ഇന്ത്യയിലെ അതിമനോഹര ക്രൂയിസ് യാത്രാ വഴികൾ ഇതാ

Mail This Article
മനോഹരമായ മലനിരകളാലും നദികളാലും കായലുകളാലും സമ്പന്നമാണ് ഇന്ത്യ. ഈ രാജ്യത്തിന്റെ ഓരോ ദിക്കിനും ഓരോ സ്വഭാവമാണ്. അതു പ്രകൃതിയുടെ കാര്യത്തിലായാലും സംസ്കാരത്തിന്റെ കാര്യത്തിലായാലും വൈവിധ്യങ്ങളുടെ കാര്യത്തിലായാലും. നദികളാൽ സമ്പന്നാണ് നമ്മുടെ നാട്. അതുകൊണ്ടു തന്നെ ഈ നദികളിലൂടെ ഒരു യാത്ര നടത്താൻ കൊതിക്കാത്തവരായി ആരാണ് ഉള്ളത്. ചെറിയ പട്ടണങ്ങളും നദികളോടു ചേർന്നുള്ള ഗ്രാമങ്ങളും ഒക്കെ കണ്ട് നദികളിലൂടെ ഒരു ക്രൂയിസ് യാത്ര. വിശ്രമകരമായ ഒരു അവധിക്കാല യാത്ര ആഗ്രഹിക്കുന്നവർക്ക് ഇത്തരത്തിൽ നദികളിലൂടെയുള്ള ക്രൂയിസ് യാത്രകൾ തിരഞ്ഞെടുക്കാവുന്നതാണ്. രാജ്യത്തെ അറിയപ്പെടുന്ന ചില ക്രൂയിസ് യാത്രകൾ ഇതാ.

∙ ബ്രഹ്മപുത്ര റിവർ ക്രൂയിസ്
ഗുവാഹത്തിക്കും ജോർഹത് - ദിബ്രുഗഡിനും ഇടയിലുള്ള പത്തു രാത്രികൾ നീണ്ടു നിൽക്കുന്ന ബ്രഹ്മപുത്ര റിവർ ക്രൂയിസ് മറക്കാൻ കഴിയാത്ത ഒരു അനുഭവം ആയിരിക്കും. ഈ യാത്രയ്ക്കിടയിൽ മജുലി ദ്വീപ്, ചരിത്ര പ്രാധാന്യമുള്ള സിബ് സാഗർ, കാസിരംഹ ദേശീയോദ്യാനം, തേസ്പുർ. പരമ്പരാഗത നെയ്ത്തു ഗ്രാമമായ സോൾകുചി എന്നിവ കാണാൻ കഴിയും.

∙ ഗംഗാവിലാസ് ക്രൂയിസ്
ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ നദീതല ക്രൂയിസാണ് ഗംഗാവിലാസ് ക്രൂയിസ്. ഏകദേശം 51 ദിവസം നീണ്ടു നിൽക്കുന്ന ഈ യാത്ര 3,200 കിലോമീറ്റർ ദൂരമാണുള്ളത്. ഇന്ത്യയും ബംഗ്ലാദേശും താണ്ടിയാണ് ഈ ക്രൂയിസ് യാത്ര. ഈ ആഡംബര യാത്ര സഞ്ചാരികൾക്ക് ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രകൃത്യാലുള്ള അദ്ഭുതങ്ങളുടെയും ഒരു വലിയ വിരുന്നാണ് സമ്മാനിക്കുക. ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. വാരണാസിയിലെ ഘട്ടുകളും സുന്ദർബൻസിലെ കണ്ടൽക്കാടുകളും നിരവധി യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളും ഈ യാത്രയിൽ ആസ്വദിക്കാൻ കഴിയും.

∙ ഗാഞ്ചെസ് ഹെറിറ്റേജ് റിവർ ക്രൂയിസ്
ചരിത്രപ്രസിദ്ധമായ ഹൗറ പാലത്തിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്. കൊൽക്കത്തയുടെ സമ്പന്നമായ സംസ്കാരവും പൈതൃകവും ഈ യാത്രയിലൂടെ ആസ്വദിക്കാൻ കഴിയും. ബറാക്പോർ, ചന്ദൻനഗർ, സെറാം പോർ, ബാന്ദൽ, ശാന്തിപുർ, മായാപുർ, മുർഷിദാബാദ് തുടങ്ങിയ ഇടങ്ങൾ കാണാൻ കഴിയും. പ്രദേശത്തിൻ്റെ ചരിത്രവും ആകർഷണകേന്ദ്രങ്ങളും കാണാൻ കഴിയും.
∙ മണ്ഡോവി റിവർ ക്രൂയിസ്
വളരെ കുറച്ച് സമയം മാത്രമേ ഉള്ളൂവെങ്കിലും മനോഹരമായ അനുഭവമാണ് മണ്ഡോവി റിവർ ക്രൂയിസ് നൽകുന്നത്. ഈ യാത്രയിൽ ഗോവൻ നാടൻ പാട്ടുകളും പരമ്പരാഗത നൃത്ത രൂപങ്ങളും പ്രാദേശിക ഭക്ഷണ വൈവിധ്യങ്ങളും ആസ്വദിക്കാൻ സാധിക്കും. വ്യത്യസ്തമായ എന്നാൽ മനോഹരമായ ഒരു ഗോവൻ അനുഭവം വേണമെന്നുള്ളവർക്ക് മണ്ഡോവി റിവർ ക്രൂയിസ് ആസ്വദിക്കാം.

∙ സുന്ദർബൻസ് റിവർ ക്രൂയിസ്
സുന്ദർബൻസ് കണ്ടൽക്കാടുകൾക്ക് ഇടയിലൂടെയുള്ള മനോഹരമായ ഒരു യാത്രയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. പ്രകൃതിഭംഗി ആസ്വദിച്ചു കൊണ്ട് ഈ പാതയിൽ സഞ്ചരിക്കാം. സുന്ദർബൻസ് ടൈഗർ റിസർവ് കടന്നാണ് ഈ യാത്ര. ഒരിക്കലും മറക്കാൻ കഴിയാത്ത മനോഹരമായ ഒരു അനുഭവം ആയിരിക്കും ഇത് സമ്മാനിക്കുക.