ADVERTISEMENT

ഓരോ സീസണിലെ യാത്രകളിലും ഓരോ രീതിയിലാണ് ബാഗുകള്‍ പാക്ക് ചെയ്യേണ്ടത്. മഴക്കാല യാത്രകള്‍ ആവേശം നിറയ്ക്കുമെങ്കിലും സുരക്ഷിതമായി യാത്ര അവസാനിപ്പിക്കാന്‍ ചില മുന്‍കരുതലുകളും നല്ലതാണ്. വേനല്‍ക്കാലത്ത് ധരിക്കുന്ന വസ്ത്രങ്ങളും മറ്റും എടുത്തുകൊണ്ട് മഴ കോരി ചൊരിയുന്ന പ്രദേശത്തേക്കു പോയാല്‍ അതിന്റെ ബുദ്ധിമുട്ട് ചെറുതാവില്ല. നിങ്ങളുടെ മണ്‍സൂണ്‍ യാത്രകളെ കൂടുതല്‍ സുരക്ഷിതവും അനായാസവുമാക്കാന്‍ സഹായിക്കാവുന്ന ചില കാര്യങ്ങള്‍ പരിചയപ്പെടാം. 

അറിവും ആസൂത്രണവും

അതിവേഗത്തിലാണ് മണ്‍സൂണ്‍ പോലുള്ള കാലാവസ്ഥകളില്‍ സ്ഥിതിഗതികള്‍ മാറി മറിയുക. മനോഹരമായി പതഞ്ഞൊഴുകുന്ന അരുവിയും ചെറുവെള്ളച്ചാട്ടവും നിമിഷങ്ങള്‍ക്കകം അലറുന്ന അപകടകാരിയായി മാറാം. ജീവന്‍ പോലും അപകടത്തില്‍ പെടാവുന്ന സാഹചര്യങ്ങളാവും അതിവേഗത്തില്‍ സൃഷ്ടിക്കപ്പെടുക. വിശ്വസനീയവും ഔദ്യോഗികവുമായ കേന്ദ്രങ്ങളില്‍ നിന്നും കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പുകളും അറിയിപ്പുകളും ലഭിക്കുവെന്ന് യാത്രക്കു മുന്‍പു തന്നെ ഉറപ്പിക്കണം. ഈ മുന്നറിയിപ്പുകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിക്കൊണ്ടുവേണം യാത്രയ്ക്കിടയിലെ തീരുമാനങ്ങളെടുക്കാന്‍. മഴയും കാറ്റും വെള്ളപ്പൊക്കവും മാത്രമല്ല മണ്ണിടിച്ചിലും മലയോരങ്ങളിലേക്കുള്ള യാത്രകളില്‍ സാധാരണയാവാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ റോഡില്‍ തടസം നേരിട്ടാല്‍ യാത്ര തുടരാന്‍ സാധിക്കുന്ന മറ്റു വഴികളെക്കുറിച്ചുള്ള അറിവും ഗുണം ചെയ്യും. 

gavi-monsoon

പാക്കിങ് ബുദ്ധിപൂര്‍വം

ആവശ്യമുള്ള സാധനങ്ങള്‍ ഉള്‍പ്പെടുത്തിയും അനാവശ്യമായവ ഒട്ടും മടിക്കാതെ ഒഴിവാക്കിയും പാക്കിങ് നടത്താം. ഇത് നിങ്ങളുടെ മണ്‍സൂണ്‍ യാത്രകളെ കൂടുതല്‍ സുന്ദരമാക്കും. വാട്ടര്‍പ്രൂഫ് ബാഗുകള്‍ നിങ്ങളുടെ സാധനങ്ങളിലേക്ക് വെള്ളം കയറാതെ നോക്കും. ബാഗുകള്‍ക്ക് വാട്ടര്‍പ്രൂഫ് കവറുകള്‍ ഉണ്ടെങ്കില്‍ അതായാലും മതി. വേഗത്തില്‍ ഉണങ്ങുന്ന ഭാരം കുറഞ്ഞ വസ്ത്രങ്ങള്‍ എടുക്കാന്‍ മറക്കരുത്. വാട്ടര്‍പ്രൂഫ് ജാക്കറ്റുകള്‍, കുട, നനഞ്ഞ കുടകള്‍ സൂക്ഷിക്കാന്‍ പറ്റിയ കവര്‍, വെള്ളത്തിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ചെരിപ്പുകള്‍ എന്നിവയെല്ലാം ഗുണം ചെയ്യും. വെള്ളം കടക്കാതെ അടയ്ക്കാവുന്ന പ്ലാസ്റ്റിക് കവറുകള്‍ നിങ്ങളുടെ പ്രധാന രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും സുരക്ഷിതമാക്കിവെക്കും. 

