ഇത് ആമസോണ്‍ കാടല്ല! തൃശൂരിലെ ഒരു മൈതാനമാണ്, വിശ്വസിക്കണം പ്ലീസ്

Mail This Article
പച്ചപ്പും ഹരിതാഭയും നാള്‍ക്കു നാള്‍ കുറഞ്ഞു വരികയാണെന്ന പരാതികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാവുകയാണ് പച്ചപ്പുകള്‍ക്ക് നടുവിലെ ഒരു മൈതാനം. ഇത് ആമസോണ്‍ കാടല്ല എന്ന അടിക്കുറിപ്പില്‍ പ്രസിദ്ധീകരിച്ച തൃശൂരിലെ ഒരു മൈതാനമാണ് ഇന്‍സ്റ്റഗ്രാമില്‍ ഇന്‍സ്റ്റന്റ് ഹിറ്റായിരിക്കുന്നത്. സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറായ എസ് ശ്രീജിത്താണ് ഈ മനോഹര വിഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. ചാലക്കുടി ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ചിനുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

തൃശൂര്‍ വരന്തരപ്പിള്ളി ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന് ഉള്ളിലാണ് വൈറലായ പാലപ്പിള്ളി ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത്. ഈ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതിന്റെ ഡ്രോണ്‍ ദൃശ്യങ്ങളാണ് ശ്രീജിത്ത് പകര്‍ത്തിയത്. പ്ലാന്റേഷന്റെയും റബർതോട്ടത്തിന്റെയും നടുവിലായുള്ള മൈതാനത്തിന്റെ മനോഹാരിത ഡ്രോണ്‍ ഉപയോഗിച്ച് ആകാശത്തു നിന്നും പകര്‍ത്തിയതോടെ സംഭവം വേറെ ലെവലായിട്ടുണ്ട്. നൂറ് ഏക്കറോളം വരുന്ന റബര്‍ തോട്ടത്തിന് നടുവിലായാണ് മൈതാനം. ഈ മൈതാനത്തിന്റെ അതിരിലായി ആറോളം വലിയ ഗുല്‍മോഹര്‍ മരങ്ങളുമുണ്ട്. പതിറ്റാണ്ടുകള്‍ക്കു മുൻപ് പ്ലാന്റേഷന്‍ ജീവനക്കാരുടെ മക്കൾക്കു വേണ്ടി ഹാരിസണ്‍ മലയാളം കമ്പനിയാണ് ഇങ്ങനെയൊരു മൈതാനം നിര്‍മിച്ചത്. ഇന്ന് തൊഴിലാളികളുടേയും നാട്ടുകാരുടേയുമെല്ലാം കളിസ്ഥലമായി ഇത് മാറിക്കഴിഞ്ഞു.
പച്ചപ്പിന്റെ സമൃദ്ധിയും പ്രകൃതി ഭംഗിയും കണ്ട് ആരും ആമസോണ്‍ കാടുകളാണെന്ന് തെറ്റിദ്ധരിച്ചുപോവാനും ഇടയുണ്ട്. 'ഇവിടെ കളിക്കാന്‍ ആഗ്രഹിക്കുന്ന ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന കൂട്ടുകാരുമായി പങ്കുവയ്ക്കൂ. ദൈവത്തിന്റെ സ്വന്തം നാട്ടിലെ പ്രകൃതിയുടെ സ്റ്റേഡിയം' എന്നാണ് ശ്രീജിത്ത് വിഡിയോക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ആകാശത്തു നിന്നുള്ള വിശാലദൃശ്യങ്ങള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്റെ ദൃശ്യങ്ങളും നോട്ട് ഓണ്‍ ദ മാപ്പ് എന്ന പേജില്‍ പ്രസിദ്ധീകരിച്ച വിഡിയോയിലുണ്ട്.

