പകല്‍ സഞ്ചാരികള്‍ക്കുള്ള പ്രവേശന ഫീസ് ഇരട്ടിയാക്കി വെനീസ് നഗരം

Mail This Article
വെറും 50,000 ൽ താഴെ മാത്രം ജനസംഖ്യയുള്ള നഗരമാണ് വെനീസ്. എന്നാല്‍, പ്രതിവർഷം ഏകദേശം 30 ദശലക്ഷം സന്ദർശകരാണ് നഗരത്തില്‍ എത്തുന്നത്. അമിതടൂറിസത്തിന്‍റെ എല്ലാവിധ ദൂഷ്യഫലങ്ങളും ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നഗരത്തെ സാരമായി ബാധിച്ചു. ഇത് നേരിടുന്നതിന്‍റെ ഭാഗമായി, പകല്‍യാത്രക്കാര്‍ക്കുള്ള പ്രവേശന ഫീസ് ഇരട്ടിയാക്കിയിരിക്കുകയാണ് നഗരം. കഴിഞ്ഞ വർഷത്തെ ഫീസായ 5 യൂറോയിൽ നിന്ന് 10 യൂറോ, അഥവാ ഇരട്ടിയായി ഫീസ് വർധിക്കും. മാത്രമല്ല, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടി തീയതികളിൽ ഫീസ് ബാധകമാകും.
2024 ൽ പകൽ സന്ദർശകർക്ക് നഗരത്തിലേക്കുള്ള പ്രവേശനത്തിന് ഫീസ് ഈടാക്കുന്ന രീതി ലോകത്ത് ആദ്യമായി നടപ്പിലാക്കിയ നഗരമാണ് വെനീസ്. വിനോദസഞ്ചാരികളുടെ അമിതമായ ഒഴുക്ക് നിയന്ത്രിക്കുന്നതിനും രാത്രി തങ്ങാതെ, പകല്‍ സമയത്ത് സന്ദര്‍ശിച്ച് തിരിച്ചു പോകുന്ന രീതി നിരുത്സാഹപ്പെടുത്തുന്നതിനും ഒരു പുതിയ സംവിധാനമെന്ന നിലയിലാണ് ഇത് കൊണ്ടുവന്നത്. കഴിഞ്ഞ വർഷം 29 തീയതികളിൽ ഫീസ് ഈടാക്കിയിരുന്നെങ്കില്‍, ഇക്കൊല്ലം 54 തീയതികളിൽ ഫീസ് ഈടാക്കും.
ഏപ്രിൽ 18 മുതൽ മേയ് 4 വരെ തുടർച്ചയായ തീയതികള്‍ ഫീസ് ഈടാക്കും, തുടർന്ന് മേയ് മുതൽ ജൂലൈ അവസാനം വരെ എല്ലാ വെള്ളി, ശനി, ഞായർ ദിവസങ്ങളിലും ഇത് തുടരും. മുമ്പത്തെപ്പോലെ, നഗരത്തിൽ രാത്രി റിസർവേഷൻ ഇല്ലാത്ത സന്ദർശകർ രാവിലെ 8.30 നും വൈകുന്നേരം 4 നും ഇടയിലുള്ള സമയത്ത് ഫീസ് അടയ്‌ക്കേണ്ടതാണ്. നാലോ അതിലധികമോ ദിവസം മുമ്പ് ബുക്ക് ചെയ്യുന്നവർക്ക് ഫീസ് പകുതിയായി കുറയ്ക്കും.
ലോകമെമ്പാടുമുള്ള 194 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ വെനീസ് സന്ദര്‍ശിച്ചതായി കഴിഞ്ഞ വർഷത്തെ സന്ദർശക റജിസ്ട്രേഷനുകളിൽ നിന്നുള്ള വിവരങ്ങള്‍ കാണിക്കുന്നു. ഇറ്റലിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത്. തൊട്ടടുത്ത് അമേരിക്കയാണ്. ജര്‍മന്‍, ഫ്രഞ്ച് സഞ്ചാരികളാണ് അമേരിക്കയ്ക്കു പിന്നിലുള്ളത്. ഏകദേശം 485,062 സന്ദർശകർ കഴിഞ്ഞ വര്‍ഷം ഫീസ് അടച്ചു. ഇതുവഴി 2.4 ദശലക്ഷം യൂറോ സമാഹരിച്ചു, എന്നിരുന്നാലും പദ്ധതി നടപ്പിലാക്കാൻ എത്ര ചെലവായി എന്നോ പണം എവിടെ ഉപയോഗിച്ചു എന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ല.

