ADVERTISEMENT

ഏകദേശം 135 വർഷത്തിലേറെയായി, ടെക്സാസിലെ മാർഫ നഗരത്തില്‍ കണ്ടുവരുന്ന ഒരു പ്രതിഭാസമുണ്ട്; ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുന്ന പ്രകാശഗോളങ്ങള്‍. മരുഭൂമിയിൽ ഏകദേശം ഒരു മൈൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, മാർഫയുടെ രണ്ട് പ്രധാന തെരുവുകളിൽ നിന്നു നീണ്ടുകിടക്കുന്ന സമതലങ്ങൾ വെളിച്ചത്തിന്‍റെ നൃത്തവേദിയായി മാറുന്നു. പല നിറങ്ങളില്‍ കാണപ്പെടുന്ന ഈ പ്രകാശഗോളങ്ങള്‍ അന്തരീക്ഷത്തില്‍ നൃത്തംവയ്ക്കുന്ന കാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വിശദീകരിക്കപ്പെടാത്ത നിഗൂഢതകളിൽ ഒന്നായി തുടരുന്നു. ഒട്ടേറെ ആളുകള്‍ ഈ കാഴ്ച കാണാന്‍ മാര്‍ഫയിലെത്തുന്നു. എന്നാല്‍, ഈ വെളിച്ചത്തിനു പിന്നില്‍ എന്താണ് എന്നു വിശദീകരിക്കാന്‍ ഇതുവരെ ആര്‍ക്കുമായിട്ടില്ല.

ആദ്യത്തെ കാഴ്ച

ആദ്യമായി ഇത്തരമൊരു കാഴ്ച കാണുന്നതായി റിപ്പോര്‍ട്ട് ചെയ്തത് 1883 ലാണ്. കന്നുകാലികളെ മേയ്ച്ച് തിരിച്ചുവരുംവഴി, റോബർട്ട് റീഡ് എലിസൺ എന്ന യുവാവ്, വെളിച്ചം നൃത്തംവയ്ക്കുന്ന കാഴ്ച കണ്ടു. റോബർട്ട് അത് നഗരത്തിലെ എല്ലാവരോടും പറഞ്ഞു. അതിനുശേഷം, ഈ വഴി യാത്ര ചെയ്ത കർഷകരും രണ്ടാം ലോകമഹായുദ്ധത്തിലെ സൈനികരും ഹൈസ്‌കൂൾ പ്രണയിതാക്കളുമെല്ലാം മാർഫയുടെ തെക്ക്-കിഴക്ക് ഭാഗത്തെ, ജനവാസമില്ലാത്ത പൈസാനോ പാസ് എന്നറിയപ്പെടുന്ന  ഭാഗത്ത്, ചലിക്കുന്ന വർണാഭമായ പ്രകാശ ഗോളങ്ങൾ കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1956 ൽ 'ജയൻ്റ്' എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ നടൻ ജെയിംസ് ഡീൻ  മാർഫയിലെ ഹോട്ടൽ മുറിയിൽ ഒരു ടെലിസ്‌കോപ്പ് സൂക്ഷിച്ചിരുന്നത്രേ. 

∙ പ്രവചിക്കാന്‍ പറ്റില്ല

ഈ വെളിച്ചം പ്രവചനാതീതമായ ഒരു പ്രതിഭാസമാണ്. ഇവ എപ്പോൾ അല്ലെങ്കിൽ എവിടെ ദൃശ്യമാകുമെന്ന് പ്രവചിക്കാൻ ഒരു മാർഗവുമില്ല, ഇവ സാധാരണയായി ഒരു വർഷത്തിൽ 30 തവണയിൽ താഴെ മാത്രമേ ഉണ്ടാകൂ, സാധാരണയായി സൂര്യൻ അസ്തമിച്ചതിനു ശേഷമോ ഉദിക്കുന്നതിനു മുൻപോ ആണ് ഇവ കണ്ടുവരുന്നത്. വെളിച്ച ഗോളങ്ങള്‍ക്ക് ഏകദേശം ബാസ്‌ക്കറ്റ്‌ബോളിന്റെ വലുപ്പമാണെന്നും, ചുവപ്പ്, നീല, മഞ്ഞ, വെള്ള നിറങ്ങളിലാണ് അവ സാധാരണയായി കാണുന്നതെന്നും ചിലർ പറയുന്നു. ആനന്ദനൃത്തം ചെയ്യുന്ന ആളുകളെപ്പോലെ, ചുറ്റിക്കറങ്ങുന്ന ഇവ പരസ്പരം ലയിച്ചുചേരുന്നതായും കണ്ടവരുണ്ട്.

