൃതി. വാൽപ്പാറ കണ്ടിറങ്ങിയ ഒരാളും തങ്ങളുടെ മധുവിധു യാത്ര ഒരിക്കലും മറക്കുകയില്ലെന്നുറപ്പാണ്. പശ്ചിമഘട്ട മലനിരകളിലെ ആനമല കുന്നുകളിൽ സ്ഥിതി ചെയ്യുന്ന വാൽപ്പാറയിലേക്ക് ഇപ്പോൾ സഞ്ചാരികൾ എത്തുന്നത് കൊണ്ടുതന്നെ താമസ സൗകര്യങ്ങളുമുണ്ട്.

∙ അരക്കുവാലി
ആന്ധ്രാപ്രദേശിന്റെ ഏറ്റവും മനോഹരമായ മുഖമാണ് അരക്കുവാലി. കാപ്പിപ്പൂക്കളുടെ വശ്യതയാർന്ന ഗന്ധവും ആസ്വദിച്ചാണ് ഇവിടേക്കുള്ള യാത്ര. അതിസുന്ദരമായ പ്രകൃതിയും പാറക്കെട്ടുകൾക്ക് മുകളിലൂടെ വെള്ളിനൂലുകൾ പോലെ താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടങ്ങളും അരക്കുവാലിക്ക് മോഹിപ്പിക്കുന്ന സൗന്ദര്യം സമ്മാനിക്കും. വളവുകളും തിരിവുകളും കുത്തനെയുള്ള കയറ്റങ്ങളും കയറിയാണ് ഈ ഹിൽസ്റ്റേഷനിലേക്കുള്ള യാത്ര. സുഖകരമായ കാലാവസ്ഥയും അതിനോടിണങ്ങുന്ന പ്രകൃതിയും മധുവിധു നാളുകൾ അവിസ്മരണീയമാക്കും. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് അരക്കുവാലി സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയം.

∙ കൊല്ലി മല
യാത്രകളെ അതിരറ്റു സ്നേഹിക്കുന്നവർക്ക് 70 ഹെയർപിന്നുകൾ താണ്ടി കൊല്ലിമലയുടെ മുകളിലേക്കെത്തുക എന്നത് സുഖകരമായ അനുഭവമായിരിക്കും. തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിലാണ് മല സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ കൊല്ലിമല സമുദ്രനിരപ്പിൽ നിന്നും 1000 മുതൽ 1300 മീറ്റർ വരെ ഉയരത്തിലാണ്. സഞ്ചാരികൾ അധികമെത്താത്തതു കൊണ്ടുതന്നെ ഈ ഹിൽസ്റ്റേഷനിൽ ശാന്തമായി സമയം ചെലവിടാം. പ്രകൃതിയുടെ സൗന്ദര്യവും സുഖകരമായ കാലാവസ്ഥയും മധുവിധു കാലത്തെ മറക്കാൻ കഴിയാത്ത അനുഭവമാക്കും. അറപ്പാലീശ്വരൻ ക്ഷേത്രം, രണ്ടു മലകൾക്കിടയിലൂടെ താഴേക്ക് പതിക്കുന്ന ആകാശഗംഗ വെള്ളച്ചാട്ടം, ഹരിതാഭ ആവോളം ആസ്വദിക്കാൻ സസ്യോദ്യാനം എന്നിങ്ങനെ നിരവധി കാഴ്ചകളും ഇവിടെ അതിഥികൾക്കായുണ്ട്. കനത്ത മഴയുള്ള മൺസൂൺ കാലത്തിലൊഴികെ ഏതുസമയത്തും ഇവിടം സന്ദർശിക്കാവുന്നതാണ്.

