അപൂർവയിനം ‘വെള്ളക്കടുവ’യെ കാണാൻ കുട്ടികൾക്കൊപ്പം പോകാം ഈ മൃഗശാലകളിലേക്ക്

Mail This Article
കുട്ടികളുമൊത്ത് ഒരു അവധിക്കാല യാത്ര എല്ലാ മാതാപിതാക്കളുടെയും ബക്കറ്റ് ലിസ്റ്റിലുള്ള കാര്യമായിരിക്കും. അങ്ങനെയെങ്കിൽ ഇത്തവണ കുട്ടികളെയും കൂട്ടി മൃഗശാലയിലേക്ക് പോയാലോ. ലോകത്തിലെ തന്നെ ഏറ്റവും ആകർഷകമായ മൃഗങ്ങളിൽ ഒന്നാണ് വൈറ്റ് ടൈഗർ. അപൂർവമായി കാണപ്പെടുന്ന ഈ വൈറ്റ് ടൈഗറുകളെ ഇന്ത്യയിലെ ചില മൃഗശാലകളിലെങ്കിലും കാണാൻ കഴിയും. അവിടുത്തെ കാഴ്ചകൾ എന്തൊക്കെയെന്നു നോക്കാം.
∙ നന്ദൻകാനൻ സുവോളജിക്കൽ പാർക്ക്, ഒഡിഷ
ഭുവനേശ്വറിലെ നന്ദൻകാനൻ സുവോളജിക്കൽ പാർക്കിലാണ് ലോകത്തിൽ ആദ്യമായി മൃഗശാലയിൽ കഴിയുകയായിരുന്ന വൈറ്റ് ടൈഗറിന് കുട്ടികളുണ്ടായത്. സുവോളജിക്കൽ പാർക്ക് കൂടാതെ ഇവിടെ ബൊട്ടാണിക്കൽ ഗാർഡനും ഉണ്ട്. കൂടാതെ ഇഷ്ടമുള്ള ഒരു മൃഗത്തിനെ ദത്തെടുക്കാനുള്ള സൗകര്യവും ഇവിടുണ്ട്. ബോട്ടിങ്, റോപ് വേ, ടോയ് ട്രെയിൻ, സഫാരി തുടങ്ങി കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന നിരവധി കാര്യങ്ങളും ഇവിടുണ്ട്.
∙ നെഹ്റു സുവോളജിക്കൽ പാർക്ക്, തെലങ്കാന
വെറ്റ് ടൈഗറുകളെ കാണാൻ കഴിയുന്ന മറ്റൊരു സുവോളജിക്കൽ പാർക്ക് ആണ് ഹൈദരാബാദിലെ നെഹ്റു സുവോളജിക്കൽ പാർക്ക്. ടോയ് ട്രെയിൻ, ബഗി, ലയൺ, ടൈഗർ സഫാരി, ഫിഷ് അക്വേറിയം തുടങ്ങി നിരവധി കാഴ്ചകളും ആക്ടിവിറ്റികളും ഇവിടുണ്ട്. തിങ്കളാഴ്ച അവധി ദിവസമാണ്, ബാക്കിയുള്ള ദിവസങ്ങളിൽ രാവിലെ 8.30 മുതൽ വൈകുന്നേരം നാലുമണി വരെ ആയിരിക്കും സന്ദർശന സമയം.
∙ ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻസ്, കർണാടക
മൈസൂരു സൂ എന്നാണ് ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻസ് അറിയപ്പെടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്നതും പ്രതാപമുള്ളതുമായ സുവോളജിക്കൽ പാർക്കുകളിൽ ഒന്നാണ് മൈസൂരു മൃഗശാല. നിരവധി വൈറ്റ് ടൈഗറുകളെ ഇവിടെ എത്തിയാൽ കാണാവുന്നതാണ്. നിരവധി മൃഗക്ഷേമ പ്രവർത്തനങ്ങൾക്കും മൃഗങ്ങളെ ദത്തെടുക്കുന്ന പ്രവർത്തനങ്ങൾക്കും പ്രസിദ്ധമാണ് ഈ മൃഗശാല. 1892ൽ 10.9 ഏക്കറിലാണ് ആരംഭിച്ചത്. ചൊവ്വാഴ്ച ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെയാണ് മൃഗശാല സന്ദർശിക്കാൻ പറ്റിയ സമയം.
∙ അരിഗ്നർ അണ്ണ സുവോളജിക്കൽ പാർക്ക്, തമിഴ്നാട്
ചെന്നൈയ്ക്കു സമീപം വണ്ടല്ലൂരിൽ ആണ് അരിഗ്നർ അണ്ണ സുവോളജിക്കൽ പാർക്ക്. വണ്ടല്ലൂർ സൂ എന്നും ഇത് അറിയപ്പെടുന്നു. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലയാണ് ഇത്. വൈറ്റ് ടൈഗറിനെ പ്രത്യേക സ്ഥലത്താണ് പാർപ്പിച്ചിരിക്കുന്നത്. 1855 ൽ സ്ഥാപിതമായ രാജ്യത്തെ ആദ്യത്തെ മൃഗശാലയാണ് വണ്ടല്ലൂർ സൂ. 602 ഹെക്ടർ സ്ഥലത്തായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച മൃഗശാലയായും ഇത് വിലയിരുത്തപ്പെട്ടിട്ടുണ്ട്.
∙ നാഷണൽ സുവോളജിക്കൽ പാർക്ക്, ഡൽഹി
ഡൽഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപമാണ് പ്രധാനപ്പെട്ട നഗര മൃഗശാലകളിൽ ഒന്നായ ഡൽഹി നാഷണൽ സുവോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണം വൈറ്റ് ടൈഗറുകളാണ്. വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 08.30 മുതൽ വൈകുന്നേരം 05.30 വരെയാണ് സന്ദർശന സമയം. ഓൺലൈൻ ആയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
∙ കമല നെഹ്റു സുവോളജിക്കൽ ഗാർഡൻ, ഗുജറാത്ത്
അഹമ്മദാബാദ് സൂ എന്ന ഒരു പേരു കൂടി കമല നെഹ്റു സുവോളജിക്കൽ ഗാർഡന് ഉണ്ട്. തിങ്കൾ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ ഒമ്പതു മണി മുതൽ മൃഗശാല സന്ദർശിക്കാം. മാർച്ച് മുതൽ ഒക്ടോബർ വരെ വൈകുന്നേരം 06.15 വരെയും നവംബർ മുതൽ ഫെബ്രുവരി വരെ വൈകുന്നേരം 05.30 വരെയുമാണ് സന്ദർശന സമയം. ഇവിടുത്തെയും പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് വൈറ്റ് ടൈഗർ. ബോട്ടിങ്, മ്യൂസിക്കൽ ഫൗണ്ടയിൻ, ലേസർ ഷോ എന്നീ പരിപാടികളും ഇവിടുണ്ട്.