വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്‌താല്‍ എന്തുചെയ്യണം? യാത്രക്കാരുടെ അവകാശങ്ങള്‍ അറിയാം

Mail This Article
പ്രത്യേക സാഹചര്യങ്ങള്‍ മൂലം വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്നത് അത്ര പുതിയ കാര്യമല്ല. 2022 ജനുവരി മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവില്‍ 25,500 വിമാനങ്ങൾ റദ്ദാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതികൂല കാലാവസ്ഥ, പ്രകൃതി ദുരന്തം, സുരക്ഷാ അപകടങ്ങൾ എന്നിവയുൾപ്പെടെ നിരവധി കാരണങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ടാകും.
ഇത്തരം സാഹചര്യങ്ങളില്‍ യാത്രക്കാരന് ആശങ്കപ്പെടേണ്ട കാര്യമില്ല. ടിക്കറ്റിന്‍റെ കാശ് പോകുമെന്ന പേടിയും വേണ്ട. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു വിമാനം വൈകുകയോ റദ്ദാക്കുകയോ അതോ ബോര്‍ഡിങ് നിഷേധിക്കുകയോ ചെയ്യുകയാണെങ്കില്‍ ന്യായമായ നഷ്ടപരിഹാരത്തിന് യാത്രക്കാരന് അര്‍ഹതയുണ്ട്.

വൈകിയാല്‍
ബുക്ക് ചെയ്ത വിമാനം വൈകുകയാണെങ്കില്‍, കൃത്യസമയത്ത് ചെക്ക്-ഇൻ ചെയ്യുന്ന യാത്രക്കാരന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാൻ എയര്‍ലൈന്‍ ബാധ്യസ്ഥരാണ്. എന്നാല്‍, അസാധാരണമായ സാഹചര്യങ്ങൾ മൂലമാണ് വിമാനം വൈകുന്നതെങ്കിൽ, നഷ്ടപരിഹാരം നൽകാൻ എയർലൈനിന് ബാധ്യതയില്ല.
പ്രകൃതി ദുരന്തം, ആഭ്യന്തരയുദ്ധം, രാഷ്ട്രീയ അസ്ഥിരത, സുരക്ഷാ അപകടസാധ്യതകൾ, കലാപം, വെള്ളപ്പൊക്കം, സ്ഫോടനം, വ്യോമയാനത്തെ ബാധിക്കുന്ന സർക്കാർ നിയന്ത്രണമോ ഉത്തരവോ, പണിമുടക്കുകളും തൊഴിൽ തർക്കങ്ങൾ, കാലാവസ്ഥാ സാഹചര്യങ്ങൾ, എയർലൈനിന്റെ നിയന്ത്രണത്തിന് അതീതമായതും കൃത്യസമയത്ത് സർവീസ് നടത്താനുള്ള അവരുടെ കഴിവിനെ ബാധിക്കുന്നതുമായ മറ്റ് ഏതെങ്കിലും കാരണങ്ങൾ എന്നിവയാണ് അസാധാരണമായ സാഹചര്യങ്ങളായികണക്കാക്കുന്നത്.

