ഊട്ടി വേണ്ട മൂന്നാർ മതി; സഞ്ചാരികൾ ഒഴുകുന്നു മൂന്നാറിലേക്ക്

Mail This Article
ഊട്ടിയിൽ ഇ പാസ് നിർബന്ധമാക്കിയതോടെ സഞ്ചാരികൾ മൂന്നാറിലേക്ക് ഒഴുകുന്നു. അവധിക്കാലമാരംഭിച്ചതോടെ മൂന്നാറിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകരുടെ തിരക്ക്. ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മാർച്ച് മാസത്തെ അപേക്ഷിച്ച് സന്ദർശകുടെ എണ്ണം വൻതോതിൽ വർധിച്ചു. അവധിക്കാലം ആഘോഷിക്കാൻ വിനോദ സഞ്ചാരികൾ കൂടുതലായി എത്തിയതോടെ ജില്ലയിലെ ടൂറിസം മേഖലയാകെ ഉണർന്നു. മൂന്നാർ ടൗൺ, രാജമല, മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, ഫ്ലവർ ഗാർഡൻ...എന്നിവിടങ്ങളിലൊക്കം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഗ്യാപ് റോഡിലൂടെയുള്ള കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് യാത്രയുടെ എല്ലാ ട്രിപ്പിലും സഞ്ചാരികളുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള സഞ്ചാരികളാണ് ബസ് യാത്രയ്ക്കായി കൂടുതലെത്തുന്നതെന്ന് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഡിസ്ട്രിക്റ്റ് കോഡിനേറ്റർ രാജീവ് എൻ ആർ മനോരമ ഓൺലൈനോടു പറഞ്ഞു. ഊട്ടിയിൽ ഇ പാസ് നിർബന്ധമാക്കിയതും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും സഞ്ചാരികളെ ദുരിതത്തിലാക്കുന്നതായാണ് ഊട്ടി സന്ദർശിച്ചവരുടെ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കുന്നത്. ഊട്ടി സസ്യോദ്യാനത്തിലെ പാർക്കിങ് സ്ഥലങ്ങളിലും ശുചിമുറികളില്ല. ഉദ്യാന റോഡിലെ നടപ്പാതകൾ പാതയോര വ്യാപാരികൾ കയ്യടക്കിയതു കാരണം കാൽനടക്കാർക്കു റോഡിലൂടെ വേണം സഞ്ചരിക്കാൻ. കുടിവെള്ളത്തിനുള്ള വാട്ടർ എടിഎമ്മുകൾ മിക്ക സ്ഥലത്തും പ്രവർത്തിക്കുന്നില്ല. വെള്ള കുപ്പികൾ കണ്ടാൽ ഓടിച്ചിട്ടു പിടികൂടി ഫൈൻ അടപ്പിക്കും. ഊട്ടിയിലെ സഞ്ചാര മേഖലയിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് വരുത്തി അപമാനിക്കുന്ന നടപടികളാണ് നടക്കുന്നതെന്ന് സഞ്ചാരികൾ പറയുന്നു. മദ്രാസ് ഹൈക്കോടതിയുടെ നിർദേശം പൂർണമായും ജില്ലാ ഭരണകൂടം നടപ്പിലാക്കുന്നുണ്ട്. ഈ –പാസ് ഇല്ലാത്തവരെ ചെക്ക് പോസ്റ്റുകളിൽ നിന്നും മടക്കിയയക്കും. ഇതിനുള്ള ബദൽ സംവിധാനങ്ങൾ ഇതുവരെയും സ്വീകരിച്ചിട്ടില്ല. കാഴ്ചകൾ കാണാനും ആഘോഷിക്കാനും വരുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ നിരാശയാണ് ഉണ്ടാകുന്നത്. ആളുകൾ മൂന്നാറിലേക്ക് ഡെസ്റ്റിനേഷൻ മാറ്റുന്നതു ഇതുകൊണ്ടാവാം.