പ്രവേശന ഫീസ് ഏര്‍പ്പെടുത്തുന്നത് വിനോദസഞ്ചാരികളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ പര്യാപ്തമല്ല എന്നു നഗര അധികാരികൾ തന്നെ ഒരു പ്രസ്താവനയിൽ പറഞ്ഞു. പക്ഷേ, അത് നടപ്പിലാക്കുന്നതിനായി സൃഷ്ടിച്ചിട്ടുള്ള സംവിധാനം ഭാവിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾക്ക് അടിത്തറയിടും. ഈ പദ്ധതി മൂലം, പ്രാദേശിക വെനെറ്റോ മേഖലയിൽ നിന്നും എത്തുന്ന പകൽ യാത്രക്കാരുടെ എണ്ണത്തിൽ നേരിയ കുറവ് ഉണ്ടായതായി അവർ പറഞ്ഞു. മാത്രമല്ല, സ്പാനിഷ് ദ്വീപായ ഫോർമെന്റേര, ജപ്പാനിലെ ക്യോട്ടോ പോലുള്ള ഇടങ്ങളില്‍ നിന്നുള്ള അധികൃതരും സമാന പദ്ധതി നടപ്പിലാക്കാന്‍ ആലോചിക്കുന്നതിനാല്‍, കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വെനീസ് അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
പിയാസലെ റോമ, ട്രോൻചെറ്റോ, സ്റ്റാസിയോൺ മാരിറ്റിമ (നഗര കേന്ദ്ര തുറമുഖം) എന്നിവിടങ്ങളിൽ മാത്രം യാത്ര ചെയ്യുന്നവർക്കും നഗരമധ്യത്തിൽ പ്രവേശിക്കാത്തവർക്കും ഫീസ് ആവശ്യമില്ല. ലിഡോ, മുരാനോ, ബുറാനോ എന്നിവയുൾപ്പെടെ ലഗൂണിന്‍റെ പുറം ദ്വീപുകൾ സന്ദർശിക്കുന്നവർക്കും ഫീസ് ബാധകമല്ല. എന്നാല്‍, ഫീസ് ബാധകമായ ഇടങ്ങളില്‍ക്കൂടി മാത്രമേ ഈ ദ്വീപുകളിലേക്ക് കടക്കാനാവൂ.
നഗരപരിധിക്കുള്ളിൽ രാത്രി താമസിക്കുന്ന ആർക്കും ഫീസിൽ ഇളവ് ലഭിക്കുമെങ്കിലും, ഇതിനായി ഓൺലൈനായി റജിസ്റ്റർ ചെയ്യണം. ഫീസ് അടയ്ക്കുന്നതിനും ഇളവ് രജിസ്റ്റർ ചെയ്യുന്നതിനും cda.ve.it എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
വെനീസിലെ പ്രധാന കാഴ്ചകള്‍
ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളില്‍ ഒന്നായാണ് വടക്കൻ ഇറ്റലിയിലുള്ള വെനീസിനെ കണക്കാക്കുന്നത്. വെനീഷ്യൻ ലഗൂണിലെ നിരവധി ചെറിയ ദ്വീപുകൾ ചേർന്നാണ് വെനീസ് ഉണ്ടായിരിക്കുന്നത്. ഒട്ടേറെ കനാലുകളും പാലങ്ങളും കൊണ്ട് വേര്‍തിരിക്കപ്പെട്ട 118 ഓളം ദ്വീപുകള്‍ ഇവിടെയുണ്ട്. ഒഴുകുന്ന നഗരമെന്നും കനാലുകളുടെ നഗരമെന്നുമൊക്കെ വിളിപ്പേരുണ്ട് വെനീസിന്. വെള്ളത്തിന് മുകളില്‍ കെട്ടിപ്പൊക്കിയ നഗരമെന്നു വെനീസിനെ വിളിക്കാം. വെനീസ് നഗരത്തിലെ പ്രധാനപ്പെട്ട ചില കാഴ്ചകള്‍ പരിചയപ്പെടാം.
നെടുവീർപ്പുകളുടെ പാലം
വെനീസിലെ ഏറ്റവും പ്രശസ്തമായ വാസ്തുവിദ്യാ അദ്ഭുതങ്ങളില്‍ ഒന്നാണ് നെടുവീർപ്പുകളുടെ പാലം അഥവാ ‘ബ്രിജ് ഓഫ് സൈസ്’. നഗരത്തിന്‍റെ ഹൃദയഭാഗത്ത് പിയാസ സാൻ മാർക്കോയ്ക്ക് സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്. പണ്ടുകാലത്ത് ഡോഗെസ് പാലസ് ജയിൽ സമുച്ചയത്തിന്‍റെ ഭാഗമായിരുന്നു ഇത്. ചോദ്യം ചെയ്യൽ മുറികളിൽ നിന്നു ജയിലിലേക്കു പോകാൻ ഈ പാലമായിരുന്നു കുറ്റവാളികള്‍ ഉപയോഗിച്ചിരുന്നത്. തടവിലാക്കപ്പെടുന്നതിന് മുമ്പ് അവർ അവസാനമായി കണ്ട കാഴ്ചയായിരുന്നു അത്.
