എവറസ്റ്റ് കയറാന്‍ ഇനി 'കൈ പൊള്ളും'; ഇക്കൊല്ലം ഫീസില്‍ വന്‍ വർധന

Mail This Article
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കയറാനുള്ള പെർമിറ്റ് ഫീസ് 36 ശതമാനം വര്‍ധിപ്പിച്ച് നേപ്പാള്‍. ക്ലൈംബിങ് സീസണിൽ ഏകദേശം 13 ലക്ഷം രൂപയാകും ചെലവ്. 2025 സെപ്റ്റംബർ മുതൽ ഇത് പ്രാബല്യത്തില്‍ വരും. എവറസ്റ്റിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനുമാണ് ഈ ഫീസ് വര്‍ധനവ് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം, ഒരു ദശാബ്ദത്തിനു ശേഷമുള്ള ആദ്യത്തെ വര്‍ധനവാണിത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 പർവതങ്ങളിൽ എട്ടെണ്ണം സ്ഥിതി ചെയ്യുന്ന നേപ്പാളില്‍, വരുമാനത്തിന്‍റെയും തൊഴിലിന്‍റെയും ഒരു പ്രധാന സ്രോതസ്സാണ് വിദേശ പർവതാരോഹകരുടെ പെർമിറ്റ് ഫീസിൽ നിന്നുമുള്ള വരുമാനം. എവറസ്റ്റ് കയറാന്‍ ഓരോ വർഷവും ഏകദേശം 300 പെർമിറ്റുകൾ നൽകുന്നുണ്ട്.
എല്ലാ സീസണുകളിലുള്ള ഫീസുകളും പരിഷ്കരിക്കും. മാർച്ച്-മേയ് സമയത്തെ വസന്തകാലത്താണ് ഏറ്റവും കൂടുതൽ പർവതാരോഹകർ എത്തുന്നത്. 1953ൽ സർ എഡ്മണ്ട് ഹിലാരിയും ഷെർപ്പ ടെൻസിംഗ് നോർഗെയും ചേർന്ന് ആരംഭിച്ച സ്റ്റാൻഡേർഡ് സൗത്ത് ഈസ്റ്റ് റിഡ്ജ് അഥവാ സൗത്ത് കോൾ റൂട്ടിലൂടെയുള്ള ജനപ്രിയ ക്ലൈംബിങ് ഈ സീസണിലാണ്. ഇതിനുള്ള ചാര്‍ജ് 11,000 യുഎസ് ഡോളറിൽ നിന്ന് 15,000 യുഎസ് ഡോളറായി ഉയരും.
ശരത്കാലത്തും ശൈത്യകാലത്തും നടക്കുന്ന അത്ര ജനപ്രിയമല്ലാത്ത ട്രെക്കിങ്ങിന്റെ ഫീസും കൂട്ടും. സെപ്റ്റംബർ-നവംബർ മാസത്തെ ശരത്കാല ട്രെക്കിങ് ഫീസ് 5,000 യുഎസ് ഡോളറിൽ നിന്ന് 7,500 യുഎസ് ഡോളറായും ഡിസംബർ-ഫെബ്രുവരി സമയത്തെ ശൈത്യകാല ട്രെക്കിങ് പെർമിറ്റുകൾ 2,500 യുഎസ് ഡോളറിൽ നിന്ന് 3,750 യുഎസ് ഡോളറായും ഉയരും.
വർധിച്ചുവരുന്ന പർവതാരോഹകരുടെ എണ്ണം കാരണം എവറസ്റ്റ് മലിനമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പർവതാരോഹകർ മാലിന്യങ്ങൾ നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനു ശക്തമായ മാലിന്യ സംസ്‌കരണ നയങ്ങൾ കൊണ്ടുവരും. പെർമിറ്റ് ഫീസിൽ നിന്നുള്ള അധിക വരുമാനം ഇതിനായി ഉപയോഗിക്കും. എവറസ്റ്റിന്‍റെ അതിലോലമായ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള ശുചീകരണ പരിപാടികൾ സംഘടിപ്പിക്കും.ജൈവവൈവിധ്യവും പർവതത്തിന്‍റെ പ്രകൃതി സൗന്ദര്യവും സംരക്ഷിക്കുന്നതിനുള്ള സംരംഭങ്ങളും ഇതിൽ ഉൾപ്പെടുന്നു.
സമീപ വർഷങ്ങളിൽ, എവറസ്റ്റിലെ തിരക്ക് വളരെയധികം കൂടിയിട്ടുണ്ട്. എവറസ്റ്റിൽ കൂടുതല്‍ പർവതാരോഹകരെ അനുവദിക്കുന്നതിനും മലകയറ്റക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനോ സ്ഥലം വൃത്തിയായി സൂക്ഷിക്കുന്നതിനോ കാര്യമായ നടപടി സ്വീകരിക്കാത്തതിനും നേപ്പാൾ പലപ്പോഴും വിമർശനത്തിന് വിധേയമായിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന വസന്തകാലത്ത്, പരിസരപ്രദേശങ്ങളില്‍ ഗതാഗതക്കുരുക്കു രൂക്ഷമാണ്. മരണനിരക്കും ഈയിടെയായി കൂടിയിട്ടുണ്ട്. ഫീസ് ഉയർത്തുന്നതിലൂടെ, ആളുകളുടെ എണ്ണം പരിമിതപ്പെടുത്താനും, തിരക്ക് കുറയ്ക്കാനും, പരിചയസമ്പന്നരായ പർവതാരോഹകർ മാത്രമേ കയറുന്നുള്ളൂ എന്ന് ഉറപ്പാക്കാനും സാധിക്കുമെന്ന് നേപ്പാൾ പ്രതീക്ഷിക്കുന്നു. കൂടാതെ, കാലാവസ്ഥാ പ്രവചനം മെച്ചപ്പെടുത്തുന്നതിനും മെച്ചപ്പെട്ട ആസൂത്രണത്തിനും ഈ അധികവരുമാനം ഉപയോഗിക്കും.

ചൈന, നേപ്പാള്‍ രാജ്യാന്തര അതിര്‍ത്തിയിലാണ് എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. എവറസ്റ്റ് ബേസ് ക്യാംപിലേക്കെത്താന്‍ രാജ്യാന്തര യാത്രികര്‍ക്ക് ഏറ്റവും കുറഞ്ഞത് മൂന്നു പെര്‍മിറ്റുകളെങ്കിലും ആവശ്യമുണ്ട്. ടിബറ്റ് ടൂറിസം ബ്യൂറോയുടെ പെര്‍മിറ്റ്, ലാസയിലെ ടിബറ്റ് പൊലീസ് വിഭാഗം നല്‍കുന്ന ഫ്രോണ്ടിയര്‍ പാസ്, ബ്ലിക്ക് സെക്യൂരിറ്റി ബ്യൂറോ അനുവദിക്കുന്ന ട്രാവല്‍ പെര്‍മിറ്റ് എന്നിവയാണ് അവ.

യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കഴിഞ്ഞ വര്‍ഷം, എവറസ്റ്റ് കയറാനെത്തുന്നവര്‍ക്കെല്ലാം ചിപ്പ് ഘടിപ്പിക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ യാത്രികര്‍ എവിടെയാണെന്ന് പെട്ടെന്ന് കണ്ടെത്താന്‍ ഈ ചിപ്പ് സഹായിക്കും.