ലോകത്തിലെ ഏറ്റവും അസ്വസ്ഥമായ സ്ഥലങ്ങളിൽ ഒന്ന്; ഇത് മരണത്തിന്റെ താഴ്വര

Mail This Article
മുഗളന്മാരെ തുരത്തിയോടിച്ച അഹോം രാജവംശത്തിന്‍റെ സമ്പന്നമായ പാരമ്പര്യവുമുള്ള നാടാണ് അസം. ഒറ്റക്കൊമ്പൻ കാണ്ടാമൃഗവും കാമാഖ്യ ക്ഷേത്രവുമെല്ലാം ഈ നാടിന്‍റെ മുഖമുദ്രകളാണ്. അതേപോലെ തന്നെ വിശദീകരിക്കപ്പെടാത്ത സംഭവങ്ങളും നിഗൂഢതകളും നിറഞ്ഞ വേറെയും ഇടങ്ങള്‍ അസമിലുണ്ട്, അത്തരം സ്ഥലങ്ങളിൽ ഒന്നാണ് ഹാഫ്‌ലോങ് പട്ടണത്തിനടുത്തുള്ള ജതിംഗ താഴ്വര.

അസമിലെ ദിമാ ഹസാവോ ജില്ലയില്‍, ഗുവാഹത്തിയിൽ നിന്ന് 330 കിലോമീറ്റർ തെക്കായിട്ടാണ് ജതിംഗ സ്ഥിതിചെയ്യുന്നത്. ഏകദേശം 2,500 ഖാസി - പ്നാർ ജനങ്ങളും കുറച്ച് ആസാമികളുമാണ് മനോഹരമായ ഈ ഗ്രാമത്തിൽ വസിക്കുന്നത്. എല്ലാ വർഷവും സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള സമയത്ത് ഈ സ്ഥലം വാർത്തകളിൽ ഇടം നേടാറുണ്ട്. രാത്രികളില്‍ പക്ഷികള്‍ കൂട്ടത്തോടെ താഴേക്കു വീഴുന്ന പ്രതിഭാസമാണ് ജതിംഗയെ കുപ്രസിദ്ധമാക്കിയത്.