വരന്തരപ്പിള്ളി പഞ്ചായത്തിലെ ആറാം വാർഡിലാണ് ഈ മൈതാനം. പാലപ്പള്ളി പഞ്ചായത്ത് മെംബർ ജലാൽ എംബി പറയുന്നു, "ഏകദേശം മൂന്ന് വർഷം മുമ്പ്, ഈ മേഖലയിലെ ജനത ക്രിക്കറ്റ് ടീം ഹാരിസണുമായി സംസാരിക്കുകയും ഇവിടെ ക്രിക്കറ്റ് കളിക്കാൻ തുടങ്ങുകയും ചെയ്തു. മൈതാനത്തിന് വളരെ പോസിറ്റീവായ ഒരു അന്തരീക്ഷമുണ്ട്, മരങ്ങൾ കാരണം ചൂട് ഇല്ല. പാലപ്പിള്ളിയിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നുമുള്ള നിരവധി ടീമുകൾ പലപ്പോഴും ഇവിടെ കളിക്കാൻ വരുന്നു." പ്രകൃതിഭംഗി കൊണ്ടു തന്നെ ഇവിടേക്ക് ധാരാളം ആളുകൾ എത്തുന്നുണ്ട്. എസ്റ്റേറ്റിലെ സൂപ്പർവൈസർ കൂടിയായ ജലാൽ പറയുന്നു, "ഈ പ്രദേശത്ത് പതിവായി ആനകളുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞ വേനൽക്കാലത്ത്, ഗ്രൗണ്ടിലെ ഒരു ടൂർണമെന്റിനിടെ, ഏകദേശം 35 ആനകളുടെ ഒരു കൂട്ടം ഈ പ്രദേശത്തെത്തി, ഉച്ചയോടെ കളിക്കാരെ ഒഴിപ്പിക്കാൻ മുന്നറിയിപ്പ് നൽകി. ഗ്രൗണ്ടിൽ ഒരിക്കലും അനിഷ്ട സംഭവങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും, സമീപ പ്രദേശങ്ങൾ ആനകളുടെ ആക്രമണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്...’’

∙ഈ മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ പറ്റുമോ?
സംസ്ഥാനത്തെ പല ക്രിക്കറ്റ് മൈതാനങ്ങളിൽ നിന്നും ടർഫുകളിൽ നിന്നും വ്യത്യസ്തമായി, പാലപ്പിള്ളിയിൽ ഔപചാരികമായ 'സ്ലോട്ട് ബുക്കിങ്' പ്രക്രിയയില്ല. "ആർക്കും ഇവിടെ വന്ന് കളിക്കാൻ സ്വാഗതം. ഒരു ടീം കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നമുക്ക് ഒരു എതിർ ടീമിനെയും ക്രമീകരിക്കാം," ജലാൽ പറയുന്നു.

