ADVERTISEMENT

ലോകത്തിലെ മിക്കവാറും എല്ലാ സ്ഥലങ്ങളുടെയും ചിത്രങ്ങളും വിവരങ്ങളുമെല്ലാം എല്ലാവര്‍ക്കും വിരൽ തുമ്പിൽ ലഭ്യമാണ്. ലോകത്തുള്ള എല്ലാ മനോഹര സ്ഥലങ്ങളും സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാനാവില്ല. പ്രവേശനം പൂർണമായും നിരോധിക്കപ്പെട്ട ചിലയിടങ്ങള്‍ ഈ ലോകത്തുണ്ട്. അത്തരം ചില സ്ഥലങ്ങളെക്കുറിച്ച് അറിയാം.

ലാസ്കോക്സ് ഗുഹകള്‍, ഫ്രാന്‍സ്

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ മോണ്ടിഗ്നാക് ഗ്രാമത്തിനടുത്തുള്ള ഗുഹകളുടെ ഒരു ശൃംഖലയാണ് ലാസ്കോക്സ്(Lascaux). ഏകദേശം 17,000–22,000 വർഷം പഴക്കമുള്ള ഗുഹാചിത്രങ്ങള്‍, ഗുഹകളുടെ ഉൾഭാഗത്തെ ചുവരുകളെയും മേൽക്കൂരകളെയും മൂടുന്നു. ഓറോക്കുകൾ, കുതിരകൾ, മാനുകൾ തുടങ്ങിയ മൃഗങ്ങളുടെ ചിത്രങ്ങളാണിവ. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഈ ഗുഹകള്‍ 1963 മുതൽ പൊതുജനങ്ങൾക്കായി അടച്ചു. വിനോദസഞ്ചാരം മൂലം ഈ ചിത്രങ്ങള്‍ നശിപ്പിക്കപ്പെട്ടേക്കാം എന്നു കരുതിയാണ് ഗുഹയിലേക്കുള്ള പ്രവേശനം നിരോധിച്ചത്.

നോര്‍ത്ത് സെന്‍റിനൽ ദ്വീപ്‌, ഇന്ത്യ

ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്നതും ഏകദേശം 72 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ളതുമായ ദ്വീപാണ് നോർത്ത് സെന്‍റിനൽ ദ്വീപ്(North Sentinel Island). ഗോത്ര വർഗ്ഗക്കാരായ സെന്‍റിനെലീസ് വംശജര്‍ താമസിക്കുന്ന ഈ ദ്വീപ്‌ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഭാഗമാണ്. പ്രത്യേക തരം സംസ്കാരം പിന്തുടരുന്ന സെന്‍റിനെലീസ് ജനത ശിലായുഗ മനുഷ്യരായാണ് അറിയപ്പെടുന്നത്. വേട്ടയാടലും മീൻ പിടുത്തവും ആണ് ഇവരുടെ പ്രധാനതൊഴില്‍. പുറമേ നിന്നുള്ള ആളുകളെ ഇവര്‍ അടുപ്പിക്കില്ല. ചുറ്റും പവിഴപ്പുറ്റുകളുള്ളതിനാൽ ബോട്ടുകൾക്കോ കപ്പലുകൾക്കോ ഈ ദ്വീപിലേക്ക് അടുക്കാനുമാവില്ല. താഴ്ന്നുപറക്കുന്ന വിമാനങ്ങളോ ദ്വീപിന് മുകളിലൂടെ പറക്കുന്ന ഹെലികോപ്റ്ററുകളോ കണ്ടാൽ ഇവർ അമ്പെയ്യുകയും കല്ലെറിയുകയും ചെയ്യുന്നത് സാധാരണമാണ്. ഗോത്രവർഗ സംരക്ഷണം മുൻനിർത്തി, സർക്കാർ അവർക്ക് അവിടെ സമ്പൂർണ സ്വാതന്ത്ര്യമാണ് അനുവദിച്ചിരിക്കുന്നത്. ഇപ്പോൾ ദ്വീപിന്‍റെ മൂന്നു കിലോമീറ്റർ ചുറ്റളവിനുള്ളിൽ ആർക്കും പ്രവേശമില്ല.

