ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ? ഈ രാജ്യങ്ങളിലും വണ്ടിയോടിച്ച് യാത്ര ചെയ്യാം

Mail This Article
യാത്ര ചെയ്യുമ്പോള്‍ പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. പൊതുവേ ചെലവു കുറവും സൗകര്യപ്രദവുമായാണ് ഇവയെ കണക്കാക്കുന്നത്. എന്നാല്‍, കുടുംബത്തോടൊപ്പമോ കൂട്ടുകാര്‍ക്കൊപ്പമോ ഗ്രൂപ്പായി പോകുന്ന സമയത്ത് സ്വന്തമായി വാഹനമെടുത്ത് പോകുന്നതാണ് ഏറ്റവും നല്ലത്. ഇങ്ങനെ ചെയ്യുമ്പോള്‍ കാഴ്ചകളും മറ്റും പരമാവധി ആസ്വദിക്കാനും സ്വന്തം സൗകര്യവും സമയവുമനുസരിച്ച് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും പറ്റും. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍, ഡ്രൈവിങ് ലൈസന്‍സും വണ്ടിയോടിച്ച് പരിചയവുമുള്ള ആര്‍ക്കും ഇങ്ങനെ ചെയ്യാം, എന്നാല്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴോ?
ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്കു വണ്ടിയോടിക്കാന്‍ അനുവാദം നല്‍കുന്ന ചില രാജ്യങ്ങളുണ്ട്. വാടകയ്ക്കു കാറും ടുവീലറുമെല്ലാം എടുത്ത്, സഞ്ചാരികള്‍ക്ക് ഇവിടങ്ങളില്‍ കറങ്ങാം, കാഴ്ചകള്‍ കാണാം. അങ്ങനെയുള്ള രാജ്യങ്ങളെക്കുറിച്ച് അറിയാം.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യുഎസ്എ)
ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം മുഴുവൻ കാറിൽ യുഎസ്എയില്‍ യാത്ര ചെയ്യാം. എന്നാല്‍ ചില നഗരങ്ങളിൽ, രാജ്യാന്തര ഡ്രൈവിങ് പെർമിറ്റ് (IDP) ഹാജരാക്കേണ്ടത് ആവശ്യമായി വന്നേക്കാം. ലൈസൻസ് ഇംഗ്ലീഷിൽ അല്ലെങ്കിൽ, പ്രവേശന തീയതി അധികാരികളെ അറിയിക്കുകയും ഫോം I-94 കൈവശം വയ്ക്കുകയും ചെയ്താൽ മതി.
കാനഡ
മൂന്ന് മാസം വരെ നിങ്ങളുടെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് രാജ്യത്ത് വാഹനമോടിക്കാനുള്ള സൗകര്യം കാനഡ നല്‍കുന്നുണ്ട്. കാലാവധി തീരാത്ത, ഇംഗ്ലീഷിലോ ഫ്രഞ്ചിലോ ഉള്ള ലൈസന്‍സ് ഉള്ളവര്‍ക്ക് ഇത് സാധ്യമാണ്. ചില പ്രവിശ്യകളിൽ, രാജ്യാന്തര ഡ്രൈവിങ് പെർമിറ്റ് കാണിക്കേണ്ടത് ആവശ്യമായി വന്നേക്കാം. യാത്ര തുടങ്ങും മുന്‍പേ ഇക്കാര്യങ്ങള്‍ അന്വേഷിച്ച് ഉറപ്പുവരുത്തണം.

