ഇന്ത്യയിൽ ഏറ്റവും കൃത്യമായി ഓടുന്ന ട്രെയിനുകൾ ഏതൊക്കെ? കേരളം പിന്നിലേക്ക്!

Mail This Article
ട്രെയിനുകള്‍ വൈകുന്നത് ഇന്ത്യയില്‍ പുതിയ കാര്യമല്ല. എന്നാല്‍ ഇന്ത്യയിലെ ട്രെയിന്‍ യാത്രികര്‍ക്ക് ആശ്വാസകരമായ വാര്‍ത്തയാണ് പുതിയതായി പുറത്തുവരുന്നത്. 2024ല്‍ രാജ്യത്തെ ആകെ കണക്കെടുത്താല്‍ ട്രെയിനുകള്‍ കൂടുതല്‍ കൃത്യതയോടെ ഓടിയെന്ന കണക്കുകളാണ് പുറത്തുവരുന്നത്. രാജ്യം മൊത്തത്തില്‍ മുന്നോട്ടെങ്കിലും കേരളത്തിലെ ട്രെയിനുകളുടെ കൃത്യത പിന്നിലേക്കാണെന്നും റിപ്പോര്‍ട്ടുണ്ട്.
2023നെ അപേക്ഷിച്ച് ദേശീയ തലത്തില്‍ ട്രെയിനുകള്‍ വൈകുന്നത് ഏകദേശം എട്ടു ശതമാനം കുറഞ്ഞുവെന്നാണ് റെയില്‍യാത്രി എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള വിവരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. യാത്രാ സമയം കൂടുന്നത് 20 മിനുറ്റില്‍ നിന്നും 18 മിനുറ്റായി കുറഞ്ഞെന്നും റെയില്‍യാത്രി പറയുന്നു.
ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ ട്രെയിന്‍ സമയം മെച്ചപ്പെടുത്തിയവയാണ്. ഇതില്‍ ട്രെയിന്‍ വൈകുന്നത് പരമാവധി കുറച്ച ഉത്തരാഖണ്ഡ്(32%) ശരാശരി 35 മിനിറ്റാണ് ട്രെയിന്‍ വൈകുന്നത് മെച്ചപ്പെടുത്തിയെടുത്തത്. പഞ്ചാബ് 42 മിനിറ്റ്, ഗുജറാത്ത് 24 മിനിറ്റ്, ഛത്തീസ്ഗഡ് 61 മിനിറ്റ്, മധ്യപ്രദേശ് 53 മിനിറ്റും എന്ന കണക്കിൽ ട്രെയിന്‍ വൈകിയോടുന്നത് കുറച്ചിട്ടുണ്ട്.
അതേസമയം ചില സംസ്ഥാനങ്ങളില്‍ ട്രെയിന്‍ കൂടുതല്‍ വൈകിയോടുന്ന സ്ഥിതിയുമുണ്ടായി. ഇക്കൂട്ടത്തിലാണ് നമ്മുടെ കേരളവും.
2023 നെ അപേക്ഷിച്ച് ഏറ്റവും മോശം അവസ്ഥയിലേക്കു പോയത് പശ്ചിമ ബംഗാളാണ്(16%). ശരാശരി 48 മിനിറ്റാണ് പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂടുതലായി വൈകിയോടിയത്. ഒഡീഷയില്‍ ട്രെയിനുകളുടെ കാര്യക്ഷമതയില്‍ 5% മാത്രമാണ് കുറവു വന്നതെങ്കിലും സമയം 69 മിനിറ്റ് വൈകി. നാലു ശതമാനം കാര്യക്ഷമത കുറഞ്ഞ തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ 29 മിനിറ്റ് കൂടുതലായി വൈകി. കേരളത്തിലാവട്ടെ മൂന്നു ശതമാനം കാര്യക്ഷമത കുറഞ്ഞപ്പോള്‍ 2023 നെ അപേക്ഷിച്ച് 31 മിനിറ്റ് ശരാശരി വൈകിയെന്ന കണക്കുകളും പുറത്തുവന്നു.
റെയില്‍യാത്രി കണക്കുകള്‍ പ്രകാരം ട്രെയിനുകള്‍ തിരിച്ചുള്ള സമയകൃത്യത ഇങ്ങനെയാണ്.
വന്ദേഭാരത്- ഇന്ത്യന്‍ റെയില്‍വേയുടെ ആധുനികതയുടെ മുഖമായ വന്ദേ ഭാരത് ശരാശരി 17 മിനിറ്റ് കൂടുതലായി എടുത്തു. 2023നെ അപേക്ഷിച്ച് 2024ലെ കണക്കുകളാണിത് കാണിക്കുന്നത്. അപ്പോഴും രാജ്യത്ത് ഏറ്റവും കൃത്യതയില്‍ ഓടുന്ന ട്രെയിനുകളില്‍ മുന്നിലാണ് വന്ദേഭാരത്.
