ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിനെ ഔദ്യോഗിക ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ പങ്കാളിയാക്കി മാലദ്വീപ്

Mail This Article
മാലദ്വീപ് മാര്‍ക്കറ്റിങ് ആന്റ് പബ്ലിക്ക് റിലേഷന്‍സ് കോര്‍പറേഷന്‍(എംഎംപിആര്‍സി) ആണ് വിനോദ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നതിന് മുംബൈ ഇന്ത്യന്‍സുമായി സഹകരിക്കുന്ന വിവരം പുറത്തുവിട്ടത്. ഇന്ത്യയില്‍ നിന്നും രണ്ടു ലക്ഷം സഞ്ചാരികളെ 2025 ല്‍ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. മാലദ്വീപിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വേണ്ട പ്രചാരണ പരിപാടികളില്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങളും പങ്കെടുക്കും.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ജനപ്രിയ ടീമുകളിലൊന്നായ മുംബൈ ഇന്ത്യന്‍സുമായി സഹകരിക്കുന്നതോടെ കൂടുതല്‍ സഞ്ചാരികളെ മാലദ്വീപിലേക്കെത്തിക്കാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ക്രിക്കറ്റിനേയും യാത്രയേയും ആകര്‍ഷിക്കുന്നവരെ ഇതുവഴി മാലദ്വീപിലേക്ക് ആകര്‍ഷിക്കാമെന്നും കരുതപ്പെടുന്നു. ലോകത്തെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളും മാലിന്യം തൊട്ടു തീണ്ടാത്ത സമുദ്രവുമെല്ലാം വര്‍ഷം തോറും നിരവധി സഞ്ചാരികളെയാണ് മാലദ്വീപിലേക്ക് ആകര്‍ഷിക്കുന്നത്. മുംബൈ ഇന്ത്യന്‍സുമായുള്ള സഹകരണം കൂടുതല്‍ സഞ്ചാരികളെ ഈ മനോഹര ദ്വീപ് രാഷ്ട്രത്തിലേക്ക് എത്തിച്ചേക്കും.

അഞ്ചു തവണ ഐപിഎല്ലില്‍ വിജയിച്ചിട്ടുള്ള മുംബൈ ഇന്ത്യന്‍സിന് ലക്ഷക്കണക്കന് ആരാധകരുണ്ട്. മാലദ്വീപ് സന്ദര്‍ശിച്ച കളിക്കാരുടേയും കുടുംബങ്ങളുടേയും സുഹൃത്തുക്കളുടേയും അനുഭവങ്ങളും ഡിജിറ്റല്‍ പ്രചാരണങ്ങളുമെല്ലാം നടത്താന്‍ മാലദ്വീപ് വിനോദ സഞ്ചാര അധികൃതര്‍ക്ക് പദ്ധതിയുണ്ട്. ആഡംബര റിസോര്‍ട്ടുകളും മനോഹര കടല്‍തീരങ്ങളും മികച്ച ആതിഥ്യമര്യാദയുമെല്ലാം എടുത്തു കാണിക്കാനാണ് മാലദ്വീപ് അധികൃതരുടെ ശ്രമം. ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്കിടയില്‍ വിദേശയാത്രകളില്‍ പ്രധാന സ്ഥാനം മാലദ്വീപിനുണ്ട്. ഇടക്കാലത്ത് ഇന്ത്യയുമായുള്ള ബന്ധം മോശമായത് വിനോദ സഞ്ചാരത്തെ ദോഷകരമായി ബാധിച്ചതോടെയാണ് പുതിയ ഇടപെടലുമായി മാലദ്വീപ് എത്തിയിരിക്കുന്നത്.
'ഇന്ത്യയില്‍ ലക്ഷങ്ങളുടെ വികാരമാണ് ക്രിക്കറ്റ്. മുംബൈ ഇന്ത്യന്‍സുമായുള്ള സഹകരണം കൂടുതല്‍ പേരെ മാലദ്വീപില്‍ അവധിക്കാലം ചെലവഴിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് കരുതുന്നത്' എന്നാണ് വിസിറ്റ് മാലദ്വീപ് എംഡിയും സിഇഒയുമായ ഇബ്രാഹിം ഷിയുരീ പ്രതികരിച്ചത്. മനോഹരമായ ഓര്‍മകള്‍ സമ്മാനിക്കാന്‍ ക്രിക്കറ്റിനും അവധി ആഘോഷങ്ങള്‍ക്കുമാവുമെന്നാണ് മുംബൈ ഇന്ത്യന്‍സ് വക്താവ് മാലദ്വീപുമായുള്ള സഹകരണത്തില്‍ പ്രതികരിച്ചത്.
ഇന്നും മാലദ്വീപ് ഇന്ത്യന്‍ സഞ്ചാരികള്‍ക്കിടയിലെ സ്വപ്‌ന ദേശമാണ്. പഞ്ചസാര മണല്‍ ബീച്ചുകളും തെളിഞ്ഞ നീല സമുദ്രവും ആഡംബര റിസോര്‍ട്ടുകളുമെല്ലാം മാലദ്വീപിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഭൂമിശാസ്ത്രപരമായി ഇന്ത്യയോട് അടുത്ത് സ്ഥിതി ചെയ്യുന്നുവെന്നതും സഞ്ചാരികള്‍ക്കു ഗുണമാണ്. ഹണിമൂണ്‍ യാത്രകള്‍ക്കും കുടുംബവുമൊത്ത് അവധിക്കാലം ചെലവഴിക്കാനുമെല്ലാം പലരും മാലദ്വീപിനെ തിരഞ്ഞെടുക്കാറുണ്ട്. ഡൈവിങ്, സ്‌നോര്‍ക്കലിങ് പോലുള്ള സാഹസിക ജല വിനോദങ്ങള്‍ക്കും പറ്റിയ ഇടമാണ് മാലദ്വീപ്.