ഭൂമിയില്‍ ആദ്യമായി സൂര്യകിരണങ്ങള്‍ പതിക്കുന്ന സ്ഥലം, ഇതാണ് സ്വപ്നങ്ങളിലെ സ്വര്‍ഗം

Mail This Article
ഭൂമിയിലെ ഭൂരിഭാഗം മനുഷ്യര്‍ക്കും നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളിലൊന്നാണ് കിരീബാസ്. പസഫിക് സമുദ്രത്തിനു നടുവിലായി ഒരു പൊട്ടു പോലെ കിടക്കുന്ന ഏകാന്ത ദ്വീപ്. ഭൂമിയില്‍ ആദ്യമായി സൂര്യകിരണങ്ങള്‍ പതിക്കുന്ന സ്ഥലം, മാലിന്യം തൊട്ടു തീണ്ടിയിട്ടില്ലാത്ത തെളി നീല കടല്‍, സമയരേഖ വളച്ചതിനു കാരണമായ രാജ്യം എന്നിങ്ങനെ പല സവിശേഷതകളുണ്ട് കിരീബാസിന്.

ഒരു മണിക്കൂറില്‍ കിരീബാസ് എന്ന രാജ്യം മുഴുവന്‍ നമുക്ക് കാറില്‍ ചുറ്റിയടിക്കാം. ആകെ ഒരൊറ്റ പ്രധാന പാത മാത്രമാണ് കിരീബാസിലുള്ളത്. കിരിബാറ്റിയെന്നാണ് ഇംഗ്ലീഷില്‍ എഴുതുകയെങ്കിലും കിരീബാസ് എന്നാണ് ഉച്ഛാരണം. മൂന്നര ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ ചിതറി കിടക്കുന്ന 33ദ്വീപുകളുടെ സമൂഹമാണ് കിരീബാസ്. എങ്കിലും ആകെ കര വിസ്തൃതി 811 ചതുരശ്ര കിലോമീറ്റര്‍ മാത്രം. ആകെ വിസ്തൃതിയുടെ 99 ശതമാനത്തിലേറെ സമുദ്രം നിറഞ്ഞ രാജ്യമാണിത്.
ഭൂപടത്തില്‍ തിരഞ്ഞു പോയാല്‍ നിങ്ങള്‍ക്ക് കിരീബാസിനെ കാണാനാവണമെന്നില്ല. അത്രയും ചെറുതാണ് പസഫിക് സമുദ്രത്തിനു നടുവിലായുള്ള ഈ രാജ്യം. 1.10 ലക്ഷം പേര്‍ ഇവിടെ ജീവിക്കുന്നുണ്ട്. വൈകാതെ ഈ രാജ്യം തന്നെ ഇല്ലാതാവാനാണ് കൂടുതല്‍ സാധ്യത. ആഗോള താപനത്തെ തുടര്‍ന്ന് സമുദ്ര നിരപ്പ് ഉയര്‍ന്നാല്‍ ആദ്യം അപ്രത്യക്ഷമാവുന്ന രാജ്യങ്ങളിലൊന്നാവും കിരീബാസ്.
ആകെ 35 കിലോമീറ്ററാണ് കിരീബാസിന്റെ തലസ്ഥാനമായ തരാവയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീളുന്ന റോഡിന്റെ നീളം. കിരീബാസിലെ ജനസംഖ്യയുടെ ഭൂരിഭാഗവും തരാവയിലാണ്. സ്‌കൂളുകളും സര്‍വകലാശാലകളും സര്‍ക്കാര്‍ ഓഫീസുകളുമെല്ലാം തരാവയില്‍ തന്നെ. ആകെയുള്ള ഷോപ്പിങ് മാളും തരാവയിലാണുള്ളത്.
പ്രധാന ഭക്ഷണം സമുദ്രവിഭവങ്ങള്‍ തന്നെ. കിരീബാസ് പോലുള്ള പസഫിക്ക് സമുദ്രത്തിലെ വിദൂര ദ്വീപുകളില്‍ ഏതാണ്ടെല്ലാ സാധനങ്ങളും ഇറക്കുമതിയായാണ് എത്തുന്നത്. അതുകൊണ്ടുതന്നെ മറ്റു പലയിടങ്ങളിലും സാധാരണ ലഭിക്കുന്ന പല സാധനങ്ങളും ഇവിടെ ആഡംബരമാണ്. എന്നാല്‍ മറ്റിടങ്ങളിലെ ആഡംബര പഞ്ച നക്ഷത്ര റിസോര്‍ട്ടുകളിലെ സൗകര്യങ്ങള്‍ ഇവര്‍ ഓരോ ദിവസവും ഇന്നാട്ടുകാര്‍ അനുഭവിക്കുകയും ചെയ്യുന്നു.
പ്രകൃതി ഭംഗിക്കു പുറമേ നാളികേരവും മത്സ്യവിഭവങ്ങളുമാണ് ഇവിടെ സുഭിക്ഷമായി ലഭിക്കുന്നത്. കിരീബാസിലെ പ്രധാന നിരത്തിനോടു ചേര്‍ന്ന് മത്സ്യം വില്‍ക്കുന്നവരെ കാണാനാവും. ഇവര്‍ക്ക് പ്രത്യേകിച്ച് ചന്തകളൊന്നുമില്ല. കുട്ടികള്‍ ചെരിപ്പിടാതെ കാല്‍നടയായാണ് സ്‌കൂളില്‍ പോവുന്നതും വരുന്നതും. സ്‌കൂളുകള്‍ അടുത്തായതിനാലും നിരത്തില്‍ മാലിന്യമില്ലാത്തതിനാലും ചെരിപ്പിന്റേയും വാഹനത്തിന്റേയും ആവശ്യം തോന്നിയിട്ടുമുണ്ടാവില്ല. റോഡിലെ പരമാവധി വേഗത മണിക്കൂറില്‍ 60 കിലോമീറ്ററാണ്.
