വിമാന യാത്രയിൽ ബാഗിന് ഭാരക്കൂടുതലാണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

Mail This Article
വിമാനയാത്രക്ക് തൊട്ടു മുന്‍പാകും ബാഗിന് ഭാരം കൂടുതലാണെന്നു വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിങ്ങളോടു പറയുക. യാത്രയുടെ സമ്മര്‍ദം കൂട്ടാതിരിക്കാന്‍ എങ്ങനെയെങ്കിലും ആ പണം നല്‍കി പ്രശ്നം ഒഴിവാക്കാന്‍ ശ്രമിക്കുന്നവരാവും ഒരു വിഭാഗം. അധിക ഭാരത്തിനുള്ള തുക ആയിരങ്ങള്‍ വരുമ്പോള്‍ എല്ലാവര്‍ക്കും അത് ഉള്‍ക്കൊള്ളാനാവണമെന്നുമില്ല. ഒരു രൂപ പോലും അധികം നല്‍കാതെ എങ്ങനെ ആവശ്യത്തിന് സാധനങ്ങള്‍ വിമാനയാത്രകളില്‍ കൂടെ കൂട്ടാം. അതിന് വഴികളുണ്ട്.

ആദ്യത്തെ മാര്‍ഗം നേരത്തെ വിമാനത്താവളത്തിൽ എത്തുകയെന്നതാണ്. മറ്റു യാത്രാ മാര്‍ഗങ്ങളേക്കാള്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ വിമാനയാത്രികര്‍ നേരിടേണ്ടി വരാറുണ്ട്. ഇതെല്ലാം സമയമെടുക്കുന്നതുമാണ്. യാത്ര ആരംഭിക്കുന്നതിന് മൂന്നു മണിക്കൂറെങ്കിലും മുന്‍പായി വിമാനത്താവളത്തിലെത്തിയാല്‍ നിങ്ങള്‍ക്ക് ഈ പരിശോധനകളെ സമാധാനമായി നേരിടാനാവും. എന്തെങ്കിലും കാരണവശാല്‍ നിങ്ങളുടെ ബാഗിന് ഭാരം കൂടുതലാണെങ്കില്‍ എന്തു ചെയ്യാനാവുമെന്ന് ചിന്തിക്കാനുള്ള അവസരമെങ്കിലും നേരത്തെ എത്തിയാല്‍ ലഭിക്കും. ചെറിയ ഭാരക്കൂടുതലൊക്കെ കണക്കിലെടുക്കാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ ഒഴിവാക്കാനുള്ള സാധ്യതയുമുണ്ട്. അതേസമയം വിമാനം പുറപ്പെടുന്നതിനോട് അടുപ്പിച്ചാണ് എത്തുന്നതെങ്കില്‍ തിരക്കിനിടെ കൂടുതല്‍ കര്‍ശനമായ നടപടികള്‍ നേരിടേണ്ടി വന്നേക്കാം.

അധിക ലഗേജിന്റെ ചാര്‍ജ് ഒഴിവാക്കാന്‍ സഹായിക്കുന്ന ഇനി പറയുന്ന മാര്‍ഗങ്ങളിലേതെങ്കിലും ശ്രമിച്ചു നോക്കാവുന്നതുമാണ്. നിങ്ങള്‍ സഞ്ചരിക്കുന്ന എയര്‍ലൈന്‍ എത്ര ഭാരം വരെ കൊണ്ടുപോകാന്‍ അനുവദിക്കുന്നുവെന്ന് ആദ്യമേ അറിഞ്ഞിരിക്കണം. ഇനി പരിശോധനയ്ക്കെത്തുമ്പോള്‍ പ്രധാന ബാഗിനാണ് ഭാരക്കൂടുതലെങ്കില്‍ ക്യാരി ബാഗിലേക്കും തിരിച്ചും സാധനങ്ങള്‍ മാറ്റിവച്ച് ഭാരം ക്രമീകരിക്കാന്‍ നോക്കാം.
