ഈ രാജ്യങ്ങളിലേക്ക് ഒറ്റയ്ക്ക് പോകുന്ന സ്ത്രീകൾ ശ്രദ്ധിക്കണം, ഇവിടം ഒട്ടും സുരക്ഷിതമല്ല

Mail This Article
യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. പുതിയ സ്ഥലങ്ങളും ആളുകളും ഒക്കെ ജീവിതത്തിന് നൽകുന്ന നിറവും പുതുമയും ചെറുതല്ല. കൂട്ടുകാർ ചേർന്ന് ഒരുമിച്ച് യാത്ര പോകുന്ന രീതി മാറി. ഇപ്പോൾ സോളോ യാത്രകളുടെ കാലമാണ്. ആൺകുട്ടികളും പെൺകുട്ടികളും എല്ലാം സോളോ യാത്ര പോകാൻ ഇഷ്ടപ്പെടുന്നവരാണ്. ഒരു നാടിനെ കണ്ട്, നാട്ടുകാരെ കണ്ട്, കഥ പറഞ്ഞു പോകാൻ കഴിയുന്ന മനോഹരമായ സോളോ യാത്രകൾ. എന്നാൽ, അങ്ങനെ സോളോ ട്രിപ്പ് അടിക്കുന്നതിനു മുൻപ് പോകുന്ന സ്ഥലങ്ങളെക്കുറിച്ച് ഏകദേശം ഒരു ധാരണ മനസ്സിൽ ഉണ്ടായിരിക്കണം. കാരണം എല്ലാ സ്ഥലങ്ങളും സോളോ ട്രിപ്പ് പോകാൻ അത്ര സുരക്ഷിതമല്ല. ട്രാവൽ ഇൻഡസ്റ്ററി അസോസിയേഷന്റെ റിപ്പോട്ടിൽ ഈ രാജ്യങ്ങളിൽ സോളോ ട്രിപ്പ് പോകുമ്പോൾ പെൺകുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണം.

∙ ദക്ഷിണാഫ്രിക്ക
തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യങ്ങളിൽ ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയിലെ 25 ശതമാനം സ്ത്രീകൾ മാത്രമാണ് രാത്രിയിൽ തനിച്ച് നടക്കുന്നത് സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടിട്ടുള്ളത്. രാജ്യത്തെ ലൈംഗിക അതിക്രമങ്ങളുടെ നിരക്ക് വളരെ ഉയർന്ന നിലയിലാണ്. ആകെയുള്ള സ്ത്രീകളിൽ 40 ശതമാനത്തിൽ അധികം സ്ത്രീകൾ അവരുടെ ജീവിതകാലത്ത് ബലാത്സംഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൾ.

∙ബ്രസീൽ
പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം ബ്രസീൽ ആണ്. ബ്രസീലിൽ രാത്രിയിൽ തനിച്ച് നടക്കുന്നത് സുരക്ഷിതമാണെന്ന് തോന്നിയിട്ടുള്ളത് വെറും 28 ശതമാനം സ്ത്രീകൾക്കു മാത്രമാണ്. സ്ത്രീകൾക്ക് എതിരായ മനഃപൂർവമായ കൊലപാതക നിരക്കിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണിത്. സ്ത്രീകൾക്ക് എതിരായ അടുത്ത പങ്കാളികളിൽ നിന്നുള്ള ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങളിൽ ആറാം സ്ഥാനത്താണ് ആ രാജ്യം. വലിയതോതിൽ സ്ത്രീകൾ ഇരകളായിട്ടുള്ള രാജ്യമാണ് ബ്രസീൽ. അതുകൊണ്ടു തന്നെ രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ എന്നത് വർധിച്ചു വരുന്ന ആശങ്കയാണ്.

∙റഷ്യ
സ്ത്രീകൾക്കെതിരായ മനഃപൂർവമുള്ള നരഹത്യകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് റഷ്യ. ഇക്കാര്യത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നിലാണ് റഷ്യയുടെ സ്ഥാനം. സമൂഹത്തിൽ സ്ത്രീകളുടെ പങ്കാളിത്തം നിയന്ത്രിക്കുന്ന നിയമങ്ങളും ഈ രാജ്യത്തുണ്ട്. ഇത് സ്ത്രീകളായ യാത്രികർ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ സങ്കീർണമാക്കുന്നു.

∙മെക്സിക്കോ
മെക്സിക്കോ ആണ് ഈ പട്ടികയിൽ നാലാം സ്ഥാനത്തു വരുന്ന രാജ്യം. രാത്രിയിൽ തനിച്ചു നടക്കുന്നത് സുരക്ഷിതമാണെന്ന് പറയുന്ന 33 ശതമാനം സ്ത്രീകളെ മാത്രമാണ് ഇവിടെ കാണാൻ കഴിയുക. സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമം ഇവിടെ വളരെ വലുതാണ്. ഏകദേശം 16 ശതമാനം സ്ത്രീകളെ ഇത് ബാധിക്കുന്നുണ്ട്. സ്ത്രീകളെ മനഃപൂർവം കൊലപ്പെടുത്തുന്നതിലും അടുത്ത പങ്കാളികളിൽ നിന്ന് സ്ത്രീകൾക്ക് നേരെയുള്ള ശാരീരിക അതിക്രമങ്ങളിലും മെക്സിക്കോ വളരെ മുന്നിലാണ്.

