പൈങ്കുനി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം ഏപ്രിൽ 11 ന് 5 മണിക്കൂര്‍ അടച്ചിടും

Mail This Article
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി ഏപ്രിൽ 11 ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ നാല് മണിക്കൂറിലധികം നിർത്തിവയ്ക്കുമെന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള ലിമിറ്റഡ് (ടിയാൽ) ചൊവ്വാഴ്ച അറിയിച്ചു. ഏപ്രിൽ 11 ന് വൈകുന്നേരം 4.45 മുതൽ രാത്രി 9 വരെയായിരിക്കും വിമാന സർവീസുകൾ നിർത്തിവയ്ക്കുകയെന്ന് ടിയാൽ അറിയിച്ചു. വിമാനങ്ങളുടെ പുതുക്കിയ സമയം അതത് വിമാനക്കമ്പനികളിൽ ലഭ്യമാണ്.
"ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ഘോഷയാത്ര കടന്നുപോകുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേ വർഷത്തിൽ രണ്ടുതവണ അടച്ചിടാറുണ്ട്. വിഗ്രഹങ്ങളുടെ ആചാരപരമായ കുളിക്കായി ശംഖുമുഖം ബീച്ചിലേക്കുള്ള വഴി സ്വീകരിക്കുന്നത് ഉൾപ്പെടുന്ന ഈ പാരമ്പര്യം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്," വിമാനത്താവളം അറിയിച്ചു.
1932 ൽ വിമാനത്താവളം സ്ഥാപിതമായതിനുശേഷവും ഈ ആചാരം തുടരുന്നു, എല്ലാ വർഷവും ഈ രണ്ട് ദിവസങ്ങളിൽ വിമാന സർവീസുകൾ പുനഃക്രമീകരിക്കാറുണ്ട്.

വിമാനത്താവളം നിർമിച്ചപ്പോൾ, അന്നത്തെ തിരുവിതാംകൂർ രാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമ വർമ്മ, വർഷത്തിൽ 363 ദിവസവും ഇത് പൊതുജനങ്ങൾക്കായി തുറന്നിരിക്കുമെന്നും, ബാക്കി രണ്ട് ദിവസം രാജകുടുംബത്തിന്‍റെ ദേവതയായ ശ്രീപദ്മനാഭന് വേണ്ടി മാറ്റിവയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നുവെന്ന് ചരിത്രകാരന്മാർ പറയുന്നു.
ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ദ്വിവത്സര അൽപ്പശി ഉത്സവത്തിനും മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന പൈങ്കുനി ഉത്സവത്തിനും റൺവേ അടയ്ക്കുന്നതിനായി വിമാനത്താവളം എല്ലാ വർഷവും വിമാന ജീവനക്കാർക്കുള്ള പ്രത്യേക അറിയിപ്പ് പുറപ്പെടുവിക്കാറുണ്ട്.
പള്ളിവേട്ട നാളെ
തമിഴ് വർഷത്തിലെ പൈങ്കുനിമാസം എന്നാൽ മലയാളവർഷത്തിലെ മീനമാസമാണ്. മീനമാസത്തിൽ രോഹിണിനക്ഷത്രദിവസം കൊടികയറി സുന്ദരവിലാസം കൊട്ടാരത്തിൽ വച്ച് മഹാരാജാവ്, പള്ളിവേട്ട നിർവഹിച്ച് അത്തം നക്ഷത്രദിവസം ശംഖുമുഖം കടപ്പുറത്ത് ആറാട്ടോടുകൂടി സമാപിക്കുന്ന പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് പൈങ്കുനി ഉത്സവം എന്നറിയപ്പെടുന്നത്.