Image Credit: Tanmoythebong/instagram
Image Credit: Tanmoythebong/instagram

സുരക്ഷ മുഖ്യം

ഏതൊരു യാത്രയിലും ഏറ്റവും പ്രാധാന്യം യാത്രക്കുപോവുന്നവരുടെ സുരക്ഷക്കാണ് നല്‍കേണ്ടത്. മണ്‍സൂണ്‍ ശക്തമായി ആഞ്ഞടിക്കുന്ന പ്രദേശങ്ങളില്‍ അതിവേഗത്തില്‍ വെള്ളക്കെട്ടുകളും മണ്ണിടിച്ചിലുകളുമെല്ലാം ഉണ്ടാവാറുണ്ട്. കാലാവസ്ഥ ശാന്തമാവുന്നതുവരെ സുരക്ഷിത സ്ഥലങ്ങളില്‍ ഇരിക്കുക തന്നെ വേണം. നദികളും അരുവികളും കടക്കുമ്പോഴും ശ്രദ്ധവേണം. വെള്ളത്തില്‍ ചെളി കലര്‍ന്നിട്ടുണ്ടെങ്കില്‍ നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് മഴയില്ലെങ്കില്‍ പോലും അരുവികളിലും പുഴകളിലുമെല്ലാം വെള്ളം കൂടാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ വെള്ളം കൂടുന്നതിന്റെ വേഗത മുന്‍ പരിചയമില്ലാത്തവരെയെല്ലാം അമ്പരപ്പിക്കാനും അപകടത്തില്‍ പെടുത്താനും പോന്നതാണ്. 

പ്രഥമ ശുശ്രൂഷ

ഏതു യാത്രക്ക് പോവുമ്പോഴും ഒരു ഫസ്റ്റ് എയ്ഡ് ബോക്‌സ് കരുതുന്നത് നല്ലതാണ്. മഴക്കാല യാത്രകളിലും വ്യത്യാസമില്ല. വളരെ അത്യാവശ്യം വേണ്ട സാധനങ്ങള്‍ മാത്രം കയ്യില്‍ കരുതിയാല്‍ മതി. പെട്ടെന്ന് രാത്രി വരുന്ന പനിയെ നിലക്കു നിര്‍ത്താന്‍ കയ്യിലൊരു പാരസെറ്റമോള്‍ ഉണ്ടെങ്കിലും സാധിക്കും. അതുപോലെ പോവുന്ന സ്ഥലങ്ങളിലെ പ്രധാനപ്പെട്ട കോണ്‍ടാക്ട് നമ്പറുകള്‍ ശേഖരിക്കാനും മറക്കരുത്. പ്രത്യേകിച്ച് പൊലീസ് സ്റ്റേഷന്‍, ആശുപത്രികള്‍, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ എന്നിവ. അപ്രതീക്ഷിത അപകട സാഹചര്യങ്ങളില്‍ അവസരത്തിനൊത്ത് അതിവേഗം പ്രതികരിക്കാന്‍ ഈ മുന്‍കരുതല്‍ സഹായിക്കും. 

പ്രദേശവാസികളുടെ മുന്നറിയിപ്പ്

ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് പ്രദേശവാസികളുടെ മുന്നറിയിപ്പിനാണ്. നിങ്ങള്‍ പോവുന്ന സ്ഥലത്തിന്റെ സവിശേഷതകള്‍ ഏറ്റവും നന്നായി അറിയുക ആ നാട്ടുകാര്‍ക്കായിരിക്കും. അത് മലയായാലും പുഴയായാലും അഴിമുഖമായാലും കടലായാലും കായലായാലും നാട്ടുകാര്‍ നല്‍കുന്ന മുന്നറിയിപ്പിനെ അവഗണിക്കരുത്. അവര്‍ പുഴയില്‍ ഇറങ്ങരുതെന്നോ കടലില്‍ ഇറങ്ങരുതെന്നോ പറഞ്ഞാല്‍ ഇറങ്ങരുത്. എത്ര നീന്തല്‍ അറിയാവുന്നവരാണെങ്കിലും അടിയൊഴുക്കുള്ള ഒരു ജലാശയത്തില്‍ പെട്ടാല്‍ രക്ഷപ്പെടുക എളുപ്പമാവില്ല. പുറമേക്ക് തികച്ചും ശാന്തമായി തോന്നുന്ന പല പുഴകളിലും മഴക്കാലത്ത് അടിയൊഴുക്ക് ശക്തമായുണ്ടാവാറുണ്ട്.

English Summary:

Monsoon Travel Guide: Packing, Safety, & Local Warnings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com