കിരീബാസിലേക്കുള്ള യാത്രക്കിടെ പല യാത്രികര്‍ക്കും ഒരു ദിവസം നഷ്ടമാവാറുണ്ട്. ടൈം സോണുകളുടെ പ്രത്യേകതയും സമയം കൂട്ടിക്കുറക്കുന്നതിലെ വ്യത്യാസവുമൊക്കെയാണ് കാരണം. ഇതേക്കുറിച്ച് അറബ് യുട്യൂബറായ ജോ ഹാട്ടബ് തന്റെ കിരീബാസ് യാത്രക്കിടെ പറഞ്ഞിട്ടുണ്ട്. ലൊസാഞ്ചലസിൽ നിന്നും ഫിജി വഴിയാണ് ജോ കിരീബാസിലേക്കു പോയത്. പത്തു മണിക്കൂറാണ് യാത്രക്കെടുക്കുന്ന സമയം. എന്നിട്ടും18ന് ലൊസാഞ്ചലസിലേക്കു പുറപ്പെട്ട ജോ ഹാട്ടബ് ഫിജിയിലെത്തിയത് 20നാണ്. ഒരു ദിവസം ഇടക്കു വെച്ച് നഷ്ടമായി.
ഫിജിയില്‍ നിന്നും ആഴ്ച്ചയില്‍ മൂന്ന് വിമാന സര്‍വീസുകളാണ് കിരീബാസിലേക്കുള്ളത്. കിരിബാസിലേക്ക് പോവാന്‍ സാധിക്കുന്ന ലോകത്തെ ഒരേയൊരു രാജ്യമാണ് ഫിജി. അത്രത്തോളം വിദൂരമാണ് പസഫിക് സമുദ്രത്തിന്റെ നടുവിലായുള്ള കിരീബാസെന്ന ദ്വീപുരാജ്യം. രാജ്യാന്തര സമയരേഖ മുറിച്ചു കടന്നുകൊണ്ടുള്ള യാത്രയായിരുന്നു അത്. അങ്ങനെയാണ് ഒരു ദിവസം നഷ്ടമാവുന്നത്. കിഴക്കു നിന്നും പടിഞ്ഞാറു ദിശയിലേക്കാണ് നിങ്ങള്‍ രാജ്യാന്തര സമയരേഖ മുറിച്ചു കടക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരു ദിവസം അധികമായി ലഭിക്കും.
കിരീബാസിനെ വിഭജിച്ചുകൊണ്ടാണ് സാങ്കല്‍പികമായ രാജ്യാന്തര സമയരേഖ കടന്നു പോവുന്നത്. അങ്ങനെ വരുമ്പോള്‍ കിരീബാസെന്ന കൊച്ചു രാജ്യത്തിന്റെ ഒരു പകുതിയില്‍ ഒരു ദിവസവും മറു പകുതിയില്‍ മറ്റൊരു ദിവസവുമാവും. ഈ സങ്കീര്‍ണത ഒഴിവാക്കാന്‍ 1995 മുതല്‍ കിരീബാസ് ഒരൊറ്റ സമയമാണ് പിന്തുടരുന്നത്. ഇതോടെ സാങ്കല്‍പിക സമയരേഖ കിരീബാസിനെ ചുറ്റി പോവുന്ന രൂപത്തിലുമായി. ഓരോ രാജ്യങ്ങളുടേയും സമയം അടിസ്ഥാനപ്പെടുത്തുന്ന ഗ്രീനിച്ച് രേഖയുടെ നേരെ എതിര്‍വശത്തായാണ് കിരീബാസിനു മുകളിലൂടെ പോവുന്ന സമയരേഖ.
കിരീബാസിലുള്ള ഭൂരിഭാഗവും ജീവിതത്തില്‍ ഇന്നു വരെ മലയോ കുന്നോ കണ്ടിട്ടില്ല. കിരീബാസിലെ ഏറ്റവും ഉയരമുള്ള സ്ഥലത്തിന് സമുദ്ര നിരപ്പില്‍ നിന്നും മൂന്നു മീറ്റര്‍ മാത്രമാണ് ഉയരമുള്ളത്. സമുദ്രത്തിനോട് അത്രയും ചേര്‍ന്നു കിടക്കുന്ന നാടാണിത്. സമുദ്രത്തില്‍ നിന്നും ഒരു മീറ്റര്‍ മുതല്‍ മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ കിടക്കുന്ന നാടാണ് കിരീബാസ്. വര്‍ഷത്തില്‍ പല മാസങ്ങളും സമുദ്രത്തില്‍ കഴിയുന്ന പ്രദേശങ്ങള്‍ ഇവിടെയുണ്ട്. ഇതിനകം തന്നെ കിരീബാസിലെ പല ദ്വീപുകളേയും സമുദ്രം തിരിച്ചെടുത്തു കഴിഞ്ഞു. നഷ്ട സ്വര്‍ഗം തേടുന്ന യാത്രികരേയും കാത്തിരിപ്പാണ് കിരീബാസും അവിടുത്തെ നാട്ടുകാരും.