∙ ഇറാൻ
ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക പങ്കാളിത്തം എന്നിവയിലെ വിടവാണ് ഇറാനിലെ ജെൻഡർ ഗ്യാപ്പിന് ഒരു പ്രധാന കാരണം. ഇവിടെ സ്ത്രീകൾ തനിച്ച് യാത്ര ചെയ്യുന്നത് ഒരിക്കലും സുരക്ഷിതമല്ല. കാരണം, സ്ത്രീകൾക്ക് എതിരെയുള്ള നിയമപരമായ വിവേചനത്തിന്റെ കാര്യത്തിൽ ഈ രാജ്യം മൂന്നാം സ്ഥാനത്താണ്.

∙ഡൊമിനിക്കൻ റിപ്പബ്ലിക്ക്
സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ അടുത്തതായി ഇടം പിടിച്ചിരിക്കുന്നത് ഡൊമിനിക്കൻ റിപ്പബ്ലിക്ക് ആണ്. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ രാത്രിയിൽ നടക്കുന്നത് സുരക്ഷിതമായി അനുഭവപ്പെട്ടത് 33ശതമാനം സ്ത്രീകൾക്ക് മാത്രമാണ്. സ്ത്രീകൾക്ക് എതിരായ കൊലപാതക നിരക്കും ലിംഗ അസമത്വവും ഇവിടെ കൂടുതലാണ്. അതുകൊണ്ടു തന്നെ സ്ത്രീ സഞ്ചാരികൾക്ക് ഏറ്റവും അപകടകമായ രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് ഡൊമിനിക്കൻ റിപ്പബ്ലിക്ക്.

∙ ഈജിപ്ത്
സ്ത്രീകൾക്ക് അത്ര സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഈജിപ്തുമുണ്ട്. അതേസമയം, രാത്രിയിൽ തനിച്ച് നടന്നു പോകുന്നത് സുരക്ഷിതമാണെന്ന് രാജ്യത്തെ പകുതിയോളം സ്ത്രീകൾ കരുതുന്നു. അതേസമയം, നിയമപരമായ ഒരുപാട് അസമത്വങ്ങൾ ഈ രാജ്യത്ത് സ്ത്രീകൾ നേരിടേണ്ടതുണ്ട്. സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും ഇടപെടുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കുന്ന നിരവധി നിയമങ്ങളും ഈ രാജ്യത്തുണ്ട്.

∙മൊറോക്കോ
രാജ്യത്തെ സ്ത്രീകളിൽ 45 ശതമാനം പേരും ശാരീരികവും ലൈംഗികവുമായ പീഡനങ്ങൾക്ക് ഇരയാകാറുണ്ട്. അടുത്ത ബന്ധങ്ങളിൽ നിന്നുള്ളവരുടെ അതിക്രമം മൊറോക്കയിലെ സ്ത്രീകളുടെ കാര്യത്തിൽ കൂടുതലാണ്. നിയമപരമായും ഈ രാജ്യത്ത് സ്ത്രീകൾക്കു നേരെ വിവേചനമുണ്ട്. അതുകൊണ്ടു തന്നെ സ്ത്രീ സഞ്ചാരികൾക്ക് ഈ രാജ്യത്ത് അപകടസാധ്യതകൾ കൂടുതലാണ്.

∙ഇന്ത്യ
ഇന്ത്യയിൽ 37.2 ശതമാനം സ്ത്രീകളും ഏറ്റവും അടുത്ത പങ്കാളിയിൽ നിന്ന് അധിക്ഷേപം നേരിടാറുണ്ട്. അതുകൊണ്ടു തന്നെ തനിച്ച് യാത്ര ചെയ്യുന്നതിൽ ഇന്ത്യയിൽ സ്ത്രീകൾ അത്ര സുരക്ഷിതരല്ല. അതുപോലെ തന്നെ രാജ്യത്ത് ഉയർന്ന തോതിൽ ലിംഗ അസമത്വ നിരക്കുണ്ട്. സ്ത്രീ വിനോദസഞ്ചാരികൾ തനിച്ച് ചുറ്റിക്കറങ്ങുന്നത് ഇത് സുരക്ഷിതമല്ലാതാക്കുന്നു.

∙തായ്ലൻഡ്
ഏറ്റവും അടുത്ത പങ്കാളിയുടെ ആക്രമണം തായ്ലൻഡിലെ 44 ശതമാനം സ്ത്രീകളെയും ബാധിക്കുന്നുണ്ട്, അത് മാത്രമല്ല സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമം സ്വീകരിക്കുന്നവരും അംഗീകരിക്കുന്നവരുമാണ് ഇവിടെയുള്ള സ്ത്രീകളിൽ ഭൂരിഭാഗവും. ഇതും തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുന്നു.