ADVERTISEMENT

യമുനയില്‍ പ്രകൃതി സൗഹൃദ വാട്ടര്‍ ടാക്‌സി ബോട്ട് സര്‍വീസ് ആരംഭിക്കാന്‍ ഡല്‍ഹി സർക്കാർ. സുസ്ഥിര ഗതാഗതത്തിനൊപ്പം സഞ്ചാരികളെ ആകര്‍ഷിക്കാനും പുതിയ നീക്കം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി(IWAI)യുമായി ചേര്‍ന്നാണ് ഡല്‍ഹി സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ നാലു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ യമുനയില്‍ വാട്ടര്‍ ടാക്‌സി ആരംഭിക്കാനാണ് ശ്രമം. 

സോണിയ വിഹാറിനും ജഗത്പൂരിനും ഇടയിലാണ് പുതിയ വാട്ടര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നത്. മലിനീകരണം പരമാവധി കുറച്ചുകൊണ്ടുള്ള സര്‍വീസിനായി സൗരോര്‍ജവും ഇന്ധനമാക്കുന്ന ഹൈബ്രിഡ് ബോട്ടുകളാണ് ഉപയോഗിക്കുക. വാട്ടര്‍ ടാക്‌സി ബോട്ടുകള്‍ക്ക് 20-30 യാത്രികരെ വഹിക്കാന്‍ സാധിക്കും. 

yamuna-river
യമുന നദി. ചിത്രം : രാഹുൽ ആർ. പട്ടം . മനോരമ

യാത്രികരുടെ സുരക്ഷക്കും സൗകര്യങ്ങള്‍ക്കുമായി പല ഫീച്ചറുകളും വാട്ടര്‍ ടാക്‌സിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശുചിമുറികള്‍ ബയോ ടോയ്‌ലറ്റുകളായാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ യാത്രികര്‍ക്കും ലൈഫ് ജാക്കറ്റുകളും സുരക്ഷക്കായി നല്‍കും. വ്യക്തമായ ആശയവിനിമയത്തിനായി പബ്ലിക് അനൗണ്‍സ്‌മെന്റ് സംവിധാനവും ബോട്ടുകളില്‍ ഉണ്ടാവും. 

ദേശീയ ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിക്കും ഡല്‍ഹി സര്‍ക്കാരിനും ഒപ്പം മറ്റു ചില ഏജന്‍സികളും പദ്ധതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി(ഡിഡിഎ), ഡല്‍ഹി ജല്‍ ബോര്‍ഡ്, ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍(ഡിടിസി) എന്നീ ഏജന്‍സികള്‍ ചേര്‍ന്നാണ് പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്. പദ്ധതിയുടെ ഭാഗമായി രണ്ട് ഹൈ ഡെന്‍സിറ്റി പോളിഎത്തലിന്‍(എച്ച്ഡിപിഇ) ബോട്ട് ജെട്ടികളും നിര്‍മിക്കും. 

കനത്ത മലിനീകരണത്തിനിടെ യമുന നദിക്കു മുകളിൽ പുലർച്ചെ പറക്കുന്ന ദേശാടനക്കിളികൾ. 2021 ഡിസംബർ 23ലെ ചിത്രം.  (Photo: IANS/Wasim Sarvar)
യമുന നദിക്കു മുകളിൽ പുലർച്ചെ പറക്കുന്ന ദേശാടനക്കിളികൾ. 2021 ഡിസംബർ 23ലെ ചിത്രം. (Photo: IANS/Wasim Sarvar)

മലിനീകരണത്തിന്റെ പേരില്‍ പൊറുതി മുട്ടുന്ന ഡല്‍ഹിയില്‍ അതുകൊണ്ടുതന്നെ പരമാവധി കരുതലിലാണ് വാട്ടര്‍ ടാക്‌സി പദ്ധതി ആരംഭിക്കുന്നത്. 'സുസ്ഥിര യാത്രാ അനുഭവങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വിനോദ സഞ്ചാര സാധ്യതകള്‍ വിപുലമാക്കുന്നതിനും ഈ പദ്ധതി സഹായിക്കും' എന്ന പ്രതീക്ഷയാണ് ഐഡബ്ല്യുഎഐ ഒഫീഷ്യല്‍ പങ്കുവച്ചത്. 

2018 മുതല്‍ തന്നെ യമുനയില്‍ വാട്ടര്‍ ടാക്‌സി ഓടിക്കുകയെന്ന പദ്ധതി ആശയമായുണ്ട്. ആദ്യം 16 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. വാസിരാബാദ് മുതല്‍ ഫത്തേപ്പൂര്‍ വരെയായിരുന്നു ആദ്യഘട്ടത്തില്‍ പദ്ധതി ആലോചിച്ചിരുന്നത്. പരിസ്ഥിതി ആഘാത പഠനത്തിനു ശേഷം ദേശീയ ഹരിത ട്രിബ്യൂണല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ യമുനയെ ശുദ്ധജല ശ്രോതസായി ഉപയോഗിക്കുന്നതിലുള്ള ആശങ്കകളാണ് പങ്കുവച്ചിരുന്നത്. ഇതോടെയാണ് പദ്ധതിയുടെ ദൈര്‍ഘ്യം നാലു കിലോമീറ്ററിലേക്കു ചുരുക്കിയത്. 

ഫെറി സര്‍വീസ് ആരംഭിക്കുന്നതിന് താല്‍പര്യമുള്ള കമ്പനികളെ ക്ഷണിച്ചുകൊണ്ട് നേരത്തെ സെപ്തംബറില്‍ ഐഡബ്ല്യുഎഐ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വൈദ്യുത, സൗരോര്‍ജ- ഹൈബ്രിഡ് ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ സാധിക്കുന്നവരെയാണ് ആവശ്യമെന്ന് നോട്ടീസില്‍ പറഞ്ഞിരുന്നു. ബോട്ടുകളില്‍ എത്ര പേരെ കയറ്റാനാവും വേഗത, രൂപകല്‍പന സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവയും നല്‍കണമെന്ന് നോട്ടീസില്‍ അറിയിച്ചിരുന്നു. 

ഡല്‍ഹിയുടെ വിനോദ സഞ്ചാര വികസനത്തിലും യമുനയിലെ വാട്ടര്‍ ടാക്‌സി സര്‍വീസ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ രീതിയില്‍ ഡല്‍ഹിയെ അറിയുന്നതിനൊപ്പം പ്രകൃതിക്ക് ദോഷം വരുത്താത്ത രീതിയില്‍ യാത്ര ചെയ്യാനും സഞ്ചാരികളെ പുതിയ പദ്ധതി സഹായിക്കും.

English Summary:

Delhi launches a new eco-friendly water taxi service on the Yamuna River, boosting tourism and sustainable transport. The 4km route between Sonia Vihar and Jagatpuri uses solar-hybrid boats, prioritizing passenger safety and environmental responsibility.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com