ഇക്കാരണങ്ങളാലല്ലാതെ വൈകിയാല്‍, വൈകിയ സമയം, 24 മണിക്കൂറിൽ താഴെയാണെങ്കില്‍ വിമാനത്താവളത്തിൽ ഭക്ഷണത്തിനും ലഘുഭക്ഷണത്തിനും യാത്രക്കാരന് അര്‍ഹതയുണ്ട്. 24 മണിക്കൂറിൽ കൂടുതൽ സമയമെടുത്താല്‍, ട്രാൻസ്ഫറുകള്‍ ഉള്‍പ്പെടെ ഹോട്ടൽ താമസത്തിനും അർഹതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഹോട്ടലുകൾ തിരഞ്ഞെടുക്കുന്നതിൽ ഓപ്പറേറ്റിങ് എയർലൈനിന് പൂർണ വിവേചനാധികാരം ഉണ്ടായിരിക്കും.
ഫ്ലൈറ്റ് കാലതാമസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യസമയത്ത് ലഭിക്കുന്നതിന്, ബുക്കിങ് സമയത്ത് എയർലൈനുകൾക്ക് ശരിയായ കോൺടാക്റ്റ് വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
∙വിമാനം റദ്ദാക്കിയാല്‍
ബുക്ക് ചെയ്തിട്ടുള്ള വിമാനങ്ങൾ റദ്ദാക്കുന്നത് മൂലം യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യം കുറയ്ക്കുന്നതിന്, പുറപ്പെടുന്നതിന് നിശ്ചയിച്ച സമയത്തിന് കുറഞ്ഞത് രണ്ടാഴ്ച മുമ്പെങ്കിലും റദ്ദാക്കൽ വിവരം യാത്രക്കാരനെ എയർലൈൻ അറിയിക്കണം. യാത്രക്കാരന് സ്വീകാര്യമായ ഒരു ബദൽ വിമാനത്തില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുകയോ അല്ലെങ്കില്‍ റീഫണ്ട് ക്രമീകരിക്കുകയോ വേണം.
റദ്ദാക്കൽ വിവരം യാത്രക്കാരനെ, രണ്ടാഴ്ചയിൽ താഴെയും ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന് 24 മണിക്കൂർ മുൻപുള്ള സമയത്ത് അറിയിച്ചാൽ, യാത്രക്കാരന് സ്വീകാര്യമായ രീതിയിൽ എയർലൈൻ ഒരു ബദൽ വിമാനം വാഗ്ദാനം ചെയ്യുകയോ ടിക്കറ്റ് റീഫണ്ട് ചെയ്യുകയോ ചെയ്യും.
വ്യവസ്ഥകൾ അനുസരിച്ച് അറിയിപ്പ് ലഭിക്കാതിരിക്കുകയോ അല്ലെങ്കിൽ ഒരു എയർലൈനിന്‍റെ അതേ ടിക്കറ്റ് നമ്പറിൽ ബുക്ക് ചെയ്ത കണക്റ്റിങ് ഫ്ലൈറ്റ് നഷ്ടപ്പെടുകയോ ചെയ്‌താല്‍, വിമാനക്കമ്പനികൾ യാത്രക്കാരന് സ്വീകാര്യമായ ബദൽ വിമാനം നൽകുകയോ താഴെപ്പറയുന്ന വ്യവസ്ഥകൾ അനുസരിച്ച് വിമാന ടിക്കറ്റിന്‍റെ പൂർണ റീഫണ്ടിന് പുറമേ നഷ്ടപരിഹാരം നൽകുകയോ ചെയ്യും.
1. ഒരു മണിക്കൂർ വരെയുള്ള ബ്ലോക്ക് സമയമുള്ള വിമാനങ്ങൾക്ക്, 5,000 രൂപ അല്ലെങ്കിൽ ബുക്ക് ചെയ്ത വൺ വേ അടിസ്ഥാന നിരക്കും എയർലൈൻ ഇന്ധന ചാർജുമടക്കമുള്ള തുക ഇവയില്‍ ഏതാണോ കുറവ് അത് നല്‍കണം.
2. ഒരു മണിക്കൂര്‍ മുതല്‍ 2 മണിക്കൂർ വരെയുള്ള ബ്ലോക്ക് സമയമുള്ള വിമാനങ്ങൾക്ക്, 7,500 രൂപ അല്ലെങ്കിൽ ബുക്ക് ചെയ്ത വൺ വേ അടിസ്ഥാന നിരക്കും എയർലൈൻ ഇന്ധന ചാർജുമടക്കമുള്ള തുക ഇവയില്‍ ഇതാണോ കുറവ് അത് നല്‍കണം.
3. രണ്ടു മണിക്കൂറിൽ കൂടുതൽ ബ്ലോക്ക് സമയമുള്ള വിമാനങ്ങൾക്ക് 10,000 രൂപ അല്ലെങ്കിൽ ബുക്ക് ചെയ്ത വൺ വേ അടിസ്ഥാന നിരക്കും എയർലൈൻ ഇന്ധന ചാർജുമടക്കമുള്ള തുക ഇവയില്‍ ഇതാണോ കുറവ് അത് നല്‍കണം.
എയർലൈനിന്‍റെ നിയന്ത്രണത്തിനപ്പുറമുള്ള അസാധാരണ സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന റദ്ദാക്കലുകൾക്ക് നഷ്ടപരിഹാരം ലഭിക്കില്ല. പകരം, എയർലൈൻ വാഗ്ദാനം ചെയ്യുന്ന ഇതര യാത്രാ ക്രമീകരണങ്ങൾ സ്വീകരിക്കാം.
ബുക്കിങ് നടത്തുന്ന സമയത്ത്, ഇമെയിൽ ഐഡി അല്ലെങ്കിൽ ഫോൺ നമ്പർ പോലെ മതിയായ ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകാത്ത യാത്രക്കാർക്ക് യാതൊരു സാമ്പത്തിക നഷ്ടപരിഹാരവും നൽകില്ല.

