തുടര്‍ച്ചയായി മൂന്നാം വര്‍ഷവും രാജ്യാന്തര പുരസ്‌ക്കാരം സ്വന്തമാക്കി ബെംഗളൂരു വിമാനത്താവളം

Mail This Article
ഏറ്റവും മികച്ച അറൈവല്‍ സൗകര്യങ്ങളുള്ള വിമാനത്താവളത്തിനുള്ള രാജ്യാന്തര പുരസ്‌ക്കാരം സ്വന്തമാക്കി ബെംഗളൂരു കെംപഗൗഡ വിമാനത്താവളം. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍സിന്റെ (എസിഐ) എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി (ASQ) പുരസ്‌ക്കാരം തുടര്‍ച്ചയായി മൂന്നാം തവണയാണ് ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തെ തേടിയെത്തുന്നത്. യാത്രികരുടെ ഫീഡ്ബാക്ക് അടിസ്ഥാനപ്പെടുത്തിയാണ് ഈ പുരസ്‌ക്കാരം തീരുമാനിക്കുന്നത്. യാത്രികരുടെ സംതൃപ്തിയും വൃത്തിയും നിലവാരമുള്ള സേവനങ്ങളുമെല്ലാം ഈ പുരസ്‌ക്കാരത്തിന് മാനദണ്ഡങ്ങളാവാറുണ്ട്.
ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(BIAL) തന്നെയാണ് വാര്‍ത്താക്കുറിപ്പിലൂടെ പുരസ്‌ക്കാര നേട്ടത്തിന്റെ വിവരം അറിയിച്ചിരിക്കുന്നത്. എളുപ്പത്തിലും വേഗത്തിലും യാത്രികര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതിന്റെ പേരില്‍ നേരത്തെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള വിമാനത്താവളമാണ് ബെംഗളൂരു വിമാനത്താവളം. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകളും വേഗത്തിലുള്ള ബാഗേജ് ഡെലിവറിയും അതിവേഗ വൈഫൈയുമെല്ലാം യാത്രികര്‍ക്ക് ഉപകാര പ്രദമാവാറുണ്ട്. പൊതുവില്‍ വൃത്തിയുള്ള അന്തരീക്ഷമാണെന്നതും യാത്രാനുഭവത്തെ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കുന്നു.

ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തെ സവിശേഷമാക്കുന്ന പത്തു കാര്യങ്ങള്‍ പരിശോധിക്കാം.
1. എച്ച്എഎല്‍ വിമാനത്താവളത്തില്‍ തിരക്ക് കൂടിയതോടെ ആരംഭിച്ച കെംപഗൗഡ വിമാനത്താവളം 2008 മേയിലാണ് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തത്. ബെംഗളൂരു നഗരത്തിന്റെ സ്ഥാപകനായ കെംപ ഗൗഡയുടെ പേരാണ് വിമാനത്താവളത്തിന് നല്‍കിയത്.
2. പൂര്‍ണമായും സൗരോർജത്തില്‍ പ്രവര്‍ത്തിക്കുന്ന കര്‍ണാടകയിലെ ആദ്യത്തെ വിമാനത്താവളമാണ് കെംപഗൗഡ വിമാനത്താവളം.
3. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ക്കു പിന്നില്‍ രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണ് നിലവില്‍ ബെംഗളുരു കെംപഗൗഡ വിമാനത്താവളം. യാത്രികരുടെ എണ്ണത്തില്‍ ഏഷ്യയില്‍ 25ാം സ്ഥാനവും ലോകത്ത് 56ാം സ്ഥാനവും ഈ വിമാനത്താവളത്തിനാണ്.
4. സമ്പൂര്‍ണ വനിതാ അഗ്നിശമന സേനയുള്ള രാജ്യത്തെ ആദ്യ വിമാനത്താവളം.
5. പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചാണ് കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള 50 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചത്.
7. സമാന്തര റണ്‍വേകളുള്ള ദക്ഷിണേന്ത്യയിലെ ആദ്യ വിമാനത്താവളമായി 2019ല്‍.
8. സെന്‍സറി സെന്‍സിറ്റിവിറ്റിയുള്ള യാത്രികര്‍ക്കുവേണ്ടി പ്രത്യേകം സെന്‍സറി റൂം ടെര്‍മിനല്‍ 2വില്‍ ഉണ്ട്.
9. ശാരീരിക പരിമിതികളുള്ളവര്‍ക്കുവേണ്ടി പ്രത്യേകം സംവിധാനങ്ങള്‍. എര്‍പോര്‍ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ(എസിഐ) ലെവല്‍ 1 അക്രഡിറ്റേഷന്‍ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ വിമാനത്താവളം.
10. ടൈഗര്‍ വിങ്‌സ് എന്ന പേരില്‍ കുത്തനെയുള്ള വിപുലമായ പൂന്തോട്ടങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. ഈ പൂന്തോട്ടത്തില്‍ വംശനാശ ഭീഷണി നേരിടുന്ന 630 സസ്യങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൈവവൈവിധ്യ കേന്ദ്രമായി പോലും ഈ പൂന്തോട്ടം അറിയപ്പെടുന്നു.