ഉത്സവത്തിന് രാജകുടുംബത്തിന്‍റെ ആജ്ഞ കിട്ടുമ്പോഴാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. മണ്ണുനീരുകോരൽ, മുളപൂജ, കലശം തുടങ്ങിയ കർമ്മങ്ങൾ ഇതിന്‍റെ ഭാഗമായി നടക്കുന്നു. എല്ലാ ദിവസവും പ്രത്യേക ചടങ്ങുകള്‍ ക്ഷേത്രത്തില്‍ നടക്കും.
ഒമ്പതാം ദിവസമാണ് പള്ളിവേട്ട. രാജകീയമായ ഒരു നായാട്ടായി ഇത് കണക്കാക്കപ്പെടുന്നു. ഇക്കൊല്ലത്തെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ ഏപ്രില്‍ പത്തിന് നടക്കും. സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിൽ തയ്യാറാക്കുന്ന വേട്ടക്കളത്തിലാണ് ചടങ്ങ്. ഉത്സവശ്രീബലിക്കു ശേഷം, ശ്രീപദ്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹം സ്വർണഗരുഡ വാഹനത്തിലും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും നരസിംഹമൂർത്തിയെയും വെള്ളിവാഹനത്തിലും എഴുന്നള്ളിക്കും.
വാദ്യമേളങ്ങള്‍ ഉപയോഗിക്കാതെ നടക്കുന്ന ഘോഷയാത്ര വേട്ടക്കളത്തിലെത്തുമ്പോൾ തന്ത്രി അമ്പും വില്ലും ആവാഹനം നടത്തി ക്ഷേത്ര സ്ഥാനിക്കു കൈമാറും. തുടർന്ന് ക്ഷേത്രസ്ഥാനി പ്രതീകാത്മകമായി കരിക്കിൽ അമ്പെയ്ത് വേട്ട നടത്തുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും. സകല തിന്മകളുടെയും മേലുള്ള വിജയമാണ് ഇതിൽനിന്നും അർത്ഥമാക്കുന്നത്.
ഉത്സവത്തോടനുബന്ധിച്ചുള്ള വലിയ കാണിക്ക ചടങ്ങ് ഇന്ന് രാത്രി എട്ടരയ്ക്ക് ക്ഷേത്രസ്ഥാനി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ നടത്തും.
ഏപ്രില്‍ 11 ന് വൈകിട്ട് അഞ്ച് മണിക്കാണ് ആറാട്ട് ചടങ്ങുകൾ ആരംഭിക്കുന്നത്. ശ്രീകോവിലിലെ ദീപാരാധനയ്ക്കു ശേഷം ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തേക്ക് എഴുന്നള്ളിക്കും. ഘോഷയാത്ര പടിഞ്ഞാറേകോട്ടയിലെത്തുമ്പോൾ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വടുവൊത്ത് മഹാവിഷ്ണു ക്ഷേത്രം, അരകത്ത് ദേവി ക്ഷേത്രം,പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലെ വിഗ്രഹങ്ങളെയും പടിഞ്ഞാറേകോട്ടയിലെത്തിക്കും. പടിഞ്ഞാറേ നടവഴി എഴുന്നള്ളിപ്പ് ഇറങ്ങുമ്പോൾ 1001 കതിനവെടി മുഴങ്ങുന്നുണ്ടാകും.വാദ്യമേളങ്ങളും കലാപരിപാടികളുംകൊണ്ട് സമ്പന്നമായ എഴുന്നള്ളിപ്പ് ശംഖുമുഖം കടപ്പുറത്തെത്താൻ വളരെ നേരമെടുക്കും.
തുടർന്ന് ഘോഷയാത്ര ശംഖുംമുഖത്തേക്ക് പുറപ്പെടും. കടപ്പുറത്തെത്തിച്ചുകഴിഞ്ഞാൽ തന്ത്രവിധിയനുസരിച്ച് വിഗ്രഹങ്ങൾ ഇറക്കിവച്ച് പൂജകൾ നടത്തുന്നു. പിന്നീട് തന്ത്രി, മേൽശാന്തി, കീഴ്ശാന്തി തുടങ്ങിയവരും രാജകുടുംബാംഗങ്ങളും മൂന്നുപ്രാവശ്യം കടലിൽ മുങ്ങുന്നു. രാത്രി 10 മണിയോടെ വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ ശ്രീബലിയും കൊടിയിറക്കും നടക്കും.