നോക് ടൂറിസം,കാംകേഷൻസ്,നൊസ്റ്റാൾജിയ... ഏതാണ് സഞ്ചാരികളെ ഈ വർഷം ആകർഷിക്കുന്ന ട്രെൻഡുകൾ

Mail This Article
യാത്രകളാണ് മനുഷ്യർക്ക് എന്നും പ്രിയപ്പെട്ടതാണെങ്കിലും കോവിഡിനു ശേഷമുള്ള കാലഘട്ടത്തിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയർന്നു. ആഭ്യന്തരയാത്രകൾ ചെയ്യുന്നവരുടെയും രാജ്യാന്തര യാത്രകൾ ചെയ്യുന്നവരുടെയും എണ്ണത്തിൽ വലിയ വർധനവ് ആണ് ഉണ്ടായത്. കൂട്ടുകാർ ഒരുമിച്ചു ചേർന്ന് വീട്ടുകാർ സംഘം ചേർന്നോ ഒക്കെ ആയിരുന്നു പതിവുയാത്രകൾ. എന്നാൽ, അതിനും പുതിയ കാലയളവിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. സോളോ യാത്രകളുമായി പെൺകുട്ടികളും സജീവമായിരിക്കുന്നു. യാത്ര ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. പുതുവർഷത്തിലേക്ക് എത്തുമ്പോൾ യാത്രയിൽ വ്യത്യസ്തമായ ട്രെൻഡുകളും സജീവമായിരിക്കുകയാണ്. ഇത്തരത്തിൽ 2025ൽ ട്രെൻഡ് ആകാൻ പോകുന്ന ചില യാത്രകൾ ഏതൊക്കെയാണെന്ന് നോക്കാം.

∙നോക്ടൂറിസം അഥവാ രാത്രി യാത്രകൾ
നോക് ടൂറിസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രാത്രികാല യാത്രകളും രാത്രികാല യാത്രാനുഭവങ്ങളുമാണ്. വൈകി തുറക്കുന്ന മ്യൂസിയങ്ങൾ മുതൽ രാത്രി വൈകിയും സജീവമായി നിലകൊള്ളുന്ന ബീച്ചുകളും നോർത്തേൺ ലൈറ്റ്സ് കാണാൻ പോകുന്ന യാത്രകൾ വരെയും ഇതിൽ ഉൾപ്പെടുന്നു. 2025 ൽ സൗരോർജ പ്രവർത്തനം പതിറ്റാണ്ടുകളിലെ തന്നെ ഏറ്റവും ഉയർന്ന നിലയിലായിരിക്കും എന്നാണ് കണക്കുകൾ. അതുകൊണ്ടു തന്നെ നോർത്തേൺ ലൈറ്റ്സ് കാണുന്നതിന് ഏറ്റവും മികച്ച വർഷം കൂടിയായിരിക്കും ഇത്തവണത്തേത്. പുരസ്കാര ജേതാവായ യുകെ ട്രാവൽ സ്ഥാപനമായ ട്രൈയിൽഫൈൻഡേഴ്സ് പറയുന്നത് അനുസരിച്ച് ഫിന്നിഷ് ലാപ് ലാൻഡ്, നോർവേയിലെ ലോഫോടെൻ ദ്വീപുകൾ, സ്വാൽബാർഡ്, ഐസ് ലൻഡ് എന്നിവയാണ് നോർത്തേൺ ലൈറ്റ്സ് കാണാൻ കഴിയുന്ന പ്രധാന കേന്ദ്രങ്ങൾ. ചുരുക്കത്തിൽ നോക് ടൂറിസം യാത്രാ വ്യവസായത്തിന്റെ ഒരു പ്രധാനഭാഗമായി മാറിയിരിക്കുകയാണ്.

∙ ശാന്തത തേടിയുള്ള യാത്രകൾ അഥവാ കാംകേഷൻസ്
ജോലിത്തിരക്കിനിടയിൽ പലരും ശാന്തത തേടിയാണ് യാത്രകൾ തിരഞ്ഞെടുക്കാറുള്ളത്. മറ്റ് ശല്യങ്ങളൊന്നുമില്ലാതെ സ്വസ്ഥമായിട്ട് ഇരിക്കാൻ കുറച്ച് ദിവസം. അത്തരം യാത്രകൾക്ക് ഈ വർഷവും ജനപ്രീതിയുണ്ടെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. പടിഞ്ഞാറൻ യൂറോപ്പിൽ ആരോഗ്യപ്രശ്നങ്ങളുടെ പ്രധാനപ്പെട്ട രണ്ടാമത്തെ കാരണമായി ഗതാഗതത്തെ തുടർന്നുള്ള ശബ്ദമലിനീകരണമാണെന്നു ലോകാരോഗ്യസംഘടന വിലയിരുത്തുന്നു. ദൈനംദിന ജീവിതത്തിന്റെ തിരക്കിൽ നിന്നു മാറി നിൽക്കാൻ നോർവീജിയൻ തീരത്ത് 'നിശ്ശബദ്മായ രക്ഷപ്പെടലുകൾ' വരെ സൃഷ്ടിച്ചിട്ടുണ്ട്. ജോലി തിരക്കിൽ നിന്നും സോഷ്യൽ മീഡിയയുടെ മനം മടുപ്പിക്കുന്ന അസ്വസ്ഥതകളിൽ നിന്നും മാറി പ്രകൃതിയുടെ ശാന്തതയിൽ അലിഞ്ഞും സമാധാനത്തോടെ പുസ്തകം വായിച്ചും ഇരിക്കാൻ കുറച്ച് സമയം. അതാണ് ഇത്തരത്തിലുള്ള യാത്രകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