ഇതുകൊണ്ടൊന്നും കാര്യം നടക്കുന്നില്ലെങ്കില്‍ ബാഗിലെ വസ്ത്രങ്ങളിൽ പറ്റുന്നത് ഇട്ടിരിക്കുന്ന വസ്ത്രത്തിനു മീതെ ധരിക്കുന്നത് പരീക്ഷിക്കാം. ഉദാഹരണത്തിന് ടീഷര്‍ട്ടിനും ഷര്‍ട്ടിനും മുകളില്‍ സ്വെറ്റര്‍ ധരിക്കാം. വലിയ ടവ്വലാണെങ്കില്‍ എടുത്ത് തോളിലിടാം. കോട്ടുകളുണ്ടെങ്കില്‍ പുറമേ ധരിക്കാം. പോക്കറ്റില്‍ കൊള്ളുന്ന സാധനങ്ങള്‍ പോക്കറ്റിലേക്കു മാറ്റാം. പരമാവധി സാധനങ്ങള്‍ കൂടെ കൂട്ടുന്നതോടെ ബാഗിന്റെ ഭാരം കുറയ്ക്കാൻ സാധിക്കും.
എന്തെങ്കിലും സാധനം ഒഴിവാക്കിയേ പറ്റൂ എന്നാണെങ്കില്‍ അതിനും മടിക്കരുത്. ഉദാഹരണത്തിന് വലിയ തുക പിഴ നല്‍കുന്നതിനേക്കാള്‍ വലിയ ബോട്ടില്‍ ഷാംപു ഒഴിവാക്കുന്നതാവും ലാഭം. നിങ്ങള്‍ പോവുന്ന സ്ഥലത്തു നിന്നും പിഴയേക്കാള്‍ ചെറിയ തുക നല്‍കി പുതിയ ഷാംപു വാങ്ങാനുമാവും. ഇതുപോലെ പിഴ തുകയുമായി താരതമ്യം ചെയ്ത് ഒഴിവാക്കാന്‍ സാധിക്കുന്ന സാധനങ്ങള്‍ ഒഴിവാക്കുക. വിമാനത്താവളത്തില്‍ നിങ്ങളെ കൊണ്ടാക്കാന്‍ സുഹൃത്തുക്കളോ ബന്ധുക്കളോ വന്നിട്ടുണ്ടെങ്കില്‍ ഇവര്‍ക്ക് ഈ സാധനങ്ങള്‍ കൊടുത്തയയ്ക്കാനുള്ള സാധ്യതയും പരിശോധിക്കാവുന്നതാണ്.
കൂട്ടുകാര്‍ക്കും കുടുംബത്തിനുമൊപ്പമാണ് യാത്ര ചെയ്യുന്നതെങ്കില്‍ ബാഗിനുള്ള അധിക ചാര്‍ജ് ഇല്ലാതാക്കാന്‍ പിന്നെയും മാര്‍ഗങ്ങളുണ്ട്. ആരുടേയെങ്കിലും ബാഗില്‍ സ്ഥലവും ഭാരക്കുറവുമുണ്ടെങ്കില്‍ അതിൽ ക്രമീകരിക്കാം. കൂട്ടത്തിലുള്ള കുട്ടികളുടെ ബാക്ക് ബാഗ് പോലും ഇതിനുപയോഗിക്കാം. ഇല്ലെങ്കില്‍ തന്നെ കൂട്ടത്തിലുള്ളവരുടെ പോക്കറ്റിലേക്ക് സാധനങ്ങള്‍ മാറ്റാനും ടൗവ്വലും ജാക്കറ്റുമൊക്കെ അവര്‍ക്ക് ധരിക്കാന്‍ കൊടുക്കാനും സാധിക്കും.
