ഇനി ഫിലിപ്പീൻസിലേക്ക് പോകാം, വീസ വേണ്ട ; ഈ ഓഫർ ഇന്ത്യക്കാർക്ക് മാത്രം!

Mail This Article
യാത്രയിൽ മുൻപന്തിയിലാണ് ഇന്ത്യക്കാർ. ഇപ്പോൾ രാജ്യാന്തര യാത്രകൾ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണവും കൂടുകയാണ്. അങ്ങനെ സെലിബ്രിറ്റികളടക്കം പോകുന്ന ഒരു സ്ഥലമുണ്ട്. വെറൈറ്റി ഭക്ഷണങ്ങൾ ട്രൈ ചെയ്യാൻ പറ്റിയ ഇടം. എപ്പോഴും ഓൺ ആയിരിക്കുന്ന സ്ട്രീറ്റുകൾ...അങ്ങനെ അങ്ങനെ നീളുന്നു പ്രത്യേകതകൾ. അതാണ് ഫിലിപ്പീൻസ് എന്ന രാജ്യം. ഫിലിപ്പീൻസിലേക്ക് പോകാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ഒരു സന്തോഷവാർത്തയുണ്ട്.
ഇത്രയും കാലം വീസ എടുത്തിട്ടാണല്ലോ ഫിലിപ്പീൻസിലേക്ക് യാത്ര പോയത്, എന്നാൽ ഇനി 14 ദിവസം വരെ ഫിലിപ്പീന്‍സിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് വീസയുടെ ആവശ്യമില്ല. ഇന്ത്യക്കാർക്ക് മാത്രമാണ് ഈ വീസ ഫ്രീ പരിപാടി.
–14 ദിവസത്തേക്കുള്ള വീസ ഫ്രീ എൻട്രി
യാത്ര ആവശ്യങ്ങൾക്കായി വരുന്ന ഇന്ത്യക്കാർക്ക് 14 ദിവസം വരെ വീസയില്ലാതെ ഫിലിപ്പീൻസ് സന്ദർശിക്കാം. എന്നാൽ അവിടെ എത്തിയതിന് ശേഷം ഈ 14 ദിവസം നീട്ടാനോ കൂടുതൽ കാലം അവിടെ താമസിക്കാനോ പറ്റില്ല.
എന്തൊക്കെയാണ് ഈ ആനുകൂല്യത്തിന്റെ മാനദണ്ഡങ്ങൾ?
∙ വിനോദസഞ്ചാരികളായി ഫിലിപ്പീൻസിൽ എത്തുന്ന ഇന്ത്യക്കാർക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം.
∙താമസ സൗകര്യത്തിന്റെ രേഖകൾ കയ്യിലുണ്ടാകണം. അതായത് ഹോട്ടൽ ബുക്കിങ് പോലുള്ളവ.
∙നിങ്ങൾ ഉദ്ദേശിക്കുന്ന താമസകാലയളവ് കഴിഞ്ഞാലും പാസ്പോർട്ടിന് കുറഞ്ഞത് ആറു മാസ കാലാവധി ബാക്കിയുണ്ടാകണം.
∙നിങ്ങളുടെ യാത്രയ്ക്കും ചെലവുകൾക്കുമായി കയ്യിൽ മതിയായ പണം ഉണ്ടെന്ന് കാണിക്കുന്ന രേഖകൾ ഉണ്ടാകണം (ബാങ്ക് സ്റ്റേറ്റ്മെന്റ്സ് പോലുള്ളവ).
∙തിരികെ വരാനായി ബുക്ക് ചെയ്ത ടിക്കറ്റിന്റെ രേഖകൾ ഉണ്ടാകണം.
∙ഫിലിപ്പീൻസിന്റെ ഇമിഗ്രേഷൻ ചരിത്രത്തിൽ നിങ്ങളെ കുറിച്ച് മോശമായ ഒന്നും ഉണ്ടാകാൻ പാടില്ല.