യുണൈറ്റഡ് കിങ്ഡം
ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് 12 മാസം വരെ യുകെയില്‍ കാര്‍ ഓടിക്കാം. ലൈസൻസ് ഇംഗ്ലീഷിൽ അല്ലെങ്കിൽ, ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റ് വേണം.
സ്വിറ്റ്സർലൻഡ്
ചീസ്, ചോക്ലേറ്റ്, ഗംഭീരമായ സ്വിസ് ആൽപ്സ് എന്നിവയ്ക്കു പേരുകേട്ട സ്വിറ്റ്സർലൻഡ്, പ്രവേശന തീയതി മുതൽ ഒരു വർഷം വരെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുകൾ സ്വീകരിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ്. എന്നിരുന്നാലും ലൈസൻസ് രേഖ സ്വീകരിക്കപ്പെടണമെങ്കിൽ ഇംഗ്ലീഷിൽ ആയിരിക്കണം എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. നന്നായി പരിപാലിക്കുന്ന റോഡുകൾക്കും കുറഞ്ഞ അപകട നിരക്കുകൾക്കും പേരുകേട്ട സ്വിറ്റ്സർലൻഡ്, ഡ്രൈവിങ് പ്രേമികള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്.
സ്വീഡൻ
ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് സ്വീഡനിലെ മനോഹരമായ റോഡുകളിലൂടെ ഒരു വർഷം വരെ വണ്ടിയോടിക്കാം. ഡ്രൈവിങ് ലൈസൻസ് ഇംഗ്ലീഷിലോ സ്വീഡിഷ്, ജർമൻ, ഫ്രഞ്ച്, ഡാനിഷ്, നോർവീജിയൻ എന്നിവയുൾപ്പെടെ സ്വീഡൻ അംഗീകരിച്ച ഭാഷകളിലൊന്നിലോ ആയിരിക്കണം. കൂടാതെ, ഐഡി പ്രൂഫ്, ഫോട്ടോകൾ തുടങ്ങിയ മറ്റ് അവശ്യ രേഖകളും കയ്യില്‍ വയ്ക്കണം.

ഫിൻലൻഡ്
സാധുവായ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് കൈവശമുള്ള വ്യക്തികൾക്ക് 6 മാസം മുതൽ 1 വർഷം വരെ രാജ്യത്തിനുള്ളിൽ വാഹനമോടിക്കാൻ ഫിൻലൻഡ് അനുവദിക്കുന്നു. എന്നാല്‍, കൃത്യമായ കാലയളവ് ആരോഗ്യ ഇൻഷുറൻസ് പോളിസിയെ ആശ്രയിച്ചിരിക്കും. ഫിൻലൻഡിലെത്തുന്ന ഓരോ ആളും ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടത് നിർബന്ധമാണ്, ഈ ഇൻഷുറൻസ് നൽകുന്ന കവറേജിനെ അടിസ്ഥാനമാക്കിയാണ് ലൈസൻസിന്‍റെ സാധുത കാലയളവ് നിർണ്ണയിക്കുന്നത്.
ജർമനി
ഇന്ത്യയില്‍ നിന്നും വ്യത്യസ്തമായി, ജർമനിയിൽ റോഡിന്‍റെ വലതുവശത്താണ് വാഹനമോടിക്കുന്നത്. ആറ് മാസത്തേക്ക് മാത്രമേ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാൻ ജർമനി അനുവദിക്കുന്നുള്ളൂ. ലൈസൻസ് ഇംഗ്ലീഷിലോ ജർമനിലോ ഹാജരാക്കണം. ഈ ഭാഷകളിലൊന്നിൽ അല്ലെങ്കിൽ, അംഗീകൃത അധികാരികളിൽ നിന്നോ ഏജൻസികളിൽ നിന്നോ വിവർത്തന സേവനങ്ങൾ തേടാവുന്നതാണ്. ആദ്യ ആറ് മാസങ്ങള്‍ക്ക് ശേഷം, ഒരു രാജ്യാന്തര ഡ്രൈവിങ് പെർമിറ്റോ ജർമൻ ഡ്രൈവിങ് ലൈസൻസോ നേടേണ്ടത് ആവശ്യമാണ്.

സ്പെയിൻ
ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിന് സാധുതയുള്ള മറ്റൊരു യൂറോപ്യൻ രാജ്യമാണ് സ്‌പെയിൻ. ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ, റെസിഡൻസി രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയാൽ, ആറ് മാസം വരെ സ്‌പെയിനിലെ റോഡുകളിൽ വാഹനമോടിക്കാനുള്ള അവസരം ആസ്വദിക്കാം. സ്‌പെയിനിൽ സാധുതയുള്ളതായി കണക്കാക്കുന്നതിന് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഇംഗ്ലീഷിലായിരിക്കണം, കൂടാതെ, അംഗീകൃത തിരിച്ചറിയൽ രേഖകള്‍ കൈവശം കരുതുകയും വേണം.
സിംഗപ്പൂർ
ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിന് സാധുതയുള്ള ഏഷ്യന്‍ രാജ്യങ്ങളിലൊന്നാണ് സിംഗപ്പൂർ. ഇംഗ്ലീഷിലുള്ള ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് സിംഗപ്പൂരിൽ 12 മാസം വരെ വാഹനമോടിക്കാം. അല്ലെങ്കിൽ, ഇന്ത്യൻ അല്ലെങ്കിൽ സിംഗപ്പൂർ എംബസിയോ അംഗീകൃത ഓൺലൈൻ വിവർത്തന സേവനങ്ങളോ നല്‍കുന്ന വിവർത്തന സേവനങ്ങൾ പ്രയോജനപ്പെടുത്തി ഇത് ഇംഗ്ലീഷിലാക്കണം. സിംഗപ്പൂരിൽ വാഹനമോടിക്കാൻ വ്യക്തികൾക്ക് കുറഞ്ഞത് 18 വയസ് പ്രായമുണ്ടായിരിക്കണം.