Ise, Mie, Japan. Image Credit: MasaoTaira/istockphoto
Ise, Mie, Japan. Image Credit: MasaoTaira/istockphoto

ഐസ് ഗ്രാൻഡ് ക്ഷേത്രം, ജപ്പാന്‍

സൂര്യദേവത അമതേരാസുവിന് സമർപ്പിച്ചിരിക്കുന്ന ഒരു ഷിന്റോ ദേവാലയമാണ് ഐസ് ഗ്രാൻഡ് ക്ഷേത്രം(Ise Grand Shrine). ജപ്പാനിലെ മി പ്രിഫെക്ചറിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, ഔദ്യോഗികമായി ജിങ്കു എന്നറിയപ്പെടുന്നു. ഷിന്റോയുടെ ഏറ്റവും വിശുദ്ധവും പ്രധാനപ്പെട്ടതുമായ സ്ഥലങ്ങളിൽ ഒന്നായ ഈ ദേവാലയത്തിന്‌, നായികു, ഗെകു എന്നിങ്ങനെ രണ്ടുഭാഗങ്ങളുണ്ട്. രണ്ട് ഭാഗങ്ങളിലേക്കുമുള്ള പ്രവേശനം കർശനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഉയരമുള്ള തടി വേലികൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന കേന്ദ്ര ഘടനകളുടെ മേൽക്കൂരകൾ കാണുന്നതിന് അപ്പുറം പൊതുജനങ്ങൾക്ക് അനുവാദമില്ല. എന്നിരുന്നാലും മൈജി കാലഘട്ടത്തിലെ അലങ്കാര നടപ്പാതകൾ ഉൾപ്പെടെയുള്ള വനത്തിൽ സഞ്ചാരികൾക്ക് ചുറ്റിക്കറങ്ങാൻ സ്വാതന്ത്ര്യമുണ്ട്.

നോർത്ത് ബ്രദർ, സൗത്ത് ബ്രദർ ദ്വീപുകൾ, യു എസ്

ന്യൂയോർക്ക് നഗരത്തിലെ ഈസ്റ്റ് നദിയിൽ ബ്രോങ്ക്സ്, റൈക്കേഴ്സ് ദ്വീപ് എന്നിവയ്ക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു ജോഡി ചെറിയ ദ്വീപുകളാണ് നോർത്ത് ബ്രദർ(North Brother Island), സൗത്ത് ബ്രദർ ദ്വീപുകൾ. ഈ ദ്വീപുകൾ വളരെക്കാലമായി സ്വകാര്യ ഉടമസ്ഥതയിലായിരുന്നു. പിന്നീട് 2007-ൽ ഇത് സര്‍ക്കാര്‍ ഉടമസ്ഥതയിലായി. ജലപക്ഷികളുടെ സങ്കേതങ്ങളാണ് ഇന്ന് ഇവ. പൊതുജനങ്ങൾക്ക് ഇവിടേക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു, പക്ഷേ ഗവേഷകർക്കും പത്രപ്രവർത്തകർക്കും ഇടയ്ക്കിടെ അനുമതി നൽകാറുണ്ട്.

Snaefellsjokull National Park in Iceland. Image Credit: tatyana_tomsickova/istockphoto
Snaefellsjokull National Park in Iceland. Image Credit: tatyana_tomsickova/istockphoto

സര്‍ട്ട്സി ദ്വീപ്‌, ഐസ്‌ലന്‍ഡ്

ഐസ്‌ലൻഡിന്‍റെ തെക്കൻ തീരത്ത് വെസ്റ്റ്‌മന്നെയ്‌ജാർ ദ്വീപസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അഗ്നിപർവ്വത ദ്വീപാണ് സര്‍ട്ട്സി(Surtsey Island). നാല് വർഷത്തോളം നീണ്ടുനിന്ന അഗ്നിപർവ്വത സ്ഫോടനത്തിന്‍റെ ഫലമായാണ് ഇത് രൂപപ്പെട്ടത്. ഭൂമിയിലെ ഏറ്റവും പുതിയ ദ്വീപ്‌ എന്ന വിശേഷണവും സര്‍ട്ട്സിക്ക് സ്വന്തം. മനുഷ്യരുടെ ഇടപെടൽ ദ്വീപിന്‍റെ പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കും എന്നു വിശ്വസിക്കപ്പെടുന്നതിനാൽ നിലവില്‍, കുറച്ച് ശാസ്ത്രജ്ഞർക്കും ഭൂഗർഭശാസ്ത്രജ്ഞർക്കും മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ.