മൂന്നാർ സന്ദർശിക്കാൻ പ്ലാൻ ചെയ്യുന്നവർ ഈ സ്ഥലങ്ങൾ കാണാൻ മറക്കരുത്
മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടളി എന്നീ മൂന്ന് ‘ആറുകൾ’ ചേരുന്ന സ്ഥലം എന്ന വിശേഷണത്തിൽ നിന്നാണ് മൂന്നാർ എന്ന പേരുണ്ടായത്. പള്ളിവാസൽ, ദേവികുളം, മളയൂർ, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകൾക്കു നടുവിലാണ് മൂന്നാർ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടങ്ങളാണ് മൂന്നാറിന്റെ ഭൂപ്രകൃതിക്ക് അടുക്കും ചിട്ടയുമുണ്ടാക്കിയത്. അതേ സമയം ബ്രിട്ടീഷുകാരാണ് മൂന്നാർ പട്ടണത്തിനരികെ ആദ്യത്തെ ടൂറിസ്റ്റ് ബംഗ്ലാവുകൾ നിർമിച്ചത്. പഴയ മൂന്നാറിലുള്ള സിഎസ്ഐ ദേവാലയവും സെമിത്തേരിയും ബ്രിട്ടീഷ് ഭരണ കാലത്താണ് നിർമിച്ചത്. ഈ സെമിത്തേരിയുടെ ഏറ്റവും മുകളിലാണ് എലെയ്നർ ഇസബെൽ മെയ് എന്ന ബ്രിട്ടീഷുകാരിയുടെ കല്ലറ. നയനങ്ങളെ അവിസ്മരണീയമാക്കുന്ന കാഴ്ചകൾക്ക് പോകാം മൂന്നാറിലേക്ക്.
∙ചീയപ്പാറ വെള്ളച്ചാട്ടം
നേര്യമംഗലത്തിനും അടിമാലിക്കും ഇടയിൽ റോഡരികിലാണ് ചീയപ്പാറ വെള്ളച്ചാട്ടം. ഏഴു തട്ടുകളിലായി പാറപ്പുറത്തു കൂടി ഒഴുകിയിറങ്ങുന്ന ചീയപ്പാറ വെള്ളച്ചാട്ടം നേര്യമംഗലം മൂന്നാർ റോഡിലൂടെ താഴേക്ക് ഒഴുകുന്നു. റോഡരികിൽ നിന്നു കണ്ടാ സ്വദിക്കാവുന്ന ചീയപ്പാറ വെള്ളച്ചാട്ടം മൂന്നാർ യാത്രയിൽ ആദ്യത്തെ ഡെസ്റ്റിനേഷനാണ്.
∙രാജമല
ഇരവികുളം ദേശീയോദ്യാനത്തിലെ ഒരു മലയാണ് നീല ക്കുറിഞ്ഞി പൂക്കുന്ന രാജമല. വരയാടുകളുടെ വാസസ്ഥാ നമായ രാജമലയിലേക്ക് വനംവകുപ്പ് സഫാരി നടത്തുന്നുണ്ട്. അടിവാരത്തു നിന്ന് 4 കിലോമീറ്റർ വാഹനയാത്ര. അവിടെ നിന്ന് ഒരു കിലോമീറ്റർ നടത്തം. ഇതിനിടയിൽ 10 ഹെയർപിൻ വളവുകൾ. രാജമലയുടെ അടിവാരത്തേക്കു മൂന്നാറിൽ നിന്ന് 14 കി.മീ പ്രവേശനത്തിനു ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
∙ചിന്നക്കനാൽ
തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെ ദേവികുളം വഴി ചിന്നാർ യാത്ര രസകരമായ റോഡ് ട്രിപ്പാണ്. ആനയിറങ്കൽ അണ ക്കെട്ടിൽ ബോട്ട് സവാരിയുണ്ട്. വ്യൂപോയിന്റാണ് ചിന്നക്ക നാലിലെ മറ്റൊരു ഡെസ്റ്റിനേഷൻ.
∙മാട്ടുപെട്ടി അണക്കെട്ട്
മൂന്നാർ സഞ്ചാരികളുടെ ബോട്ടിങ് പോയിന്റാണ് മാട്ടുപെട്ടി അണക്കെട്ട്. താഴ്‍വരയുടെ സൗന്ദര്യം ക്യാമറയിൽ പകർത്താൻ അണക്കെട്ടിനു സമീപത്ത് ഇക്കോ പോയിന്റുണ്ട്. മൂന്നാറിൽ നിന്നു 15 കി.മീ.
∙കുണ്ടള അണക്കെട്ട്
ടോപ് സ്റ്റേഷൻ യാത്രയ്ക്കിടെ രണ്ടാമത്തെ അണക്കെട്ടാണ് കുണ്ടള. അണക്കെട്ടിൽ ബോട്ട് സവാരിയുണ്ട്. അണക്കെട്ടിനു സമീപത്തായി ചെറി പൂക്കൾ വിടരുന്ന പൂന്തോട്ടമുണ്ട്.
