ഹണിമൂണ്‍ ആഘോഷിക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ച ഇടം

Mail This Article
ബീച്ച് പ്രേമികളുടെ പറുദീസയാണ് മൗറീഷ്യസ്. ട്രിപ്പ് അഡ്വൈസറിന്റെ 2025 ലെ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡുകളിൽ, ലോകത്തിലെ ഏറ്റവും മികച്ച ഹണിമൂൺ ഡെസ്റ്റിനേഷൻ എന്ന പദവി ഇക്കുറി കരസ്ഥമാക്കിയത് മൗറീഷ്യസാണ്. പഞ്ചാരമണല്‍ വിരിച്ച ബീച്ചുകള്‍ക്കും സ്ഫടികം പോലെ ശുദ്ധമായ തടാകങ്ങള്‍ക്കും സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും പേരുകേട്ട മൗറീഷ്യസ്, ബാലി-മാലദ്വീപ് തുടങ്ങിയ ഇടങ്ങളെ മറികടന്നാണ് മുന്നിലെത്തിയത്.
∙ ഇന്ത്യക്കാരുടെ വീട്
ഇന്ത്യക്കാര്‍ക്കിടയില്‍ മാലദ്വീപ് പോലെത്തന്നെ ഏറെ ജനപ്രിയമായ ഒരു ദ്വീപ് രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യൻ വംശജരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് ഇവിടം. ജനസംഖ്യയിൽ എഴുപതു ശതമാനത്തോളം ഇന്ത്യൻ വംശജരാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ മനോഹരമായ ഈ ദ്വീപ് രാഷ്ട്രം, തടാകങ്ങൾ, ബീച്ചുകൾ, ബഹുവർണ പവിഴപ്പുറ്റുകൾ, മഴക്കാടുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയെല്ലാം കൊണ്ട് അനുഗ്രഹീതമാണ്.

∙ ലോകത്തിലേറ്റവും ശുദ്ധമായ വായു
ഏകദേശം 80 ലക്ഷം വർഷങ്ങൾക്കു മുൻപുണ്ടായ അഗ്നിപർവ്വത സ്ഫോടനം വഴിയാണ് മൗറീഷ്യസ് ദ്വീപുകൾ ഉണ്ടായത്. മാസ്കെരേൻ ദ്വീപുകളുടെ ഭാഗമായ മൗറീഷ്യസില്‍ കഴിഞ്ഞ 10,000 വര്‍ഷത്തിനിടയില്‍ ഒരു അഗ്നിപർവ്വത സ്ഫോടനവും രേഖപ്പെടുത്തിയിട്ടില്ല. ലോകത്തിൽ എറ്റവും ശുദ്ധമായ വായുവാണ് മൗറീഷ്യസിലേത്. ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ച വായു ഗുണനിലവാര സുചികയിൽ മൗറീഷ്യസിന് രണ്ടാം സ്ഥാനമാണുള്ളത്.

∙ പ്രണയവും സാഹസികതയും ഒരുമിക്കുന്ന ഇടം
മൗറീഷ്യസിലെ ഗ്രാൻഡ് ബേ, പെരേബെരെ, ബെല്ലെ മേരെ, ബ്ലൂ ബേ തുടങ്ങിയ ബീച്ചുകള്‍ വര്‍ഷംതോറും ആയിരക്കണക്കിനു ഹണിമൂണ്‍ സഞ്ചാരികളെ ആഘോഷാരവങ്ങളോടെ വരവേല്‍ക്കുന്നു. കൂടാതെ, സാഹസിക പ്രേമികൾക്ക് സ്കൈ ഡൈവിങ്, ബൈക്കിങ്, സിപ്‌ലൈനിങ്, ട്രെക്കിങ്, പാരാഗ്ലൈഡിങ്, ഹെലികോപ്റ്റർ & സീപ്ലെയിൻ യാത്രകൾ എന്നിങ്ങനെയുള്ള വിനോദങ്ങളും പരീക്ഷിക്കാം.

∙ റൊമാന്റിക് ക്രൂയിസും മഴവില്‍ നിറമുള്ള മണല്‍ത്തിട്ടകളും
മൗറീഷ്യസിലെത്തിയാല്‍ ഒരിക്കലും വിട്ടുപോകരുതാത്ത ചില കാഴ്ചകളും അനുഭവങ്ങളുമുണ്ട്. ഗ്രാൻഡ് ബേയിലെ സൂര്യാസ്തമയ ക്രൂയിസ് ആണ് അവയില്‍ ആദ്യത്തേത്. അസ്തമയ സമയത്ത്, ഷാംപെയ്ന്‍ നുകര്‍ന്നുകൊണ്ടു കടലിലൂടെ ഒരു കപ്പല്‍യാത്ര ചെയ്യുന്നതിനേക്കാള്‍ റൊമാന്റിക്കായി എന്താണുള്ളത്! മധുവിധു ആഘോഷിക്കുന്നവർക്ക് പ്രിയപ്പെട്ട മറ്റൊരു ലൊക്കേഷനാണ് ലേ മോണ്‍. അതിമനോഹരമായ വെളുത്ത മണൽ ബീച്ചുകളും ലേ മോണ്‍ പർവ്വതത്തിന്റെ അതിമനോഹരമായ കാഴ്ചകളുമുള്ള ഇവിടം, ട്രെക്കിങ്, ഹൈക്കിങ് മുതലായ വിനോദങ്ങള്‍ക്കും അനുയോജ്യമാണ്. ലെ മോണിലെ കൈറ്റ് സർഫിങ്ങും ആവേശകരമായ അനുഭവമാണ്.
മഴവില്ല് ഭൂമിയിലേക്ക് ഇറങ്ങിയതു പോലെ ഏഴു നിറങ്ങളിലുള്ള മണ്ണ് നിറഞ്ഞ സെവൻ കളർ എർത്ത്സ്, മൗറീഷ്യസിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. ഇവിടുത്തെ മണ്ണ് നിറച്ച ചെറിയ ടെസ്റ്റ് ട്യൂബുകൾ സന്ദർശകർക്കു വാങ്ങിക്കുകയും ചെയ്യാം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ബ്ലൂ ബേ മറൈൻ പാർക്കിൽ സ്‌നോർക്കലിങ്ങും ഡൈവിങ്ങും ചെയ്യാം. കൂടാതെ, ബ്ലാക്ക് റിവർ ഗോർജസ് നാഷണൽ പാർക്കിലെ വെള്ളച്ചാട്ടങ്ങളും ഇടതൂർന്ന വനങ്ങളും മനോഹരമായ ഹൈക്കിങ് പാതകളുമെല്ലാം ആരെയും ആകര്‍ഷിക്കും.
∙ മുന്‍കൂര്‍ വീസ വേണ്ട!
ഇന്ത്യൻ പൗരന്മാർ മൗറീഷ്യസ് വീസയ്ക്ക് മുൻകൂട്ടി അപേക്ഷിക്കേണ്ടതില്ല എന്നൊരു പ്രത്യേകത കൂടിയുണ്ട്. സാധുവായ യാത്രാ രേഖകൾ ഉണ്ടെങ്കിൽ മൗറീഷ്യസ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോൾ മൗറീഷ്യസ് വീസ ലഭിക്കും. ഈ വീസ ഓൺ അറൈവൽ 60 ദിവസം വരെ ഉപയോഗിക്കാം. മാത്രമല്ല, സാധുവായ വീസ ഉള്ള ഇന്ത്യക്കാര്‍ക്ക് 90 ദിവസം വരെ ഇവിടെ താമസിക്കാം.