ADVERTISEMENT

ഏഷ്യയിലെ ഏറ്റവും മികച്ച രാജ്യങ്ങളിൽ ഒന്നാണ് ഭൂട്ടാൻ. കിഴക്കൻ ഹിമാലയത്തിൽ മറഞ്ഞിരിക്കുന്ന ഭൂട്ടാൻ പ്രകൃതിയാൽ അനുഗ്രഹിക്കപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ്. ഇന്ത്യയുമായും ചൈനയുമായും അതിർത്തി പങ്കുവയ്ക്കുന്ന ഈ രാജ്യത്തിന്റെ മുൻഗണന സന്തോഷമാണ്. പഴയകാല പാരമ്പര്യങ്ങളുടെയും അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യത്തിന്റെയും സമന്വയമാണ് ഭൂട്ടാൻ എന്ന കൊച്ചുരാജ്യം.

ലോകത്തിന്റെ ഭൂരിഭാഗവും വളരെ വേഗത്തിൽ വികസനത്തിലേക്കു കുതിക്കുമ്പോൾ വ്യത്യസ്തമായ ഒരു പാതയിലൂടെയാണ് ഭൂട്ടാൻ സഞ്ചരിച്ചത്. പരമ്പരാഗതമായ സംസ്കാരം സംരക്ഷിക്കാനും പരിസ്ഥിതിയുടെ സുസ്ഥിരത നിലനിർത്താനും ശ്രദ്ധാപൂർവമായ ജീവിതം തിരഞ്ഞെടുക്കാനും ഈ രാജ്യം പ്രത്യേകം ശ്രദ്ധിച്ചു. ശാന്തമായ ആശ്രമങ്ങളും പച്ചപ്പ് നിറഞ്ഞ വനങ്ങളും കഠിനമായി സംരക്ഷിക്കപ്പെടുന്ന സ്വത്വവും ഭൂട്ടാൻ എന്ന രാജ്യത്തിന്റെ പ്രത്യേകതകളാണ്. അതുകൊണ്ടു തന്നെ ഇവിടെ എത്തുന്ന ഓരോ സഞ്ചാരിയുടെയും മനസ്സ് നിറയും. ഒന്നല്ല, ഒരുപാട് കാരണങ്ങളാണ് ഭൂട്ടാനിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

സന്തോഷം ഈ രാജ്യത്തിന്റെ നയമാണ്

ജിഡിപിയേക്കാൾ ജിഎൻഎച്ചിനാണ് ഭൂട്ടാൻ പ്രാധാന്യം നൽകുന്നത്. ജിഎൻഎച്ച് എന്നാൽ ഗ്രോസ് നാഷണൽ ഹാപ്പിനസ് എന്നാണ് അർഥം. ഇത് ഭൂട്ടാനിലെ വെറുതെ പറയുന്ന ഒരു കാര്യമല്ല. സർക്കാർ തീരുമാനങ്ങൾ മുതൽ വിദ്യാഭ്യാസം, വികസനം തുടങ്ങി എല്ലാത്തിനെയും നയിക്കുന്നത് ജിഎൻഎച്ച് ആണ്. ഇവിടുത്തെ സാധാരണ ജനങ്ങളുമായി ഇടപെടുമ്പോൾ അത് നമുക്കു മനസ്സിലായി തുടങ്ങും. ക്ഷേമത്തിനാണ് ഭൂട്ടാൻ പ്രാധാന്യം നൽകുന്നത്. അതുകൊണ്ടു തന്നെ ഇവിടേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഭൂട്ടാൻ സമാധാനവും സന്തോഷവും നിറഞ്ഞ രാജ്യമായി മാറുന്നു.

Punakha Dzong, Bhutan. Image Credit : Andrew Peacock/istockphoto
Punakha Dzong, Bhutan. Image Credit : Andrew Peacock/istockphoto

ആത്മീയതയിൽ അടിയുറച്ച സംസ്കാരം

ഒരു ടൂറിസ്റ്റ് സ്പോട്ട് ആയി മാറുന്നതിൽ ഭൂട്ടാന് വലിയ താൽപര്യം ഒന്നുമില്ല. ഇന്ത്യക്കാർക്ക് വിസ ഫ്രീ ആണെങ്കിലും ഭൂട്ടാനിൽ താമസിക്കുന്ന ഓരോ രാത്രിക്കും സുസ്ഥിര വികസന ഫീസ് നൽകണം. സന്ദർശകരുടെ എണ്ണം പരിമിതപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്. ഇത്തരത്തിൽ ലഭിക്കുന്ന തുക പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്ക് വേണ്ടി ചെലവഴിക്കുന്നു. നഗരത്തിന്റെ മനോഹരമായ വാസ്തുവിദ്യ മുതൽ പരമ്പരാഗതമായ ദേശീയ വസ്ത്രധാരണ രീതികൾ വരെ ഇവിടെ നമുക്ക് കാണാനും അനുഭവിക്കാനും കഴിയും. ആത്മീയതയാണ് ഭൂട്ടാൻ എന്ന രാജ്യത്തിന്റെ സംസ്കാരത്തിന്റെ അടിത്തറ.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആശ്രമങ്ങൾ സന്ദർശിക്കാം