∙ടോപ് സ്റ്റേഷൻ
മൂന്നാറിന്റെ അതിർത്തിയിലുള്ള മലഞ്ചെരിവുകൾ കണ്ടാസ്വദി ക്കാവുന്ന സ്ഥലമാണു ടോപ് സ്റ്റേഷൻ. മൂന്നാറിലെ ഏറ്റവും ഉയരമേറിയ പ്രദേശമാണ് ടോപ് സ്റ്റേഷൻ.തമിഴ്നാടിന്റെ അതിർത്തിയിലുള്ള ടോപ് സ്റ്റേഷനില്‍ സഞ്ചാരികളെ സ്വീകരിക്കാൻ ഒരു റസ്റ്ററന്റുണ്ട്. മൂന്നാറിൽ നിന്നു 36കി.മീ അകലെയാണ് ടോപ് സ്റ്റേഷൻ (മൂന്നാർ കൊടൈക്കനാൽ റോഡ്).
പഴയ മൂന്നാർ – കൊടൈക്കനാൽ എസ്കേപ് റൂട്ടിലൂടെയൊരു യാത്ര
പാമ്പാടുംചോലയുടെ വന്യതയും പശ്ചിമഘട്ടത്തിന്റെ തണുപ്പുമേറ്റു യാത്ര ചെയ്യാൻ ഇതിലും മികച്ചൊരു ഇടമില്ല. വന്യമൃഗങ്ങളെയും പക്ഷികളെയും പൂമ്പാറ്റകളെയുമൊക്കെ തൊട്ടടുത്തു കണ്ടറിഞ്ഞ് ഒരു ചെറിയ സാഹസികയാത്ര. വനത്തിനുള്ളിലെ പഴയ മൂന്നാർ – കൊടൈക്കനാൽ എസ്കേപ് റൂട്ടിലൂടെയാണ് ഈ യാത്ര. വനം വകുപ്പാണു ട്രെക്കിങ് പ്രോഗ്രാം നടത്തുന്നത്. മൂന്നാർ ടോപ് സ്റ്റേഷൻ കഴിഞ്ഞു വട്ടവടയിലേക്കുള്ള പ്രവേശനകവാടത്തിനു സമീപം ടിക്കറ്റെടുക്കാം. ഒരാൾക്ക് 300 രൂപ.
സ്പൈസസ് ഗാര്‍ഡൻ
സുഗന്ധവ്യഞ്ജനങ്ങളുടെയും തേയിലയുടെയും പറുദീസയാണ് മൂന്നാറിലെ മലനിരകൾ . സുഗന്ധവ്യഞ്ജന തോട്ടം സന്ദര്‍ശിക്കുക എന്നത് മൂന്നാറിൽ എത്തുന്നവർക്ക് ഒഴിച്ചു കൂടാനാവാത്തതാണ്. ടൂർ ഗൈഡ് ഓരോ സുഗന്ധവ്യഞ്ജനത്തിന്റെയും പച്ചമരുന്നിന്റെയും ഗുണവും പ്രാധാന്യവും മനസ്സിലാക്കി തരുന്നത് സഞ്ചാരികൾക്ക് പ്രയോജനകരമാണ്. കൂടാതെ തോട്ടങ്ങൾക്കെല്ലാം തന്നെ വിശ്വാസയോഗ്യമായ മരുന്നുകളുടെ വില്പനശാലകളുമുണ്ട്. ബഡ്ജറ്റിൽ ഒതുങ്ങുന്ന യാത്രയെങ്കിൽ സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങാം.
മൂന്നാറിലെ ഷോപ്പിംഗ്
മൂന്നാർ വളരെ ചെറിയ ഒരു നഗരമാണ്. എങ്കിലും കാഴ്ചയുടെ വിസ്മയം ജനിപ്പിക്കുന്നതിൽ ഒട്ടും പിന്നിലല്ല. കോടമഞ്ഞു ചൊരിയുന്ന മൂന്നാറിൽ പ്രധാനമായും ഹോംമെയ്ഡ് ചോക്ലേറ്റുകളും വ്യത്യസ്ത രുചിയിലുള്ള തേയിലപ്പൊടികളും ഹെർബൽ ഉത്പന്നങ്ങളുമാണ് സുലഭമായുള്ളത്. മൂന്നാറിൽ എത്തുന്നവർ മൂന്നാറിന്റെ മണമുള്ള തേയിലപ്പൊടി വാങ്ങാതെ ഒരു മടക്കയാത്രയില്ല.