അസം സന്ദര്‍ശനം, പൗരന്മാര്‍ക്കുള്ള വിലക്കില്‍ ഇളവു നല്കി ഓസ്‌ട്രേലിയ

Mail This Article
അസമിലെ നാല് അതിര്‍ത്തി ജില്ലകള്‍ ഒഴികെയുള്ള ഭാഗങ്ങളില്‍ ഇനി മുതല്‍ ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്ക് സന്ദര്‍ശന വിലക്കില്ല. അതേസമയം ടിന്‍സുകിയ, ദിബ്രുഗ്രഹ്, ചരെയ്ദിയോ, ശിവസാഗര്‍ എന്നീ ജില്ലകള്‍ക്കുള്ള സന്ദര്‍ശന വിലക്ക് ഇപ്പോഴും തുടരുന്നുമുണ്ട്.
അസമിലെ മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പലതും ഇപ്പോഴും സന്ദര്‍ശന വിലക്കുള്ള സ്ഥലങ്ങളിലാണെന്നതും ശ്രദ്ധേയമാണ്. രംഗ് ഘര്‍, അസമിലെ പിരമിഡുകളായ ചരായ്ദിയോ മൊയ്ദാം എന്നിവ ഇതില്‍ പ്രധാനമാണ്. ഉത്സവസമയത്ത് അഹോം രാജാക്കന്മാരും പ്രഭുക്കളും എരുമപ്പോര് പോലുള്ള കളികള്‍ കാണാനായി കാഴ്ച്ചക്കാരായിരുന്ന രാജകീയ പവലിയനായിരുന്നു രംഗ് ഘര്‍. 700 വര്‍ഷം പഴക്കമുള്ള അഹോം രാജവംശത്തിന്റെ ശവകുടീരങ്ങളായിരുന്നു മൊയ്ദാം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ചരായ്ദിയോ മൊയ്ദാമിനെ യുനെസ്‌കോ ലോക പൈതൃക പട്ടികള്‍ ഉള്‍പ്പെടുത്തിയിരുന്നു.

അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്ന മൂന്നാം വിഭാഗത്തിലാണ് അസമിലെ നാല് അതിര്‍ത്തി ജില്ലകളെ ഓസ്‌ട്രേലിയ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഘര്‍ഷ മേഖലകളായാണ് ഇവയെ ഇപ്പോഴും ഓസ്‌ട്രേലിയ വിശേഷിപ്പിക്കുന്നത്. ''വിഭാഗീയ പ്രവര്‍ത്തനങ്ങളും സായുധ അക്രമങ്ങളും മൂലം ആഭ്യന്തര നിയമ സംവിധാനങ്ങള്‍ തകര്‍ന്ന അപകടസാധ്യതാ മേഖല'യായാണ് ഈ പ്രദേശങ്ങളെ ഓസ്‌ട്രേലിയ വിലയിരുത്തുന്നത്.

ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് അസമിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്കുള്ള മുന്നറിയിപ്പുള്ളത്. അസമിലേക്കുള്ള സന്ദര്‍ശനവിലക്കില്‍ ഇളവു നല്‍കുമ്പോഴും മുൻപ് പറഞ്ഞ നാല് അതിര്‍ത്തി ജില്ലകളിലേക്കുള്ള യാത്രകള്‍ ഇപ്പോഴും അപകട സാധ്യതയുള്ളതാണെന്നാണ് ഓസ്‌ട്രേലിയ നല്‍കുന്ന മുന്നറിയിപ്പ്. അസമിലെ പലഭാഗങ്ങളിലും അഫ്‌സ്പ(സായുധ സേനക്കുള്ള സവിശേഷാധികാര നിയമം) തുടരുന്നതിലെ ആശങ്ക ഓസ്‌ട്രേലിയന്‍ ഹൈ കമ്മീഷന്‍ പ്രകടിപ്പിച്ചെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിക്കുന്നത്. ഈ നിയമം പിന്‍വലിച്ചാല്‍ പ്രദേശത്തേക്കുള്ള സന്ദര്‍ശന വിലക്കും പിന്‍വലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ഓസ്‌ട്രേലിയ മാത്രമല്ല മറ്റു പല ലോകരാജ്യങ്ങളും അസമിലേക്ക് തങ്ങളുടെ പൗരന്മാര്‍ യാത്ര ചെയ്യുന്നതിന് എതിര്‍പ്പുമായി എത്തിയിട്ടുണ്ട്. ജര്‍മനി, കാനഡ, ന്യുസീലന്‍ഡ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ അസമിലേക്ക് പോവരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളവയാണ്. പല രാജ്യങ്ങളുടേയും എംബസികള്‍ യാത്രാ മുന്നറിയിപ്പു നല്‍കുന്ന 'ചാര' പട്ടികയിലാണ് അസമിനെ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ തന്നെ പറഞ്ഞിരുന്നു.
ഓസ്‌ട്രേലിയ സന്ദര്‍ശന വിലക്കു തുടരുന്ന അസമിലെ നാലു ജില്ലകളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
1. ടിന്‍സുകിയയിലെ ദിബ്രു സായ്‌കോവ ദേശീയപാര്‍ക്ക്.
2. ടിന്‍സുകിയയിലെ കിഴക്കിന്റെ ആമസോണ്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ദേഹിങ് പത്‌കൈ വന്യജീവി സംരക്ഷണ കേന്ദ്രം.
3. അഹോം രാജവംശത്തിന്റെ കാലത്തെ പുരാവസ്തുവായ ദിബ്രുഗ്രഹിലെ റെയ്‌ഡോങ്കിയ ഡോല്‍.
4. ചരായ്ദിയോയിലെ ലാചെന്‍ ആശ്രമം.
5. ശിവസാഗറിലെ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളിലൊന്നായ ശിവദോള്‍.