∙കൂൾകേഷനുകളും ഓഫ് - സീസൺ സഫാരികളും
കാലാവസ്ഥ വ്യതിയാനവും യാത്രകളെ ഒരു പരിധി വരെ ബാധിച്ചിരിക്കുന്നു. തെക്കൻ യൂറോപ്പിൽ അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിച്ചിരുന്നവർ ചൂടു കാലാവസ്ഥ തേടിയായിരുന്നു മുൻപ് പോയിരുന്നത്. എന്നാൽ, ഇന്ന് തണുത്ത കാലാവസ്ഥ തേടിയാണ് അവരുടെ യാത്രകൾ. 2024ൽ ഫിൻലൻഡിലേക്കും നോർവേയിലേക്കുമുള്ള ബുക്കിങ്ങുകളിൽ 26 ശതമാനം വർധനവാണ് സ്കോട്ട് ഡൺ രേഖപ്പെടുത്തിയത്.

∙ നൊസ്റ്റാൾജിയ ട്രാവൽ
സംഗീത ടൂറിസവും പുതിയ കാലത്തെ ടൂറിസങ്ങളിൽ ഒന്നാണ്. 2024 ഡിസംബറിൽ അവസാനിച്ച ടെയിലർ സ്വിഫ്റ്റിന്റെ ഇറാസ് ടൂർ ഇതിനൊരു ഉദാഹരണമാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് മധ്യവയസ്സിലേക്ക് പ്രവേശിച്ചു തുടങ്ങുന്ന മില്ലേനിയൽ കുട്ടികളുടെ നൊസ്റ്റാൾജിയ യാത്രകളും. കുട്ടികളായിരുന്ന കാലത്ത് അവർ പോകാൻ ആഗ്രഹിച്ചിരുന്ന, പോയിരുന്ന സ്ഥലങ്ങളിലേക്കുള്ള ഒരു യാത്ര. ഈ ട്രെൻഡിനെ ഗ്ലോബ്ട്രെൻഡർ ന്യൂ ഹേഡേയ്സ് എന്നാണ് വിളിക്കുന്നത്. അനിശ്ചിതത്വത്തിൽ നിന്ന് അൽപസമയത്തേക്ക് ഒരു ബ്രേക്ക് എടുത്ത് ബാല്യകാലത്തിന്റെ സുഖകരമായ ഓർമകളിലേക്കുള്ള ഒരു ഊളിയിടൽ കൂടിയാണ് ഇത്തരത്തിലുള്ള യാത്രകൾ.
ഇത് മാത്രമല്ല യാത്ര ആസൂത്രണം ചെയ്യുന്നതിൽ എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വലിയ പങ്കാണ് വഹിക്കുന്നത്. അതേസമയം, പല യാത്രാ കമ്പനികൾക്കും യാത്രയിൽ എ ഐ എങ്ങനെ ഉൾപ്പെടുത്താമെന്നതിനെക്കുറിച്ച് വലിയ ധാരണയില്ല. ട്രിപ്പ് അഡ്വൈസർ പോലെയുള്ളവ യാത്രാ പദ്ധതികൾ തയാറാക്കാൻ എഐ സഹായം തേടി തുടങ്ങിയിട്ടുണ്ട്.

ജെനറേഷൻ ഇസഡ് കുട്ടികൾ യാത്ര ചെയ്യുന്നത് പുതിയ സൗഹൃദങ്ങൾ കണ്ടെത്താനും പുതിയ പ്രണയം കണ്ടെത്താനുമാണ്. 2024ലെ ഫോർബ്സ് ഹെൽത്ത് സർവേ അനുസരിച്ച് ഓൺലൈൻ ഡേറ്റിങ് മടുത്തവരാണ് 79 ശതമാനം ജെൻ ഇസഡ് കുട്ടികളും. അതുകൊണ്ടു തന്നെ യഥാർഥ ജീവീതത്തിൽ കൂടുതൽ ആളുകളെ കണ്ടെത്താനും സൗഹൃദങ്ങൾ കണ്ടെത്താനും ഇവർ ആഗ്രഹിക്കുന്നു. സോളോ യാത്രകൾ നടത്തി ഇത്തരത്തിൽ തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ കണ്ടെത്താനാണ് ജെൻ ഇസഡ് കുട്ടികൾ ആഗ്രഹിക്കുന്നത്.

അതുപോലെ തന്നെ അമിതമായി വിനോദസഞ്ചാരികൾ എത്തുന്നതു മൂലം കഷ്ടപ്പെടുന്ന പ്രശസ്തമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ പലരും ആഗ്രഹിക്കുന്നില്ല. വലിയ തിരക്കില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനാണ് മിക്കവരും താൽപര്യപ്പെടുന്നത്. ഡെസ്റ്റിനേഷൻ ഡ്യൂപ്പും പുതിയ കാല യാത്രകളിൽ ട്രെൻഡ് ആണ്. പരമ്പരാഗത ടൂറിസ്റ്റ് ഭൂപടത്തിൽ ഇടം പിടിക്കാത്ത സ്ഥലങ്ങളിലേക്കു യാത്ര പോകാനാണ് 2025ൽ കൂടുതൽ ആളുകളും ആഗ്രഹിക്കുന്നത്.