ADVERTISEMENT

യാത്ര ചെയ്യാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്? കണ്ണിനിമ്പമേകുന്ന കാഴ്ചകളും കടന്നു പോകുന്ന വഴികളുടെ മനോഹാരിതയും കണ്ടുകൊണ്ടു എത്ര ദൂരം യാത്ര ചെയ്താലും മടുപ്പ് തോന്നുകയേയില്ല. മഞ്ഞിന്റെ സുന്ദരമായ കുപ്പായമണിഞ്ഞു കൊണ്ട്, സ്വർഗ തുല്യമായ കാഴ്ചകൾ സമ്മാനിക്കുന്നയിടമാണ് മണാലി. യാത്രാപ്രേമികൾ ഒരിക്കലെങ്കിലും കാണേണ്ടയിടം. പോക്കറ്റിനു അധികം നഷ്ടം കൂടാതെ, വെറും 5000 രൂപയ്ക്കുള്ളിൽ മണാലി കണ്ടുവരാമെന്നു പറഞ്ഞാൽ വിശ്വസിക്കാൻ അല്പം പ്രയാസം തന്നെയായിരിക്കുമല്ലേ? എന്നാൽ ട്രാവൽ പാക്കേജുകൾ ഒന്നും തന്നെ തിരഞ്ഞെടുക്കാതെ,  മനസ്സു വച്ചാൽ ഏറ്റവും ചെലവു കുറച്ച്, 5000 രൂപയ്ക്കും  മണാലിയിൽ തൂമഞ്ഞു വീണ കാഴ്ച ആസ്വദിക്കാം. 

പുതുപുലരി നിറങ്ങൾ: ഹിമാചൽ പ്രദേശിലെ മണാലിയിൽ പ്രഭാത സൂര്യപ്രഭ എത്തിയപ്പോൾ മഞ്ഞിൽ മൂടി നിൽക്കുന്ന മലനിരകളിലുണ്ടായ നിറവ്യതിയാനം. സൂര്യവെളിച്ചമെത്തിയെങ്കിലും പ്രഭ മങ്ങാതെ നിൽക്കുന്ന ചന്ദ്രനെയും കാണാം. ഇന്ന് പുതുവർഷം. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
പുതുപുലരി നിറങ്ങൾ: ഹിമാചൽ പ്രദേശിലെ മണാലിയിൽ നിന്നുള്ള കാഴ്ച. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

യാത്ര ട്രെയിനിലാണേ...

മണാലി യാത്രയ്ക്കായി ഡൽഹിയിലേക്ക് ആദ്യം ട്രെയിൻ ടിക്കറ്റ് എടുക്കാം. സ്ലീപ്പറിലാണെങ്കിലും 1000 രൂപയ്ക്കുള്ളിൽ മാത്രമാണ് ടിക്കറ്റ് നിരക്ക്. ഡൽഹിയിൽ നിന്നും അവധി ദിനങ്ങളിലല്ലാതെ 600 രൂപ മുതൽ മണാലിയിലേക്കു വാഹനം ലഭിക്കും (മഞ്ഞു വീഴ്ചയുള്ള സമയത്ത് ഇത് അൽപം റിസ്ക്കാണ്). ആ വാഹനത്തിലേറി മണാലിയുടെ സൗന്ദര്യത്തിലേക്ക് കാലെടുത്തു വയ്ക്കാം. കഴിഞ്ഞില്ല, താമസത്തിനായി കുറഞ്ഞ വാടകയിൽ മുറികൾ ലഭിക്കും. 500 രൂപയുണ്ടെങ്കിൽ രണ്ടുപേർക്കു താമസിക്കാൻ പറ്റുന്ന തരത്തിലുള്ള മുറി വാടകയ്ക്ക് എടുക്കാം. മണാലിയിലേക്കു മാടി വിളിക്കുക തണുപ്പാണെന്നത് പറയേണ്ടതില്ലല്ലോ, അതിനെ തടുക്കാൻ കനത്തിലെന്തെങ്കിലും വാങ്ങണമെന്നില്ല. നല്ല ജാക്കറ്റോ സ്യൂട്ടോ വാടകയ്ക്ക് ലഭിക്കും. 250 രൂപ നൽകിയാൽ മാത്രം മതിയാകും. മണാലിയുടെ കാഴ്ചകൾ കാണാനിറങ്ങുമ്പോൾ ഒരു വണ്ടിയും കൂടെ വേണ്ടേ? 500 രൂപ മുതൽ വാഹനം വാടകയ്ക്കു ലഭിക്കും. ഇനി എല്ലാം കൂടി കൂട്ടിനോക്കൂ... 1000+600+500+250+500 = 2850 രൂപ, ഭക്ഷണത്തിനുള്ള പണവും ഇതിനൊപ്പം ചേർക്കാം (ശ്രദ്ധിക്കേണ്ട കാര്യം ഇവിടെ ഏറ്റവും കൂടുതൽ പണം ചെലവാക്കേണ്ടി വരുന്നത് ഭക്ഷണത്തിനാണ്). എന്നിരുന്നാലും തിരിച്ചു മണാലിയിൽ നിന്നും ഡൽഹിയിലേക്കും അവിടെ നിന്നും കേരളത്തിലേക്കും കൂടിയാകുമ്പോൾ 5000 രൂപയിൽ താഴെ മാത്രം. 