ബോര്‍ഡിങ് നിഷേധിച്ചാല്‍
ഒഴിഞ്ഞ സീറ്റുകളോടെ വിമാനം പുറപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിന്, എയർലൈനുകൾ സാധാരണയായി പരിമിതമായ അളവിൽ വിമാനങ്ങൾക്ക് ഓവർബുക്ക് ചെയ്യാന്‍ അനുവദിക്കാറുണ്ട്. ഒരു പ്രത്യേക വിമാനത്തിൽ ഓവർബുക്കിങ് ഉണ്ടായാൽ, ലഭ്യമായ സീറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതൽ യാത്രക്കാർ ഒരേ സമയം വിമാനത്തിൽ യാത്ര ചെയ്യാന്‍ എത്തുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം. അത്തരം സാഹചര്യങ്ങളിൽ, വിമാനത്തിൽ യാത്ര ചെയ്യുന്നതിനുള്ള സ്ഥിരീകരിച്ച ബുക്കിങ്ങുകൾ യാത്രക്കാരന്‍റെ കൈവശം ഉണ്ടായിരിക്കുകയും, വിമാനം പുറപ്പെടുന്നതിന് മുൻപ് നിശ്ചിത സമയത്തിനുള്ളിൽ വിമാനത്തിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്താല്‍പ്പോലും എയർലൈൻ ബോർഡിങ് നിഷേധിച്ചേക്കാം.

ഇത്തരം സാഹചര്യങ്ങളില്‍ പണം നഷ്ടപരിഹാരമായി നൽകാൻ എയർലൈൻ ബാധ്യസ്ഥരാണ്. ടിക്കറ്റിന്‍റെ വില CAR സെക്ഷൻ 3, സീരീസ് M, പാർട്ട് IV ലെ വ്യവസ്ഥകൾ പ്രകാരമുള്ള നഷ്ടപരിഹാര തുകയേക്കാൾ കുറവാണെങ്കിൽ, വിമാന ടിക്കറ്റിന്‍റെ റീഫണ്ടിന് പുറമേ, ടിക്കറ്റ് വിലയ്ക്കു തുല്യമായ തുകയ്ക്ക് കൂടി യാത്രക്കാരന് അർഹതയുണ്ടായിരിക്കും.

സ്വമേധയാ സീറ്റുകൾ ഒഴിഞ്ഞുകൊടുക്കുന്ന ആളുകള്‍ക്ക്, സ്വന്തം വിവേചനാധികാരത്തിൽ നല്‍കാന്‍ കഴിയുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും മറ്റും എയർലൈൻ തന്നെ നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് – https://www.dgca.gov.in