മലേഷ്യ
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ മലേഷ്യയിലും ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിന് സാധുതയുണ്ട്. അതിനായി ഡ്രൈവിങ് ലൈസൻസ് ഇംഗ്ലീഷിലോ മലായ് ഭാഷയിലോ ആയിരിക്കണം. ലൈസൻസ് മറ്റേതെങ്കിലും ഭാഷയിലാണെങ്കിൽ, ഇന്ത്യയിലോ മലേഷ്യയിലോ ഉള്ള ഇന്ത്യൻ എംബസിയിൽ വിവർത്തന സേവനങ്ങൾ തേടാവുന്നതാണ്. കൂടാതെ, കൂടുതല്‍ സുരക്ഷയ്ക്കായി, ഡ്രൈവിങ് ലൈസൻസിനൊപ്പം ഒരു രാജ്യാന്തര ഡ്രൈവിങ് പെർമിറ്റ് കൊണ്ടുപോകാനുള്ള ഓപ്ഷനുമുണ്ട്.

ഹോങ്കോങ്ങ്
തിരക്കേറിയ ഹോങ്കോങ്ങ് നഗരത്തില്‍ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഒരു വർഷത്തേക്ക് വാഹനമോടിക്കാം. ഈ നിർദ്ദിഷ്ട കാലയളവിനപ്പുറം വാഹനമോടിക്കുന്നത് തുടരാൻ ഡ്രൈവിങ് പെർമിറ്റ് നേടണം.

ഭൂട്ടാൻ
ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് അംഗീകരിക്കുന്ന മറ്റ് ഏഷ്യൻ രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ. പാസ്‌പോർട്ട്, വോട്ടർ ഐഡി തുടങ്ങിയ മറ്റ് അവശ്യ രേഖകൾ കൈവശം ഉണ്ടായിരിക്കണം. എന്നിരുന്നാലും ഭൂട്ടാനിലെ കഠിനമായ ഭൂപ്രദേശങ്ങൾ കണക്കിലെടുക്കുമ്പോൾ, വണ്ടിയോടിക്കാനായി പരിചയസമ്പന്നനായ ഒരു പ്രാദേശിക ഡ്രൈവറെ നിയമിക്കുന്നതാണ് നല്ലത്.

ഓസ്ട്രേലിയ
ഇന്ത്യയിലേതു പോലെ തന്നെ, റോഡിന്‍റെ ഇടതുവശത്തുകൂടി വാഹനമോടിക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് സാധുതയുള്ളതും ഇംഗ്ലീഷിലുമാണെങ്കിൽ, മൂന്ന് മാസം വരെ ഓസ്‌ട്രേലിയയിലുടനീളം വണ്ടിയോടിക്കാം. എന്നിരുന്നാലും ചില സംസ്ഥാനങ്ങൾക്ക് രാജ്യാന്തര ഡ്രൈവിങ് പെർമിറ്റ് ആവശ്യമായി വന്നേക്കാം.