വിമാനത്താവളത്തിലേക്ക് യാത്രയ്ക്കായി എത്തുമ്പോള്‍ ആദ്യം എയര്‍ലൈന്‍ പ്രതിനിധിയും പിന്നീട് വിമാനത്തില്‍ കയറുന്നതിനു തൊട്ടു മുൻപുമാണ് ബാഗുകളുടെ പരിശോധന നടക്കുക. ഇതില്‍ ആദ്യ തവണയാണ് പ്രധാന പരിശോധനകളുണ്ടാവുക. ചെക്ക് ഇന്‍ കൗണ്ടറിലെ പരിശോധന മുഴുവനായി ഒഴിവാക്കാനും വഴിയുണ്ട്. ക്യാരി ഓണ്‍ ലഗേജ് മാത്രമെങ്കില്‍ ഓണ്‍ലൈന്‍ വഴി ചെക്ക് ഇന്‍ ചെയ്യാനുള്ള അവസരം പല എയര്‍ലൈനുകളും നല്‍കുന്നുണ്ട്.
യാത്രയ്ക്ക് 24 മണിക്കൂര്‍ മുൻപ് ഓണ്‍ലൈനായി ബോര്‍ഡിങ് പാസ് എടുക്കാനാവും. ഇമെയില്‍ വഴി ലഭിക്കുന്ന ഈ ഓണ്‍ലൈന്‍ ബോര്‍ഡിങ് പാസുണ്ടെങ്കില്‍ ക്യാരി ഓണ്‍ ലഗേജ് മാത്രമാണെങ്കില്‍ നിങ്ങള്‍ക്ക് ചെക്ക് ഇന്‍ ഏജന്റിനെ ഒഴിവാക്കാവുന്നതാണ്. നേരിട്ട് സുരക്ഷാ പരിശോധനക്കെത്തുന്ന നിങ്ങള്‍ ക്യാരി ബാഗില്‍ എത്ര ഭാരം കൊണ്ടുപോവുന്നുവെന്ന് സാധാരണ ഗതിയില്‍ പരിശോധിക്കാറുമില്ല. വിമാനയാത്രകളില്‍ ക്യാരി ബാഗ് മാത്രമായി യാത്ര ചെയ്യുകയെന്നതാണ് ഈ രീതി സ്വീകരിക്കുമ്പോഴുള്ള വെല്ലുവിളി.
ക്യാരി ബാഗും സ്യൂട്ട് കേയ്‌സുമായിട്ടാണ് സാധാരണ യാത്രികര്‍ വിമാന യാത്രയ്ക്കെത്തുക. ബാഗുകളിലെ അധിക ഭാരം ക്രമീകരിക്കാന്‍ ഇനിയുമൊരു സൂത്രമുണ്ട്. കൈവശം ഒരു പേപ്പര്‍ ബാഗ് കരുതുകയെന്നതാണ്. ഇനി ഇത്തരം ബാഗ് കയ്യിലില്ലെങ്കിലും പ്രശ്‌നമില്ല. വിമാനത്താവളത്തില്‍ നിന്നും എന്തെങ്കിലും ഭക്ഷണം വാങ്ങുക. ഒപ്പം ലഭിക്കുന്ന കവറില്‍ അത്യാവശ്യം ചില സാധനങ്ങള്‍ കൂടി ഇടാനാവും. വിമാനത്താവളത്തില്‍ നിന്നും വാങ്ങിയ സാധനങ്ങളെന്ന പരിഗണനയില്‍ ഇത്തരം ബാഗുകളില്‍ കാര്യമായ പരിശോധനയോ ഭാര പരിശോധനയോ ഉണ്ടാവാറില്ല. അപ്പോഴും ചെറിയൊരു ബാഗില്‍ കൊള്ളുന്ന സാധനങ്ങള്‍ മാത്രമേ ഇത്തരത്തില്‍ കൂടെ കൂട്ടാവൂ എന്നും മറക്കരുത്.