–AJACSSUK വീസ / റെസിഡൻസി ഉടമകൾക്ക് 30 ദിവസത്തേക്ക് വീസ ഇല്ലാതെ പ്രവേശിക്കാം
ഫലിപ്പീൻസിൽ 30 ദിവസം വരെ താമസിക്കാൻ യോഗ്യരായ ഇന്ത്യക്കാർക്ക് മാത്രമുള്ള ഒരു പ്രത്യേക ഓപ്ഷനാണിത്. അങ്ങനെ ലഭിക്കണമെങ്കിൽ ഇതിന് ചില നിബന്ധനകൾ ഉണ്ട്. ഓസ്ട്രേലിയ , ജപ്പാൻ, അമേരിക്ക, കാനഡ, ഷെങ്കൻ രാജ്യങ്ങൾ, സിംഗപൂർ, യുണൈറ്റഡ് കിങ്ഡം (AJACSSUK)തുടങ്ങി ഇവയിൽ ഏതെങ്കിലും രാജ്യത്ത് വാലിഡ് വീസയോ സ്ഥിര താമസത്തിനുള്ള അനുമതിയോ ഉണ്ടായിരിക്കണം. ഇതെല്ലാമുള്ള ഇന്ത്യൻ പൗരന്മാർക്ക് വീസയില്ലാതെ 30 ദിവസം വരെ യാത്ര ചെയ്യാം.
നിബന്ധനകൾ
∙ മേൽ പറഞ്ഞ രാജ്യങ്ങളിൽ ഒന്നുകിൽ വീസയോ അല്ലെങ്കിൽ സ്ഥിര താമസത്തിനുള്ള പെർമിറ്റോ ഉണ്ടായിരിക്കണം.
∙ഫിലിപ്പീൻസിലേക്ക് പ്രവേശിക്കുന്ന ആ ദിവസം മുതൽ കുറഞ്ഞത് ആറു മാസത്തിലധികം കാലാവധിയുള്ള പാസ്പോർട്ട് ആയിരിക്കണം.
∙ഫ്ലൈറ്റ് ടിക്കറ്റ് അടക്കം തിരിച്ചു പോകുന്നതിന്റെ രേഖകൾ ഉണ്ടായിരിക്കണം.
∙നിങ്ങളെ പറ്റി മോശമായ പരാമർശങ്ങളൊന്നും ഫിലിപ്പീൻസ് ഇമിഗ്രേഷനിൽ ഉണ്ടാകരുത്.
–ഇനി ഈ ഫ്രീ വീസ ലഭിക്കാത്ത ആളുകൾക്ക് താൽക്കാലിക സന്ദർശക വീസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഇ – വീസ ആയിട്ട് അപേക്ഷിക്കാം
∙ 30 ദിവസത്തേക്കുള്ള സിങ്കിൾ എൻട്രി ഇ–വീസയ്ക്ക് ഏകദേശം 5720 രൂപ ചെലവാകും. ഏഴ് മുതൽ 12 ദിവസം കൊണ്ട് ഈ വീസ ലഭിക്കും.
∙മൾട്ടിപ്പിൾ എൻട്രി ഇ –വീസയ്ക്ക് ആറു മാസ കാലാവധിയുണ്ട്. ഇതിന് ഏകദേശം 9240 രൂപയാണ് ചെലവാകുക.
∙ഒരു വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ഇ–വീസയ്ക്ക് ഏകദേശം 12,760 രൂപ ചെലവാകും.
–അപേക്ഷിക്കാനുള്ള നിബന്ധനകൾ
∙ കുറഞ്ഞത് ആറു മാസ കാലാവധിയുള്ള പാസ്പോർട്ട്.
∙ തിരിച്ചറിയൽ കാർഡ്
∙പാസ്പോർട്ട് സൈസ് ഫോട്ടോ
∙താമസ സൗകര്യത്തിന്റെ രേഖകൾ
∙മടക്കയാത്രയ്ക്കും തുടർ യാത്രയ്ക്കുമുള്ള ടിക്കറ്റ്
∙കയ്യിൽ മതിയായ പണം ഉണ്ടെന്ന് കാണിക്കുന്ന രേഖകൾ.
സഞ്ചാരികളെ മാടിവിളിക്കുന്ന ഫിലിപ്പീൻസ് പലരുടെയും ബക്കറ്റ് ലിസ്റ്റിലുള്ള സ്ഥലമായിരിക്കും. മുകളിൽ പറഞ്ഞപോലെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നവരാണെങ്കിൽ നിങ്ങൾക്ക് ഫിലിപ്പീൻസിൽ പോയി വരാം.