ഹംസഫര്‍ എക്‌സ്പ്രസ്- ഏറ്റവും കൂടുതല്‍ സമയം വൈകിയോടുന്ന ഇന്ത്യയിലെ ട്രെയിനുകളില്‍ മുന്നിലുള്ളത് ഹംസഫര്‍ എക്‌സ്പ്രസാണ്. ശരാശരി 55 മിനിറ്റാണ് ഹംസഫര്‍ എക്‌സ്പ്രസ് യാത്രികരുടെ യാത്ര വൈകിയത്. അതേസമയം 2023നെ അപേക്ഷിച്ച് വൈകിയോടുന്നതില്‍ 22 ശതമാനം ഹംസഫര്‍ എക്‌സ്പ്രസില്‍ കുറവുണ്ടാവുകയാണ് ചെയ്തത്.
ദുരന്തോ എക്‌സ്പ്രസ്- 2024 ല്‍ ദുരന്തോ എക്‌സ്പ്രസ് യാത്രികര്‍ ശരാശരി 47 മിനിറ്റ് വൈകിയോടി. അപ്പോഴും ദുരന്തോ എക്‌സ്പ്രസും 2023നെ അപേക്ഷിച്ച് 2024ല്‍ 14 ശതമാനം പ്രകടനം മെച്ചപ്പെടുത്തുകയാണ് ചെയ്തതെന്നതും ശ്രദ്ധേയം.
ശതാബ്ദി ട്രെയിനുകള്‍- സമയകൃത്യതക്കു പൊതുവേ പേരുകേട്ട ശതാബ്ദി ട്രെയിനുകള്‍ കൂടുതല്‍ മികച്ച പ്രകടനമാണ് 2024ല്‍ നടത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ശതാബ്ദി ട്രെയിനുകള്‍ വൈകുന്നത് 10 ശതമാനം(17 മിനിറ്റ്) കുറഞ്ഞു.
മെയില്‍/എക്‌സ്പ്രസ്/സൂപ്പര്‍ഫാസ്റ്റ്- ഇന്ത്യയിലെ 60 ശതമാനം ദീര്‍ഘദൂര ട്രെയിന്‍യാത്രകളും ഈ വിഭാഗം ട്രെയിനുകളിലാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറുശതമാനം കൂടുതല്‍ സമയകൃത്യത പാലിക്കാന്‍ ഈ ട്രെയിനുകള്‍ക്കായി.
ഇന്റര്‍സിറ്റി ട്രെയിന്‍- ശരാശരി 25 മിനിറ്റ് അഥവാ എട്ടു ശതമാനം സമയലാഭമാണ് ഈ ട്രെയിനുകളിലെ യാത്രികര്‍ക്ക് 2024ല്‍ ഉണ്ടായത്.
രാജധാനി- ഇന്ത്യയുടെ ചരിത്രപ്രസിദ്ധമായ ട്രെയിനായ രാജധാനിയില്‍ യാത്ര ചെയ്തവര്‍ക്ക് ശരാശരി 36 മിനിറ്റ് 2024ല്‍ കൂടുതല്‍ വേണ്ടി വന്നു. ട്രെയിന്‍ വൈകുന്നത് 14 ശതമാനമാണ് രാജധാനിയില്‍ വര്‍ധിച്ചത്.
ജനശതാബ്ദി- സാധാരണക്കാരുടെ യാത്രകളിലെ പ്രധാന ആശ്രയമായ ജനശതാബ്ദിയും വൈകുന്നതില്‍ പിശുക്കു കാണിച്ചില്ല. ശരാശരി 21 മിനിറ്റാണ് ജനശതാബ്ദി യാത്രയിൽ അധികം ചെലവായത്. ട്രെയിന്‍ വൈകുന്നത് വര്‍ധിച്ചത് 14%.
റെയില്‍വേ സ്റ്റേഷനുകളില്‍ അഹമ്മദാബാദില്‍ നിന്നുള്ള യാത്രികര്‍ക്കാണ് 2023 നെ അപേക്ഷിച്ച് 2024ല്‍ കൂടുതല്‍ കൃത്യതയോടെയുള്ള ട്രെയിന്‍ യാത്രകള്‍ ആസ്വദിക്കാനായത്. ശരാശരി 32 മിനിറ്റ് അഥവാ 21% അധിക സമയകൃത്യതയാണ് അഹമ്മദാബാദില്‍ നിന്നുള്ള യാത്രികര്‍ക്കു ലഭിച്ചത്. രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുള്ള ട്രെയിന്‍ യാത്രകള്‍ ഏഴുശതമാനം (64 മിനിറ്റ്) കൂടുതല്‍ കൃത്യതയുള്ളതായി മാറി. ചെന്നൈ സെന്‍ട്രലിലും ട്രെയിന്‍ വൈകുന്നത് 11 ശതമാനം കുറയ്ക്കാന്‍ ഇന്ത്യന്‍ റെയില്‍വേക്കു സാധിച്ചു.