വെനീഷ്യൻ ഗെറ്റോ മ്യൂസിയം
വെനീസില്‍ ജൂതന്മാര്‍ക്ക് മാത്രമായി ഒരു ജില്ലയുണ്ട്. നിരവധി സിനഗോഗുകൾ, ജൂത റെസ്റ്റോറന്റുകൾ, ബേക്കറികൾ, ഒരു മ്യൂസിയം എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍. 1516-ൽ വെനീസില്‍ ജൂതന്മാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കാലത്ത് ജൂതന്മാര്‍ ഇവിടേക്ക് താമസത്തിനായി വന്നുതുടങ്ങി. അക്കാലം മുതല്‍ക്കുള്ള കാഴ്ചകള്‍ ഇവിടെ കാണാം.
പിയാസ സാൻ മാർക്കോ
ബസിലിക്ക ഡി സാൻ മാർക്കോ, ടോറെ ഡെൽ ഒറോളോജിയോ, കാമ്പനൈൽ, ഡോഗെസ് പാലസ് എന്നിങ്ങനെ വെനീസിലെ നാല് പ്രധാന സൈറ്റുകൾ ഈ സ്ക്വയറിൽ സ്ഥിതിചെയ്യുന്നു. ശരത്കാലത്തോ ശൈത്യകാലത്തോ വെനീസിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ, വെള്ളം പൊങ്ങുമ്പോള്‍ സഞ്ചരിക്കാനായി പ്രത്യേകം തടികൊണ്ടുള്ള പ്ലാറ്റ്‌ഫോമുകൾ ഇവിടെ സജ്ജീകരിച്ചിരിക്കുന്നതു കാണാം. വിനോദസഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന നഗരഭാഗങ്ങളില്‍ ഒന്നാണിത്. നിരവധി കഫേകളും റെസ്റ്റോറന്റുകളും ഇവിടെയുണ്ട്.
കാമ്പനൈൽ
വെനീസിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് കാമ്പനൈൽ. 912 ൽ പൂർത്തീകരിച്ച ഈ കെട്ടിടം 1902 ൽ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. പിന്നീട് മുന്‍പുണ്ടായിരുന്ന അതേ ഘടന നിലനിര്‍ത്തിക്കൊണ്ട് ഇത് പുനർനിർമ്മിച്ചു, അതിനാൽ 1,000 വർഷങ്ങൾക്ക് മുമ്പ് വെനീഷ്യക്കാർ കണ്ട അതേ ടവർ ഇന്ന് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കും കാണാം! ഇതിനു മുകളില്‍ കയറാനായി എലിവേറ്റര്‍ സംവിധാനമുണ്ട്. ഏറ്റവും മുകളില്‍ നിന്നു നോക്കിയാല്‍ മനോഹരമായ വെനീസ് നഗരത്തിന്‍റെ ഏകദേശം മുഴുവന്‍ ഭാഗങ്ങളും തന്നെ കാണാനാവും.
മുറാനോ, ബുറാനോ, ടോർസെല്ലോ ദ്വീപുകള്‍
വെനീസിനടുത്തുള്ള ഏറ്റവും പ്രശസ്തമായ മൂന്ന് ദ്വീപുകളാണ് മുറാനോ, ബുറാനോ, ടോർസെല്ലോ എന്നിവ. വെനീസ് നഗരത്തിന്‍റെ പുരാതന ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ കാഴ്ചകള്‍ ഇവിടെ കാണാന്‍ കഴിയും. മുറാനോ മനോഹരമായ ഗ്ലാസിനും ബുറാനോ ലെയ്സിനും ടോർസെല്ലോ ഏഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കത്തീഡ്രലിനും പ്രസിദ്ധമാണ്. മൂന്ന് സ്ഥലങ്ങളും ഒരു ദിവസം കൊണ്ട് സന്ദർശിക്കാം. സഞ്ചാരികളെ ഇവിടേക്ക് കൊണ്ടുപോകാന്‍ കടത്തുവള്ളങ്ങളുണ്ട്.


ഗ്രാൻഡ് കനാലിലൂടെ ക്രൂയിസ് യാത്ര
ഒരിക്കൽ, കച്ചവടക്കപ്പലുകളാൽ നിറഞ്ഞിരുന്ന ഗ്രാന്‍ഡ് കനാല്‍ ഇന്ന് വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. വെനീസിന്‍റെ മധ്യഭാഗത്തൂടെ, റെയിൽവേ സ്റ്റേഷനിൽ നിന്ന് സാൻ മാർക്കോയിലേക്ക് കടന്നുപോകുന്ന ഒരു വലിയ ജലപാതയാണ് ഗ്രാന്‍ഡ് കനാല്‍. ഇതിലൂടെ സഞ്ചരിക്കാന്‍ വാട്ടര്‍ ബസുകളും വാട്ടര്‍ ടാക്സികളും ലഭ്യമാണ്. കൂടാതെ ഗോണ്ടോല എന്നു പേരുള്ള പ്രത്യേകതരം വള്ളങ്ങളുമുണ്ട്.