കഴിഞ്ഞ വർഷം ടിക്കറ്റ് വിൽപനയിലൂടെ മാത്രം താജ്മഹൽ സമ്പാദിച്ചത് 98 കോടി രൂപ

Mail This Article
പ്രണയത്തിന്റെ നിത്യസ്മാരകമായ ആഗ്രയിലെ താജ്മഹലിലേക്കു രാജ്യത്തു നിന്നു മാത്രമല്ല വിദേശത്തു നിന്നും നിരവധി സഞ്ചാരികളാണ് ഓരോ വർഷവും എത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലും നിരവധി സഞ്ചാരികളാണ് താജ്മഹൽ കാണാൻ എത്തിയത്. ടിക്കറ്റ് വിൽപനയിലൂടെ മാത്രം കഴിഞ്ഞ സാമ്പത്തിക വർഷം താജ്മഹൽ സമ്പാദിച്ചത് 98,55,27,533 രൂപയാണ്. ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷിത സ്മാരകങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനം കഴിഞ്ഞ വർഷം നേടിയത് താജ്മഹൽ ആണ്.
മുഗൾ ചക്രവർത്തി ആയിരുന്ന ഷാജഹാൻ ഭാര്യ ആയിരുന്ന മുംതാസിന്റെ ഓർമയ്ക്കു വേണ്ടി പണി കഴിപ്പിച്ച സ്മാരകമാണ് താജ്മഹൽ. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 297 കോടി രൂപയുടെ വരുമാനമാണ് താജ്മഹൽ നേടിയതെന്നു സർക്കാർ പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാകുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 98 കോടി രൂപയാണ് ടിക്കറ്റ് വിൽപനയിലൂടെ മാത്രം താജ്മഹൽ നേടിയത്. രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് ഈ വിവരങ്ങൾ പങ്കുവച്ചത്.

ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിവിധ സ്മാരകങ്ങളിൽ നിന്ന് ടിക്കറ്റ് വിൽപനയിലൂടെ എത്ര രൂപ സമ്പാദിച്ചുവെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ അഞ്ചു വർഷങ്ങളിലും ടിക്കറ്റ് വിൽപനയിലൂടെ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് താജ്മഹലിനാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം താജ്മഹലിലേക്ക് 67,80,215 പേർ എത്തിയതായും കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നും കണക്കുകൾ വ്യക്തമാക്കി മന്ത്രി അറിയിച്ചു.

വരുമാനത്തിന്റെ കാര്യത്തിൽ താജ്മഹലിന് പിന്നിൽ കുത്തബ് മിനാറും ചെങ്കോട്ടയും ആണ്. 23.8 കോടി രൂപയുടെ വരുമാനം കുത്തബ് മിനാറിന് ലഭിച്ചപ്പോൾ 18 കോടി രൂപയുടെ വരുമാനമാണ് ചെങ്കോട്ടയ്ക്ക് ലഭിച്ചത്. ആഗ്ര കോട്ട (15.3), കൊണാർക് സൂര്യക്ഷേത്രം (12.7), ഹുമയൂൺസ് ടോംബ് (10), ചെന്നൈ മാമല്ലപുരത്തെ സ്മാരകങ്ങൾ (7.4), എല്ലോറ ഗുഹകൾ (7.1), ഫത്തേപുർ സിക്രി (6.7), ചിറ്റോർഗർ കോട്ട (4.3) എന്നിങ്ങനെയാണ് വരുമാനത്തിൻ്റെ കാര്യത്തിൽ ആദ്യ പത്തു സ്ഥാനത്തിൽ എത്തിയ സ്മാരകങ്ങളും അവയുടെ വരുമാനവും.
പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ ആണ് താജ്മഹൽ പണി കഴിപ്പിച്ചത്. ലോകത്തിലെ ഏറ്റവും മനോഹരമായ കെട്ടിടങ്ങളിൽ ഒന്നായാണ് താജ്മഹൽ കണക്കാക്കപ്പെടുന്നത്. ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്നാണ് താജ്മഹൽ. ആഗ്രയിൽ യമുനാ നദിയുടെ തീരത്താണ് താജ് മഹൽ സ്ഥിതി ചെയ്യുന്നത്. ഐവറി വൈറ്റ് മാർബിൾ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. പേർഷ്യൻ, ഇന്ത്യൻ, ഇസ്ലാമിക് വാസ്തുവിദ്യാ രീതികൾ ഉൾക്കൊള്ളുന്ന മുഗൾ വാസ്തുവിദ്യയുടെ ഏറ്റവും മനോഹരമായ ഉദാഹരണമാണ് താജ്മഹൽ. 1983ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ താജ്മഹൽ ഇടം നേടി.