ഡൽസ് ബേസ്, യുഎസ്എ

ന്യൂ മെക്സിക്കോയിലെ കൊളറാഡോ അതിർത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു വിചിത്ര പട്ടണമാണ് ഡൽസ്(Dulce Base). 2,600 തദ്ദേശീയ അമേരിക്കന്‍ ആളുകള്‍ വസിക്കുന്ന ഈ പട്ടണം അവിശ്വസനീയമായ പരീക്ഷണങ്ങൾ നടക്കുന്ന ഒരു ഭൂഗർഭ ലബോറട്ടറിയായി പ്രവർത്തിക്കുന്നു. പ്രദേശത്ത് യു‌എഫ്‌ഒകൾ, വിചിത്രമായ ചലിക്കുന്ന ലൈറ്റുകൾ, മറ്റ് വിശദീകരിക്കാനാകാത്ത കാഴ്ചകൾ എന്നിവ കണ്ടതായി ആളുകള്‍ അവകാശപ്പെടുന്നു. അന്യഗ്രഹജീവികളും അവരുടെ അതിനൂതന സാങ്കേതികവിദ്യകളും മനുഷ്യ-മൃഗ സങ്കരയിനങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന ഇടമാണ് ഡൽസ് ബേസ് എന്ന് പറയപ്പെടുന്നു. യു എസ് ഗവണ്മെന്‍റ് ഇവിടേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.

Heard Island. Image Credit: wiki
Heard Island. Image Credit: wiki

ഹേഡ് ഐലന്‍ഡ്‌ ആൻഡ് മക്ഡൊണാൾഡ് ഐലന്‍ഡ്‌സ്, ഓസ്ട്രേലിയ

അന്റാർട്ടിക് ദ്വീപുകളിലെ ഒരു അഗ്നിപർവത ദ്വീപസമൂഹമാണ് ഹേഡ് ഐലന്‍ഡ്‌ ആൻഡ് മക്ഡൊണാൾഡ് ഐലന്‍ഡ്‌സ്(Heard Island and McDonald Islands). അന്റാർട്ടിക്കയ്ക്കും മഡഗാസ്കറിനും ഇടയിലായി കാണുന്ന ഈ ദ്വീപസമൂഹം ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശങ്ങളിൽപ്പെടുന്നു, ഇവിടെ ഇപ്പോൾ മനുഷ്യവാസമില്ല. അഗ്നിപർവ്വത സ്‌ഫോടനങ്ങളുടെ ഫലമായി ഉണ്ടായ അവശിഷ്ടങ്ങളും ചുണ്ണാമ്പുകല്ലുമാണ് ഈ ദ്വീപ് മുഴുവൻ. ദുർബലമായ പ്രകൃതിദത്ത ചുറ്റുപാടുകൾ സംരക്ഷിക്കുന്നതിനായി, ഓസ്‌ട്രേലിയൻ സർക്കാർ  ദ്വീപിലേക്കുള്ള പ്രവേശനം വിലക്കി.

Doomsday Seed Vault
Doomsday vault Norway. Image Credit: ginger polina bublik/Shutterstock

ഡൂംസ്ഡേ വോൾട്ട്, നോര്‍വേ

നോർവേയിലെ സ്വാല്‍ബാർഡ് ദ്വീപസമൂഹത്തിൽപ്പെട്ട സ്പിറ്റ്സ്ബെർഗൻ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു വിത്തു സംരക്ഷണ കേന്ദ്രമാണ് ഡൂംസ്ഡേ വോൾട്ട്(Doomsday Vault). ലോകമെമ്പാടുമുള്ള ജീൻ ബാങ്കുകളിൽ സൂക്ഷിച്ചിട്ടുള്ള വിത്തുകളുടെ പകർപ്പ് അഥവാ അധികമുള്ള വിത്തുകൾ എന്നിവ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കൻ സംരക്ഷകനായ കാരി ഫൗളറും കൺസൾറ്റേറ്റീവ് ഗ്രൂപ്പ് ഓൺ ഇന്റർനാഷണൽ അഗ്രികൾച്ചറൽ റിസർച്ച് എന്ന സംഘടനയും ചേർന്നാണ് ഇതിനു രൂപം നൽകിയത്. എന്നെങ്കിലും ലോകാവസാനം സംഭവിക്കുകയോ അല്ലെങ്കില്‍ ആഗോള പ്രതിസന്ധി ഉണ്ടാകുകയോ ഉണ്ടാകുമ്പോള്‍, വിവിധ സസ്യങ്ങളുടെ വിത്തുകൾ സുരക്ഷിതമായി സംരക്ഷിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും നിന്ന് വിത്തുകൾ ഡൂംസ്ഡേ വോൾട്ടിലേക്ക് അയയ്ക്കുന്നു. പ്രത്യേക ദിവസങ്ങളിൽ ഈ നിലവറ പ്രത്യേക അതിഥികൾക്ക് മാത്രമേ തുറന്നുകൊടുക്കൂ.

