മഞ്ഞിൽ മുങ്ങി ഊട്ടി; മസിനഗുഡി വഴി മോയാറിലേക്കൊഴുകി സഞ്ചാരികൾ

Mail This Article
നാട്ടില്‍ പൊതുവേ ചൂടുകൂടുമ്പോള്‍ തണുത്തു വിറക്കുകയാണ് ഊട്ടി. ഇതോടെ ചൂടില്‍ നിന്നും രക്ഷപ്പെടാനായി മലയാളികള്‍ അടക്കം നിരവധി സഞ്ചാരികളാണ് കൂട്ടായും കുടുംബമായും ഉദകമണ്ഡലത്തിലേക്ക് വച്ചുപിടിക്കുന്നത്. മസിനഗുഡി വഴി ഊട്ടിയിലേക്കു മാത്രമല്ല മോയാറിലേക്കും സഞ്ചാരികള്‍ ഇപ്പോള്‍ പോവുന്നുണ്ട്. സാധാരണ ജനുവരിയില്‍ പാരമ്യത്തിലെത്തുന്ന മഞ്ഞുകാലം ഒന്നു പതുങ്ങിയ ശേഷമാണ് ഊട്ടിയിലേക്ക് തിരിച്ചെത്തിയത്. മഞ്ഞുകാലത്തിന്റെ തെളിവായി ഊട്ടിയിലെ പുല്‍മൈതാനങ്ങളിലും രാത്രിയില്‍ തുറസായ ഇടങ്ങളില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കു മുകളിലും മഞ്ഞ് ഉറഞ്ഞ നിലയില്‍ കാണപ്പെടുന്നുണ്ട്.

ജനുവരി മൂന്നിന് പൂജ്യം ഡിഗ്രിയും നാലിന് -1 ഡിഗ്രിയും ഊട്ടിയില്‍ രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച്ച തലൈക്കുന്തയില്‍ ഒരു ഡിഗ്രിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഊട്ടിയിലെത്തുന്ന സഞ്ചാരികളുടെ ഹോട്ട്സ്പോട്ടായ സ്ഥലങ്ങളുടേയും മോയാറിന്റെയും സവിശേഷതകള്‍ നോക്കാം.

മനോഹരം മോയാര്‍
ഊട്ടിയുടേതിന് തുല്യമായ മനോഹര കാഴ്ചകള്‍. എന്നാല്‍ ഗതാഗത തിരക്കില്ലാത്ത പ്രശാന്ത സുന്ദരമായ സ്ഥലം. അതാണ് മോയാര്‍. ഗൂഡല്ലൂര്‍- മുതുമല- മസിനഗുഡി വഴിയാണ് മോയാര്‍. തേയിലതോട്ടങ്ങളും സിംഹവാലന്‍ കുരങ്ങുകളും മാനുകളും തുടങ്ങി കടുവ വരെ നീളും ഇവിടുത്തെ വന്യജീവി സാന്നിധ്യം.
മസിനഗുഡി സഫാരി ജീപ്പുകളുടെ താവളം കൂടിയാണ്. അമ്പതിലേറെ സ്വകാര്യ ജീപ്പുകളാണ് ഇവിടെയുള്ളത്. മസിനഗുഡിയില്‍ നിന്നും രണ്ടു രീതിയില്‍ മോയാറിലേക്കു പോവാം. ആദ്യത്തേത് എട്ടുകിലോമീറ്റര്‍ കാട്ടിലൂടെ മോയാര്‍ അണക്കെട്ടു വരെ നീളുന്നത്. രണ്ടാമത്തേത് വ്യൂ പോയിന്റിലൂടെയുള്ള രണ്ടു മണിക്കൂര്‍ നീളുന്ന ചുറ്റിയടിക്കല്‍. സ്വന്തം വാഹനത്തിലെത്തുന്നവര്‍ക്ക് ഇവരെ ആശ്രയിക്കാതെ മോയാറിന്റെ സൗന്ദര്യം ആസ്വദിക്കാനാവും. എന്നാല്‍ യാത്രയിലൊരിടത്തും വാഹനം നിര്‍ത്തുകയോ വാഹനത്തില്‍ നിന്നിറങ്ങുകയോ ചെയ്യരുത്. നിരീക്ഷണ ക്യാമറകളും വനപാലകരും പിഴ വിധിച്ചേക്കാം.

