വനിതാദിനത്തിൽ ചരിത്രം തീർത്ത് വന്ദേഭാരത്; ക്രൂവിൽ സ്ത്രീകൾ മാത്രം

Mail This Article
വന്ദേഭാരതിന് ഇത് അഭിമാന മുഹൂർത്തം. ചരിത്രത്തിൽ ആദ്യമായി വന്ദേ ഭാരത് എക്സ്പ്രസിന്റെ അണിയറയിൽ സ്ത്രീകൾ മാത്രം നിരന്നു നിന്നു. വനിതാദിനമായ മാർച്ച് എട്ടിന് ആയിരുന്നു ഈ ചരിത്രസംഭവം. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് ഷിർദിയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസിന്റെ നിയന്ത്രണം വനിതകൾ ഏറ്റെടുത്തു. രാവിലെ 06.20ന് സി എസ് എം ടിയിൽ നിന്ന് സായിനഗർ ഷിർദിയിലേക്ക് പുറപ്പെട്ട 22223 എന്ന നമ്പർ ട്രെയിനിലെ ജീവനക്കാർ എല്ലാവരും സ്ത്രീകൾ ആയിരുന്നു. ഇന്ത്യൻ റെയിൽവേയിൽ സ്ത്രീകളുടെ ശാക്തീകരണം കൂടുതൽ ഉറപ്പു വരുത്തുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ കരുത്തുള്ളതായിരുന്നു ഈ മാറ്റം.
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ അത്യപൂർവമായ ഒരു സംഭവമായി മാറി ഇത്തവണത്തെ മാർച്ച് എട്ട്. ലോക്കോ പൈലറ്റ് മുതൽ ഓൺ- ബോർഡ് കാറ്ററിംഗ് സ്റ്റാഫ് വരെ എല്ലാവരും സ്ത്രീകളായിരുന്നു. ഏഷ്യയിലെ ആദ്യത്തെ വനിത ലോക്കോ പൈലറ്റ് ആയ സുരേഖ യാദവ് ആണ് വന്ദേ ഭാരതിന്റെ പൈലറ്റ് ആയി എത്തിയത്. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആയി സംഗീത കുമാരിയും ട്രെയിൻ ഓപ്പറേഷൻസിന്റെ സൂപ്പർ വൈസർ ആയി ശ്വേത ഘോണും എത്തി.
വനിത ടിടിഇമാരുടെ ഒരു സംഘവും ഈ യാത്ര ചരിത്ര യാത്ര ആക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. അനുഷ്ക കെ പി, എം ജെ രാജ്പുത്, സരിക ഓജ, സുവർണ പാസ്തെ, കവിത മരാൽ, മനിഷ റാം എന്നിവരുടെ സംഘം ട്രെയിൻ ഓപ്പറേറ്റ് ചെയ്യുന്നതിൽ കാര്യമായ സംഭാവനകളാണ് നൽകിയത്. ഏതായാലും അഭിമാനകരമായ ഈ നിമിഷം എക്സ് പ്ലാറ്റ്ഫോമിൽ സെൻട്രൽ റെയിൽവേ പേജിലും പങ്കുവച്ചു.
റെയിൽവേ മേഖലയിലെ സ്ത്രീകളുടെ സമർപ്പണവും ശക്തിയും വ്യക്തമാക്കുന്നത് ആയിരുന്നു മാർച്ച് എട്ട് വനിതാദിനത്തോട് അനുബന്ധിച്ച് നടന്നത്. കാലങ്ങളായി പുരുഷൻമാർ കൈയടക്കി വച്ചിരിക്കുന്ന മേഖലകളിൽ സ്ത്രീകൾക്കും ഇന്ത്യൻ റെയിൽവേയിൽ അവസരങ്ങൾ ഒരുങ്ങിയിരിക്കുന്നു. സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ ഇന്ത്യൻ റെയിൽവേ ഒരുക്കുന്നതിന്റെ ഉത്തമ തെളിവ് കൂടിയായി മാറിയിരിക്കുകയാണ് സ്ത്രീകൾ മാത്രം ഓപ്പറേറ്റ് ചെയ്ത വന്ദേ ഭാരത് എക്സ്പ്രസ്.