വാരാണസിയിൽ അടച്ചിട്ട ശിവക്ഷേത്രം ഒരു നൂറ്റാണ്ടിനു ശേഷം തുറന്നു

Mail This Article
വാരാണസിയിൽ ഏകദേശം 100 വർഷത്തോളം അടച്ചിട്ട ശിവക്ഷേത്രം വീണ്ടും തുറന്നു. റിപ്പോർട്ടുകൾ പറയുന്നത് അനുസരിച്ച് വാരാണസിയിൽ നൂറ്റാണ്ടുകളോളം അടഞ്ഞുകിടന്ന ശിവക്ഷേത്രമാണ് വീണ്ടും തുറന്നിരിക്കുന്നത്. വാരാണസിയിലെ മഹാദേവ് ക്ഷേത്രമാണ് സനാതൻ രക്ഷക് ദാലിന്റെ അപേക്ഷയെ തുടർന്നു കഴിഞ്ഞ മാസം തുറന്നത്. പൊലീസിന്റെയും ഭരണകൂടത്തിന്റെയും സഹായത്തോടെയാണ് ക്ഷേത്രം വീണ്ടും തുറന്നത്. ക്ഷേത്രം തുറന്നു മതപരമായ ചടങ്ങുകൾ ആരംഭിക്കാൻ ബന്ധപ്പെട്ടവർ അധികാരികളോട് അനുമതി തേടുകയായിരുന്നു.
ക്ഷേത്രത്തിന്റെ പൂട്ട് കഴിഞ്ഞ നൂറോളം വർഷങ്ങളായി ആരും തുറക്കാതെയും തൊടാതെയും ആയിരുന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് പൂട്ട് പൊളിച്ചത്. പൂട്ട് തുറന്നു ക്ഷേത്രത്തിനകത്തു പ്രവേശിച്ചപ്പോൾ ശിവ ലിംഗങ്ങൾ അകത്തു കാണാൻ കഴിഞ്ഞു. വർഷങ്ങളായി പരിപാലിക്കാതെ കിടന്നതിനാൽ ഇടിഞ്ഞുപൊളിഞ്ഞ നിലയിലും പൊടി പിടിച്ച നിലയിലുമായിരുന്നു ശിവലിംഗങ്ങൾ. റിപ്പോർട്ടുകൾ അനുസരിച്ച് ക്ഷേത്രം പഴയതു പോലെയാക്കാനുള്ള പ്രവർത്തനങ്ങൾ താമസിക്കാതെ ആരംഭിക്കും.

ക്ഷേത്രം തുറക്കുന്ന സമയത്ത് പ്രദേശത്തെ ക്രമസമാധാന നില പാലിക്കാൻ ആവശ്യമായ സുരക്ഷാ നടപടികൾ അധികൃതർ സ്വീകരിച്ചിരുന്നു. പൊലീസും റൂഫ് ടോപ്പ് മോണിട്ടറിങ്ങും ഡ്രോൺ സർവൈലൻസും ക്ഷേത്രം തുറക്കുന്നതിന്റെ ഭാഗമായുള്ള സുരക്ഷാനടപടിയുടെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്.
പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത് എത്താതിരുന്നതിനാൽ തന്നെ ക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ വളരെ സമാധാനപരമായിട്ടാണ് നടന്നതെന്ന് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അലോക് വർമ പറഞ്ഞു. പ്രദേശവാസികളുടെ സഹകരണം കൊണ്ടുതന്നെ ക്ഷേത്രത്തിന്റെ നിലം വൃത്തിയാക്കാൻ സാധിച്ചതായും ആരാധനയും പൂജയും താമസിയാതെ തന്നെ ആരംഭിക്കുമെന്നും വർമ വ്യക്തമാക്കി.
സനാതൻ രക്ഷക് ദാൽ സംസ്ഥാന നേതാവ് അജയ് ശർമ ക്ഷേത്രം തുറക്കാൻ പിന്തുണ നൽകിയ കാശി പ്രദേശവാസികളെ അഭിനന്ദിച്ചു. ഹിന്ദു ആചാരം അനുസരിച്ചു കേടുവന്ന മൂന്ന് ശിവലിംഗങ്ങൾ മാറ്റി പുതിയവ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആചാരങ്ങളും പാരമ്പര്യങ്ങളും പിന്തുടരുന്ന വാരാണസിയിൽ സിദ്ദേശ്വർ മഹാദേവ് ക്ഷേത്രം തുറന്നത് ഒരു മഹാ സംഭവമാണ്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഭക്തർ ഇവിടേക്ക് എത്തി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.