ന്യൂസിലാന്‍ഡ്
ന്യൂസിലാൻഡിൽ, ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കുന്നത് ഒരു വർഷത്തേക്ക് അനുവദനീയമാണ്. ഈ കാലയളവിനുശേഷം വണ്ടിയോടിക്കണമെങ്കിൽ, ന്യൂസിലാൻഡ് ഡ്രൈവിങ് ലൈസൻസോ രാജ്യാന്തര ഡ്രൈവിങ് പെർമിറ്റോ നേടേണ്ടതുണ്ട്. ഡ്രൈവ് ചെയ്യാനായി കുറഞ്ഞത് 21 വയസ് പ്രായമുണ്ടായിരിക്കണം, കൂടാതെ ലൈസൻസ് ഇംഗ്ലീഷിലായിരിക്കണം, അങ്ങനെയല്ലെങ്കിൽ, ന്യൂസിലാൻഡ് ട്രാൻസ്പോർട്ട് ഏജൻസിയിൽ നിന്നു വിവർത്തനം ചെയ്ത ഒരു പകർപ്പ് ലഭിക്കും.

ദക്ഷിണാഫ്രിക്ക
വന്യജീവി സഫാരികൾ മുതൽ വൈൻ ടൂറുകൾ വരെയുള്ള വൈവിധ്യമാർന്ന അനുഭവങ്ങൾ ദക്ഷിണാഫ്രിക്കയില്‍ ആസ്വദിക്കാം. സാധുവായ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉള്ളവര്‍ക്ക് 12 മാസം വരെ ദക്ഷിണാഫ്രിക്കയിൽ വാഹനമോടിക്കാം. ലൈസൻസിൽ ഫോട്ടോയോ ഒപ്പോ ഇല്ലെങ്കിൽ, രാജ്യാന്തര ഡ്രൈവിങ് പെർമിറ്റ് എടുക്കണം.
എന്താണ് IDP അഥവാ ഇന്‍റർനാഷണൽ ഡ്രൈവിങ് പെർമിറ്റ്?
ഐക്യരാഷ്ട്രസഭ അംഗീകരിച്ചതും വിദേശ രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്ന വ്യക്തികൾക്ക് നൽകുന്നതുമായ ഒരു ഔദ്യോഗിക രേഖയാണ് ഇന്‍റർനാഷണൽ ഡ്രൈവിങ് പെർമിറ്റ്(IDP) എന്നറിയപ്പെടുന്നത്. രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് ആയി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ഈ രേഖ, ഉടമയ്ക്ക് അവരുടെ മാതൃരാജ്യത്ത് സാധുവായ ഡ്രൈവിങ് ലൈസൻസ് ഉണ്ടെന്നതിന്‍റെ തെളിവായി പ്രവർത്തിക്കുന്നു. കൂടാതെ, വിവിധ വിദേശ ഭാഷകളിലേക്ക് രേഖ വിവർത്തനം ചെയ്യാനും ഇത് സഹായിക്കുന്നു.
രേഖയിൽ വ്യക്തമാക്കിയിട്ടുള്ള തരത്തിലുള്ള വാഹനങ്ങൾ, വിദേശ രാജ്യങ്ങളിൽ ഓടിക്കാനുള്ള നിയമപരമായ അധികാരം IDP നൽകുന്നു. എന്നിരുന്നാലും, വിദേശ രാജ്യത്ത് സാധുതയുള്ളതായി അംഗീകരിക്കപ്പെടുന്നതിന്, യഥാർത്ഥ ഡ്രൈവിംഗ് ലൈസൻസും IDP യോടൊപ്പം ഉണ്ടായിരിക്കണം എന്നത് ശ്രദ്ധിക്കേണ്ടതാണ്.
സാധുവായ ഒരു ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഇന്ത്യൻ പൗരന്മാര്‍ക്ക്, സാധുവായ പാസ്‌പോർട്ടും വിസയും വിമാന ടിക്കറ്റുകളുടെ പകര്‍പ്പും നല്‍കി ഇതിനായി അപേക്ഷിക്കാവുന്നതാണ്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് വഴിയോ, പരിവാഹൻ വെബ്‌സൈറ്റ് വഴിയോ, അല്ലെങ്കിൽ ബന്ധപ്പെട്ട പ്രാദേശിക ഗതാഗത ഓഫീസിൽ RTO) നേരിട്ട് ചെന്നോ IDP യ്ക്ക് അപേക്ഷിക്കാനുള്ള ഓപ്ഷൻ ഉണ്ട്.
സാധാരണയായി, 4 മുതൽ 5 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും, എന്നിരുന്നാലും യാത്രാ തീയതിക്ക് കുറഞ്ഞത് 3 ആഴ്ച മുമ്പെങ്കിലും അപേക്ഷിക്കുന്നതാണ് നല്ലത്.