ട്രംപിന്റെ 'ബര്‍ത്ത് ടൂറിസം' പ്രസ്താവന; അമേരിക്കയിൽ മാത്രമല്ല! പൗരത്വം ജന്മാവകാശമാണ് ഈ രാജ്യങ്ങളിലും

Mail This Article
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൊന്നായിരുന്നു അമേരിക്കയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വാഭാവികമായി പൗരത്വം നല്‍കുന്നത് നിര്‍ത്തലാക്കുമെന്നത്. ഇതേ കാര്യം പ്രസിഡന്റായ ശേഷവും അദ്ദേഹം ആവര്‍ത്തിക്കുകയുണ്ടായി. ‘രാജ്യത്തു ജനിക്കുന്ന കുഞ്ഞിന് മറ്റൊന്നും നോക്കാതെ പൗരത്വം നല്‍കുന്ന ലോകത്തെ ഏകരാജ്യമാണ് അമേരിക്ക’ എന്നതായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന. സത്യത്തില്‍ അമേരിക്ക മാത്രമാണോ ജന്മനാ കുഞ്ഞുങ്ങള്‍ക്ക് പൗരത്വം നല്‍കുന്നത്?

രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളുടെ പൗരത്വമോ നിയമപ്രകാരമുള്ള കുടിയേറ്റക്കാരാണോ സ്ഥിര താമസക്കാരാണോ എന്നിങ്ങനെയുള്ള കാരണങ്ങളൊന്നും നോക്കാതെ പൗരത്വം നല്‍കുന്ന രാജ്യങ്ങളില്‍ അമേരിക്കയുടെ അയല്‍ക്കാരായ കാനഡയും മെക്‌സിക്കോയും വരെയുണ്ട്. വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ അര്‍ജന്റീന, ബ്രസീല്‍, ചിലി, പെറു തുടങ്ങി ഭൂരിഭാഗം രാജ്യങ്ങളും ജന്മാവകാശമായി പൗരത്വം വാഗ്ദാനം ചെയ്യുന്നുവെന്നതാണ് വസ്തുത. ആഫ്രിക്കന്‍ രാജ്യങ്ങളായ ചാഡും ടാന്‍സാനിയയും ഇതേ രീതി പിന്തുടരുന്നവരാണ്.
അതേസമയം യൂറോപ്പിലെ കാര്യങ്ങള്‍ കുറച്ചുകൂടി വ്യത്യസ്തമാണ്. കുഞ്ഞിന്റെ മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും പൗരത്വമുണ്ടെങ്കില്‍ കുഞ്ഞിനും പൗരത്വം നല്‍കുന്ന രീതിയാണ് യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങള്‍ക്കും. യൂറോപ്പില്‍ ഒരു രാജ്യം പോലും ജന്മാവകാശമായി പൗരത്വം വാഗ്ദാനം ചെയ്യുന്നില്ല. അതേസമയം നിശ്ചിത കാലയളവ് കുഞ്ഞിന്റെ മാതാപിതാക്കള്‍ ആ രാജ്യത്ത് താമസിച്ചിട്ടുണ്ടെങ്കില്‍ കുഞ്ഞിന് പൗരത്വം അവകാശപ്പെടാനുമാവും. ജര്‍മനി, ബെല്‍ജിയം, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, യുകെ എന്നിവയാണ് ഈ രാജ്യങ്ങള്‍.

മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും രാജ്യത്തിന്റെ പൗരത്വമുണ്ടെങ്കില്‍ കുഞ്ഞിന് പൗരത്വം നല്‍കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ ഫ്രാന്‍സും ലക്‌സംബര്‍ഗും നെതര്‍ലന്‍ഡ്‌സും പോര്‍ച്ചുഗലും സ്‌പെയിനുമെല്ലാമുണ്ട്. സമാനമായതെങ്കിലും കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൂടി പാലിക്കണം ബെല്‍ജിയത്തിലും ഗ്രീസിലും ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പൗരത്വം ഉറപ്പിക്കാന്‍. ഇരട്ട പൗരത്വം ഒഴിവാക്കുന്ന നിയമം വഴിയാണ് സ്‌പെയിന്‍ പോലുള്ള രാജ്യങ്ങള്‍ പൗരത്വത്തില്‍ നിലപാടെടുത്തിരിക്കുന്നത്. മറ്റൊരു രാജ്യത്തും പൗരത്വമില്ലെങ്കില്‍ ഇവിടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്പാനിഷ് പൗരത്വം ലഭിക്കും.