(Photo: X/@UberFacts)
(Photo: X/@UberFacts)

ക്യൂമാഡ ഗ്രാൻഡെ, ബ്രസീല്‍

ബ്രസീലിന്റെ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് ഇൽഹ ഡാ ക്യൂമാഡ ഗ്രാൻഡെ (Ilha da Queimada Grande). ഇത് പാമ്പ് ദ്വീപ്‌ എന്നും അറിയപ്പെടുന്നു. ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന, വിഷമുള്ള ബോട്രോപ്‌സ് ഇൻസുലാരിസ് എന്നയിനം പാമ്പിന്‍റെ വാസസ്ഥലമാണിത്. ആളുകളെയും പാമ്പുകളെയും സംരക്ഷിക്കുന്നതിനായി ഇവിടേക്ക് പൊതുജനങ്ങക്ക് പ്രവേശനം വിലക്കിയിരിക്കുന്നു. ബ്രസീലിയൻ നാവികസേനയ്ക്കും ബ്രസീലിയൻ ഫെഡറൽ കൺസർവേഷൻ യൂണിറ്റായ ചിക്കോ മെൻഡിസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേഴ്‌സിറ്റി കൺസർവേഷൻ പരിശോധിച്ച ഗവേഷകർക്കും മാത്രമേ പ്രവേശനം ലഭ്യമാകൂ.

Niihau
Image Credit: CSNafzger/shutterstock

നിഹാവു ദ്വീപ്‌, ഹവായ്

ഹവായിയിലെ ഏഴാമത്തെ വലിയ ദ്വീപാണ് നിഹാവു( Niihau Island). 160 പേർ താമസിക്കുന്ന നിഹാവു ദ്വീപിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു. നിഹാവു ദ്വീപിലെ പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനായാണ് പുറത്തുനിന്നുള്ളവർക്ക് പ്രവേശനം നിഷേധിച്ചത്. ദ്വീപില്‍ ബന്ധുക്കള്‍ ഉള്ള ആളുകള്‍ക്കോ അല്ലെങ്കില്‍ യുഎസ് നാവികസേനയുടെ ഭാഗമായവര്‍ക്കോ മാത്രമേ ഇവിടം സന്ദര്‍ശിക്കാനാവൂ. 

പ്രാവ്‌സിക്ക ബ്രാന, ചെക്ക് റിപ്പബ്ലിക്

ചെക്ക് റിപ്പബ്ലിക്കിലെ ബൊഹീമിയൻ സ്വിറ്റ്സർലൻഡിലെ ഒരു ഇടുങ്ങിയ പാറക്കെട്ടാണ് പ്രാവ്സിക്ക ബ്രാന(Pravcicka Brana). ഇത് യൂറോപ്പിലെ ഏറ്റവും വലിയ പ്രകൃതിദത്ത മണൽക്കല്ല് കമാനവും എൽബെ മണൽക്കല്ല് പർവതനിരകളിലെ ഏറ്റവും ശ്രദ്ധേയമായ പ്രകൃതി സ്മാരകങ്ങളിൽ ഒന്നുമാണ് ഇത്. 1982 വരെ ഇവിടേക്ക് ഒട്ടേറെ സഞ്ചാരികള്‍ ഒഴുകിയെത്തിയിരുന്നു. പിന്നീട്, ഈ പ്രദേശത്തിന്‍റെ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളുകള്‍ക്ക് വിലക്കേർപ്പെടുത്തി.

English Summary:

Discover 11 breathtaking yet inaccessible locations worldwide. From ancient caves to mysterious islands, explore the wonders kept secret from tourists.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com