വെന്‍ലോക്ക് ഡൗണ്‍സ്
ഷൂട്ടിങ് പോയിന്റ് എന്ന പേരിലാണ് ഇന്ന് വെന്‍ലോക്ക് ഡൗണ്‍സ് അറിയപ്പെടുന്നത്. മനോഹരമായ പച്ചപ്പുല്‍മേടുകളും പ്രകൃതി മനോഹാരിതയ്ക്കും പേരുകേട്ട സ്ഥലം. ഇവിടം സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായതില് അദ്ഭുതമില്ല. പ്രകൃതിയെ ആസ്വദിച്ചുകൊണ്ട് നടക്കാനും ഫൊട്ടോഗ്രഫിക്കും പിക്നിക്കിനുമെല്ലാം യോജിച്ച സ്ഥലം. ഊട്ടിയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണ് വെന്‍ലോക്ക് ഡൗണ്‍സ്. പ്രവേശന സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് 6:45 വരെ.

സിംസ് പാര്‍ക്ക്
കൂനൂരില്‍ 12 ഹെക്ടര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന പ്രകൃതിദത്ത പൂന്തോട്ടമാണ് സിംസ് പാര്‍ക്ക്. 1874ല്‍ ജെ.ഡി സിംസും മേജര്‍ മുറെയും ചേര്‍ന്ന് ഭൂമിയുടെ സ്വാഭാവിക പ്രകൃതിക്കനുസരിച്ച് വികസിപ്പിച്ചെടുത്ത ബോട്ടാണിക്കല്‍ ഗാര്‍ഡനാണിത്. സിംസിന്റെ പേരു തന്നെയാണ് ഈ ഉദ്യാനത്തിനു നല്‍കിയിരിക്കുന്നത്. മേയ് മാസത്തിലെ പഴങ്ങളുടേയും പച്ചക്കറികളുടേയും പ്രദര്‍ശനമാണ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പ്രധാന പരിപാടി.

രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറു വരെയാണ് സന്ദര്‍ശന സമയം. ടിക്കറ്റിന് മുതിര്‍ന്നവര്‍ക്ക് 40 രൂപ. കുട്ടികള്‍ക്ക് 20 രൂപ. മനോഹരമായി പരിപാലിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തിലേറെ ഇനം പൂക്കളുള്ള സിംസ് പാര്‍ക്ക് സന്ദര്‍ശിക്കുന്നത് നഷ്ടമാവില്ല. ഊട്ടിയില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരം.
പൈക്കര വെള്ളച്ചാട്ടം
നീലഗിരി ജില്ലയിലെ ഊട്ടിക്കടുത്തുള്ള ഗ്രാമമാണ് പൈക്കര. ഊട്ടിയില്‍ നിന്നും ഗൂഡല്ലൂരിലേക്കുള്ള വഴിയില്‍ 19 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം. തോടര്‍ പവിത്രമായി കരുതുന്ന പൈക്കര നദിയിലെ വെള്ളച്ചാട്ടമാണ് പൈക്കര വെള്ളച്ചാട്ടം. പൈക്കര ഡാമും ബോട്ട് സര്‍വീസും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

പതിവ് ഊട്ടിക്കാഴ്ച്ചകള്
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമെന്ന പെരുമ ഊട്ടിക്ക് സ്വന്തം. ഏപ്രില്‍ മുതല്‍ സീസണ് ആരംഭിക്കും. അപ്പോള്‍ പകല്‍ 22 ഡിഗ്രിക്കും 25 ഡിഗ്രിക്കും ഇടയിലാവും താപനില. മേയ് മാസത്തിലെ പുഷ്പമേളയും നിരവധി പേരെ ഊട്ടിയിലേക്ക് ആകര്‍ഷിക്കുന്നു.


55 ഏക്കറില്‍ പരന്നു കിടക്കുന്ന ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ വിരളമായ നിരവധി സസ്യങ്ങളുണ്ട്. ഊട്ടിയിലെ ആദ്യ കൊളോണിയല്‍ കെട്ടിടമായ സെന്റ് സ്റ്റീഫന്‍സ് പള്ളി. ഇന്ത്യയിലെ ഏറ്റവും വലിയ റോസാപ്പൂന്തോട്ടമായ റോസ് ഉദ്യാനം. മേട്ടുപ്പാളയത്തേയും ഊട്ടിയേയും ബന്ധിപ്പിക്കുന്ന പൈതൃക പട്ടികയില്‍ ഇടം നേടിയ നീലഗിരി മലയോര തീവണ്ടിപ്പാത എന്നിവയെല്ലാം ഊട്ടിയിലെത്തുന്ന സഞ്ചാരികള്‍ക്ക് അനുഭവമാവുന്നു.