സ്പെയിനില്‍ 3 വര്‍ഷത്തേക്ക് സഞ്ചാരികള്‍ക്കു വിലക്കുണ്ടോ?

Mail This Article
ലോകത്തില്‍ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സ്‌പെയിൻ. സ്വർണവെയിലില്‍ തിളങ്ങുന്ന മെഡിറ്ററേനിയൻ ബീച്ചുകളും ചരിത്രനിര്‍മിതികളും പര്‍വ്വതങ്ങളുമെല്ലാം വര്‍ഷംതോറും ലക്ഷക്കണക്കിനു സഞ്ചാരികളെ ആകര്‍ഷിക്കുന്നു. രാജ്യത്തിന്‍റെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന തലസ്ഥാന നഗരം മാഡ്രിഡും ലോകപ്രശസ്ത വാസ്തുവിദ്യാ അദ്ഭുതങ്ങളുടെ ആസ്ഥാനമായ ബാഴ്‌സലോണയും ആഘോഷങ്ങളുടെ നഗരമായ വാലന്‍സിയയുമെല്ലാം തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളാണ്. എണ്ണമറ്റ അനുഭവങ്ങളും കാഴ്ചകളും ഉള്ളതു കൊണ്ടുതന്നെ, മറ്റു പല ഇടങ്ങളെയും പോലെ അമിതടൂറിസത്തിന്‍റെ ദൂഷ്യഫലങ്ങള്‍ സ്പെയിനിനെയും ബാധിച്ചിട്ടുണ്ട്.

2025 ജനുവരി മുതൽ ഓവർ ടൂറിസത്തെ ചെറുക്കുന്നതിനായി പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുകയാണ് സ്‌പെയിൻ. മലാഗ, ബാഴ്‌സലോണ, കാനറി ദ്വീപുകൾ തുടങ്ങിയ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ താമസക്കാരുടെ, വർധിച്ചുവരുന്ന പ്രതിഷേധങ്ങളെത്തുടർന്നാണ് ഈ നടപടി. വിനോദസഞ്ചാരികളുടെ കുത്തൊഴുക്കു മൂലം ഇവിടങ്ങളില്‍ പ്രദേശവാസികള്‍ക്ക് വീടുകള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. വീടുകള്‍ മിക്കതും വിനോദസഞ്ചാരികള്‍ക്കു താമസിക്കാനുള്ള ഹോളിഡേ ഹോമുകളായി മാറി. ലഭ്യമായ താമസസ്ഥലങ്ങള്‍ക്കാവട്ടെ, ഉയര്‍ന്ന വാടകയാണ് ഈടാക്കുന്നത്.

അമിത ടൂറിസം മൂലം, പരിസ്ഥിതിക്കും ഒട്ടേറെ ദോഷഫലങ്ങള്‍ ഉണ്ടായി. പുറമേ നിന്നുള്ള ആളുകളുടെ ഇടപെടല്‍ മൂലം, രാജ്യത്തിന്‍റെ സംസ്കാരവും സ്വത്വവും ശോഷിച്ചുവരുന്നു എന്നു പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്കെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ പ്രതിഷേധ പരിപാടികള്‍ നടന്നു. ഇതിന്‍റെ ഭാഗമായി അമിത ടൂറിസമുള്ള മേഖലകളില്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.

മാലാഗ, കോസ്റ്റ ഡല്‍ സോള്‍ എന്നിവിടങ്ങളിലെ 43 ജില്ലകളില്‍ മൂന്നു വര്‍ഷത്തേക്ക് വിനോദസഞ്ചാരികള്‍ക്കുള്ള ഹോളിഡേ ഹോമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി. ജനുവരി 14 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. കൂടാതെ, 2025 ഫെബ്രുവരി 22 മുതൽ, അതിഥികള്‍ താമസിക്കുന്ന ഭാഗത്തേയ്ക്ക് പ്രത്യേക പ്രവേശനകവാടം പോലെ നിർദ്ദിഷ്ട ആവശ്യകതകൾ പാലിക്കാത്ത മലാഗയിലെ ടൂറിസ്റ്റ് ഫ്ലാറ്റുകളുടെ ലൈസൻസുകൾ റദ്ദാക്കപ്പെടും.

വിനോദസഞ്ചാരികള്‍ക്ക് ഹോട്ടലുകള്‍, എയര്‍ ബിഎന്‍ബി മുതലായ താമസസൗകര്യങ്ങള്‍ ഉപയോഗിക്കാം. മാലാഗ നഗരത്തിൽ നിലവിൽ 13,000 രജിസ്റ്റർ ചെയ്ത അവധിക്കാല വാടക വീടുകൾ ഉണ്ട്, അവ പുതിയ നിയമങ്ങൾ പ്രകാരം പ്രവർത്തനക്ഷമമായി തുടരും.

കഴിഞ്ഞ വർഷം അലികാന്‍റെയിലും മാഡ്രിഡിലും സമാനമായ നിരോധനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബാഴ്‌സലോണയിലാകട്ടെ, 2014 മുതൽ പുതിയ ടൂറിസ്റ്റ് ഫ്ലാറ്റ് ലൈസൻസുകൾ നൽകുന്നത് നിർത്തിവച്ചിരുന്നു, 2028 ഓടെ എല്ലാ ടൂറിസ്റ്റ് ഫ്ലാറ്റ് ലൈസൻസുകളും നിർത്തലാക്കാൻ പദ്ധതിയിടുകയാണ് ബാഴ്സലോണ. സെവില്ലെയും മറ്റ് നഗരങ്ങളും സമീപഭാവിയിൽ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
യുകെയിലോ യൂറോപ്യൻ യൂണിയനു പുറത്തുള്ള മറ്റൊരു രാജ്യത്തിലോ താമസിക്കുന്ന ആളുകള്‍ക്ക്, സ്പെയിനിൽ ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഉടൻ തന്നെ 100% നികുതി അടയ്ക്കേണ്ടിവരും. മാത്രമല്ല, നിലവിലുള്ള ഹോളിഡേ ഹോമുകളുടെ നികുതിയും കൂട്ടും, ഇത് സഞ്ചാരികള്‍ക്ക് ഇവിടങ്ങളിലെ താമസം കൂടുതല്‍ ചെലവേറിയതാക്കി മാറ്റും.
ടൂറിസത്തെ വളരെയേറെ ആശ്രയിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സ്പെയിന്‍. കഴിഞ്ഞ വര്‍ഷം 94 ദശലക്ഷം സഞ്ചാരികളാണ് ഇവിടെ എത്തിയത്. മാത്രമല്ല, ഇത് സ്പെയിനിന് 126 ബില്ല്യന്‍ യൂറോ വരുമാനവും നേടിക്കൊടുത്തു.