ചൊവ്വാഴ്ച ബുക്ക് ചെയ്താൽ ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് കുറയുമോ?

Mail This Article
‘ഫ്ലൈറ്റ് ടിക്കറ്റ് ചൊവ്വാഴ്ച ബുക്ക് ചെയ്യൂ’ അല്ലെങ്കിൽ ‘ബുധനാഴ്ച ബുക്ക് ചെയ്യൂ...’ അതുമല്ലെങ്കിൽ വാരാന്ത്യങ്ങളിൽ ബുക്ക് ചെയ്യൂ...ഇങ്ങനെ ചെയ്താൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടുമോ? യാത്ര ചെയ്യുന്ന ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വിമാന ടിക്കറ്റിന്റെ നിരക്ക് കൂടുന്നത്. ഒരുപാട് അന്വേഷിച്ചും ടിക്കറ്റിന് നിരക്കു കുറയാൻ കാത്തിരുന്നുമൊക്കെയാണ് ഓരോരുത്തരും അവരുടെ യാത്ര പ്ലാൻ ചെയ്യുന്നത്. ഓരോ ദിവസവും അല്ലെങ്കിൽ മണിക്കൂറിനനുസരിച്ചാണ് നിരക്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത്. ചില പ്രത്യേക ദിവസങ്ങളിൽ ബുക്ക് ചെയ്താൽ ലാഭം എന്നതൊക്കെ വെറും കെട്ടുകഥകൾ മാത്രം. പക്ഷേ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റുമെന്നാണ് വിദഗ്ധർ പറയുന്നത്. അത് എങ്ങനെയാണെന്നു നോക്കാം.
ബുക്കിങ് വിൻഡോകൾ ഉപയോഗിക്കുക
ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള ഏറ്റവും അനുയോജ്യമായ ബുക്കിങ് വിൻഡോയാണ് ഗോൾഡിലോക് വിൻഡോ. ഇത് ഉപയോഗിക്കുന്നതു വഴി മിതമായ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇവിടെ വില ഒരുപാട് കൂടുതലും ആയിരിക്കില്ല എന്നാൽ കുറവും ആയിരിക്കില്ല. ആഭ്യന്തര ഓഫ്-സീസൺ വിമാനങ്ങൾക്ക്, ഒരു മാസം മുതൽ മൂന്ന് മാസം മുൻപും തിരക്കു കൂടുന്ന വേനൽക്കാലത്തോ അവധി ദിവസങ്ങളിലോ മൂന്ന് മാസം മുതൽ ഏഴ് മാസം മുൻപും ബുക്ക് ചെയ്യാം. രാജ്യാന്തര യാത്രകൾക്ക്, ഓഫ്-സീസണിൽ രണ്ട് മുതൽ എട്ട് മാസം വരെയും തിരക്കേറിയ സമയങ്ങളിൽ നാല് മുതൽ പത്ത് മാസം വരെയും ഈ കാലയളവ് വർധിപ്പിക്കാൻ ട്രാവൽ എക്സ്പേർട്ടായ കാറ്റി നാസ്ട്രോ നിർദ്ദേശിക്കുന്നു.

എക്സ്പീഡിയയുടെ 2025 എയർ ഹാക്ക്സ് റിപ്പോർട്ട് പ്രകാരം, എല്ലാ എയർലൈനുകളിൽ നിന്നുമുള്ള കോടിക്കണക്കിന് ഡാറ്റ പോയിന്റുകൾ വിശകലനം ചെയ്തതിൽ, ആഭ്യന്തര വിമാനങ്ങൾക്കായി ഒന്ന് മുതൽ മൂന്ന് മാസം വരെ മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ അവസാന നിമിഷത്തെ ബുക്കിങ്ങുകളെ അപേക്ഷിച്ച് 25 ശതമാനം വരെ ലാഭിക്കാൻ കഴിയുമെന്നാണ്. 2024 ൽ പ്രസിദ്ധീകരിച്ച ഗൂഗിളിന്റെ ഒരു റിപ്പോർട്ട് പ്രകാരം യുഎസിന് അകത്തു തന്നെയുള്ള ആഭ്യന്തര യാത്രകൾക്കു പുറപ്പെടുന്നതിന് 38 ദിവസം മുമ്പാണ് ടിക്കറ്റ് നിരക്ക് കുറഞ്ഞത്. രാജ്യാന്തര യാത്രകൾക്ക് പുറപ്പെടുന്നതിനും 101 ദിവസം മുമ്പാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കാൻ സാധ്യത.

അലേർട്ട് സെറ്റ് ചെയ്യാം
ഒരു ഫ്ലൈറ്റ് പരിഗണിക്കുമ്പോൾ ആദ്യം ഒരു അലേർട്ട് സജ്ജീകരിക്കാൻ ശ്രമിക്കുക. നിങ്ങൾ ട്രാക്ക് ചെയ്യുന്ന ഫ്ലൈറ്റുകളിലെ നിരക്കിനെ പറ്റി അലേർട്ടുകൾ സജ്ജീകരിക്കാൻ ഗൂഗിൾ ഫ്ലൈറ്റ്സ് പോലുള്ള ടൂളുകൾ ഉപയോഗിക്കാം, അപ്പോൾ ടിക്കറ്റ് നിരക്ക് മാറുമ്പോൾ നിങ്ങൾക്ക് ഇമെയിൽ വഴി അറിയിപ്പ് ലഭിക്കും," പോയിന്റ്സ് പാത്തിന്റെ സ്ഥാപകനും സിഇഒയുമായ ജൂലിയൻ ഖീൽ പറഞ്ഞു. ത്രിഫ്റ്റി ട്രാവലർ, ഗോയിങ്, ഡോളർ ഫ്ലൈറ്റ് ക്ലബ് തുടങ്ങിയ ഡീൽ അലേർട്ട് വെബ്‌സൈറ്റുകൾ കൂടുതൽ സഹായകരമാകും.

ന്യായമായ ടിക്കറ്റ് വിലയുള്ള ഒരു ഫ്ലൈറ്റ് നിങ്ങൾ കാണുകയാണെങ്കിൽ, അത് ബുക്ക് ചെയ്യാം. വില കുറയുകയാണെങ്കിൽ, റദ്ദാക്കി കുറഞ്ഞ വിലയിൽ വീണ്ടും ബുക്ക് ചെയ്യാനും സാധിക്കും.
കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പ്രത്യേക ദിവസങ്ങളില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. പല ഇടങ്ങളിൽ നിന്നും കേട്ട തെറ്റായ കാര്യങ്ങളാണിതെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് സാധാരണയായി ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിൽ, കുറഞ്ഞ ആളുകൾ യാത്ര ചെയ്യുന്നതിനാൽ ചിലപ്പോൾ നല്ല നിരക്കുകൾ ലഭിക്കും.

ഇനി വേനൽ കാലമാണ്. ഈ സീസണിൽ ഒരുപാട് യാത്രകൾ ഉണ്ടാകും. അപ്പോൾ കൃത്യമായ വെബ്സൈറ്റുകളുടെ സഹായത്തോടെ നന്നായി വിശകലനം ചെയ്ത് യാത്ര പ്ലാനുകൾ തീരുമാനിക്കുക.