Hidimba Devi Temple: Spiritual Tranquility Amidst Nature’s Splendor

തണുപ്പും മഞ്ഞുവീഴ്ചയും മണാലിക്ക് സൗന്ദര്യത്തികവാർന്ന ഒരു മുഖം സമ്മാനിച്ചിരിക്കുകയാണ്. അതിശയിപ്പിക്കുന്ന ഈ കാലാവസ്ഥ ആസ്വദിക്കാൻ ഇപ്പോൾ പോകണം. ശിശിരക്കാലം അവസാനിക്കുന്നതോടെ മഞ്ഞിന്റെ ശുഭ്രനിറം ഭൂമിക്കു മുകളിൽ നിന്നും മായും. എങ്കിലും തണുപ്പിന് കുറവുണ്ടാകുകയില്ല. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ ഈ കാലാവസ്ഥയിൽ അതിസുന്ദരിയായ മണാലിയെ കണ്ടു വരാം. യാത്രാ ചെലവ് ശ്രദ്ധിച്ചാൽ പോക്കറ്റ് കാലിയാകുമെന്ന പേടിയും വേണ്ട. 

manali
Image Credit:Yashvi Jethi/istockphoto

കാഴ്ചകൾ നിരവധിയുണ്ട് മണാലിയിൽ. ഹിമാചൽപ്രദേശിലെ കുളു താഴ്‍‍‍‍വരയിലാണിത്. ഡൽഹിയിൽ നിന്നും പതിനഞ്ചുമണിക്കൂർ യാത്രയുണ്ട് ഈ മനോഹരതീരത്തേക്ക്. വേനലിൽ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന, അത്രയധികം സുഖകരമായ കാലാവസ്ഥയുള്ള നാടാണ് മണാലി. 10 ഡിഗ്രി മുതൽ 25 ഡിഗ്രി വരെയാണ് ഈ സമയത്തെ അവിടുത്തെ താപനില എന്നു കേൾക്കുമ്പോൾ തന്നെ ഊഹിക്കാമല്ലോ വിനോദസഞ്ചാരികൾക്ക് എന്തുകൊണ്ടാണ് ഈ നാട് ഇത്രയേറെ പ്രിയപ്പെട്ടതാകുന്നതെന്ന്. സുഖകരമായ കാലാവസ്ഥ മാത്രമല്ല മനോഹരമായ പ്രകൃതിയും ഇവിടെയെത്തുന്നവരുടെ മനസ്സ് നിറയ്ക്കും. പകൽ സമയത്തെ ചെറുവെയിലും രാത്രിയിലെ തണുപ്പും കൂടി ചേരുമ്പോൾ അവധി ആഘോഷിക്കാൻ ഏറ്റവുമുചിതമായ ഇടമായി മണാലി മാറുന്നതിൽ അതിശയോക്തിയില്ല.

manali-tent

അതിഥികളായി എത്തുന്നവരെ കാത്തിരിക്കുന്നത് സുന്ദരമായ കാഴ്ചകൾ മാത്രമല്ല, ട്രെക്കിങ്, റിവർ റാഫ്റ്റിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ വിനോദങ്ങളുമുണ്ട്. മണാലി കാഴ്ചകളിൽ മോഹിപ്പിക്കുന്ന ഒരിടമാണ് റോഹ്താങ് പാസ്, ഏപ്രിലിൽ റോഹ്താങ് പാസ് സന്ദർശകർക്കായി തുറന്നു നൽകും. മഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും ചുരത്തിന്റെ കാഴ്ചകളുമൊക്കെ സന്ദർശകരുടെ മനസ്സ് കുളിർപ്പിക്കും. മഞ്ഞിന്റെ മായിക കാഴ്ചകൾ മാത്രമല്ല ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ, ചൂട് നീരുറവകൾ എന്നിങ്ങനെ ആകർഷകമായ മറ്റു കാഴ്ചകളും മണാലിയിലേക്കു സന്ദർശകരെ അടുപ്പിക്കുന്നവയാണ്. ഭക്ഷണപ്രേമികളും വിഷമിക്കണ്ട, അവർക്കായി തനതു രുചിയിൽ തയാറാക്കിയെടുക്കുന്ന സിദ്ധു, തേന്തുക്, മോമോസ് തുടങ്ങിയ വിഭവങ്ങളുമുണ്ട്.

English Summary:

Discover Manali on a budget! Learn how to explore the stunning snow-capped mountains and breathtaking views of Manali for just ₹5000. Plan your dream trip today!

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com