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ, ചന്ദ്രനില്ലാത്തതും മൂടൽമഞ്ഞുള്ളതുമായ ഇരുണ്ട രാത്രികളിൽ, വൈകുന്നേരം 6 മണിക്കും രാത്രി 9:30 നും ഇടയിലുള്ള സമയത്താണ് ഇത് സംഭവിക്കുന്നത്. പക്ഷികള്‍ ആകാശത്തു നിന്നും കൂട്ടത്തോടെ താഴേക്കു പറന്നിറങ്ങുന്നു. വാർത്താ റിപ്പോർട്ടുകൾ പ്രകാരം, ഇങ്ങനെ എത്തുന്നവയിൽ ഏകദേശം 40 ഇനം തദ്ദേശീയ പക്ഷികളും ദേശാടന പക്ഷികളും ഉൾപ്പെടുന്നു. ഇക്കാരണത്താൽ, ലോകത്തിലെ ഏറ്റവും അസ്വസ്ഥമായ സ്ഥലങ്ങളിൽ ഒന്നായി ജതിംഗയെ പലരും കണക്കാക്കുന്നു.
ടൈഗർ ബിറ്റെർൻ, കിംഗ്ഫിഷറുകൾ, ലിറ്റിൽ ഈഗ്രെറ്റ് എന്നിവയുൾപ്പെടെ വിവിധ ഇനം പക്ഷികള്‍ ഇതില്‍പ്പെടുന്നു. കൂടാതെ, ബ്ലാക്ക് ഡ്രോൺ, ഗ്രീൻ പീജിയൻ, ഹിൽ പാർട്രിഡ്ജ്, എമറാൾഡ് ഡോവ്, നെക്ലേസ്ഡ് ലാഫിംഗ് ത്രഷ് എന്നിങ്ങനെ, മറ്റിടങ്ങളില്‍ നിന്നും പറന്നെത്തുന്ന പക്ഷികളും ഇവയില്‍ പെടുന്നു.
എന്താണ് ഇതിനു കാരണം? പക്ഷികള്‍ ശരിക്കും ആത്മഹത്യ ചെയ്യുമോ? ഇതുസംബന്ധിച്ച്, സംരക്ഷകരും പക്ഷിശാസ്ത്രജ്ഞരും ഒട്ടേറെ പഠനങ്ങളും നിരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. പ്രശസ്ത പക്ഷിശാസ്ത്രജ്ഞനായ അൻവറുദ്ദീൻ ചൗധരിയുടെ 'ദി ബേർഡ്സ് ഓഫ് അസം' എന്ന പുസ്തകത്തില്‍ ഇതേക്കുറിച്ച് പറയുന്നുണ്ട്. മൺസൂൺ അവസാനത്തില്‍ വീശിയടിക്കുന്ന കാറ്റും മൂടല്‍മഞ്ഞും ഈ പക്ഷികളെ പരിഭ്രാന്തരാക്കുമെന്ന് അതില്‍ പറയുന്നു. ഇരുണ്ട വടക്കൻ ആകാശത്തു നിന്ന് ഗ്രാമങ്ങളിലെ വിളക്കുകളുടെ വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെടുന്ന അവ, താഴേക്ക് ഇറങ്ങാൻ തുടങ്ങും.
ഈ അന്ധാളിച്ച പക്ഷികളെ തദ്ദേശീയരായ ഗോത്രവർഗക്കാർ മുളങ്കമ്പുകൾ ഉപയോഗിച്ച് പിടികൂടുന്നു. കൂടുതലും ചെറിയ പക്ഷികളാണ് ഇങ്ങനെ എത്തുന്നത്. ഇവ 'ദൈവങ്ങളുടെ സമ്മാന'മായി കണക്കാക്കി ആളുകള്‍ ഇവയെ പാകം ചെയ്ത് കഴിക്കുന്നു. ദുഷ്ടാത്മാക്കൾ" ആണ് ഈ സംഭവത്തിന് ഉത്തരവാദികൾ എന്ന വിശ്വാസം ഈ പ്രദേശത്തുള്ള ഗ്രാമങ്ങളിൽ വളരെക്കാലമായി നിലനിന്നിരുന്നു.
ഉയരത്തിലെ കാറ്റും മൂടല്‍മഞ്ഞും ഇരുട്ടുമെല്ലാമുള്ള കാലാവസ്ഥ, പക്ഷികളുടെ ദിശാബോധം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു എന്ന് ഇതേക്കുറിച്ചുള്ള ഒരു സിദ്ധാന്തം പറയുന്നു. അങ്ങനെ അവര്‍ പരസ്പരം ഇടിച്ച് കൂട്ടത്തോടെ താഴേക്ക് വീഴുന്നു. അതേപോലെ, ഈ പ്രദേശത്തിന്‍റെ കാന്തിക ശക്തി മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന മറ്റൊരു വാദവും നിലവിലുണ്ട്.
ഈ പ്രതിഭാസം ആരംഭിച്ചത് 1910 ലാണ്. എന്നാൽ 1957 ൽ ബ്രിട്ടീഷ് തേയില കർഷകനും പക്ഷിശാസ്ത്രജ്ഞനുമായ ഇ.പി. ഗീ തന്‍റെ 'വൈൽഡ് ലൈഫ് ഓഫ് ഇന്ത്യ' എന്ന പുസ്തകത്തിൽ എഴുതിയപ്പോഴാണ് പൊതുജനങ്ങൾ ഇതിനെക്കുറിച്ച് ബോധവാന്മാരാകുന്നത്. കാസിരംഗ നാഷണൽ പാർക്ക് അസം വെബ്‌സൈറ്റ് അനുസരിച്ച്, ഈ പ്രതിഭാസത്തെ "പക്ഷികൾക്കുള്ള ബെർമുഡ ട്രയാംഗിൾ" എന്നും വിശേഷിപ്പിക്കുന്നു. ഇന്ത്യയില്‍ മാത്രമല്ല, മലേഷ്യ, ഫിലിപ്പീൻസ്, മിസോറാം എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിലും സമാനമായ സംഭവം കാണാം.