∙ ആനത്താരയുണ്ട് ശ്രദ്ധിക്കണം : ജോമോൻ, രുധിരം സിനിമ സംവിധാന സഹായി
പ്രശസ്ത ടൂർണമെന്റുകൾ നടന്ന മൈതാനമാണിത്, ഐ.എം. വിജയനും മറ്റ് പ്രമുഖ ഫുട്ബോൾ താരങ്ങളും കളിച്ച ചരിത്രപ്രസിദ്ധമായ സ്ഥലമാണ്. ഇതിന് ഏകദേശം 100 വർഷത്തെ പഴക്കമുണ്ട്. ചിമ്മിനി ഡാമിന് സമീപം റബർ എസ്റ്റേറ്റിനകത്തായി ഈ ഗ്രൗണ്ട് സ്ഥിതിചെയ്യുന്നു. സ്ഫടികം, രുധിരം, ജവാൻ ഓഫ് വെള്ളിമല തുടങ്ങിയ സിനിമകൾ ഇവിടെയാണ് ചിത്രീകരിച്ചത്. മൂന്നുവർഷമായി ഈ ഗ്രൗണ്ട് ക്രിക്കറ്റ് കളിക്ക് ഉപയോഗിക്കുന്നു, സുബി സി.എസ്, സുനിൽ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്നാണ് പിച്ച് തയാറാക്കുന്നത്. സഞ്ചാരികൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ആനകള്‍ പോകുന്നവഴിയാണ് ഇത് (ആനത്താര). പത്തിരുപത് ആനകൾ ഒരുമിച്ച് പോകുന്നത് നാട്ടുകാർ കണ്ടിട്ടുണ്ട്. സഞ്ചാരികളായി എത്തുന്നവർക്ക് അത് അപകടമാണ്. ടാപ്പിങ്ങിന് പോകുന്ന ആളുകൾ പുലർച്ചെ അവിടെ പുലിയെ കണ്ടിട്ടുണ്ട്. ഞങ്ങൾക്കു പറയാനുള്ളത് ഈ സ്ഥലത്തെക്കുറിച്ച് അറിവില്ലാത്ത വ്ലോഗർമാരും ഇൻഫ്ലുവൻസേഴ്സും ശ്രദ്ധിക്കണം. ഞങ്ങൾ കളി കഴിഞ്ഞ് രാവിലെ തിരിച്ചു പോരും. പിന്നെ നട്ടുച്ചയ്ക്കൊക്കെ അവിടെ വന്നിരുന്നു കഴിഞ്ഞാൽ എന്തു സംഭവിക്കും എന്ന് പറയാൻ പറ്റില്ല. പാലപ്പിള്ളിയിലെയും വരന്തരപ്പിള്ളിയിലെയും ഏകദേശം 11 ക്രിക്കറ്റ് ക്ലബ്ബുകൾ സജീവമാണ്. വരന്തരപ്പിള്ളി തൊട്ട് പാലപ്പിള്ളി വരെ നോക്കി കഴിഞ്ഞാൽ ഏകദേശം 11 ക്രിക്കറ്റ് ക്ലബ്ബ് ഉണ്ട്. ഒന്ന് ജനതാ വരന്തരപ്പിളളി, വീവൺ വരന്തരപ്പിള്ളി, കല്ലൂക്കാരൻ ഹാർഡ്‌വെയേഴ്സിന്റെ ടീം, ശിവജി നഗർ ടീം ഇത് നാലും ആണ് മെയിൻ ടീം. പാലപ്പിള്ളി ടീം, വേലൂപ്പാടം പള്ളിയിലെ ചർച്ച് ഇലവനും ഉണ്ട്. കളിക്കാരിൽ മിക്കവരും 35 വയസ്സിനു മുകളിലുള്ളവരാണ്. ഐപിഎൽ മാതൃകയിൽ ടൂർണമെന്റുകൾ ഇവിടെ നടക്കുന്നു.
∙എത്താനുള്ള വഴി
ആമ്പല്ലൂർ ജംഗ്ഷനിൽ നിന്ന് വരന്തരപ്പിള്ളി റൂട്ടിൽ വലത്തേക്ക് തിരിയുക. പഴയ പിള്ളത്തോട് പാലത്തിൽ എത്തിക്കഴിഞ്ഞാൽ, അതിനോട് ചേർന്നുള്ള റോഡിലേക്ക് പോകുക. പാലപ്പിള്ളി ഗ്രൗണ്ട് ഇവിടെ നിന്ന് ഏകദേശം 25 മീറ്റർ മാത്രം അകലെയാണ്.
മൂന്നു ദിവസങ്ങള്‍ക്കു മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വിഡിയോക്ക് 53 ലക്ഷത്തിലേറെ ലൈക്ക് ലഭിച്ചിട്ടുണ്ട്. വിഡിയോക്കു താഴെ രസകരമായ കമന്റുകളും എത്തിയിട്ടുണ്ട്. ഇത്തരം കാഴ്ചകള്‍ ആശ്വാസമാണെന്നാണ് ഒരാള്‍ പറയുന്നത്. വിഡിയോ കണ്ടിട്ട് എഐ പോലെ തോന്നിയെന്നാണ് മറ്റു ചിലര്‍ പറഞ്ഞത്. ഈ മൈതാനത്ത് കളിച്ച് വിരമിക്കാനുള്ള ആഗ്രഹവും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. മറ്റു ചിലരാവട്ടെ ഇപ്പോള്‍ തന്നെ അവിടേക്ക് പോവാം എന്ന മട്ടില്‍ 'വണ്ടി എടുക്കെടാ' എന്നും കുറിക്കുന്നുണ്ട്.