അമേരിക്കയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നിരുപാധിക പൗരത്വം നല്‍കുന്നത് അവസാനിപ്പിക്കുമെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും അത്ര എളുപ്പമാവില്ല. നിലവില്‍ അമേരിക്കയില്‍ നിയമപരമല്ലാതെ കുടിയേറിയവരുടെ മക്കള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വിദ്യാര്‍ഥി വീസയിലെത്തിയവര്‍ക്കുമെല്ലാം ജന്മനായുള്ള പൗരത്വം ലഭിക്കുന്നുണ്ട്. ഇത് പലരും ദുരുപയോഗം ചെയ്യുന്നുവെന്നും അമേരിക്കന്‍ പൗരനാവാനുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കുമെന്നുമാണ് ട്രംപ് പറഞ്ഞിട്ടുള്ളത്.
ട്രംപിന്റേയും അനുയായികളുടേയും 'ബര്‍ത്ത് ടൂറിസം' എന്ന പ്രയോഗവും നേരത്തെ തന്നെ വിവാദമായിരുന്നു. ഗര്‍ഭിണിയായ സ്ത്രീകള്‍ കുഞ്ഞിന് അമേരിക്കന്‍ പൗരത്വം നിയമപരമായി ഉറപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ മാത്രം അമേരിക്കയിലേക്കു കുടിയേറുന്നതിനെ സൂചിപ്പിക്കുന്ന പ്രയോഗമാണിത്. അമേരിക്കന്‍ ഭരണഘടനയുടെ 14ാം ഭേദഗതിയില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ ട്രംപിന് പൗരത്വത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാവും. അത് അസാധ്യമല്ലെങ്കിലും എളുപ്പമല്ല.

അമേരിക്കന്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തണമെങ്കില്‍ ഹൗസിലും സെനറ്റിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം. ഇതു മാത്രമല്ല അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ 75 ശതമാനത്തിന്റേയും പിന്തുണ ആവശ്യവുമാണ്. ഇക്കാരണങ്ങള്‍കൊണ്ടു തന്നെ അടുത്തിടെയൊന്നും അമേരിക്കയിലെ പൗരത്വത്തില്‍ ഭേദഗതി വരാന്‍ സാധ്യതയില്ല. എന്നാല്‍ നമ്മുടെ പൗരത്വ നിയമത്തില്‍ 2019ല്‍ ഭേദഗതി വരുത്തിയിരുന്നു.

∙ ഇന്ത്യയിലെ പൗരത്വം
ഏക പൗരത്വ സമ്പ്രദായമുള്ള ഇന്ത്യയില്‍ ജനിച്ച ഒരു വ്യക്തിക്ക് പാസ്‌പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ മാത്രം ഉപയോഗിച്ച് പൗരത്വം അവകാശപ്പെടാനാവില്ല. 1987 ജൂലൈ ഒന്നിന് മുമ്പ് ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഇന്ത്യന്‍ പൗരന്മാരാണ്. 1987 ജൂലൈ ഒന്നിനും 2004 ഡിസംബര്‍ രണ്ടിനും ഇടയില്‍ ജനിച്ചവരെങ്കില്‍ മാതാപിതാക്കളില്‍ ഒരാളെങ്കിലും ഇന്ത്യന്‍ പൗരനാവണം. 2004 ഡിസംബര്‍ രണ്ടിനു ശേഷം ജനിച്ചവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ മാതാപിതാക്കള്‍ രണ്ടു പേരും ഇന്ത്യന്‍ പൗരന്മാരാവണം.

2019ലെ നിയമപ്രകാരം ഇന്ത്യയില്‍ പൗരത്വം ലഭിക്കണമെങ്കില്‍ 11 വര്‍ഷം ഇന്ത്യയില്‍ താമസിക്കണമെന്നത് 5 വര്‍ഷമാക്കി കുറച്ചു. 2014 ഡിസംബര്‍ 31നോ അതിനു മുന്‍പോ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ന്യൂന പക്ഷ വിഭാഗങ്ങളില്‍ പെട്ടവര്‍(ഹിന്ദു, സിഖ്, ബുദ്ധ, ജൈന്‍, പാഴ്‌സി, ക്രൈസ്തവ) മതപീഡനം മൂലം ഇന്ത്യയിലേക്കു കുടിയേറിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.