∙ വാഗമൺ
തണുപ്പിന്റെ കൈകളുമായി മാടിവിളിക്കുന്ന വാഗമൺ എന്ന സുന്ദരി ഹണിമൂൺ ആഘോഷിക്കാൻ ഏറെ അനുയോജ്യമായ ഒരിടമാണ്. നൂൽമഴയും മൊട്ടക്കുന്നുകളും പൈൻ മരക്കാടുകളും കോടമഞ്ഞുമൊക്കെ സ്വർഗം താണിറങ്ങി വന്നതുപോലെ ഒരനുഭവം സമ്മാനിക്കും. മനോഹരമായ ഒരു മധുവിധുക്കാലം ആഘോഷമാക്കാൻ തക്ക കാഴ്ചകൾ കൊണ്ടു സമ്പന്നമാണ് ഈ ഭൂഭാഗം. മൊട്ടക്കുന്നുകളുടെ മുകളിൽ, കോടമഞ്ഞിന്റെ പുതപ്പിൽ, ചെറുകാറ്റുമേറ്റ് ഇരിക്കുമ്പോൾ ആർക്കും പ്രണയം തോന്നിപോകും. ആയിരക്കണക്കിനു പൈൻ മരങ്ങൾ ആകാശംമുട്ടെ നിൽക്കുന്ന കാഴ്ചയും കണ്ണാടിപ്പാലവും അഡ്വെഞ്ചർ പാർക്കുമൊക്കെ വാഗമണ്ണിന്റെ സൗന്ദര്യത്തിനു മാറ്റുക്കൂട്ടുന്ന കാഴ്ചകളാണ്.


∙ ചിക്കമാംഗ്ലൂർ
മഴക്കാടുകളും പുൽമേടുകളും പച്ചപ്പാടങ്ങളും കാപ്പിപ്പൂവിന്റെ മണവും കൊണ്ട് അതിഥികളെ കാത്തിരിക്കുന്നയിടമാണ് കർണാടകയിലെ ചിക്കമാംഗ്ലൂർ. ഹണിമൂൺ യാത്രയ്ക്ക് ഏറെ അനുയോജ്യമാണ് ഈ പട്ടണം. കർണാടകയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഈ ഭൂമിയുടെ സൗന്ദര്യത്തിനു മാറ്റുകൂട്ടാൻ എന്ന പോലെ മലകളും സമതലങ്ങളുമൊക്കെയുണ്ട്. ചിണുങ്ങി ചാറുന്ന മഴയും തണുപ്പും കാറ്റും കോടമഞ്ഞും ചിക്കമാംഗ്ലൂരിലേക്കുള്ള യാത്രയെ കൂടുതൽ പ്രണയാർദ്രമാക്കും. കാപ്പിയുടെ മണമുള്ള ഇവിടുത്തെ ഭൂമിക്ക് പച്ചയുടെ മേൽമൂടി നൽകിയിരിക്കുന്നതും കാപ്പി ചെടികളാണ്. അയ്യങ്കരൈ തടാകവും പുരാതന ക്ഷേത്രങ്ങളും മുളയനഗരി മലനിരകളും വിളഞ്ഞു പാകമായി നിൽക്കുന്ന പച്ചക്കറികളും പഴങ്ങളുമൊക്കെ നിറഞ്ഞ കൃഷിഭൂമികളും ചിക്കമാംഗ്ലൂരിലേക്കുള്ള യാത്രയെ കൂടുതൽ മനോഹരമാക്കും.
∙ ലക്കിടി
താമരശ്ശേരി ചുരം കടന്നു മുകളിലെത്തിയാൽ ലക്കിടിയെന്ന വയനാടിന്റെ കവാടമായി. സമുദ്രനിരപ്പിൽ നിന്നും 700 മീറ്റർ മുകളിലായാണിതു സ്ഥിതി ചെയ്യുന്നത്. താമരശ്ശേരി ചുരത്തിന്‍റെ അടിവാരം മുതൽ ലക്കിടി വരെ ഒൻപത് ഹെയർപിൻ വളവുകൾ ഉണ്ട്. മഞ്ഞണിഞ്ഞ മലനിരകളും അരുവിയും പച്ച കൊണ്ടു മനസ്സ് നിറയ്ക്കുന്ന കാടുകളുമെല്ലാം താണ്ടിയുള്ള ഈ 12 കിലോമീറ്റർ യാത്ര അതിമനോഹരമാണ്. പാതയുടെ ഇരുവശങ്ങളിലും കാണപ്പെടുന്ന പച്ചപ്പ് നിറഞ്ഞ കാഴ്ചകള്‍ ആസ്വദിച്ചാണ് മുകളിലേക്കുള്ള യാത്ര. മധുവിധു യാത്രയ്ക്ക് ഏറെ അനുയോജ്യമാണിവിടം. ശാന്തമായ അന്തരീക്ഷവും വെള്ളച്ചാട്ടങ്ങളും വനങ്ങളും തേയിലത്തോട്ടങ്ങളുമെന്നു വേണ്ട നിരവധി കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ലക്കിടി. കോടമഞ്ഞും തണുപ്പും മഴയുമൊക്കെയായി സുഖകരമാണ് കാലാവസ്ഥയും.