കൊറോണ ദ്വീപ്; ലോകത്തിലെ ഏറ്റവും വിലയേറിയ ബിയറിന്റെ സ്വന്തം ദ്വീപ്!

Mail This Article
ലോകത്തിലെ ഏറ്റവും വിലയുള്ള ബിയർ ബ്രാൻഡുകളിൽ ഒന്നാണ് കൊറോണ. സഞ്ചാരികൾക്കായി ഒരു കൊറോണ ദ്വീപ് തന്നെ സജ്ജമാക്കിയിരിക്കുകയാണ് ഇവർ. കൊളംബിയയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പരിസ്ഥിതി സംരക്ഷിത പ്രകൃതിദത്ത പറുദീസയായ ദ്വീപ് ആണ് സഞ്ചാരികൾക്കുള്ള പുതിയ ഇടം. ഇവിടേക്ക് സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ധൈര്യമായി ബുക്ക് ചെയ്യാവുന്നതാണ്.
livecoronaisland.com, booking.com, എക്സ്പീഡിയ, എയർബിഎൻബി എന്നീ പ്ലാറ്റ്ഫോമുകൾ മുഖേന കൊറോണ ദ്വീപിൽ താമസം ബുക്ക് ചെയ്യാവുന്നതാണ്. ഒരു രാത്രി ഇവിടെ താമസിക്കുന്നതിന് 50,000 രൂപയാണ് ചാർജ് ഈടാക്കുന്നത്. സുസ്ഥിരതയ്ക്കും ഐക്യത്തിനുമുള്ള കൊറോണ ബ്രാൻഡിന്റെ ഒരു ചുവടുവയ്പു കൂടിയാണ് ഈ സംരംഭം. വെറുമൊരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി പ്രകൃതി സംരക്ഷണ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്നത് കൂടിയാണ്.

കാർട്ടജീനയിൽ നിന്ന് 20 കിലോമീറ്റർ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കൊറോണ ദ്വീപിലേക്ക് ബോട്ട് വഴി മാത്രമേ എത്തിച്ചേരാൻ കഴിയുകയുള്ളൂ. 2021ൽ ആണ് ആദ്യമായി കൊറോണ ദ്വീപ് ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. ക്ഷണിതാക്കൾക്ക് മാത്രമായിരുന്നു അന്ന് കൊറോണ ദ്വീപിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞിരുന്നത്. അതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ഏതെങ്കിലും ഒരു പ്ലാറ്റ്ഫോം മുഖേന ബുക്ക് ചെയ്താൽ കൊറോണ ദ്വീപിലേക്ക് എത്തിച്ചേരാൻ കഴിയുന്നത് ആയിരിക്കും.
ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കായി പത്ത് പ്രീമിയം വാട്ടർഫ്രണ്ട് ബംഗ്ലാവുകളാണ് തയ്യാറായിട്ടുള്ളത്. ഓരോ ബംഗ്ലാവിനും അതിന്റെതായ ജക്കൂസിയും ഉണ്ട്. കൂടാതെ, സമൃദ്ധമായ ഉഷ്ണമേഖല വനങ്ങളും ഇതുവരെ ആരും എത്തിച്ചേർന്നിട്ടില്ലാത്ത ബീച്ചുകളും കൊറോണ ദ്വീപിന്റേതായിട്ടുണ്ട്.
ഒരു ബംഗ്ലാവിൽ രണ്ടു പേർക്കാണ് ഒരു രാത്രിയിൽ താമസം അനുവദിക്കുന്നത്. കൂടാതെ പരിമിതമായ എണ്ണത്തിൽ ഡേ പാസുകളും അനുവദിക്കുന്നതാണ്. ഓഷ്യാനിക് ഗ്ലോബലിന്റെ ത്രീ-സ്റ്റാർ പ്ലാസ്റ്റിക് രഹിത ബ്ലൂ സീൽ നേടിയ ലോകത്തിലെ ആദ്യത്തെ ദ്വീപും ഒരേയൊരു ദ്വീപും എന്ന ബഹുമതിയും കൊറോണ ദ്വീപിന് സ്വന്തമാണ്.
പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് നിർമിക്കുന്ന ബിയർ എന്ന നിലയിലാണ് കൊറോണ ബിയർ ബ്രാൻഡ് പ്രസിദ്ധമായിരിക്കുന്നത്. അതുപോലെ തന്നെ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊറോണ ദ്വീപ്. പ്രകൃതിയുമായി കൂടുതൽ അടുക്കാൻ സഞ്ചാരികളെ പ്രേരിപ്പിക്കുക എന്നതാണ് കൊറോണ ദ്വീപിന്റെ ലക്ഷ്യവും. ഇരുപതു കിലോമീറ്റർ ബോട്ട് യാത്രയിലൂടെ മാത്രമാണ് സഞ്ചാരികൾക്ക് ഇവിടേക്ക് എത്തിച്ചേരാൻ കഴിയുകയുള്ളൂ. കൗതുകവും സാഹസികതയും നിറഞ്ഞ ഈ യാത്ര സഞ്ചാരികൾക്ക് ഇടയിൽ താമസിയാതെ തന്നെ ട്രെൻഡ് ആകും.
സഞ്ചാരികളെ കാത്തിരിക്കുന്ന മെനു വൈവിധ്യം
സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിധത്തിലാണ് ഇവിടുത്തെ നിർമാണ പ്രവർത്തനങ്ങൾ. ബഹാരെക് പോലുള്ള പരമ്പരാഗത നിർമാണ സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നു. പ്രാദേശികമായ വിഭവങ്ങൾ ചേർത്ത ഭക്ഷണമായിരിക്കും ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് നൽകുക. കൂടാതെ, വ്യത്യസ്തമായ കൊറോണ ഉൽപന്നങ്ങൾ സഞ്ചാരികൾക്ക് ആസ്വദിക്കാൻ സാധിക്കും. കൊറോണ എക്സ്ട്രാ, കൊറോണ സെറോ എന്നിവയുൾപ്പെടെയുള്ള കൊറോണ ഉൽപന്നങ്ങൾ അതിഥികൾക്ക് ലഭിക്കും.
യോഗ, കയാക്കിങ്, സ്നോർക്കെലിങ് എന്നീ വിനോദങ്ങൾക്കും ദ്വീപിൽ അവസരമുണ്ട്. ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിൻ്റെ ഭാഗമായി കണ്ടൽക്കാടുകൾ നടൽ തുടങ്ങിയ പരിസ്ഥിതി സംരക്ഷണ സംരംഭങ്ങൾക്കും ദ്വീപ് മുൻകൈ എടുക്കുന്നു.