ഭൂട്ടാനിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് പരോ ടക്ട്സാംഗ് അഥന ടൈഗേർസ് നെസ്റ്റ് എന്നറിയപ്പെടുന്ന സ്ഥലം. 3120 മീറ്റർ ഉയരത്തിൽ ഒരു ക്ലിഫിന് മുകളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിന് മുകളിലേക്ക് കയറുന്നത് വ്യത്യസ്തമായ ഒരു അനുഭവമാണ്. ഏകദേശം രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ സമയമെടുത്ത് വേണം ട്രക്ക് ചെയ്യാൻ. പൈൻ വനങ്ങളും പാറക്കെട്ടുകളും ഈ യാത്രയ്ക്കിടയിൽ കാണാം. പാറിപ്പറക്കുന്ന പ്രാർഥനാ കൊടികളും കാണാം. പതിനേഴാം നൂറ്റാണ്ടിൽ ഈ ആശ്രമം നിർമിച്ചതായാണ് കരുതപ്പെടുന്നത്. ഭൂട്ടാനിലേക്ക് ബുദ്ധമതം എത്തിച്ച ഗുരു റിൻപോച്ചെ ഇവിടെ ഏകദേശം മൂന്നു വർഷം ധ്യാനിച്ചതായി കരുതപ്പെടുന്നു. ഒരു വിനോദസഞ്ചാരകേന്ദ്രം എന്നതിന് അപ്പുറത്തേക്ക് പ്രദേശവാസികൾക്ക് ഇത് ഒരു തീർഥാടനകേന്ദ്രമാണ്.

ലോകത്തിലെ ഒരേയൊരു കാർബൺ നെഗറ്റീവ് രാജ്യം

സുസ്ഥിരതയെക്കുറിച്ച് സംസാരിക്കുക മാത്രമല്ല അത് പ്രാവർത്തികമാക്കുകയും ചെയ്ത രാജ്യമാണ് ഭൂട്ടാൻ. മിക്ക രാജ്യങ്ങളും അവരുടെ കാർബൺ ബഹിർഗമനം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുമ്പോൾ ഭൂട്ടാൻ അത് പ്രവർത്തി പഥത്തിൽ എത്തിച്ചിരിക്കുകയാണ്. രാജ്യത്തെ 70 ശതമാനത്തിൽ അധികവും വനമാണ്. ഇത് ഉല്പാദിപ്പിക്കുന്നതിനേക്കാൾ കൂടുതൽ കാർബൺ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഭൂട്ടാനിലൂടെ യാത്ര ചെയ്യുന്നു എന്നതിന്റെ അർഥം നിങ്ങൾ ഈ രാജ്യത്തിന്റെ സ്വാഭാവിക പരിസ്ഥിതിയെ വിലമതിക്കുന്നു എന്നാണ്.

വൈവിധ്യമാർന്ന ഭക്ഷണം

രുചിയുടെയോ മസാലയുടെയോ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത പാചകരീതിയാണ് ഭൂട്ടാനിലേത്. ഇമ ദാത്ഷിയാണ് ഭൂട്ടാന്റെ ദേശീയവിഭവം. മുളകും ചീസും ഒരുപോലെ ഉപയോഗിച്ച് തയാറാക്കുന്ന ഒരു വിഭവമാണ് ഇത്. മിക്കവാറും എല്ലാ ഭക്ഷണത്തിന് ഒപ്പവും ഇത് വിളമ്പുന്നു. ഭൂട്ടാനിലെ വീടുകളുടെ ബാൽക്കണിയിൽ ചുവന്ന മുളക് തൂങ്ങിക്കിടക്കുന്നത് കണ്ടാൽ അതിശയിക്കേണ്ട. കാരണം, ഇവിടെയുള്ള ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ അത് അത്യന്താപേക്ഷിതമാണ്. സസ്യാഹാരികൾക്കും മാംസാഹാരികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഭക്ഷണവൈവിധ്യം ഇവിടെ ലഭ്യമാണ്.

English Summary:

Experience Bhutan: The Land of Gross National Happiness.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com