പരാജയപ്പെട്ട പഠനം 

ഇതേക്കുറിച്ച് പഠനം നടത്താന്‍ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും വിജയം കൈവരിക്കാന്‍ സാധിച്ചിട്ടില്ല. മാര്‍ഫയില്‍ ജനിച്ചുവളര്‍ന്ന  റിട്ടയേർഡ് നാസ എയ്‌റോസ്‌പേസ് എൻജിനീയറായ ജെയിംസ് ബണ്ണൽ എന്നയാള്‍ ഏകദേശം പന്ത്രണ്ടു വര്‍ഷത്തോളം ഇതേക്കുറിച്ച് ഗവേഷണം നടത്തി. മാർഫ ലൈറ്റുകളുടെ നിഗൂഢത അന്വേഷിക്കാനായി പത്തോളം വൈഡ് സ്പെക്‌ട്രം, ഇൻഫ്രാറെഡ് ക്യാമറകൾ അദ്ദേഹം ഇവിടെ സ്ഥാപിച്ചു. ലൈറ്റുകളുടെ ചലനങ്ങളുടെ ദൃശ്യങ്ങൾ പകര്‍ത്തിയെങ്കിലും അവയെക്കുറിച്ച് അധികമൊന്നും മനസ്സിലാക്കാൻ പറ്റിയില്ല. ഭൂമിയുടെ ഭൂഗർഭ ഘർഷണം മൂലമുണ്ടാകുന്ന വൈദ്യുതകാന്തിക പ്രകാശമായിരിക്കാം ഇതെന്ന് അദ്ദേഹം പറഞ്ഞെങ്കിലും, അതിനുള്ള തെളിവുകള്‍ നല്കാന്‍ അദ്ദേഹത്തിനായില്ല. 

ശാന്തി കിട്ടാത്ത പ്രേതങ്ങളോ?

ശാസ്ത്രീയ വിശദീകരണം ഇല്ലെങ്കിലും ആളുകള്‍ ഇവയ്ക്ക് പലവിധ വിശദീകരണങ്ങള്‍ നല്‍കിവരുന്നു. അന്യഗ്രഹജീവികളുടെ ഇടപെടല്‍ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിലര്‍ പറയുന്നു. വിദൂരനഗരങ്ങളിലെ കാര്‍ ലൈറ്റുകള്‍ വിചിത്രമായ ഏതോ അന്തരീക്ഷ പ്രതിഭാസം മൂലം ഇവിടെ പ്രതിഫലിക്കുന്നതാവാം എന്ന് മറ്റു ചിലര്‍ പറയുന്നു. അതല്ല, ശാന്തി കിട്ടാതെ അലയുന്ന പ്രേതങ്ങളാണ് ഇവ എന്നും പറയപ്പെടുന്നു. വാസ്തവത്തിൽ, അവ എന്താണെന്ന് ആർക്കും കൃത്യമായി ഉറപ്പില്ല  

കാണാന്‍ മികച്ച സ്ഥലം

മാർഫയിൽ നിന്ന് ഏകദേശം ഒമ്പത് മൈൽ കിഴക്കായി ഹൈവേ 90 ആണ് ഈ ലൈറ്റുകൾ കാണാനുള്ള ഏറ്റവും നല്ല സ്ഥലം. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ സെപ്‌റ്റംബറിലും വാർഷിക ഉത്സവമായ മാർഫ ലൈറ്റ്സ് ഫെസ്റ്റിവൽ നടക്കുന്നു, അത് ഇപ്പോൾ ആയിരക്കണക്കിന് കാണികളെ ആകർഷിക്കുന്നു.

കൂടാതെ, അൺസോൾവ്ഡ് മിസ്റ്ററീസ്, കിംഗ് ഓഫ് ദ ഹില്‍സ് തുടങ്ങിയ ജനപ്രിയ ടെലിവിഷൻ ഷോകളിലും ഡിസ്നി ചാനൽ ഒറിജിനൽ സീരീസ് 'സോ വിയർഡി'ന്റെ എപ്പിസോഡും ഉൾപ്പെടെ വിവിധ മാധ്യമങ്ങളിൽ ലൈറ്റുകൾ ഫീച്ചർ ചെയ്യുകയും പരാമർശിക്കുകയും ചെയ്തിട്ടുണ്ട്. ഒട്ടേറെ പുസ്തകങ്ങളും ഇതിനെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലുമുണ്ട് ഇത്തരം പ്രേതവെളിച്ചങ്ങള്‍

വിശദീകരണങ്ങള്‍ നല്‍കാനാവാത്ത ഇത്തരം വെളിച്ച പ്രതിഭാസങ്ങള്‍ ഇന്ത്യയിലെ ചില പ്രദേശങ്ങളിലും കണ്ടുവരുന്നു. ബംഗ്ലാദേശിലെയും പശ്ചിമ ബംഗാളിലെയും മത്സ്യത്തൊഴിലാളികള്‍ ചതുപ്പുനിലങ്ങൾക്കു മുകളില്‍ ഇത്തരം വെളിച്ചം കാണുന്നു. മത്സ്യബന്ധനത്തിനിടെ മരിച്ച മത്സ്യത്തൊഴിലാളികളുടെ പ്രേതങ്ങളാണ് ഇവയെന്ന് ഇവിടുത്തെ പ്രാദേശിക സമൂഹങ്ങൾ വിശ്വസിക്കുന്നു. റാൻ ഓഫ് കച്ചിലെ ചതുപ്പുനിലങ്ങളോടു ചേർന്നുള്ള മരുഭൂമിയിലും ഇതേപോലെ വെളിച്ചം പ്രത്യക്ഷപ്പെടുന്നു. ഇത് ചിർ ബട്ടി എന്ന് അറിയപ്പെടുന്നു.

English Summary:

Discover the enigma of the Marfa Lights, mysterious orbs of light dancing across the Texas desert. For over 135 years, this unexplained phenomenon has captivated visitors and scientists alike.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com